Video Stories
ഒളിയജണ്ടകളുമായി ദേശീയ വിദ്യാഭ്യാസ നയരേഖ

ടി.സി അഹമ്മദ് അലി ഹുദവി
വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും പരിഷ്കരിക്കുക എന്ന ലക്ഷ്യവുമായി തയ്യാറാക്കപ്പെട്ട പുതിയ ഇന്ത്യന്‍ ദേശീയ വിദ്യാഭ്യാസ കരട് നയരേഖയില്‍ ജൂലൈ 30 വരെ പൊതു അഭിപ്രായം ക്ഷണിച്ചിരിക്കുകയാണ് മാനവ വിഭവ ശേഷി മന്ത്രാലയം. ഒരര്‍ത്ഥത്തില്‍ ബി.ജെ.പി മുന്നോട്ട്വെക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്നത് അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും എക്കാലത്തെയും വലിയൊരു സ്വപ്നവും കൂടിയായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ നിര്‍ണ്ണയിക്കുന്നതില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ പോകുന്ന സുപ്രധാന നയരേഖയുംകൂടിയാണിത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കാലപരിധി മൂന്ന് വയസ്സ് മുതല്‍ പതിനെട്ട് വയസ്സ് വരെയാക്കി പുനര്‍നിര്‍ണ്ണയിക്കുക, സീനിയര്‍ സെക്കണ്ടറി വിദ്യാഭ്യാസം സെക്കണ്ടറി വിദ്യാഭ്യാസത്തില്‍ യോജിപ്പിച്ച് സ്കൂള്‍ വിദ്യാഭ്യാസത്തിന് പുതിയ ഘടന, രാഷ്ട്രീയ ശിക്ഷ ആയോഗ്, നാഷണല്‍ റിസേര്‍ച്ച് ഫൗണ്ടേഷന്, മാനവ വിഭവ ശേഷി മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയമായി പുനര്‍നാമകരണം ചെയ്യുക എന്നിവയാണ് 484 പേജുകളില്‍ അടങ്ങിയ ദേശീയ കരട് വിദ്യാഭ്യാസ നയരേഖയിലെ ശ്രദ്ധേയമായ നിര്‍ദേശങ്ങളും ആശയങ്ങളും.
കരട് നയത്തിലെ ശ്രദ്ധേയമായ ഭാഗങ്ങളിലൊന്നാണ് പ്രീ സ്കൂള്‍ വിദ്യാഭ്യാസം നിലവിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയതും അതിനെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുകയും ചെയ്തത്. 2025 കൂടി മൂന്ന് മുതല്‍ ആറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മികവുറ്റ ശൈശവകാല പരിരക്ഷയും വിദ്യാഭ്യാസവും നല്‍കണമെന്നാണ് കരട് നയ രേഖ നിര്‍ദ്ദേശിക്കുന്നത്. കുട്ടികളുടെ പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ശ്രദ്ധയൂന്നി നിലവിലെ അംഗന്‍വാടി, സര്‍ക്കാര്‍ സ്കൂളുകള്‍ മുഖേന പ്രി സ്കൂള്‍ നടപ്പിലാക്കണമെന്നാണ് നിര്‍ദ്ദേശത്തിന്റെ ഉള്ളടക്കം. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരത്തിനും ആരോഗ്യത്തിനും അവരുടെ കുടുംബത്തെ സഹായിക്കാനുള്ള സംവിധാനവും മുന്നോട്ട് വെക്കുന്നു. ശൈശവകാലത്തിലെ കുട്ടികളുടെ ബുദ്ധിയുടെ നിര്‍ണ്ണായക വളര്‍ച്ച സമൂഹത്തിന്റെ സമഗ്ര വികസനത്തിന് നന്നായി ബാധിക്കുന്നു എന്ന തിരിച്ചറിവാണ് ഈ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്‍ബലമെന്ന് കരട് രേഖ വ്യക്തമാക്കുന്നു. പ്രീ സ്കൂള്‍ വിദ്യാഭ്യാസ സംവിധാനം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമയതോടെ കുട്ടികള്‍ക്ക് കൂടുതല്‍ ബൗദ്ധിക, സാമൂഹിക, വൈകാരിക വളര്‍ച്ചക്കുള്ള സാധ്യതകള്‍ വര്‍ധിച്ചുവരാനുള്ള സാഹചര്യങ്ങളുണ്ടാകും. പക്ഷേ ഇതിനാവശ്യമായ അധ്യാപകരെ തയ്യാറാക്കാനുള്ള പ്രത്യേക പരിശീലനത്തിനുള്ള വ്യവസ്ഥ കരട് രേഖയിലില്ലാതെപോയത് ഇതിന്റെ കാര്യക്ഷമതയെതന്നെ ബാധിക്കുന്ന വിടവായി കരുതപ്പെടുന്നു. ഇതിന്റെ പിന്‍ബലത്തില്‍ വരാനിരിക്കുന്ന നിയമ വ്യവസ്ഥകളും പാഠ്യപദ്ധതികളും ഔദ്യോഗിക നിയന്ത്രണ വ്യവസ്ഥയും തഴച്ച്വളരുന്ന ഇക്കാലത്ത് പ്രീ സ്കൂളുകളെ എങ്ങനെ സമീപിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഉയര്‍ന്ന ക്ലാസുകളിലെത്തിയ കുട്ടികള്‍ക്ക് അടിസ്ഥാന സാക്ഷരതയില്ലാതെ പോകുന്നു എന്ന ഇന്ത്യന്‍ സ്കൂള്‍ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ പ്രശ്നത്തെ അഭിമുഖീകരിക്കാനുള്ള ചുവടുകള്‍ മുന്നോട്ട് വെക്കുന്നുണ്ട് പുതിയ കരട് രേഖ. 2025 നകം കുട്ടികള്‍ക്ക് അടിസ്ഥാന എഴുത്ത്, വായന, ഗണിതം എന്നീ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണമെന്ന് രേഖ ലക്ഷ്യമിടുന്നത് ഏറെ ശ്രദ്ധേയവും കൂടുതല്‍ ആവശ്യവുമാണ്. എട്ടാം തരത്തില്‍ പഠിക്കുന്ന പകുതിയിലധികം കുട്ടികള്‍ക്കും പ്രാഥമിക ക്ലാസുകളിലെ അടിസ്ഥാന ഗണിതം അറിയുന്നില്ല എന്ന 2018 ല്‍ പുറത്തിറക്കിയ വിദ്യാഭ്യാസ വാര്‍ഷിക റിപ്പോര്‍ട്ടും ഈ ചുവട്വെപ്പിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
പാഠ്യപദ്ധതിയും അധ്യാപന രീതിയും കുട്ടികളുടെ ബൗദ്ധിക, വൈകാരിക വികസനത്തിന് ആധാരമാക്കികെണ്ടാവണമെന്ന് കരട്രേഖ നിര്‍ദ്ദേശിക്കുന്നു. അതുകൊണ്ട്തന്നെ പാഠ്യ വിഷങ്ങളും പാഠ്യേതര വിഷയങ്ങളും തുല്യ പ്രാധാന്യത്തോടെ തയ്യാറക്കപ്പെടുന്നതാകും. മാത്രമല്ല തൊഴില്‍പരവും അക്കാദമികവുമായ ശാഖകള്‍ ഏകീകരിച്ചുള്ള ഏക പാഠ്യപദ്ധതിയായിരിക്കും നല്കപ്പെടുക. പരീക്ഷകള്‍ യഥാര്‍ത്ഥ പഠനങ്ങളെ വിലയിരുത്താനുള്ള അളവ്കോലായി രൂപപ്പെടുത്തണമെന്ന നിര്‍ദ്ദേശവും മുന്നോട്ട്വെക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദങ്ങളില്‍നിന്ന് വിമുക്തമാക്കുന്നതും കുട്ടികളുടെ വളര്‍ച്ചയില്‍ അധിഷ്ഠിതമായതുമായ പരീക്ഷകളെയാണ് മുന്നോട്ട്വെക്കുന്നത്. നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശത്തിന്റെ കാലപരിധി മൂന്നാം വയസ്സ് മുതല്‍ പതിനെട്ടാം വയസ്സ് വരെയാക്കി പുനര്‍നിശ്ചയിക്കാനുള്ള നിര്‍ദ്ദേശം സുപ്രധാന ഘടകമാണ്. അതോടെ പ്രീ സ്കൂള്‍ മുതലുള്ള സ്കൂള്‍ വിദ്യാഭ്യാസം മൊത്തമായി ഈ അവകാശ നിയമത്തിന്റെ പരിധിയില്‍ വരും. ലോകത്ത് മികച്ച രീതിയിലുള്ള പൊതുവിദ്യാഭ്യാസ സംവിധാനം വിഭാവനചെയ്യുന്ന ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഡെന്മാര്ക്ക് തുടങ്ങിയ രാഷ്ട്രങ്ങളിലെല്ലാം വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പ്രായപരിധി ആരംഭിക്കുന്നത് ഏഴു വയസ്സില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ വ്യക്തമായ പഠനങ്ങളുടെയും ശക്തമായ ന്യായീകരങ്ങളുടെയും പിന്‍ബലമില്ലാതെ നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശത്തിനുള്ള പ്രായ പരിധി പുനര്‍നിര്‍ണ്ണയിച്ചത് ഏറ്റവും വലിയ അബദ്ധമായി കാണുന്നു. മറ്റൊരര്‍ത്ഥത്തില്‍ വിദ്യാഭ്യാസത്തിന് അര്‍ഹിച്ച സാമ്പത്തിക വിഹിതം പോലും ബജറ്റില്‍ മാറ്റിവെക്കാന്‍ തയ്യാറാവാത്ത രാജ്യത്ത് സര്‍ക്കാറിന് വലിയൊരു സാമ്പത്തിക ബാധ്യത വിളിച്ച്വരുത്തുകയും ചെയ്യുന്നുണ്ട് ഇത്തരം നീക്കം. പ്രായ പരിധി 18 ലേക്ക് നീട്ടിയതും ഇതേ കണ്ണിലൂടെ കാണേണ്ടതാണ്. വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസത്തെയും ലക്ഷ്യമാക്കി അധ്യാപകര്‍ക്കുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് കരട് രേഖ. നിലവിലെ അധ്യാപക ഒഴിവുകള്‍ മികച്ച അധ്യാപകരെ കൊണ്ട് നികത്താനും താല്‍ക്കാലിക അധ്യാപക തസ്തികകള്‍ നിര്‍ത്തലാക്കാനും നിര്‍ദ്ദേശിക്കുന്നു. നാല് വര്‍ഷത്തെ ഏകീകൃത ബി.എഡ് വിദ്യാഭ്യാസത്തിലൂടെ അധ്യാപക പരിശീലന വിദ്യാഭ്യാസം പരിഷ്കരിക്കാനുമുള്ള നിര്‍ദ്ദേശവും മുന്നോട്ട് വെക്കുന്നു. നിലവിലുള്ള അധ്യാപകര്‍ക്ക് മികവ് വര്‍ധിപ്പിക്കാനും പുതിയ മാറ്റങ്ങളെ അറിയാനും തുടര്‍ച്ചയായ പരിശീലനം നല്‍കണമെന്ന നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെങ്കിലും ഇന്ത്യയില്‍ അതിന്റെ പ്രായോഗികത ചോദ്യചിഹ്നമാണ്. 2009 ല്‍ നിലവില്‍ വന്ന വിദ്യാഭ്യാസ അവകാശ ബില്ല് ഇന്ത്യയിലെ മുഴുവന്‍ അധ്യാപകര്‍ക്കും മതിയായ പരിശീലനം നല്കാന് അഞ്ച് വര്‍ഷത്തെ സമയ പരിധി നല്‍കിയിരുന്നുവെങ്കിലും ആ കാലാവധി അവസാനിക്കുന്ന 2015 ല്‍ ഇന്ത്യയിലെ പതിനൊന്ന് ലക്ഷത്തിലധികം സ്കൂള്‍ അധ്യാപകര്‍ക്ക് അടിസ്ഥാന പരിശീലനംപോലും ലഭിച്ചിരുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം. അതോടെ പരിശീലനം നല്‍കാനുള്ള സമയപരിധി 2019 ലേക്ക് നീട്ടുകയായിരുന്നു. പിന്നീട് ഇതിനായി സര്‍ക്കാര്‍ ഓണ്‍ലൈന്‍ ട്രെയിനിങ് ആരംഭിക്കുകയും