Connect with us

Video Stories

ഹരേ ഷഹന്‍ഷാ… ആപ്പ് നംഗാ ഹേ അല്ലയോ രാജാവേ… താങ്കള്‍ നഗ്‌നനാണ്

Published

on


പി.കെ അബ്ദുറബ്ബ്

ആത്യന്തികമായി ആരും ഒരു ഭാഷക്കും എതിരല്ല. ഭാഷകള്‍ ആശയവിനിമയത്തിന് എന്നതിലുപരി ഒരു സംസ്‌കാരത്തിന്റെ പ്രാതിനിധ്യം കൂടിയാണ്. ഓരോ ഭാഷയും അതിന്റെതായ സംഭാവനകള്‍ സമൂഹത്തിന് നല്‍കിയിട്ടുമുണ്ട്. ഇതര ഭാഷാവിരോധം എന്നത് സങ്കുചിത മനസ്സുകളുടെ മൂലഭാവമാണെന്നത് വര്‍ത്തമാനകാല മ്ലേച്ഛതയെന്നു പറയാതെ വയ്യ.
മാതൃഭാഷയെ പെറ്റമ്മയെ പോലെ മാറോടണക്കി പിടിക്കുന്നത് മര്‍ത്ത്യന്റെ ജന്മവാസനയാണെന്ന യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടക്കുന്നത് സ്വത്വത്തോട് ചെയ്യുന്ന അക്രമം തന്നെയാണ്. അതോടൊപ്പം ഇതര ഭാഷകളില്‍ പ്രാവീണ്യം നേടുകയെന്നാല്‍ അത് അംഗീകരിക്കപ്പെടേണ്ട കഴിവു തന്നെയാണെന്ന് മറച്ചുവെക്കപ്പെടേണ്ടതുമല്ല. എങ്കിലും തന്റെ ഭാഷ മറ്റുള്ളവന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ത്വരയും തന്റേതു മാത്രമാണ് മഹത്വരമെന്ന തോന്നലും ഫാസിസം എന്നും പുലര്‍ത്തിപോന്ന ചിന്താഗതിയായിരുന്നു എന്നതിന് ചരിത്രം സാക്ഷി. ഒരു രാജ്യത്തിന്റെയും തലമുറകളുടെയും നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തില്‍ അബദ്ധങ്ങളുടെ പെരുമഴ തന്നെ ഭരണകൂട ധാര്‍ഷ്ട്യം കാരണം രാജ്യത്ത് ചുടല നൃത്തം ചെയ്യുന്നതില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ബോധപൂര്‍വമുള്ള ശ്രമമായി വേണം ഇപ്പോള്‍ നടക്കുന്ന ഹിന്ദി വിവാദത്തെ കാണാന്‍. വിഭാഗീയതയും താന്‍പോരിമയും ഇതര ചിന്താധാരകളോടുള്ള വിദ്വേഷവും കപട രാജ്യസ്‌നേഹവും കൈമുതലായുള്ള ഭരണാധികാരികള്‍ ഒരേ രീതിയില്‍ പെരുമാറുമെന്നത് ചരിത്രം പഠിപ്പിക്കുന്ന പാഠം.
‘നാനാത്വത്തില്‍ ഏകത്വം’ എന്ന ഇന്ത്യയുടെ അടിസ്ഥാനശില ഇളക്കാന്‍ ബംഗാളി ഭാഷയിലെഴുതിയ ദേശീയ ഗാനത്തെ നാഡീ സ്പന്ദനമായി മുറുകെപിടിക്കുന്ന അവസാന ഭാരതീയനും ജീവിച്ചിരിക്കുവോളം ഒരു സുല്‍ത്താനും കഴിയില്ല എന്ന സത്യം ഇന്ത്യയുടെ ചരിത്രം (എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സിലെ ചരിത്രമല്ല) ഒരു വട്ടമെങ്കിലും പഠിച്ചവര്‍ക്ക് മനസ്സിലാകും. ഇതറിയാതെയാവില്ല ഇന്നത്തെ ഹിന്ദി സ്‌നേഹം. മറിച്ച് സ്വ ധാര്‍ഷ്ട്യത്തില്‍നിന്നും ഉടലെടുത്ത വീഴ്ച്ചക്ക് മൂടുപടമിടുക എന്നത് മാത്രമാണ് ഉദ്ദേശം.
ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നപ്പോഴും കരുത്തോടെ ഈ രാജ്യത്തെ പിടിച്ചുനിര്‍ത്തിയ മഹത് വ്യക്തികളെയും രാഷ്ട്രനിര്‍മിതിക്കായി ജീവിതകാലം മുഴുക്കെ ചിലവഴിച്ച മണ്മറഞ്ഞ മഹത്തുക്കളെയും അപകീര്‍ത്തി പ്പെടുത്തി, താനാണ് മഹാന്‍, താന്‍ മാത്രമാണ് മഹാന്‍ എന്ന ഉത്തര ഗൗളീ ചിന്തയില്‍ ഉന്മാദ താളം ചവിട്ടുന്ന ഒരാളുടെ വങ്കത്തങ്ങളില്‍ രാഷ്ട്രം വിറങ്ങലിച്ച് നില്‍ക്കുന്ന കാഴ്ച്ച ഇനിയും കാണാതിരുന്നാല്‍ അത് വരും തലമുറകളോട് ചെയ്യുന്ന മഹാ പാതകമായിരിക്കും. അഭിപ്രായ വ്യത്യാസങ്ങളെ തുറുങ്കിലടക്കുകയും എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്ത ഭരണാധികാരികള്‍ക്ക് ചരിത്രം അതിന്റെ കണക്കു പുസ്തകത്തില്‍ കരുതിവെച്ചിരുന്നത് ധാര്‍ഷ്ട്യത്തിന്റെ അപ്പോസ്തലന്മാര്‍ ഓര്‍ക്കുന്നത് അവര്‍ക്കുതന്നെ നന്മ വരുത്താന്‍ ഉപകരിക്കും.
ഇന്ത്യയുടെ ഭാഷാ വൈവിധ്യം ഈ രാജ്യത്തിന്റെ കരുത്താണ്. അതുള്‍ക്കൊള്ളണമെങ്കില്‍ രാജ്യത്തിന്റെ മണ്ണിനെ മാത്രമല്ല അതിലെ മനുഷ്യനെയും സ്‌നേഹിക്കണം. പ്രജയുടെ മനസ്സറിയാത്ത ഭരണാധികാരി മൂഢ സ്വര്‍ഗത്തില്‍ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയരുത്. ജനാധിപത്യത്തിന്റെ ആണിക്കല്ലുകളെ ഒന്നൊന്നായി ഇളക്കി മാറ്റുമ്പോള്‍ നിങ്ങളറിയണം നിങ്ങള്‍ തകര്‍ക്കുന്നത് ഈ മഹത്തായ രാജ്യത്തെ തന്നെയാണെന്ന്. രാജ്യം ഇന്ന് നേരിടുന്ന തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും വ്യവസായ മുരടിപ്പും പാകിസ്താനിനും ബംഗ്ലാദേശിനും പുറകില്‍ ആയ വളര്‍ച്ചാനിരക്കും മറച്ചുപിടിക്കാന്‍ ഒരു എല്ലിന്‍ കഷ്ണം പോലെ ജനങ്ങള്‍ക്കിട്ടു കൊടുത്ത ഹിന്ദി സ്‌നേഹം മതിയാവില്ല. പൂര്‍വികര്‍ നിര്‍മ്മിച്ചതിന്റെ പേരു മാറ്റി വേഷം കെട്ടലല്ല രാജ്യ ഭരണം, രാജ്യത്തെ ജനങ്ങളുടെ വിഷമങ്ങള്‍ മനസ്സിലാക്കി അത് ദുരീകരിക്കുന്നതായിരിക്കണം ഭരണം.
മന്ത്രിമാരുടെ വിഡ്ഢിത്തങ്ങള്‍ മുതല്‍ കാര്‍ഷിക പ്രതിസന്ധി തൊട്ട് സാമ്പത്തിക മാന്ദ്യവും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വരെ മറച്ചുപിടിക്കാന്‍ കശ്മീരും മുത്തലാഖും ഹിന്ദിയും ഒന്നും മതിയാകാതെ വരും. കാരണം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് രാജ്യത്തിന്റെ ഭരണാധികാരിയെ സഹന സമരത്തിലൂടെ കെട്ടു കെട്ടിച്ച അര്‍ധ നഗ്‌നനായ ഫകീറിന്റെ ചോരയും വിയര്‍പ്പും അലിഞ്ഞു ചേര്‍ന്ന മണ്ണാണിത്. നെഹ്റുവിന്റെയും മുഹമ്മദലി ജൗഹറിന്റെയും നേതാജിയുടെയും അബുല്‍ കലാം ആസാദിന്റെയും എല്ലാം വിയര്‍പ്പിന്റെ ഗന്ധമുള്ള മണ്ണ്. ഒരു ഭാഷാ കോടാലി കൊണ്ട് ഈ മണ്ണിനെയും മനസ്സിനെയും വെട്ടി മുറിക്കാമെന്ന മൂഢ ധാരണ പേറുന്ന രാജാവേ… ‘താങ്കള്‍ നഗ്‌നനാണ്’. ‘ഹരേ ഷഹന്‍ഷാ… ആപ്പ് നംഗാ ഹേ’

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending