പി.വി.എ പ്രിംറോസ്
വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന യു.എ.പി.എ ഭേദഗതി ബില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം 42 നെതിരെ 147 വോട്ടുകള്‍ക്ക് രാജ്യസഭ തള്ളിയതോടെ ഭരണകൂട വേട്ടയുടെ പുതിയ വൃത്താന്തങ്ങള്‍ ഇന്ദ്രപ്രസ്ഥം മുതല്‍ കേള്‍ക്കാന്‍ പൗരന്മാര്‍ നിര്‍ബന്ധിതരാവുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പ് ലഭിച്ചുകഴിഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയുടെ ഇംഗിതത്തിനനുസരിച്ച് ആഭ്യന്തര സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍തന്നെ ഏറെ പഴികേട്ട ഭീകരവിരുദ്ധ നിയമമാണ് യു.എ.പി.എ. അതുകൊണ്ട്തന്നെയാണ് ഭീകരതാവിരുദ്ധ നിയമങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നും ബില്ലുമായി മുന്നോട്ട്‌പോയാല്‍ കോടതിയെ സമീപിക്കുമെന്നുമെല്ലാം രാജ്യസഭയില്‍ തുറന്നുപറയാന്‍ പി. ചിദംബരത്തെ പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പ്രേരിപ്പിച്ചത്.
ഭീകരത സംശയിക്കുന്നതിന്റെ പേരില്‍ സംഘടനകളെ ഭീകരതാപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുള്ള നിയമത്തില്‍ ഭേദഗതിവഴി ഇനി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നിര്‍ദേശിക്കുന്ന വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാമെന്നതാണ് ഏറ്റവും ഗൗരവപരമായ കൂട്ടിച്ചേര്‍ക്കല്‍. ഭീകരത ആരോപിക്കപ്പെടുന്നവരുടെ സ്വത്ത് സംസ്ഥാന പൊലീസുമായി കൂടിയാലോചിക്കാതെയോ അറിയിക്കാതെയോ ദേശീയ ഏജന്‍സിക്ക് നേരിട്ട് മരവിപ്പിക്കാനും പിടിച്ചെടുക്കാനും അനുമതി നല്‍കുന്ന ഭേദഗതിയാണ് രണ്ടാമത്തേത്. ഭീകരതയുമായി ബന്ധപ്പെട്ട കേസുകള്‍ ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന നിലവിലുള്ള വ്യവസ്ഥയെ അട്ടിമറിച്ച് എന്‍.ഐ.എയിലെ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവര്‍ക്കും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച് കക്ഷികളെ തടവിലാക്കാമെന്നതാണ് പ്രധാനപ്പെട്ട മൂന്നാമത്തെ ഭേദഗതി.
മൂന്ന് ഭേദഗതികളും ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നും അന്യായ അറസ്റ്റുകളും അനിയന്ത്രിതമായ വിചാരണത്തടവുകാരെ സൃഷ്ടിക്കലുമാണ് വിളിച്ചുവരുത്തുക എന്നതാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയെല്ലാം കെണിവെച്ച് പിടിക്കാന്‍ യു.എ.പി.എയോളം നല്ലൊരു നിയമോപകരണം കയ്യിലില്ലെന്ന തിരിച്ചറിവ് ഭരണകക്ഷികളില്‍ പലരെയും ഭരിക്കുന്നുവെന്നത് വസ്തുതയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് യാതൊരു ദാക്ഷിണ്യവുമില്ലാതെ കഴിഞ്ഞ ഗവണ്‍മെന്റ് അത് എടുത്തുപയോഗിക്കുകകൂടിചെയ്തതോടെ പ്രതിപക്ഷകക്ഷികളുടെ ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് ബോധ്യപ്പെട്ട്കഴിഞ്ഞു. കൊളോണിയല്‍ ഭരണകാലത്ത് മെക്കാളെ പ്രഭു എഴുതിയുണ്ടാക്കിയ ബ്രിട്ടീഷ് അനുകൂല പീനല്‍ കോഡിലെ 113ാം വകുപ്പാണ് രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ പിതാവ്. 1863-70 കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള വഹാബി പ്രസ്ഥാനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പില്‍ പിടിച്ചുനില്‍ക്കാന്‍ നിലവിലുള്ള നിയമത്തിലൂടെ കഴിയില്ലെന്ന് ബോധ്യംവരികയും മുമ്പ് ഒഴിവാക്കിയിരുന്ന സെക്ഷന്‍ 124 വകുപ്പ് വീണ്ടും കൂട്ടിച്ചേര്‍ത്ത് ശക്തമായ നിയമനിര്‍മാണം നടത്തുകയുമാണ് ബ്രിട്ടീഷ് ഭരണകൂടം ചെയ്തത്. വഹാബി മൂവ്‌മെന്റില്‍പെട്ടവര്‍ക്ക് പുറമെ ‘ബംഗോബന്ധി’ പത്രാധിപര്‍ ജഗേന്ദ്ര ചന്ദ്രബോസും ബാലഗംഗാധര തിലകനുമടക്കം നിരവധി പ്രശസ്തര്‍ ഇതില്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന്‌ശേഷവും വിഭജനാനന്തരവും നടന്ന നിരവധി വര്‍ഗീയ കലാപങ്ങള്‍ പ്രസ്തുത വകുപ്പ് നിലനിര്‍ത്താന്‍ രാജ്യ നയതന്ത്രജ്ഞരെ പ്രേരിപ്പിച്ചു. 1951ല്‍ ചില ഭേദഗതികള്‍ വന്നെങ്കിലും നിയമം നിയമമായിതന്നെ അവിടെ കിടന്നു. ഇതിന്‌ശേഷം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും നാടിന്റെ ഭരണാവസ്ഥ നിലനിര്‍ത്തുന്നതിനുമായി 1963ല്‍ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ നിയമിച്ച കമ്മിറ്റി നല്‍കിയ ശിപാര്‍ശയിലൂടെയാണ് യു.എ.പി.എക്ക് തുടക്കം കുറിക്കുന്നത്. ഠവല ഡിഹമംളൗഹ അരശേ്ശശേല െ(ജൃല്‌ലിശേീി) അര,േ 1967 എന്ന ഈ നിയമത്തിന്റെ കരട് അതേ വര്‍ഷം തന്നെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും 1967ല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും അത് പാസാക്കുകയും പ്രസ്തുത വര്‍ഷം ഡിസംബര്‍ 30ന് രാഷ്ട്രപതി ഒപ്പ്‌വെച്ച് നിയമമായി പ്രാബല്യത്തില്‍ വരികയും ചെയ്തു. ഭരണകൂടം പൗരന് നല്‍കുന്ന പല പ്രധാന അവകാശങ്ങളും രാജ്യസുരക്ഷയുടെ പേരില്‍ ഹനിക്കുന്നു എന്നതിനാല്‍ തന്നെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും 1969, 1972, 1986, 2004, 2008, 2012 എന്നീ വര്‍ഷങ്ങളില്‍ കുറച്ച്കൂടി സങ്കീര്‍ണമായ ഭേദഗതികള്‍ വരുത്തിയാണ് യു.എ.പി.എ നിയമമായി പുറത്ത് വരുന്നത്. 2008ലെ ഭേദഗതിക്ക് ശേഷമാണ് യു.എ. പി.എ മറ്റു നിയമങ്ങളെപ്പോലെ എടുത്തുപയോഗിക്കാന്‍ തുടങ്ങുന്നത്. അഫ്‌സപയും (അൃാലറ എീൃരല െ(ടുലരശമഹ ജീംലൃ)െ അര,േ 1958) മോക്കയും (ങമവമൃമേെവൃമ ഇീിേൃീഹ ീള ഛൃഴമിശലെറ ഇൃശാല അര,േ 1999ങഇഛഇഅ) പോട്ടയും (ഠവല ജൃല്‌ലിശേീി ീള ഠലൃൃീൃശാെ അര,േ 2002 (ജഛഠഅ) ടാഡ (ഠലൃൃീൃശേെ മിറ ഉശെൃൗുശേ്‌ല അരശേ്ശശേല െ(ജൃല്‌ലിശേീി) അര)േയും പോലെ അനിഷ്ടക്കാരെ ഒതുക്കാന്‍ നിമയത്തെ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതും ഇക്കാലയളവിന് ശേഷമാണ്. 2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണം ഇതിന് നല്ലൊരു കാരണമായി ഭവിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ അതേവര്‍ഷം ഡിസംബര്‍ 16നാണ് വേണ്ടത്ര ചര്‍ച്ചകളോ പഠനങ്ങളോ ഇല്ലാതെ നിയമത്തില്‍ കര്‍ക്കശമായ മാറ്റങ്ങള്‍ വരുത്തുന്നത്. ഭീകരവിരുദ്ധ വികാരം ജ്വലിച്ച് നില്‍ക്കുന്ന സമയമായതിനാല്‍തന്നെ ഇടതുപക്ഷ പാര്‍ട്ടികളുടെകൂടി പിന്തുണയോടെയാണ് നിയമ ഭേദഗതികള്‍ പാസാക്കിയെടുക്കുന്നത്.
യു.എ.പി.എ നിയമങ്ങളില്‍ പലതും എങ്ങോട്ടും വ്യാഖ്യാനിക്കാനും ആര്‍ക്കും ആരെയും കുറ്റവാളിയായി ചിത്രീകരിക്കാനും അവസരമൊരുക്കുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഏതെങ്കിലുമൊരു വ്യക്തിയുടെ പരാതിയനുസരിച്ചോ ഉദ്യോഗസ്ഥന്റെ മനോഗതമനുസരിച്ചോ ഏതൊരു പൗരനെയും ചോദ്യം ചെയ്യാനും അയാളുടെ വസ്തുക്കള്‍ പിടിച്ചെടുക്കാനും റെയ്ഡ് നടത്താനും അറസ്റ്റ്‌ചെയ്യാനും അവകാശം നല്‍കുന്നതാണ് ഈ നിയമം. കോടതി ഉത്തരവോ ജുഡീഷ്യല്‍ വാറണ്ടോ ഉണ്ടെങ്കില്‍മാത്രം സാധ്യമാവുന്ന ഈ അധികാരം ഏതൊരു പൊലീസുകാരനും എടുത്തുപയോഗിക്കാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ അപകടം. യു.എ.പി.യയുടെ 43ഉ(2) വകുപ്പ് പ്രകാരം ഒരാളെ കസ്റ്റഡിയിലെടുത്താല്‍ പ്രാഥമിക തടങ്കല്‍ കാലാവധി ആറ് മാസമാണ്. അതായത് 180 ദിവസം. ഇതില്‍ 90 ദിവസത്തിന്‌ശേഷം കേസില്‍ പുരോഗതിയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധ്യപ്പെടുത്തിയാല്‍ മാത്രം മതി കസ്റ്റഡി തുടരാന്‍. മാത്രമല്ല, പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളുടെ നിരപരാധിത്വം തെളിയിക്കാനുള്ള പ്രോസിക്യൂട്ടറുടെ ബാധ്യത യു.എ.പി.എ കേസുകള്‍ക്ക് ബാധകമല്ല. മറിച്ച്, ആരോണോ കുറ്റാരോപിതര്‍ അവര്‍ തന്നെ അക്കാര്യം തെളിയിക്കേണ്ടതുണ്ട്. 43ഉ(5) പ്രകാരം പബ്ലിക് പ്രോസിക്യൂട്ടര്‍ അനുവദിക്കാത്തിടത്തോളംകാലം ജാമ്യം കിട്ടാന്‍ യാതൊരു സാധ്യതയുമില്ല താനും. മാത്രമല്ല, 43(അ) വകുപ്പ് പ്രകാരം ഭീകര പ്രവര്‍ത്തനത്തില്‍ പങ്കെടുത്തെന്ന് സംശയിക്കപ്പെടുന്നവരുടെ സ്വത്ത്‌വഹകളും ധനാഗമന മാര്‍ഗങ്ങളും കണ്ട്‌കെട്ടാനോ മരവിപ്പിക്കാനോ ഉള്ള അധികാരവും അധികാരികള്‍ക്ക് തന്നെയാണ്.
യു.എ.പി.എ മൂലമുള്ള പൗരന്റെ അവകാശധ്വംസനങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പരിമിതമായ തെളിവ്‌കൊണ്ട്‌പോലും വ്യക്തികളെ അറസ്റ്റ്‌ചെയ്യാനും സംഘടനകള്‍ നിരോധിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. പൗരനെ മതിയായ തെളിവുകളില്ലാതെ 30 ദിവസം പൊലീസ് കസ്റ്റഡിയിലും 180 ദിവസം തടങ്കലിലുംവെക്കാം, കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യമില്ലെന്ന് ബോധ്യപ്പെട്ടാല്‍പോലും കൈവശംവെച്ച വസ്തുക്കളുടെ പേരില്‍ ഒരാളുടെ പേരില്‍ കേസെടുക്കാം, യു.എ.പി.എ ഉള്‍പ്പെടുന്ന കേസില്‍ അറസ്റ്റിലായ വ്യക്തിയുടെ സംഘാടനാബന്ധം തെളിയിക്കപ്പെട്ടാല്‍ അയാള്‍ ഉള്‍ക്കൊള്ളുന്ന സംഘടനയെ കാര്യമായ വിശദീകരണങ്ങളില്ലാതെ നിരോധിക്കാം, വാറന്റ് കൂടാതെ വസ്തുക്കള്‍ പിടിച്ചെടുക്കാം, ഭരണഘടന ഉറപ്പ്‌നല്‍കുന്ന സംഘടിക്കാനുള്ള അവകാശത്തില്‍ വെള്ളംചേര്‍ത്ത് രാജ്യദ്രോഹത്തിന്റെ വാതായനം തുറന്ന് അകത്താക്കാം, അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ ആളുകളെ അഴിക്കുള്ളിലാക്കാം… തുടങ്ങി രാജ്യത്തെ പൗരന്റെ സ്വസ്ഥ ജീവിതത്തിന് വിഘാതം നില്‍ക്കുന്ന ഒട്ടധികം നിയമങ്ങളാല്‍ സമ്പന്നമാണ് യു.എ.പി.എ.
ടാഡ പ്രകാരം 1984 മുതല്‍ ഗുജറാത്തില്‍ 18686ഉം പഞ്ചാബില്‍ 15314ഉം ജമ്മുകശ്മീരില്‍ 15225ഉം അസമില്‍ 12715ഉം പേരെയായിരുന്നു അറസ്റ്റ്‌ചെയ്തത്. ഇതില്‍ പഞ്ചാബ് പ്രവിശ്യയിലെ സിഖ് വംശജരെ മാറ്റിനിര്‍ത്തിയാല്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു പ്രതികള്‍. 1987ല്‍ കെ.എ. പി.എസ് ഗില്ലിന്റെ നേതൃത്വത്തില്‍ സിഖ് ന്യൂനപക്ഷത്തെ അടിച്ചമര്‍ത്താനായി രാജ്യദ്രോഹ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത് 7600ത്തോളം ആളുകളായിരുന്നു. അതില്‍ 15 ശതമാനം പേര്‍ മാത്രമാണ് വിചാരണക്ക് വിധേയമായത്. അതില്‍ തന്നെ രണ്ട് ശതമാനം ആളുകള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ടാഡ നിയമം പിന്‍വലിക്കുന്ന സമയത്ത് മൊത്തം ഫയല്‍ ചെയ്ത കേസുകളുടെ കണക്കെടുക്കുമ്പോള്‍ കണ്ടെത്തിയ വിവരങ്ങള്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഏതൊരാളെയും ഞെട്ടിക്കുന്നതായിരുന്നു. ആകെ കേസെടുത്ത 75500 പേരില്‍ കുറ്റം തെളിയിക്കപ്പെട്ടത് 15991 പേരുടേത് മാത്രം. ബാക്കിയുള്ള അറുപതിനായിരത്തോളം പേര്‍ നിരപരാധികളായിരുന്നുവത്രെ! അതായത്, ഇത്രയും മനുഷ്യര്‍ സമൂഹത്തിന്റെ മുന്നില്‍ ഇക്കാലമത്രയും അപരാധികളായിരുന്നു.
ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും മൈനിംഗ് കമ്പനികള്‍, ദരിദ്രര്‍ തങ്ങളുടെ കൃഷി ഭൂമി കൈവശപ്പെടുത്തിയതിന്റെ പേരില്‍ നടത്തിയിരുന്ന സമരങ്ങളെയെല്ലാം കുത്തകകളുടെ ഒത്താശയോടെ സര്‍ക്കാര്‍ അടിച്ചൊതുക്കിയിരുന്നത് ഈ നിയമം മുഖേനയായിരുന്നു. ദരിദ്രരില്‍ ദരിദ്രരായ ഇവര്‍ക്ക് സ്വന്തമായി നിയമസഹായം തേടാന്‍ സാധ്യമല്ലാത്തതിനാല്‍തന്നെ അനന്തമായി ജയിലുകളില്‍ കിടക്കേണ്ടിവരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നീണ്ട 23 വര്‍ഷം ജയിലില്‍കിടന്ന് നിരപരാധിയെന്ന് കണ്ട് ഈയിടെ വിട്ടയച്ച മുഹമ്മദ് അലിയുടെയും ലത്തീഫ് അഹമ്മദിന്റെയും ദുരവസ്ഥ വായിച്ചറിഞ്ഞ ഏതൊരാള്‍ക്കും വരാന്‍പോകുന്ന വന്‍വിപത്തിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടാവും. അതിനാല്‍ തന്നെയാണ് തന്റെ സംസ്ഥാനത്തെ ഓരോ വീട്ടിലും ഇനി ‘നിരപരാധികളായ രാജ്യദ്രോഹികളെ’ കണ്ടെത്തേണ്ടിവരുമെന്ന് കശ്മീര്‍ നിയമസഭാ എം.പി മുഹമ്മദ് ഫയാസ് രാജ്യസഭയില്‍ ആശങ്കപ്പെട്ടത്.