ചെയ്തു. ഇന്ത്യയിലെ അധ്യാപകര്‍ക്കുള്ള അടിസ്ഥാന പരിശീലനത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ കേവല പരാമര്‍ശംകൊണ്ട് മാത്രം വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഈ മേഖലയില്‍ അതും മുഴുവന്‍ അധ്യാപകര്‍ക്കും മികച്ച പരിശീലനം നല്കുന്നതിലേക്ക് എത്തിപ്പെടുക എന്നതിന് കൂടുതല്‍ പ്രായോഗിക വ്യക്തതകള്‍ കൈവരേണ്ടതുണ്ട്.
ഇന്ത്യയിലെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഗവേഷണ സ്ഥാപനങ്ങള്‍, അധ്യാപക ഗവേഷണ സ്ഥാപനങ്ങള്‍, അധ്യാപക സ്ഥാപനങ്ങള്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കാനുള്ള നിര്‍ദ്ദേശം പ്രധാനമാണ്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശന നിരക്ക് 2035 നകം 50 ശതമാനമാക്കി ഉയര്‍ത്തണമെന്ന പ്രസക്തമായ ആശയവും മുന്നോട്ട്വെക്കുന്നു. നിലവില്‍ ഇന്ത്യയില്‍ സെക്കണ്ടറി വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്നവരുടെ വളര്‍ച്ചാനിരക്ക് വെറും 25.8 ശതമാനമാണെന്നതാണ് ദയനീയത. അതേസമയം യൂറോപ്പും നോര്‍ത്ത്അമേരിക്കയും 80 ശതമാന ത്തിലും ചൈന 51 ശതമാനത്തിലും എത്തിനില്‍ക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യന്‍ റിസര്‍ച്ച് ഫൗണ്ടേഷന് എന്ന ആശയം സ്വാഗതാര്‍ഹമാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗം സ്വകാര്യ മേഖലക്ക് തുറന്നുകൊടുക്കുന്നത് കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യ മേഖലയുടെ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന കരട്രേഖ, അതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണ്. ഇത്തരം നീക്കങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ രംഗം തന്നെ വാണിജ്യവത്കരണത്തിലേക്ക് നീങ്ങാനുള്ള വലിയ സാധ്യതയുണ്ട്. അതുമൂലം ഇന്ത്യയിലെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസം അന്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് രാജ്യത്തിന്റെ സമഗ്ര വികസനത്തിന് വലിയ ക്ഷീണമാകും. നിലവില്‍തന്നെ, സ്വകാര്യമേഖലയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്ന് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. വിദ്യാഭ്യാസ കരട് നയ രേഖയിലെ ഭാഷാനയം തുടക്കം മുതല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള ശ്രമമാണ് സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ നിന്നുള്ള പ്രത്യേകിച്ച് തമിഴ്നാട്ടില്‍നിന്നുള്ള വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ഇതോടെ ഈ വിഷയത്തില്‍ ഇളവ് നല്കപ്പെടുകയായിരുന്നു. ത്രി ഭാഷാ നയം 1964 ല്‍ വന്ന കോത്താരി കമ്മീഷന് നിര്‍ദ്ദേശിച്ചതും 1968ലെ ദേശീയ വിദ്യാഭ്യാസ നയരേഖ വ്യക്തമായി മുന്നോട്ട്വെച്ചതുമാണ്. ഇതേ നയത്തെ പിന്നീട്വന്ന നയരേഖകള്‍ സ്വീകരിച്ചത്പോലെ ഈ കരട് നയ രേഖയും സ്വീകരിച്ചിരുന്നു. പക്ഷേ ഹിന്ദി, സംസ്കൃത ഭാഷകളുടെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണെന്ന ആശയവും അതിനെ അടിച്ചേല്‍പ്പിക്കാനുള്ള നീക്കവുമാണ് പ്രതിഷേധത്തിന് പ്രധാന കാരണമായത്. ഇത് രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്ന് ആരോപിക്കപ്പെടുന്നുമുണ്ട്. സംസ്കൃത ഭാഷയെ ജാതി മത ഭേദമന്യേ ജനങ്ങള്‍ ഉപയോഗിക്കുന്ന ആധുനിക ഭാഷയായും ലാറ്റിന്‍ ഗ്രീക്ക് പോലെ സാഹിത്യ പാരമ്പര്യമുള്ള ഭാഷയായും ശാസ്ത്രീയമായി ഉച്ചരിക്കപ്പെടുന്ന ഭാഷയായും ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമവും അതിന് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള നീക്കവും സംശയങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ക്ലാസിക്കല്‍ ഭാഷകള്‍ പഠിക്കാനുള്ള അവസരം സ്കൂള്‍ വിദ്യാഭ്യാസത്തില്‍ നല്കപ്പെടുന്നുണ്ട്. ക്ലാസിക് ഭാഷയുടെ ലിസ്റ്റില്‍ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഒഡിയ, പാലി, പേര്‍ഷ്യന്‍, പ്രാക്രിത് എന്നീ ഭാഷകള്‍ ഇടംപിടിച്ചിട്ടുമുണ്ട്. പക്ഷേ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ജീവിതഭാഗമായ ഉര്‍ദു പൂര്‍ണ്ണമായും അവഗണിക്കപ്പെടുകയാണ്. ചരിത്ര പ്രാധാന്യമുള്ള വലിയ സാഹിത്യ പാരമ്പര്യമുള്ള ഭാഷയോടുള്ള അനീതി കൂടിയാണിത്. സെക്കണ്ടറി തലത്തില്‍ അനുവദിക്കപ്പെടുന്ന വിദേശ ഭാഷകളായി ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, ജപ്പാനീസ് ഭാഷകളെ എണ്ണിയപ്പോള്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ തൊഴിലിന്റെ ഭാഗമായി ഉപയോഗിക്കുന്ന അറബി ഭാഷയെ പരിഗണിക്കാന്‍പോലും തയ്യാറായിട്ടില്ല. വിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ നിയമനിര്‍മ്മാണത്തിനും നിയന്ത്രണത്തിനും രാഷ്ട്രീയ ശിക്ഷ ആയോഗ് ആരംഭിക്കാനുള്ള നീക്കമാണ് നയരേഖയുടെ സുപ്രധാന ചുവട്വെപ്പ്. പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലായിരിക്കും ഇതിന്റെ കൃത്യ നിര്‍വഹണങ്ങള്‍ നടക്കുക. രാഷ്ട്രീയ ശിക്ഷ ആയോഗിന്റെ വരവ് അധികാര ഏകീകരണത്തിന് സാധ്യതയുണ്ട്. വിദ്യാഭ്യാസം സംസ്ഥാന സര്‍ക്കാറിനും ചുമതലയുള്ളതായിരിക്കെ സ്വാഭാവികമായും കണ്‍കറണ്ട് ലിസ്റ്റിലാണ്പെടുന്നത്.
‘ഇന്ത്യ കേന്ദ്രീകൃത’ വിദ്യാഭ്യാസമാണ് കരട്രേഖ മുന്നോട്ട്വെക്കുന്നത് എന്ന് നിര്‍മ്മാതാക്കള്‍തന്നെ വാദിക്കുമ്പോള്‍, ഇന്ത്യയുടെ അടിസ്ഥാന ഘടകമായ ‘മതേതരത്വം’ എന്നത് പേരിന് പോലും പരാമര്‍ശിക്കാന്‍ തയ്യാറാവാത്ത ദേശീയ വിദ്യാഭ്യാസ കരട് രേഖയാണിതെന്ന് പറയേണ്ടിവരുന്നതാണ് വലിയ ദു:ഖം. 1986 ലെ ദേശീയ വിദ്യാഭ്യാസ നയരേഖ, 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്, 2009 ദേശീയ അധ്യാപക പാഠ്യപദ്ധതി ചട്ടക്കൂട് എന്നീ നയരേഖകളൊക്കെ മതേതരത്വത്തെ വേണ്ടപോലെ ഉള്‍ക്കൊണ്ട് പ്രോത്സാഹിപ്പിച്ചിരുന്നു. ഭരണഘടനാമൂല്യങ്ങള്‍ വിശദീകരിക്കുന്ന വേളയിലും മതേതരത്വത്തെകുറിച്ച് സൂചന പോലും നല്കാന് കരട് രേഖ തയ്യാറാവുന്നില്ല. ‘മതേതരത്വം’ എന്ന വാക്കിനോട് കരട്രേഖ പുലര്‍ത്തുന്ന തൊട്ട്കൂടായ്മക്ക്പിന്നില്‍ ദുരൂഹത ഉണ്ടെന്ന് കരുതുന്നത് സ്വാഭാവികമാണ്. ഈയൊരു പശ്ചാത്തലത്തില്‍ വായിക്കുമ്പോഴാണ്, കരട്രേഖ മുന്നോട്ട്വെക്കുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും പിന്നില്‍ രഹസ്യ അജണ്ടകള്‍ ഉണ്ടെന്ന് പറയേണ്ടിവരുന്നത്. വ്യത്യസ്ത മത വിശ്വാസങ്ങളില്‍ വൈവിധ്യമായ പരമ്പരാഗത മൂല്യങ്ങള്‍ നിലവിലുള്ള ഇന്ത്യയെ പോലെയുള്ള രാജ്യത്ത് ‘പരമ്പരാഗത മൂല്യങ്ങള്‍’ എന്ന് മാത്രം പറഞ്ഞ് വ്യക്തതയില്ലാതെ പോകുന്നത് നയ രേഖയിലെ വലിയ ദുരന്തമാണ്.
വിദ്യാഭ്യാസ മേഖലയില്‍ ഭരണഘടന അനുവദിക്കുന്ന സാമൂഹിക നീതിയുടെ കാര്യത്തില്‍ കനത്ത നിശബ്ദത പാലിക്കുകയാണ് കരട് രേഖ. ജാതിയുടെയും വര്‍ഗത്തിന്റെയും പേരില്‍ പിന്നാക്ക ജനത അനുഭവിക്കുന്ന വിവേചനവും അടിച്ചമര്‍ത്തലുകളും കാണാതെപോകുന്നു. ജാതി യെന്ന പദം പോലും ഉപയോഗിക്കപ്പെട്ടത് ആകെ രണ്ട് പ്രാവശ്യം, അതും ജനങ്ങളെ തരംതിരിച്ച് പറയുന്നിടത്ത് മാത്രം. സെക്കണ്ടറി വിദ്യാഭ്യാസാനന്തര ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശനങ്ങള്‍ക്ക് ‘യോഗ്യതാധിഷ്ഠിത’ മാനദണ്ഡങ്ങള്‍ മുന്നോട്ട് വെക്കുമ്പോഴും, അധ്യാപന നിയമനങ്ങള്‍, സ്ഥാനക്കയറ്റങ്ങള്‍, സ്കോളര്‍ഷിപ്പ് എന്നിവ പരാമര്‍ശിക്കപ്പെടുമ്പോഴും ‘റിസര്‍വേഷന്‍’ കടന്ന് വരുന്നില്ല എന്നത് ഖേദകരമാണ്. അടിസ്ഥാന പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ച് എങ്ങനെയാണ് ഇന്ത്യയുടെ സമഗ്ര വികസനത്തിന് സഹായകമാവുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന് സാധ്യമാവുക ? കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രോഹിത് വെമുലയുടെ കൊലപാതകവും മെഡിക്കല്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ തമിഴ്നാട്ടിലെ അനിതയുടെ ആത്മഹത്യയും സീനിയറിന്റെ പീഡനം കാരണം മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥിയായ ഡോക്ടര്‍ പായല്‍ തഢ്വിയുടെ ആത്മഹത്യയും സമകാലിക ഇന്ത്യയിലെ വിവേചനത്തിന്റെയും അവഗണനയുടെയും നേര്‍ചിത്രങ്ങളായി നിറഞ്ഞ്നില്‍ക്കുന്ന ഈ സാഹചര്യത്തിലും ഇതൊന്നും സുപ്രധാന നയരേഖ കാണാതെ പോകുന്നത് എത്ര വലിയ അപകടമാണ്.
പല കാരണങ്ങളാല്‍ പിന്നാക്കം നില്ക്കുന്ന ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ സമുദായത്തിന് പ്രതീക്ഷകള്‍ക്കൊന്നും ഇടം നല്‍കാതെ പോവുകയാണ് വിദ്യാഭ്യാസ കരട് രേഖ. മുസ്ലിം പിന്നാക്കാവസ്ഥയെകുറിച്ച് ആഴത്തില്‍ പഠിച്ച സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് വന്നതിന് ശേഷമുള്ള ആദ്യ ദേശീയ വിദ്യാഭ്യാസ നയരേഖയിലും പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പ്രത്യേക നിര്‍ദ്ദേങ്ങള്‍ ഇല്ലാതെപോകുന്നത് നിരാശാജനകമാണ്. സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ വസ്തുതാപരമായ കണ്ടെത്തലുകള്‍പോലും കരട്രേഖയില്‍ പരിഗണിക്കപ്പെട്ടില്ല. വ്യത്യസ്ത മേഖലയിലുള്ള മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യമില്ലായ്മയും സ്കൂളുകളിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ കൊഴിഞ്ഞ്പോക്കും ശക്തമാണെന്ന് നയരേഖ ഉള്‍ക്കൊള്ളുന്നുവെങ്കിലും പ്രശ്നങ്ങളെ നേരിടാനുള്ള യാതൊരു നിര്‍ദ്ദേശവും മുന്നോട്ട്വെക്കുന്നില്ല. ഉത്തരേന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം വലിയതോതില്‍ ആശ്രയിക്കുന്ന മദ്രസ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും അതിനെ പരിഷ്കരിക്കാനോ ആവശ്യമായ വികസനം കൊണ്ടുവരാനോ വേണ്ടത്ര പരിഗണന നല്‍കുന്നില്ല. പിന്നാക്ക വിഭാഗത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ സ്ത്രീകള്‍ക്കുള്ള വിദ്യാഭ്യാസ ശാക്തീകരണമാണ് കൂടുതല്‍ ഫലപ്രദമെന്ന ചിന്ത മുന്നോട്ട്വെക്കുമ്പോഴും മുസ്ലിം പിന്നാക്ക ന്യൂനപക്ഷ സ്ത്രീ ശാക്തീകരണത്തിന് വേണ്ടത്ര നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ പോകുന്നത് എത്ര വലിയ അവഗണനയാണ്.
(ഡല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് ചെയ്ഞ്ച്മേക്കര്‍ ഫെല്ലോയാണ് ലേഖകന്‍)
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala24 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി