Connect with us

Video Stories

ഇടതുഭരണത്തില്‍ ക്രൂശിക്കപ്പെടുന്ന കുരുന്നുകള്‍

Published

on

ഇയാസ് മുഹമ്മദ്

ഇരട്ട ചങ്കനെന്ന് ഫാന്‍സുകാര്‍ വാഴ്ത്തുന്ന മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ കേരളം തലതാഴ്ത്തി കുമ്പിട്ടു നില്‍ക്കുകയാണ്. പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് കൊടിയ പീഡനത്തിന് ഇരായായ രണ്ട് കൊച്ചുകുട്ടികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെയെല്ലാം വെറുതെവിട്ടിരിക്കുന്നു. പീഡനം നടന്നുവെന്ന് കോടതിക്ക് വ്യക്തമായ കേസില്‍ എന്തുകൊണ്ട് പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ലെന്ന് പറയേണ്ടത് സ്ത്രീ സംരക്ഷകരെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ സര്‍ക്കാരാണ്. എട്ടും പതിനൊന്നും വയസ്സുള്ള, ബാല്യം വിട്ടുമാറാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട കേസില്‍ അപ്പീല്‍ നല്‍കുമെന്ന അഴകൊഴമ്പന്‍ മറുപടിയല്ലാതെ മറ്റൊന്നും ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. പ്രതികളെ രക്ഷിച്ചത് അരിവാള്‍ പാര്‍ട്ടിക്കാരാണെന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ദുരൂഹ മരണം നോക്കിനില്‍ക്കേണ്ടി വന്ന ആ അമ്മയുടെ വിലാപം സി.പി.എമ്മിന്റേയും പിണറായി സര്‍ക്കാരിന്റെയും നെഞ്ചകം പിളര്‍ക്കുമെന്ന് കരുതിയിവര്‍ക്ക് തെറ്റി. നിര്‍വികാരതയുടെ മേലാപ്പിട്ട് സി.പി.എം ഇത്രമേല്‍ നിസ്സംഗത ഭാവിക്കുമ്പോള്‍ ആ പാര്‍ട്ടിയില്‍ മനുഷ്യത്വം ശേഷിക്കുന്നവര്‍ കുലമറ്റ് പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വാളയാര്‍ കേസിന്റെ നാള്‍വഴിയില്‍ സി.പി.എമ്മിന്റെ ഇടപെടല്‍ തുടക്കം മുതല്‍ കാണാനാകും. കേസിലെ പ്രതികള്‍ സി.പി.എമ്മുകാര്‍. 11 വയസ്സുള്ള പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തല്‍ തൂങ്ങി മരിച്ചപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ മോചനം ഉറപ്പിച്ചത്് ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍. പ്രതികള്‍ക്ക് വേണ്ടി കേസ് നടത്തിയത് സി.പി.എം നേതാവായ അഭിഭാഷകന്‍. ദാരിദ്ര്യത്തിന്റെയും നഷ്ടപ്പെടലിന്റേയും വേദനയില്‍ നീറുന്ന ആ കുടുംബത്തിന് നിയമസഹായം നല്‍കേണ്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചെയര്‍മാനായി പ്രതികളുടെ അഭിഭാഷകനെ നിയമിച്ചതും സി.പി.എം. ഒരു കുടുംബത്തിന്റെ തീരാവേദനയെ, ഒരു നാടിന്റെ അഭിമാന ബോധത്തെ സി.പി.എം എത്ര നിഷ്‌കരുണമായാണ് വേട്ടയാടിയതെന്നതിന്റെ നാള്‍വഴികള്‍ കൂടിയാണിത്.
പ്രതികളെ രക്ഷിക്കാന്‍ തുടക്കം മുതല്‍ കേസിന്റെ വഴിതെറ്റിക്കുകയായിരുന്നു പൊലീസ്. സബ് ഇന്‍സ്‌പെക്ടറും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പ്രതികള്‍ക്കെതിരായ തെളിവുകള്‍ ഒന്നൊന്നായി ഇല്ലാതാക്കുമ്പോള്‍ ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ് കേസന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പി ഇതിനെല്ലാം ചൂട്ട്പിടിച്ച് മുന്നേ നടന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വാളയാര്‍ കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ, അപ്പീല്‍ നല്‍കുമെന്ന വരട്ടുന്യായംകൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പ്രതിരോധിക്കുന്നതും സന്ദേഹങ്ങളുയര്‍ന്നു.
2017 ജനുവരി 13നും മാര്‍ച്ച് നാലിനുമായാണ് അട്ടപ്പള്ളത്തുള്ള ഷീറ്റുമേഞ്ഞ പൊളിഞ്ഞുവീഴാറായ വീടിനകത്ത് ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചത്. ജീവിതം തുടങ്ങുന്നതിന്മുമ്പേ, മരണം എന്തെന്ന് മനസ്സിലാക്കാന്‍ ഇടയില്ലാത്ത ബാലികമാര്‍ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിച്ചുകളഞ്ഞുവത്രെ പേരുകേട്ട കേരള പൊലീസ്. കുട്ടികള്‍ സ്‌കൂളില്‍നിന്ന് വന്നശേഷം വൈകീട്ട് തൂങ്ങിമരിച്ചതായാണ് പൊലീസിന്റെ എഫ്.ഐ.ആര്‍. സ്‌കൂള്‍ വിട്ടുവന്ന കുട്ടികള്‍ മൈതാനത്തേക്ക് കളിക്കാന്‍ പോയെന്ന മട്ടില്‍ എത്ര നിഷ്‌കളങ്കമായാണ് പൊലീസ് എഫ്.ഐ.ആര്‍ എഴുതിയത്. കുട്ടികളുടെ ദുരൂഹമരണത്തില്‍ തെല്ലും സംശയം തോന്നാത്ത സാധുക്കളാണ് പൊലീസെന്ന് അരി ആഹാരം കഴിക്കുന്ന മലയാളി വിശ്വസിക്കുന്നില്ല.
ക്രൂരമായ പീഡനത്തിന്റെ പൊള്ളുന്ന വേദനയില്‍ ജീവിതം നരകതുല്യമായതോടെയാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊടിയ പീഡകള്‍കൊണ്ട് ആ കുട്ടികളുടെ ജീവിതത്തെ വേട്ടയാടിയ നരാധമന്മാര്‍ തന്നെ അവരെ അരുംകൊല നടത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. കോടതയില്‍ എത്താതെപോയ തെളിവുകള്‍ കാലത്തോട് ഒരിക്കലെങ്കിലും ആ സത്യം പറയാതിരിക്കില്ല. ഇടതുസര്‍ക്കാരിന്റെ പൊലീസ് ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന സത്യത്തെ കാലം പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ആ കുടിലിന് ചുറ്റുമുണ്ടായിരുന്നു. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച തെളിവുകള്‍. കുട്ടികളെ ബന്ധുതന്നെയായ പ്രതികള്‍ ലൈംഗികാതിക്രമം നടത്തിയതായി മാതാവ് നല്‍കിയ മൊഴി കോടതിയില്‍ വേണ്ടവിധം എത്തിയിരുന്നുവെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമായിരുന്നു. കുട്ടിയുടെ മാതാവ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയും വിചാരണ വേളയില്‍ നല്‍കിയ സാക്ഷിമൊഴിയും പര്യാപ്തമല്ലെന്ന് കണ്ടാണ് കോടതി കേസ് തള്ളിയത്. പ്രോസിക്യൂഷനെ നിരായുധമാക്കി കേസ് വാദിക്കാന്‍ കോടതിയിലേക്കയച്ച പൊലീസ് തന്നെയാണ് ഇവിടെ പ്രതിയായി നില്‍ക്കുന്നത്. പ്രോസിക്യൂഷന്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന അന്വേഷണം മതി പൊലീസ് നടത്തിയ കള്ളക്കളികള്‍ വെളിച്ചത്തുകൊണ്ടുവരാന്‍. 11 വയസ്സുള്ള പെണ്‍കുട്ടി മരിച്ച സമയത്ത് ഇളയ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയ്യറായില്ല. പെണ്‍കുട്ടിയുടെ നിര്‍ണായക മൊഴി ഇല്ലാതെയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മൂത്ത കുട്ടി മരിച്ച സമയത്ത് മുഖം മറച്ച രണ്ട് പേര്‍ വീട്ടില്‍നിന്ന് ഇറങ്ങി പോകുന്നത് കണ്ടുവെന്ന് ഇളയകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴി രേഖയായി പൊലീസ് ഉള്‍പ്പെടുത്തിയില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇളയകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെങ്കില്‍ കോടതിയുടെ അനുമതി വേണം. ഇതിനുള്ള അപേക്ഷ പോലും പൊലീസ് നല്‍കിയില്ല. ഒട്ടും മിനക്കെടാതെ 11കാരിയുടെ മരണം ആത്മഹത്യയാക്കാനായിരുന്നു പൊലീസിന് ധൃതി. ഇളയകുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിയിരുന്നെങ്കില്‍ മുഖംമൂടി ധരിച്ച് ഓടിപ്പോയവരെ കണ്ടെത്താന്‍ കഴിയുമായിരുന്നു. സഹോദരിയുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്ന ആ എട്ടു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെടുകയും ഇല്ലായിരുന്നു. ഇളയകുട്ടിക്ക് പീഡനം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അറിയാമായിരുന്നെന്ന് അമ്മ നല്‍കിയ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ പൊലീസാണ് കോടതിയില്‍ അപേക്ഷ നല്‍കി ഇളയപെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താതെ പ്രതികളെ രക്ഷിച്ചത്.
ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് കേസിലെ മുഖ്യസാക്ഷി അബ്ബാസിന് കോടതിയിലുണ്ടായ ദുരനുഭവം. അബ്ബാസിന്റെ മൊഴി കോടതിയുടെ മുന്നില്‍നിന്ന് ഒളിപ്പിച്ചത് പ്രൊസിക്യൂഷനാണ്. പ്രോസിക്യൂഷന് മുഖ്യസാക്ഷിയായ അബ്ബാസിനോട് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് ജഡ്ജി ചോദിച്ചെങ്കിലും പ്രോസിക്യൂഷന്‍ പ്രതികരിച്ചില്ല. ഇതോടെ തനിക്ക് കാര്യങ്ങള്‍ പറയാനുള്ള അവസരം ലഭിച്ചില്ലെന്നാണ് അബ്ബാസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്ന് വ്യക്തമാകുന്നതാണ് അബ്ബാസിന്റെ വെളിപ്പെടുത്തല്‍. വാളയാര്‍ കേസില്‍ രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമാണൈന്ന് അബ്ബാസ് ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. കുട്ടിക്ക് സ്വന്തമായി മുകളില്‍ കയറി തുങ്ങി മരിക്കാന്‍ കഴിയില്ലെന്നും ഉത്തരത്തില്‍ ലുങ്കി മുറുകിയിരുന്നില്ലെന്നും ഇന്‍ക്വസ്റ്റിന്റെ പ്രധാന സാക്ഷിയായ അബ്ബാസ് ഉറപ്പിച്ചുപറയുന്നു. കോടതിയില്‍ കൃത്യമായി മൊഴിനല്‍കാന്‍ അബ്ബാസിന് അവസരം ലഭിച്ചിരുന്നുവെങ്കില്‍ കേസിലെ വിധി ഇങ്ങനെയാകുമായിരുന്നില്ല. കേസിലാകെ ഉണ്ടായിരുന്ന 57 സാക്ഷികളില്‍ പത്ത് പേരുടെ മൊഴികള്‍ നിര്‍ണായകമായിരുന്നു. പ്രതികള്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ നിരന്തരം പോകാറുണ്ടെന്ന് 10 പേര്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് നല്‍കിയ തെളിവുകള്‍ ദുര്‍ബലമായിരുന്നു. പീഡനം നടന്നുവെന്ന് വ്യക്തമാക്കുന്ന രണ്ടാനച്ഛന്റേയും അമ്മയുടേയും മൊഴി കോടതിയിലെത്തിയെങ്കിലും പൊലീസിന്റെ അനാസ്ഥയില്‍ പ്രതിഭാഗം പഴുതുകള്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ മൊഴിയും പൊസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പ്രിയതയുടെ മൊഴിയും പ്രോസിക്യൂഷന്‍ കാര്യക്ഷമതയോടെ ഉപയോഗപ്പെടുത്തിയില്ലെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയരുന്നത്.
ബാല്യം പിന്നിടും മുമ്പെ കൊടിയ പീഡനമേറ്റു വാങ്ങി കൊലചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കാന്‍ നല്ലൊരു വക്കീലിനെവെച്ച് വാദിച്ചാല്‍ മാത്രം മതിയാകുമായിരുന്നു. ഇപ്പോള്‍ മികച്ച അഭിഭാഷകനെ കേസ് വാദിക്കാന്‍ ഇറക്കുമതി ചെയ്യുമെന്നാണ് മുഖ്യമന്ത്രി കൊട്ടിഗ്‌ഘോഷിക്കുന്നത്. അഴിമതിക്കേസില്‍നിന്ന് തടിരക്ഷിക്കാന്‍ ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ ചെലവിട്ട് വക്കീലിനെ നിയോഗിച്ചവര്‍ ഒരു നാട് ഒന്നാകെ പ്രതിഷേധത്തിന്റെ തീപ്പന്തമുയര്‍ത്തിയപ്പോള്‍ വക്കീലിനെ തിരക്കി ഇറങ്ങുന്നതിലെ നാണക്കേട് പോലും സി.പി.എമ്മിന്റെ സൈബര്‍ പോരാളികള്‍ ആഘോഷിക്കുകയാണ്. പെരിയ ഇരട്ടക്കൊലയിലും ഷുഹൈബ് വധക്കേസിലും സി.ബി.ഐ അന്വേഷണം തടയാന്‍ കോടികള്‍ മുടക്കി വക്കീലിനെ കൊണ്ടുവന്നവരാണ് ഇപ്പോള്‍ അഭിഭാഷകനെ നിയമിക്കുമെന്ന് മേനി പറയുന്നത്. നാണക്കേട് അലങ്കാരമാക്കുന്ന ഒരു സര്‍ക്കാര്‍ കേരളത്തിന് അപമാനമായി മാറുകയാണ്.
വാളയാര്‍ കേസില്‍ മാത്രമല്ല, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയുടെ പേരില്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന്റെ കീഴില്‍ പോക്സോ കേസുകളില്‍ പ്രോസിക്യൂഷന്‍ തോല്‍വി ഏറ്റുവാങ്ങുന്നത് നിത്യസംഭവമാണ്. നിയമസഭയില്‍ സി.പി.എം എം.എല്‍.എ കെ.ജെ മാക്സിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം നല്‍കിയ മറുപടി ഇടതുസര്‍ക്കാരിന്റെ ഇക്കാര്യത്തിലെ വീഴ്ച വെളിപ്പെടുത്തുന്നുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 2018 ഏപ്രില്‍ നാലു വരെ 6934 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയതു. ഇതില്‍ 7924 പ്രതികള്‍ ഉണ്ട്. 6934 കേസുകളില്‍ 4971 കേസുകള്‍ മാത്രമാണ് കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കിയത്. പക്ഷേ 90 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞത്. പോക്സോ കേസുകള്‍ തെളിയിക്കുന്നതില്‍ ഇടതു സര്‍ക്കാരിന് ആത്മാര്‍ഥത ഇല്ലെന്ന് വ്യക്തമാകാന്‍ വേറെന്ത് കണക്ക് വേണം. ജമ്മുകശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ടപ്പോള്‍ വാട്‌സ്ആപ്പ് ഹര്‍ത്താല്‍ നടത്തിയ മലയാളി, സ്വന്തം മണ്ണില്‍ പിഞ്ചുകുട്ടികളെ വേട്ടയാടിയവര്‍ സ്വതന്ത്രരായ വിഹരിക്കുമ്പോള്‍ തലതാഴ്ത്തുകയല്ലാതെ മറ്റെന്ത് ചെയ്യും.

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending