Connect with us

Video Stories

കലാലയങ്ങളിലെ കമ്മ്യൂണിസ്റ്റ് ഫാസിസം

Published

on


കുറുക്കോളി മൊയ്തീന്‍
ചൈനയില്‍ രണ്ടു പതിറ്റാണ്ടിനപ്പുറം ജനാധിപത്യത്തിനുവേണ്ടി വ്യൂര്‍കാക്സിയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കായ വിദ്യാര്‍ഥികള്‍ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ പ്രതിഷേധ ജ്വാല തീര്‍ക്കുകയുണ്ടായി. ജനാധിപത്യത്തിന്‌വേണ്ടി പോരാടിയ പ്രക്ഷോഭകരുടെ ഇടയിലേക്ക് ടാങ്ക് കയറ്റി 150ഓളം വിദ്യര്‍ത്ഥികളെ ചതച്ചരക്കുകയായിരുന്നു ഭരണകൂടം. അതൊരു കമ്യൂണിസ്റ്റ് ശൈലി. ടിയാന്‍മെയര്‍ പ്രക്ഷോഭത്തിനു സമാനമായ പ്രതിഷേധമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിരോധം. കൊല്ലലും തല്ലലുമൊന്നും എസ്.എഫ്.ഐക്ക് പുതിയ പരിപാടിയല്ല. പണ്ടേയുള്ള കൈമുതല്‍ ആ ഗുണ്ടാനയങ്ങളാണ്. കലാലയങ്ങളെ കൊലാലയങ്ങള്‍ എന്ന് അപകീര്‍ത്തിപ്പെടുത്തി പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അതിനിടയിലേക്കാണ് കലാലയ സമാധാനം എന്ന മുദ്രവാക്യവുമായി എം.എസ്.എഫ് കടന്നുവന്നത്. ഒട്ടുമിക്ക സംഘടനകളും അതേറ്റുപിടിച്ചു. നയമായി പ്രഖ്യാപിക്കുകയും ചെയ്തുപോന്നു. എന്നാല്‍ അതിനോട് പലര്‍ക്കും ആത്മാര്‍ത്ഥത കാണിക്കാനായില്ല. എന്നതാണ് പുതിയ സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. മനുഷ്യസ്നേഹവും ജനാധിപത്യ ബോധവുമുള്ള കര്‍മ്മനിരതരും വിദ്യാസമ്പന്നരുമായ പുതിയ പരിഷ്‌കൃത നിരയെയാണ് വിദ്യര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ സമൂഹം പ്രതീക്ഷിക്കുന്നതെങ്കില്‍ തീര്‍ത്തും നിരാശാജനകമായ വാര്‍ത്തകളാണ് കാണേണ്ടതായും കേള്‍ക്കേണ്ടതായും വരുന്നത്. വിദ്യാസമ്പത്ത് വലിയ മൂലധനമായി കാണുന്ന കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള കലാലയത്തിനകത്ത് നടന്ന നീചമായ സംഭവങ്ങള്‍ ഏതൊരു കേരളീയനെയാണ് വേദനിപ്പിക്കാതിരിക്കുക. ഇത്തരം പേക്കൂത്തുകളൊക്കെയും രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെയും ഭരണകൂടത്തിന്റെ തണലിലുമാണ് നടക്കുന്നതെന്ന് അറിയുമ്പോഴുള്ള നോവ് ചെറുതാണോ? ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇതേ കോളജില്‍തന്നെ ഇത്തരം സംഭവങ്ങള്‍ പലപ്പോഴും അരങ്ങേറിയിട്ടുണ്ട്. ഒറ്റപ്പെട്ട കോളജുമല്ല. പല കാംപസുകളിലും ഇതുപോലെയുള്ള നീച കൃത്യങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്. സ്വന്തം സഹപാഠിയെ കുത്തിമലര്‍ത്താന്‍ ധൈര്യമുള്ളവര്‍ക്ക് സ്വന്തം സഖാക്കളെ കുത്താനും സങ്കോചം കാണില്ല എന്നാണ് സംഭവം തെളിയിക്കുന്നത്. ഈ നശീകരണ നയവും ആക്രമണവാസനയുമാണ് നുള്ളികളയേണ്ടത്. ഒരു ആദര്‍ശ പിന്‍ബലവും ഇല്ലാതാവുകയും ആശയ ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്ക് അത് ബഹുജന സംഘടനയാണെങ്കിലും വിദ്യാര്‍ത്ഥി സംഘടനയാണെങ്കില്‍ പോലും ഗുണ്ടായിസം മാത്രമെ ശരണമുണ്ടാവൂ. അതിന്റെ പേരു തന്നെയാണ് സ്റ്റാലിനിസ്റ്റ് നയമെന്നത്. അധികാരവും മേധാവിത്വവും പിടിച്ചുനിര്‍ത്താന്‍ ഏതു വൃത്തികെട്ട മാര്‍ഗവും അവലംബിക്കും. പൊളിറ്റ് ബ്യൂറോയിലെ അംഗങ്ങളെ പോലും കൊന്നൊടുക്കിയ സ്റ്റാലിനെയാണ് ഇവര്‍ മാതൃകയാക്കുന്നത്. കേരള സ്റ്റാലിന്‍ അതിന് കൂട്ടും. പാര്‍ട്ടി ഗ്രാമങ്ങളില്‍ സി.പി.എം ഗുണ്ടകള്‍ നടത്തുന്ന അതേ മാതൃക എസ്.എഫ്.ഐ മേധാവിത്വമുള്ള കാംപസുകളിലും അവര്‍ അനുവര്‍ത്തിക്കുന്നു. മറ്റു സംഘടനകള്‍ക്കൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല. സ്വാതന്ത്ര്യം പോലും അവര്‍ അളന്നു കാണിക്കുന്നതിനപ്പുറം പാടില്ല. സഹോദര പ്രസ്ഥാനത്തിന്റെ നേതാവിനെ എ.ഐ.എസ്.എഫിന്റെ ഭാരവാഹിയെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കാന്‍ വന്നതിന്റെ പേരില്‍ തുണിയുരിഞ്ഞ് ആട്ടിയോടിച്ച സംഭവം പോലും ഇതേ കാംപസില്‍ നടന്നു. എ.ഐ.എസ്.എഫിന്റെ നിലവിലുള്ള പ്രസിഡന്റിന്‌പോലും അത്തരം അനുഭവങ്ങള്‍ കാംപസില്‍നിന്ന് ഉണ്ടായിട്ടുണ്ട്. പിന്നിട്ട കാലങ്ങളില്‍ ഏറ്റവും നല്ല കോളജ് എന്ന് കീര്‍ത്തികേട്ട യൂണിവേഴ്സ്റ്റി കോളജില്‍ എസ്.എഫ്.ഐ നെയ്തെടുത്ത നിയമങ്ങള്‍ സമരത്തില്‍ പങ്കെടുക്കാതെ പഠിക്കാന്‍ ശ്രമിക്കരുത്, നല്ലയിനം വസ്ത്രങ്ങള്‍ ധരിക്കരുത്, പെണ്‍കുട്ടികളുമായി സംസാരിക്കരുത്, കൂടി നടക്കരുത്, പാട്ടുപാടുകയോ ഉച്ചത്തില്‍ തമാശ പറഞ്ഞ് ചിരിക്കുകയോ ചെയ്യരുത് എന്നൊക്കെയാണ്. ഈ ഗുണ്ടായിസത്തിനെ തന്നെയല്ലെ ഫാഷിസം എന്നു വിളിക്കുന്നത്.
എസ്.എഫ്.ഐക്കാരുടെ മാനസിക പീഢനത്തിന്റെ ഫലമായി ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് ഇയ്യിടെയാണ്. ആ കുട്ടി എസ്.എഫ്.ഐ പ്രവര്‍ത്തക തന്നെയായിരുന്നു. അവസാനം കാംപസ് മാറി പഠനം തുടരേണ്ടിവന്നു. എന്താണ് എസ്.എഫ്.ഐ വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യം. നാലുമാസം മുമ്പാണ് ട്രാഫിക് സിഗ്നല്‍ തെറ്റിച്ചതിന് ചോദ്യം ചെയ്ത പൊലീസുകാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവം അരങ്ങേറിയത്. ആ ഗുണ്ടകള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ കാംപസില്‍തന്നെ താമസിച്ചു വിലസി. കഴിഞ്ഞ വര്‍ഷത്തില്‍ എസ്.എഫ്.ഐക്കാരുടെ നിര്‍ബന്ധിത പണപ്പിരിവ് ചോദ്യം ചെയ്തു എന്നതുകൊണ്ട് ഒരു അന്ധ വിദ്യാര്‍ത്ഥിക്ക് പോലും പീഢനത്തിനിരയാകേണ്ടിവന്നു. ആണ്‍ സുഹൃത്തുകളുമായി സംസാരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതും രണ്ടു വര്‍ഷം മുമ്പായിരുന്നു. ഇത്തരം ആക്രമണങ്ങള്‍ സഹിക്കവയ്യാതെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്ക് 187 വിദ്യാര്‍ത്ഥികള്‍ കോളജ് വിട്ടുപോയതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തിലാണ് യൂണിവേഴ്സിറ്റി യൂണിയന്റെ ഫണ്ട് ക്രമം തെറ്റിച്ചു കീഴ്‌വഴക്കത്തിന് വിരുദ്ധമായും നല്‍കാത്തതിന്റെ പേരില്‍ കൂകിവിളിച്ചും ചീത്തവിളിച്ചും ഭീഷണിപ്പെടുത്തിയ സ്റ്റുഡന്റ്സ് സര്‍വീസ് ഡയരക്ടര്‍ ഡോ. വിജയലക്ഷ്മിയുടെ കൈകളില്‍നിന്നും ബലമായി ചെക്കില്‍ ഒപ്പുവെപ്പിച്ച സംഭവുമുണ്ടായത്. യൂണിയന്‍ ചെയര്‍പേഴ്സനും സി. പി.എം നേതാവുമായ സിന്‍ഡിക്കേറ്റ് മെമ്പറുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇതു ചെയ്തതെന്ന് ഡയരക്ടര്‍തന്നെ പരാതിപ്പെടുകയും മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നതുമാണ്. എന്തു ഫലം?
തൃശൂരിലെ കേരളവര്‍മ്മ കോളജിലെ പ്രിന്‍സിപ്പല്‍ മാപ്പുപറയണമെന്ന് പറഞ്ഞ് രണ്ടു ദിവസം എസ്.എഫ്.ഐ കുത്തിയിരിപ്പു സമരം നടത്തി. പുതുതായി പ്രവേശനത്തിന് കോളജിലെത്തുന്ന കുട്ടികളുമായി ബന്ധപ്പെടുന്ന വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ചെയര്‍മാനോട് മോശമായി പെരുമാറി എന്നതായിരുന്നു ആരോപണം, മഹാരാജാസ് കോളജിലെ കസേര കത്തിക്കല്‍ പ്രശ്നം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. പേരു കേട്ട പാലക്കാട്ടെ വിക്ടോറിയ കോളജില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തോട് പൊരുത്തപ്പെട്ട് കൊടുക്കാത്തതിന്റെ പേരില്‍ വനിതാപ്രിന്‍സിപ്പല്‍ ഡോ. സരസു വിരമിക്കുന്ന ദിവസം ശവകുടീരം പണിത് യാത്രയയപ്പു നല്‍കി ആഘോഷിച്ചവരാണ് ഇവര്‍. കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ എസ്.എഫ്.ഐക്ക് അനുകൂലമായ നിലപാടുകള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് പിരിയാന്‍ നേരം പ്രിന്‍സിപ്പലായിരുന്ന ഡോ. പുഷ്പജക്കെതിരേ റീത്ത് സമര്‍പ്പിച്ച് യാത്രയാക്കിയവരും മറ്റാരുമല്ല.
സി.പി.എമ്മിനെപോലെതന്നെ എസ്.എഫ്. ഐക്കും വളര്‍ച്ചയില്‍ രക്തസാക്ഷികള്‍ക്കുള്ള പങ്ക് ചെറുതല്ല. രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ പണിപ്പെട്ടുകൊണ്ടിരിക്കുകയാണ്. എസ്.എഫ്.ഐയുടെ പഴയെ രക്തസാക്ഷിയാണ് മണ്ണാര്‍ക്കാട്ടെ മുഹമ്മദ് മുസ്തഫ. മുസ്തഫ അന്ന് എസ്.എഫ്.ഐക്കാരന്‍ പോലുമായിരുന്നില്ല. എസ്.എഫ്.ഐയും കെ.എസ്.യും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പിടിച്ചുമാറ്റാന്‍ വന്ന മനുഷ്യ സ്നേഹിയായ കുട്ടിയായിരുന്നു മുസ്തഫ. കുത്തേറ്റത് അദ്ദേഹത്തിനായിപ്പോയി, അദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കുന്നതിന്പകരം ക്ലാസ് മുറികളിലെല്ലാം കൊണ്ടുനടന്ന് കൊല്ലുകയായിരുന്നു എസ്.എഫ്.ഐക്കാര്‍ എന്നതാണ് വസ്തുത. അവസാനം എസ്.എഫ്.ഐ രക്തസാക്ഷിയാക്കി രക്തസാക്ഷിത്വം ആചരിച്ചുവരുന്നു. കാസര്‍കോട് ഡി.വൈ.എഫ്.ഐ നടത്തിയ വഴിതടയല്‍ സമരത്തിനിടെ സിനിമ കണ്ടുവരുന്ന ബാലകൃഷ്ണന്‍ എന്നയാള്‍ക്ക് വെടിയേല്‍ക്കുകയും മരിക്കുകയും ചെയ്തു. ഒരു രാഷ്ട്രീയവുമില്ലാത്ത ഇദ്ദേഹത്തെ മരണശേഷം സി.പി. എം രക്തസാക്ഷിയാക്കിയത് പോലെ.
എസ്.എഫ്.ഐ നേതാവായിരുന്ന ശേഷം ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി കേരള നിയമ സഭയിലെത്തിയ ബ്രിട്ടാസിന് മുതുകിന് കുത്തേറ്റ് തളര്‍ന്നുപോയി. കോളജില്‍ സംഘട്ടനത്തിനിടയില്‍ തന്നെ കുത്തിയ വ്യക്തി ആരെന്ന് മരണം വരെ ബ്രിട്ടാസ് പറഞ്ഞിരുന്നില്ല. ആരു ചെയ്തു എന്നത് ദുരൂഹം.
തിരുവല്ല പരുമല ദേവസ്വം കോളജിലെ മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകരെ അതിക്രൂരമായി 1996ല്‍ കൊല ചെയ്തതിന്റെ പാപക്കറയും എസ്. എഫ്.ഐയുടെ ശിരസിലുണ്ട്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പതിനൊന്ന് വോട്ടുകള്‍ക്കാണ് എ. ബി.വി.പിയുടെ സ്ഥാനാര്‍ത്ഥി തോറ്റിരുന്നത്. എസ്.എഫ്.ഐയുടെ അപ്രമാതിത്വം ചോദ്യം ചെയ്തുവെന്നതാണ് പുറത്തുനിന്നു വന്ന പാര്‍ട്ടിക്കാരും എസ്.എഫ്.ഐക്കാരും ചേര്‍ന്ന് കൊല്ലാന്‍ ഇടയായത്. പ്രാണരക്ഷാര്‍ത്ഥം പമ്പയാറിലേക്ക് ചാടി നീന്തി രക്ഷപെടാന്‍ ശ്രമിച്ചവരെ ഇഷ്ടികകള്‍ ഉപയോഗിച്ച് എറിഞ്ഞുകൊല്ലുകയായിരുന്നു.
യൂണിവേഴ്സിറ്റി കോളജില്‍ ജൂലൈ12ന് കുത്തേറ്റ അഖിലിനോടൊപ്പം മര്‍ദനമേറ്റ ഉമൈറിനെ ഒരു വര്‍ഷം മുമ്പ് തല്ലിച്ചതച്ച ഒരവസ്ഥയുണ്ടായി. സെക്രട്ടറിയേറ്റിനു മുമ്പില്‍ ദിവസങ്ങളോളം നിരാഹാരം കിടന്ന സഖാവ് കൂടിയാണ് ഉമൈര്‍. ആണ്ടു തികഞ്ഞപ്പോള്‍ വീണ്ടും ആക്രമിക്കപ്പെട്ടു. ഈ ക്രൂരതകളൊക്കെ ചെയ്തവര്‍ക്ക് അഖിലിന്റെ നെഞ്ചില്‍ കഠാരയിറക്കാന്‍ പിന്നെ എന്തിനു അധൈര്യപ്പെടണം. ആര്‍ക്കാണു നേട്ടം, ഇനിയും വേണമോ ക്രൂരത, വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുക തന്നെ വേണം, യൂണിവേഴ്സിറ്റി കോളജില്‍ പ്രതിഷേധിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐക്കാര്‍ തന്നെയാണ്. ടിയാന്‍മന്‍ സ്‌ക്വയറില്‍ ചൈനയിലെ കമ്യൂണിസ്റ്റ് അനുഭാവികളായ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ച പോലെ.

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending