Connect with us

Video Stories

ഗ്രേറ്റ ഞങ്ങളുണ്ട് കൂടെ…

Published

on


കമാല്‍ വരദൂര്‍

വാര്‍ത്തകളില്‍ നിറയെ ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയും ഇമ്രാന്‍ഖാനുമെല്ലാമാണ്. ലോക സമാധാനത്തെക്കുറിച്ചും വിശ്വ മാനവികതയെക്കുറിച്ചുമെല്ലാം ഇവര്‍ ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ ജനങ്ങള്‍ കൈയ്യടിക്കുന്നു. മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കി മാറ്റുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നു. ചുവരുണ്ടെങ്കില്‍ മാത്രമല്ലേ ചിത്രം വരക്കാനാവു എന്ന സത്യത്തില്‍നിന്ന്‌കൊണ്ട് ഇവരോട് ഒരു പതിനാറുകാരി ചോദിച്ച ചോദ്യത്തിന് പക്ഷേ ഇതുവരെ ഉത്തരമില്ല. യു.എന്‍ ലോക കാലാവസ്ഥാഉച്ചകോടിയില്‍ ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന സ്വീഡിഷ് പെണ്‍കുട്ടി നടത്തിയ പ്രസംഗം ഒരുപക്ഷേ ട്രംപിനോ മോദിക്കോ ഇമ്രാന്‍ഖാനോ നടത്താനാവില്ല. രാഷ്ട്രീയ പ്രസംഗമെന്നത് ആത്മാര്‍ത്ഥതയുടെ കണികയില്ലാത്ത നിലനില്‍പ്പിന്റെ വാക്‌ധോരണികളാണ്. പ്രളയവും ഉരുള്‍പൊട്ടലും ചുഴലിക്കാറ്റും മറ്റ് പ്രകൃതി ദുരന്തങ്ങളും ലോകത്താകമാനം ദുരന്തം വിതക്കുമ്പോള്‍ അതിനൊരു കൃത്യമായ മറുപടി നല്‍കാന്‍ ഇതുവരെ ഒരു ഭരണകൂടത്തിനും കഴിഞ്ഞിട്ടില്ല. ലോക സമാധാനമെന്ന പഴഞ്ചന്‍ കൊടി വീശി നിലനില്‍പ്പിന്റെ രാഷ്ട്രിയം കളിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഗ്രേറ്റ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഇനി ഉത്തരം ലഭിക്കാന്‍ പോകുന്നുമില്ല. ലോകം സ്വന്തം കാല്‍ക്കീഴിലാണെന്ന് കരുതുന്ന ട്രംപിനെതിരെ ഗ്രേറ്റ നടത്തിയ ആ നോട്ടത്തിലുണ്ട് പുതിയ തലമുറയുടെ വികാരം. ആ വികാരത്തെ നാം എങ്ങനെ കാണാതിരിക്കും.
കേരളം ഇപ്പോഴും കണ്ണീര്‍ കയത്തിലാണ്. നിലമ്പൂരിലെ കവളപ്പാറയില്‍ പതിനൊന്ന് പേര്‍ ഇനിയും മണ്ണിനടിയിലാണ്. വയനാട്ടിലെ പുത്തുമലയില്‍ ഏഴ് പേരെക്കുറിച്ച് ഒരറിവുമില്ല. നാം അതെല്ലാം മറന്നിരിക്കുന്നു. നമ്മുടെ ഭരണകൂടവും അത് മറവിയുടെ കയങ്ങളിലേക്ക് തള്ളിയിരിക്കുന്നു. ഇപ്പോള്‍ പാലാ ഉപതെരഞ്ഞെടുപ്പിലെ റിസല്‍ട്ടാണ് രാഷ്ട്രിയത്തിന് മുന്നിലുള്ളത്. അത് കഴിഞ്ഞാല്‍ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും കോന്നിയിലും അരൂരിലും എറണാകുളത്തും ഉപതെരഞ്ഞെടുപ്പ് വരുന്നു. ആ സ്ഥാനാര്‍ത്ഥി നിര്‍ണയവും തുടര്‍ന്നുള്ള നാടകങ്ങളുമായി ദിവസങ്ങള്‍ കടന്നുപോകും. പൊള്ളയായ വാക്കുകളിലൂടെ നിങ്ങള്‍ എന്റെ സ്വപ്‌നങ്ങളും ബാല്യവും കവര്‍ന്നു. എന്നിട്ടും പ്രതീക്ഷയോടെ ഞങ്ങളുടെ അടുത്തേക്ക് വരാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു- ഒരു കൊച്ചു പെണ്‍കുട്ടി ലോകത്തിന്റെ മുന്നിലേക്ക് എറിഞ്ഞ ഈ വാക്കുകളുണ്ടല്ലോ-അതിന് ആയിരം നാവുണ്ട്.ഭൂമിയുടെ വേദന ആരും കാണുന്നില്ല. കരഞ്ഞ് കരഞ്ഞ് തളര്‍ന്നിരിക്കുന്നു നമ്മുടെ മാതാവ്. നിലനില്‍പ്പിന്റെ ലോകത്ത് മനുഷ്യകുലം ചെയ്യുന്ന വൃത്തികേടുകളിലും കൊള്ളരുതായ്മകളിലും ഓരോ ദിവസവും ലോകം മരിക്കുകയാണ്. സ്വഛന്ദ ശുദ്ധമായ വായു ആര്‍ക്കും ശ്വസിക്കാനാവുന്നില്ല. കാര്‍ബണ്‍ ബഹിര്‍ഗമനത്തിലൂടെ നമ്മളിലേക്ക് വരുന്ന മാരക രോഗങ്ങളെക്കുറിച്ച് ആരും ഗൗരവ തരത്തില്‍ ചര്‍ച്ച ചെയ്യുന്നില്ല. ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പിനെ രാഷ്ട്രീയമായി തള്ളുകയാണ് ഭരണകൂടങ്ങള്‍. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നില്‍ ഒരു രാജ്യവും ഗൗരവതര നീക്കം നടത്തുന്നില്ല. ലോകത്തെ വന്‍കിട രാജ്യങ്ങളെ എടുക്കുക. എല്ലായിടങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ജനങഅള്‍ കൂട്ടമായി മരിക്കുന്നു. മാരക രോഗങ്ങള്‍ പെരുകുന്നു. ഇതിനുള്ള മൂല കാരണങ്ങള്‍ തേടുമ്പോള്‍ തന്നെ നാം ചെയ്യുന്ന പാതകങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ശരാശരി മലയാളി ഒരു ദിവസം എത്ര മാത്രം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പുറത്തേക്ക് എറിയുന്നത്. നാം കുടിക്കുന്ന വെള്ളത്തിലൂടെ മാത്രം എത്ര പ്ലാസ്റ്റിക് തരികള്‍ വയറിലെത്തുന്നു. ക്യാന്‍സറും മറ്റ് മാരക രോഗങ്ങളും എന്തുകൊണ്ടാണ് നമ്മെ വേട്ടയാടുന്നത്. ഇത്തരം ചിന്തകളില്‍ പുതുമയില്ലെങ്കിലും ഈ ചിന്തകളെ അതിന്റേതായ ഗൗരവത്തില്‍ ആരും പരിഗണിക്കുന്നില്ല.
പാലാരിവട്ടത്ത് പാലം നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടപ്പോള്‍ നമുക്കത് വലിയ ചര്‍ച്ചയാണ്. മരടില്‍ കെട്ടി ഉയര്‍ത്തിയ ഫ്‌ളാാറ്റുകള്‍ പൊളിക്കണമെന്ന് പറഞ്ഞപ്പോള്‍ അതും സജീവ ചര്‍ച്ചകളില്‍ വന്നു. തീരദേശ നിയമത്തെക്കുറിച്ച് വളരെ വ്യക്തമായ ബോധ്യമുള്ളവരാണല്ലോ നമ്മുടെ ഉദ്യോഗസ്ഥരും ഭരണകൂടവും. കടലിനെയും പുഴയെയും തിരിച്ചറിയാന്‍ അവര്‍ക്ക്് കഴിയുന്നില്ലെങ്കില്‍ ആരാണ് പ്രതി. പ്രകൃതി നിര്‍മിതിയില്‍ കടലിനും പുഴക്കും ചെറിയ തോടിനു പോലുമുള്ള സ്ഥാനത്തെക്കുറിച്ച് ബോധമില്ലെങ്കില്‍ പിന്നെ മനുഷ്യനായി ജീവിച്ചിണ്ട് എന്ത്കാര്യം. നമുക്ക് മാത്രം ജീവിക്കാനുള്ള ഇടമല്ല ഭൂമി. സകലകോടി ജീവികള്‍ക്കും ജന്തുകള്‍ക്കും ഇത് അവരുടെ വാസ ഭൂമിയാണ്. കിളികളെയും പക്ഷികളെയും മറ്റ് ജീവജാലങ്ങളെയൊന്നും നാമിപ്പോള്‍ കാണുന്നില്ല. രാവിലെ എഴുന്നേറ്റാല്‍ കേട്ടിരുന്ന കുയില്‍ നാദവും കളകളാരവങ്ങളുമെല്ലാം നിലച്ചിരിക്കുന്നു. വാട്‌സാപ്പിലെ ചര്‍ച്ചകളും ഗോസിപ്പുകളുമെല്ലാമായി ജീവിതം കൃത്രിമ ലോകത്ത് നൈമിഷികം മാത്രമാണെന്ന് ചിന്തിക്കുക.
ഗ്രേറ്റ എന്ന പെണ്‍കുട്ടി ഒരു വര്‍ഷം മുമ്പ് എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. ഫ്രെഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍-അഥവാ വെള്ളിയാഴ്ചകള്‍ ഭാവിക്കുള്ളതാണെന്ന ആ മുദ്രാവാക്യം ഏറ്റുപിടിക്കാന്‍ നമ്മളാരും തയ്യാറായില്ല. സ്‌കൂള്‍ ബഹിഷ്‌കരിക്കാന്‍ ഒരു കുട്ടി ആഹ്വാനം ചെയ്താല്‍ നമ്മളതിനെ തോന്ന്യാസമായി പ്രഖ്യാപിക്കും. പക്ഷേ ഗ്രേറ്റയുടെ വ്യക്തമായ ലക്ഷ്യത്തില്‍ അവളുടെ തലമുറയുടെ ഭാവി മാത്രമായിരുന്നില്ല-അനന്തര തലമുറകളുടെ ഭാവിയുമുണ്ടായിരുന്നു. ആ കുരുന്നിന്റെ ആ വലിയ ചിന്ത നമ്മില്‍ ആര്‍ക്കെങ്കിലുമുണ്ടായോ…? നമ്മളെല്ലാം ചിന്തിക്കുന്നത് നമ്മുടെ തലമുറയെക്കുറിച്ച് മാത്രമാണല്ലോ. മെഡിസിനില്‍ വലിയ ബിരുദാനന്തര ബിരുദം നേടിയവര്‍ പോലും സ്വന്തം ആഡംബര കാറുകളില്‍ വീട്ടിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി അത് ആരുമില്ലാത്ത പൊതു നിരത്തില്‍ നിക്ഷേപിക്കുന്ന വര്‍ത്തമാന കാലത്ത് ആരെയാണ് ഉപദേശിക്കേണ്ടത്.
കവളപ്പാറയിലെ വലിയ ദുരന്തത്തിന് കാരണമെന്നത് ക്വാറി മാഫിയയാണ്. ഭൂമി തുരക്കുകയാണവര്‍. തുരന്ന് തുരന്ന് ഭൂമിയെ കൊല ചെയ്യുന്നു. അത് ചോദ്യം ചെയ്യാന്‍ ആരുമില്ല. ഭരണകൂടം ഒരു നാള്‍ തല ഉയര്‍ത്തിയാല്‍ അടുത്ത നാള്‍ അവരുടെ ഖജനാവിലെത്തുന്ന കോടികള്‍ക്ക്് മുന്നില്‍ തല താഴ്ത്തുന്നു. പ്രളയം വന്നപ്പോള്‍ സര്‍ക്കാര്‍ ക്വാറി മാഫിയക്കെതിരെ ശബ്ദിച്ചു. അടുത്ത ദിവസം ആ ശബ്ദം പിന്‍വലിച്ചു. അതിനെ ചോദ്യം ചെയ്ത ചിലരാവട്ടെ പിന്നെ മിണ്ടിയതേയില്ല. എത്രയെത്ര വലിയ കെട്ടിടങ്ങളാണ് നമുക്ക് മുന്നില്‍ ഉയരുന്നത്. അതിന്റെ പില്ലറുകള്‍ ഭൂമിക്കടിയിലേക്ക് താഴുമ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ബോധവാന്മാരായവര്‍ തന്നെയാണ് ആ കെട്ടിടത്തിന് നിര്‍മാണ അനുമതി കൊടുത്ത ഭരണകൂടവും ആ കെട്ടിടത്തിന്റെ നിര്‍മാണം നടത്തുന്ന എഞ്ചിനിയറും. പക്ഷേ അവരുടെ മുന്നില്‍ അവരുടെ ലാഭം മാത്രമാണ്. വയനാട് പ്രകൃതി ലോല ജില്ലയാണ്. പക്ഷേ ഏറ്റവുമധികം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവിടെയാണ് നടക്കുന്നത്. വയനാട് ദേശീയ പാതയിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ പേടിയാവും. തീരദേശ നിയമത്തെ ബലികഴിച്ചാണല്ലോ മരടിലും സമീപങ്ങളിലും വലിയ #ാറ്റുകള്‍ ഉയര്‍ന്നത്. സുപ്രീംകോടതി എന്ന പരമോന്നത നീതിപീഠം ശക്തിയോടെ നടത്തിയ വാക്കുകളില്ലായിരുന്നെങ്കില്‍ തീരദേശമെന്നത് നമ്മുടെ കെട്ടിട നിര്‍മാണ ആസ്ഥാനമായി മാറുമായിരുന്നു.
ജാതിയും മതവുമാണ് നമ്മുടെ ഭരണകൂടങ്ങളുടെ ഇഷ്ട ഭോജനം. മാധ്യമങ്ങള്‍ക്കും ആ വിഭവങ്ങളോടാണ് വലിയ താല്‍പര്യം. ജാതിയും മതവും വര്‍ഗവും വര്‍ണവും പറഞ്ഞ് ഭരണകൂടങ്ങള്‍ നിലനില്‍പ്പിന്റെ പുത്തന്‍ സമവാക്യങ്ങള്‍ അവതരിപ്പിച്ച് ഒന്നാമന്മാരായി വിലസുമ്പോള്‍ അവര്‍ക്ക് ഓശാന പാടുകയാണ് മാധ്യമങ്ങള്‍. പണ്ടെല്ലാം ഭരണകൂടത്തെ തുറന്ന് കാട്ടാന്‍, പൊതു താല്‍പര്യ വിഷയങ്ങളില്‍ സമചിത്തതയോടെ ഇടപെടാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞെങ്കില്‍ ഇന്നത്തെ മാധ്യമ പ്രവര്‍ത്തനമെന്നത് ബഹളത്തിലൂടെയുള്ള പ്രകൃതി മലിനീകരണമാണ്. ഇന്ത്യയെന്ന വിശാല രാജ്യത്തിന്റെ തലസ്ഥനമാണ് ന്യൂഡല്‍ഹി. ആ നഗരത്തിന്റെ മലിനീകരണതോത് ഭീതിതമാണ്. ബംഗളുരും ചെന്നൈയും മുംബൈയുമെല്ലാം പേടിപ്പിക്കുന്ന സത്യങ്ങളാണ്. കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവുമൊന്നും സുരക്ഷിത നഗരങ്ങളല്ല. കാര്‍ബണ്‍ ബഹിര്‍ഗമനം ഒരു തരത്തിലും കുറയുന്നില്ല-വര്‍ധിക്കുകയാണ് ചെയ്യുന്നത്. അന്തരീക്ഷം നിറയെ കാര്‍ബണ്‍ മയമാവുമ്പോള്‍ അതുണ്ടാക്കുന്ന ആപത്ത് ചെറുതല്ല. ഇപ്പോള്‍ നമുക്ക് തോന്നും ശ്വവസിക്കുന്ന വായുവില്‍ അപകടമില്ലെന്ന്. പെട്ടെന്ന് തോന്നുന്ന ആ ചിന്തയല്ല പ്രധാനം-കുറച്ച് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ശ്വാസതടസം അനുഭവപ്പെടും. ആ ശ്വാസ തടസ്സം നിങ്ങളുടെ ഹൃദയത്തെ ബാധിക്കും-നിങ്ങള്‍ നിത്യരോഗിയായി മാറും. ആസ്പത്രികള്‍ നിങ്ങള്‍ക്ക്് നല്‍കുന്ന ചികില്‍സയില്‍ പോലും മാലിന്യങ്ങളുണ്ട്. രാസവസ്തുക്കള്‍ കലര്‍ന്ന ഗുളികകളും മരുന്നുകളുമാണ് നിങ്ങള്‍ കഴിക്കുന്നത്. മെഡിക്കല്‍ കമ്പനികളുടെ ലക്ഷ്യം നിങ്ങളുടെ ആരോഗ്യത്തേക്കാള്‍ അവരുെട നിലനില്‍പ്പാണ്.
ഗ്രേറ്റയുടെ മറ്റൊരു ചോദ്യം ഇപ്രകാരമാണ്: മുതിര്‍ന്നവരേ, നിങ്ങള്‍ എന്താണ് ഞങ്ങള്‍ക്ക് വേണ്ടി അവശേഷിപ്പിക്കുക… തിരുത്തലിന് നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ… ഈ ചോദ്യത്തിന്റെ വലുപ്പവും ആഴവും നമ്മുടെ തലമുറ മനസ്സിലാക്കട്ടെ…… സത്യത്തില്‍ പറയാം നാം ഒന്നും ചെയ്യുന്നില്ല. കാലാവസ്ഥ ഉച്ചക്കോടി നടത്താറുണ്ട്. അവിടെ ഘോരം ഘോരം പ്രസംഗിക്കാറുണ്ട്. അതിലപ്പുറം ഒന്നും ചെയ്യുന്നില്ല. ട്രംപും മോദിയുമെല്ലാം ഒരേ നാണയങ്ങളാണ്. അവരുടെ മുന്നില്‍ അവര്‍ മാത്രം. അവര്‍ക്ക്് വേണ്ടി ശബ്ദിക്കുന്നവര്‍ ഉണ്ടാക്കുന്ന ശബ്ദ വിപ്ലവം പോലും പ്രകൃതിയെ ദോഷകരമായാണ് ബാധിക്കുന്നത്. ആകാശ പാതയെ കീറിമുറിച്ച്് മോദിയുടെ വിമാനം പറക്കുമ്പോള്‍, ആ വിമാനത്തിന്റെ എഞ്ചിന്‍ പുറത്ത് തള്ളുന്ന മാലിന്യ പുക മാത്രം മതി ലോകത്തെ ഇല്ലാതാക്കാന്‍. ഈ സത്യം വിളിച്ച് പറഞ്ഞ ഗ്രേറ്റ നിനക്ക് നന്ദി… ഒരുറപ്പ് മാത്രം നല്‍കാം-നിനക്കൊപ്പം ഈ തലമുറയില്‍ ഞങ്ങള്‍ കുറച്ച് പേരെങ്കിലുമുണ്ട്. പ്രകൃതിയെ രക്ഷിക്കാനും നിനക്കും നിന്റെ അനന്തര തലമുറക്കുമായി ചെറിയ വെട്ടം പകരാന്‍ ഞങ്ങള്‍ തയ്യാറാണ്.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending