Connect with us

Video Stories

സി.എച്ച് ഒപ്പമുണ്ടായിരുന്നെങ്കില്‍

Published

on

 

കായിക്കര ബാബു

മണ്‍മറഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജനഹൃദയങ്ങള്‍ സ്‌നേഹാദരങ്ങളോടെ നെഞ്ചേറ്റുന്ന സൂര്യതേജസാണ് സി.എച്ച് മുഹമ്മദ്‌കോയ സാഹിബ്. അണഞ്ഞിട്ടും ജ്വാലയായി പടര്‍ന്നുകൊണ്ടിരിക്കുന്ന ഒരത്യപൂര്‍വ പ്രതിഭ. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളെ സമ്പന്നമാക്കുകയും നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി സമര്‍പ്പിക്കുകയും ചെയ്ത തുറന്ന പുസ്തകമാണ് സി.എച്ചിന്റെ ജീവിതം. മനുഷ്യസ്‌നേഹത്തിന്റെയും സമുദായ സ്‌നേഹത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും സമൂര്‍ത്ത രൂപമായിരുന്നു സി.എച്ച്. അഗ്നിപരീക്ഷകളെ അതിജീവിച്ച് നാലു ദശകക്കാലം പിന്നാക്ക, അവശ വിഭാഗങ്ങളുടെ ഉന്നതിക്കായി അദ്ദേഹം നടത്തിയ ഉജ്ജ്വല പോരാട്ടങ്ങള്‍ ഇന്നും ജനലക്ഷങ്ങളെ ആവേശം കൊള്ളിക്കുന്നു. പ്രൗഢഗംഭീരമായ ആ ശബ്ദം പൗരാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഇടിമുഴക്കങ്ങളായിരുന്നു.
രാജ്യത്തൊട്ടാകെ പിന്നാക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ നീതിനിഷേധങ്ങള്‍ക്കിരയാവുകയും പൗരാവകാശ ധ്വംസനങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തില്‍ അവയെ പ്രതിരോധിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് സി.എച്ചിനെ പോലുള്ള ഒരു പോരാളിയുടെ ഓര്‍മ്മകള്‍ പീഡിത സമൂഹങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ്. വെല്ലുവിളികള്‍ നിറഞ്ഞതും സംഘര്‍ഷനിര്‍ഭരവും ആശങ്കാജനകവുമായ ഈ കടുത്ത പ്രതിസന്ധിവേളയില്‍ സി.എച്ച് ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആരും ചിന്തിച്ചുപോവുക സ്വാഭാവികം.
ചിന്തയിലും വാക്കുകളിലും പ്രകടമാക്കിയിരുന്ന സാംസ്‌കാരികമായ ഔന്നത്യവും പെരുമാറ്റത്തിലെ കുലീനതയും സി.എച്ചിന്റെ ഏറ്റവും വലിയ സവിശേഷതകളായിരുന്നു. മനുഷ്യത്വത്തിന്റെ പ്രതീകമായിരുന്നു സി.എച്ച് മുഹമമദ്‌കോയ. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി സര്‍വരെയും സ്‌നേഹിച്ച മനുഷ്യസ്‌നേഹി. വേദനിക്കുന്നവര്‍ക്ക് ആശ്വാസമേകിയ അഭയകേന്ദ്രം. സങ്കടങ്ങളുമായി ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന പ്രാപ്യനായ ഭരണാധികാരിയും ജനനായകനുമായിരുന്നു സി.എച്ച്.
അര്‍ഹതപ്പെട്ടത് അനുവദിക്കുന്നതിന് തടസ്സം നില്‍ക്കുന്നവര്‍ എത്ര ഉന്നതരായാലും അവരെ വരുതിക്കുനിര്‍ത്താന്‍ സി.എച്ചിന്റെ ആജ്ഞാശക്തിക്ക് കഴിഞ്ഞിരുന്നു. ഫയലുകളില്‍ ദുരുദ്ദേശ്യപരമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്ന ബ്യൂറോക്രാറ്റുകള്‍ക്ക് സി.എച്ച് പേടിസ്വപ്‌നമായിരുന്നു. അചഞ്ചലമായ നിലപാടുകളും പ്രശ്‌നപരിഹാരങ്ങളില്‍ കാട്ടിയ മികവും സി.എച്ച് മുഹമ്മദ്‌കോയയെ പിന്നാക്ക, അവശ വിഭാഗങ്ങളുടെ ആവേശമാക്കി മാറ്റി. സ്വസമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടപ്പോഴും മറ്റുള്ളവരോട് നീതി കാട്ടണമെന്ന് നിഷ്‌കര്‍യുണ്ടായിരുന്ന മതേതര മുഖമായിരുന്നു സി.എച്ചിന്റേത്.ജീവിതാന്ത്യം വരെ നീതിക്കുവേണ്ടി നിലകൊണ്ട സി.എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെ ജീവിതം വാള്‍ത്തലയിലൂടെയുള്ള സഞ്ചാരമായിരുന്നു. തന്റെ നേര്‍ക്കുണ്ടായ ആസിഡ് ബള്‍ബ് ആക്രമണത്തെപോലും പുഞ്ചിരിയോടെ നേരിട്ട സി.എച്ച് ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു. സിംഹത്തിനെ മടയിലെത്തി അക്രമിക്കുന്നതുപോലെ വേദി എത്ര വലിയ പ്രമാണിമാരുടേതായാലും തെറ്റുകണ്ടാല്‍ വിരല്‍ചൂണ്ടി വിമര്‍ശിക്കാനുള്ള തന്റേടവും തലയെടുപ്പും സി.എച്ചിനു മാത്രം അവകാശപ്പെട്ടത്. നിയമസഭക്കകത്തും പുറത്തും ഉരുളക്കുപ്പേരിപോലുള്ള മറുപടികള്‍ കൊണ്ട് എതിരാളികളെ സി.എച്ച് നിഷ്പ്രഭരാക്കി. ചിരിയും ചിന്തയും പ്രസരിപ്പിച്ച് അനര്‍ഗളമായി ഒഴുകിയ ആ വാക്‌ധോരണി ആയിരക്കണക്കിന് പ്രസംഗ വേദികളെ പ്രകമ്പനം കൊള്ളിച്ചു. ആഴവും പരപ്പുമുള്ള വായന സി.എച്ചിന്റെ എഴുത്തിനെയും പ്രസംഗങ്ങളെയും കാര്യമാത്ര പ്രസക്തങ്ങളാക്കി. പൂര്‍ണസമയ രാഷ്ട്രീയക്കാരനാകുകവഴി മലയാളത്തിന് നഷ്ടമായത് സി.എച്ച് എന്ന പ്രഗത്ഭനായ സാഹിത്യകാരനെയാണ്.
പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ഭരണാധികാരിയായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ. അദ്ദേഹത്തിന്റെ ചിന്തയും മാര്‍ഗദര്‍ശനങ്ങളും വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സമുദായത്തെ വന്‍ കുതിപ്പിലേക്കാണ് നയിച്ചത്. അറബി ഭാഷയുടെ പരിപോഷണത്തിന് അടിത്തറ പാകിയതും ഭാഷകളുടെ മുഖ്യധാരയിലേക്ക് അതിനെ ഉയര്‍ത്തിയതും സി.എച്ച് ആയിരുന്നു. സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുകവഴി ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് അറബി പഠിക്കാനുള്ള അവസരവുമൊരുക്കി. എല്ലാ വിദ്യാലയങ്ങളെയും അറബി പഠിപ്പിക്കാന്‍ സജ്ജമാക്കിയതും അവഗണനയും ആക്ഷേപവും സഹിച്ചു കഴിഞ്ഞ അറബി അധ്യാപകരെ ഭാഷാധ്യാപക പദവിയിലൂടെ അര്‍ഹതയും ആദരവുമുള്ളവരാക്കി മാറ്റിയതും സി.എച്ച് തന്നെ. സാംസ്‌കാരിക സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണ തത്വങ്ങള്‍ പാലിക്കുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു.
കേരളം കണ്ട കരുത്തനായ വിദ്യാഭ്യാസ മന്ത്രിയായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ. കോഴിക്കോട് സര്‍വകലാശാലക്കും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലക്കും രൂപം നല്‍കിയ സി.എച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ചു. ഈ രണ്ട് സര്‍വകലാശാലകളും സി.എച്ചിനുള്ള നിത്യസ്മാരകങ്ങളാണ്. ഇതുവഴി മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ കൈവരിച്ച വിദ്യാഭ്യാസ പുരോഗതി സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തേണ്ടതാണ്. സെനറ്റിലും സിന്‍ഡിക്കേറ്റിലും വിദ്യാര്‍ത്ഥി പ്രാതിനിധ്യം നടപ്പാക്കിയ രാജ്യത്തെ ആദ്യ വിദ്യാഭ്യാസ മന്ത്രിയെന്ന സവിശേഷതയും സി.എച്ചിനുള്ളതാണ്.
ആശയപരമായി യോജിപ്പില്ലാത്തവര്‍ പോലും ആദര്‍പൂര്‍വം അംഗീകരിച്ച വ്യക്തിത്വമായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെത്. രാഷ്ട്രീയത്തിനതീതമായി സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതിലും വലുപ്പ ചെറുപ്പമില്ലാതെ ഇടപഴകുന്നതിലും തമാശകള്‍ പങ്കുവെക്കുന്നതിലും സി.എച്ചിനുണ്ടായിരുന്ന സിദ്ധി പ്രസിദ്ധമാണ്. കാപട്യമില്ലാത്ത തുറന്നുപറച്ചിലുകള്‍ പരിചയപ്പെട്ടവര്‍ക്ക് പ്രിയങ്കരനാക്കി.അടുത്തറിഞ്ഞവര്‍ക്ക് സി.എച്ചിന്റെ സ്‌നേഹ വാത്സല്യങ്ങളുടെയും ആത്മാര്‍ത്ഥതയുടെയും ഒട്ടനവധി അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടാകും. 1983 ജനുവരി അഞ്ചിന് അന്തരിച്ച സോഷ്യലിസ്റ്റ് നേതാവും എന്റെ സഹോദരി ഭര്‍ത്താവുമായ പി.എ ഹാരിസിന്റെ ചേതനയറ്റ ശരീരത്തിനു സമീപം നിറകണ്ണുകളോടെ ദീര്‍ഘസമയം ചിന്താമഗ്നനായിരുന്ന സി.എച്ചില്‍ ഒരു ജ്യേഷ്ഠ സഹോദരന്റെ തീവ്രമായ വേദനയാണ് കണ്ടത്. അതേവര്‍ഷം സെപ്തംബര്‍ മൂന്നാംവാരം ഹൈദരാബാദ് യാത്രയുടെ തിരക്കുകള്‍ക്കിടയിലും ഇരട്ട സഹോദരിമാര്‍ക്ക് വിവാഹാശംസകള്‍ നേരാന്‍ കൊല്ലത്തുള്ള ഞങ്ങളുടെ വസതിയിലെത്തിയ സ്‌നേഹമനസ്‌കനാണ് സി.എച്ച്.ബാപ്പയുമായുണ്ടായിരുന്ന സൗഹൃദം മക്കളായ ഞങ്ങളോടും അദ്ദേഹം പ്രകടമാക്കിയിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബാപ്പയെ പിന്തുണച്ച് ‘മുസ്‌ലിംലീഗിന്റെ വോട്ടുകള്‍ ഹുസൈന്‍ സാഹിബിന്’ എന്ന സി.എച്ചിന്റെ അസന്നിഗ്ധമായ പ്രഖ്യാപനം ഇന്നെന്നപോലെ ഓര്‍മ്മിക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ വാക്ക് ഒന്നും പ്രവൃത്തി മറ്റൊന്നുമായ ആധുനിക കാലഘട്ടത്തില്‍ പറയുന്നത് പ്രാവര്‍ത്തികമാക്കാന്‍ ആര്‍ജ്ജവം കാട്ടിയ സി.എച്ചിന്റെ ജീവിതം അവര്‍ക്ക് നേര്‍വഴി കാട്ടുന്നു. മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു സി.എച്ച്. ജാതി ചിന്തകള്‍ വിദ്വേഷം വിതച്ച വേളകളില്‍ അദ്ദേഹം ഒരു ശാന്തിദൂതനെന്നപോലെ കലാപങ്ങളില്‍ നിന്ന് നാടിനെ രക്ഷിച്ചു. നമസ്‌കാരത്തഴമ്പും കുരുശും ചന്ദനക്കുറിയും കൈകോര്‍ക്കുന്ന കേരളമാണ് എന്റെ സ്വപ്‌നം എന്ന് പലകുറി ആവര്‍ത്തിച്ചു. ആ സ്വപ്‌നസാക്ഷാത്കാരത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ഓരോ മലയാളിയും പ്രതിജ്ഞാബദ്ധമാവണം. അതാകും സി.എച്ചിനുള്ള ഏറ്റവും വലിയ സ്മാരകവും. നിര്‍ഭയത്വത്തിന്റെ ഭരണ നിപുണതയില്‍, നേതൃപാടവത്തില്‍, വാഗ്‌ധോരണിയില്‍, മാധ്യമ വൈഭവത്തില്‍, സാഹിത്യ സംവാദങ്ങളില്‍, മനുഷ്യത്വത്തില്‍, സ്‌നേഹ സമ്പന്നതയില്‍, എടുപ്പില്‍, നടപ്പില്‍ ഒക്കെയും സി.എച്ച് എന്ന മനുഷ്യന്‍ ജ്വലിച്ച് നില്‍ക്കുന്നു നമ്മുടെ മനസ്സുകളില്‍. വ്യക്തി പ്രസ്ഥാനമാകുമെങ്കില്‍ സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് കേരളം കണ്ട ഒരു മഹാ പ്രസ്ഥാനമാണ്. വിടപറഞ്ഞെങ്കിലും, അസ്തമിക്കുന്നില്ല സി.എച്ച് യുഗം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending