Connect with us

Video Stories

മെലിഞ്ഞില്ലാതാകുന്ന സി.പി.എം

Published

on


ലുഖ്മാന്‍ മമ്പാട്


‘രാഷ്ട്രീയമാറ്റ സാധ്യതകള്‍ തകര്‍ത്തത് കോണ്‍ഗ്രസ്സ്’. ദേശാഭിമാനി എഡിറ്റ് പേജിലെ ഇന്നലത്തെ തലക്കെട്ടാണിത്. സഖ്യകക്ഷികളെ കണ്ടെത്താന്‍ കോണ്‍ഗ്രസ്സിനായില്ല, ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു, കേന്ദ്ര സര്‍ക്കാറിന് എതിരായ വികാരം മുതലാക്കാനായില്ല എന്നിവയാണ് മെയ് 24ലെ ദേശാഭിമാനി ആരോപിക്കുന്നത്. ‘തമിഴ്‌നാട്ടില്‍ ഐക്യപുരോഗമന സഖ്യം തൂത്തുവാരി’ എന്ന റിപ്പോര്‍ട്ടിന് താഴെയാണ് കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ സ്വയം കത്തിത്തീര്‍ന്ന സി.പി.എമ്മിന്റെ ദേശാഭിമാനിയിലെ രോദനം.
ഈ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ റോള്‍ എന്തായിരുന്നു. എന്തു സന്ദേശമാണ് അവര്‍ ജനങ്ങള്‍ക്ക് കൈമാറിയത്. ആരായിരുന്നു മുഖ്യ ശത്രു. സി.പി.എമ്മിന് ആകെയുള്ള മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിന് പുറത്ത് പ്രചാരണത്തിനുപോലും പോകാതെ ആരെയാണ് സഹായിച്ചത്. സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്ന് പ്രഖ്യാപിച്ച രാഹുല്‍ഗാന്ധിയെ പോലും പപ്പുവെന്ന ് ആക്ഷേപിച്ച് തകര്‍ക്കാന്‍ ശ്രമിച്ചവര്‍ രാജ്യത്ത് എവിടെയങ്കിലും ബി.ജെ.പിയെ പ്രതിരോധിച്ചോ. മൂന്നും മൂന്നരയും പതിറ്റാണ്ടിലെറെ തുടര്‍ച്ചയായി അടക്കി ഭരിച്ച ത്രിപുരയിലും ബംഗാളിലുമെങ്കിലും രാഷ്ട്രീയ മാറ്റത്തിന് എന്തെങ്കിലും സി.പി.എം ചെയ്‌തോ.
ബി.ജെ.പിയോ കോണ്‍ഗ്രസ്സോ മുഖ്യ ശത്രുവെന്ന ചോദ്യത്തില്‍ തട്ടി യെച്ചൂരിയും കാരാട്ടും മുഖം വീര്‍പ്പിച്ചപ്പോഴും ബംഗാളില്‍ മമതയാണ് മുഖ്യ ശത്രുവെന്നതില്‍ തര്‍ക്കമില്ലായിരുന്നു. ബംഗാളില്‍ നിന്ന് യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ്സ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചപ്പോഴും ബി.ജെ.പിക്ക് സമാനമായ ശത്രുവിന്റെ സഹായം സ്വീകരിക്കാതെ അതു നിഷേധിക്കുകയായിരുന്നു. 2011ലെ മമതാബാനര്‍ജി തരംഗത്തോടെ ബംഗാളിലെ അധികാരം നഷ്ടമായ സി.പി.എമ്മിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 29.71 വോട്ടുവിഹിതവും രണ്ട് സീറ്റുമുണ്ടായിരുന്നു. 39.05 ശതമാനം വോട്ടും 34 സീറ്റുമായി തൃണമൂല്‍ ബംഗാളില്‍ തരംഗമുണ്ടാക്കിയ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് രണ്ടു സീറ്റും 17.02 ശതമാനം വോട്ടുമാണ് ലഭിച്ചിരുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം വിഹിതം 19.7 ശതമാനമായി കുറഞ്ഞപ്പോള്‍ തൃണമൂല്‍ 44.9 ലേക്ക് മുന്നേറി. അന്നു മൂന്ന് അസംബ്ലി സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് 10.2 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.എമ്മിന്റെ വോട്ടുവിഹിതം നാലു ശതമാനമായപ്പോള്‍ ബി.ജെ.പി 40 ശതമാനത്തിലേക്കാണ് കുതിച്ചത്. ശക്തമായ മോദി തരംഗത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് 38 ശതമാനം വോട്ടുവിഹിതവും 25 സീറ്റുകളുമായി പിടിച്ചുനിന്നു.
മമത വിരോധവും കോണ്‍ഗ്രസ്സ് വിരോധവും ഒരുപോലെ സി.പി.എം പ്രചരിപ്പിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബി.ജെ.പിക്കൊപ്പം ചേര്‍ന്നു. പലയിടത്തും പാര്‍ട്ടി ഓഫീസുകള്‍ ബി.ജെ.പി ഓഫീസുകളായി മാറിയെന്നു മാത്രമല്ല, സി.പി.എമ്മില്‍നിന്ന് രാജിവെക്കാതെ തന്നെ ഖഗന്‍ മുര്‍മു എം.എല്‍.എ ബി.ജെ.പിയുടെ ടിക്കറ്റില്‍ ലോക്‌സഭയിലക്ക് മത്സരിച്ചു. സി.പി.എമ്മിന്റെ ബൂത്ത് സംവിധാനങ്ങള്‍ അപ്പടി ബി.ജെ.പിയില്‍ ലയിച്ചു.
സി.പി.എമ്മിന് ഇതാദ്യമായി ഒരു എം.പിയെ പോലും ബംഗാളില്‍ വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ല. തൃണമൂല്‍ 22 ഉം ബി.ജെ.പി 18ഉം കോണ്‍ഗ്രസ്സ് രണ്ടും സീറ്റുകള്‍ നേടിയപ്പോള്‍ തിരിച്ചു വരവിന്റെ സൂചന പോലുമില്ലാതെയാണ് സി.പി.എം അവിടെ കെട്ടടങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 29.71 ശതമാനം വോട്ടുണ്ടായിരുന്ന സി.പി.എം ഇത്തവണ നാലു ശതമാനത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ നഷ്ടപ്പെട്ട 25.71 ശതമാനം അപ്പാടെ ബി.ജെ.പിയിലെത്തി. ഉത്തരപശ്ചിമ മേഖലകളിലെ ബി.ജെ.പി തരംഗത്തില്‍ ലയിച്ചപ്പോള്‍ അവര്‍ അധികം നേടിയ 22.7 ശതമാനത്തില്‍ സിംഹഭാഗവും സി.പി.എം സംഭാവനയാണെന്നര്‍ത്ഥം. അണികളുടെ വോട്ടുമാറ്റത്തിലൂടെ മാത്രമല്ല, എട്ടു മണ്ഡലങ്ങളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വോട്ടു ഭിന്നിപ്പിച്ചും 18 സീറ്റു നേടാന്‍ ബി.ജെ.പിക്ക് സഹായം ഒരുക്കി. ബന്‍ഗാവ്, ബര്‍ധ്മന്‍ ദുര്‍ഗാപൂര്‍, ഹൂഗ്ലി, ജാര്‍ഗം, മേദിനിപൂര്‍, ബിഷ്ണുപൂര്‍, റായ്ഗഞ്ച് എന്നീ മണ്ഡലങ്ങളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ പിടിച്ച വോട്ടുകളാണ് തൃണമൂലിനെ മറികടക്കാന്‍ ബി.ജെ.പിയെ സഹായിച്ചത്. ഇതില്‍ മിക്കയിടങ്ങളിലും ബി.ജെ.പി കുറഞ്ഞ ഭൂരിപക്ഷത്തിന് കടന്നുകൂടിയപ്പോള്‍ സി.പി.എം ആറു മുതല്‍ 13 വരെ വോട്ടുകളാണ് ഇവിടങ്ങളില്‍ നേടിയത്. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുകളായ റായ്ഗഞ്ചും മുര്‍ഷിദാബാദും ഇത്തവണ നഷ്ടമായെന്നു മാത്രമല്ല, ഉത്തരേന്ത്യയില്‍ അപ്പാടെ തിരിച്ചുവരാനാകാത്തവിധം തകര്‍ന്നടിഞ്ഞു.
ത്രിപുരയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുളള രണ്ടു സീറ്റുകളും 65 ശതമാനം വോട്ടുകളും നേടിയ സി.പി.എം ഇത്തവണ കോണ്‍ഗ്രസ്സിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രണ്ടു സീറ്റുകളും ബി.ജെ.പി പിടിച്ചപ്പോള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും 35 ശതമാനം വോട്ടുണ്ടായിരുന്ന സി.പി.എം 17 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആന്ധ്ര, ബിഹാര്‍, യു.പി തുടങ്ങി സി.പി.എം ജയിച്ചിരുന്ന ഒരിടത്തും സാന്നിധ്യം പോലുമില്ലാതെ തുടച്ചു നീക്കപ്പെട്ടു. ഭരണം ബാക്കിയുള്ള ഏക സംസ്ഥാനമായ കേരളത്തില്‍ എല്‍.ഡി.എഫിന് ആറു ശതമാനത്തോളം വോട്ടു ചോര്‍ന്നപ്പോള്‍ ചരിത്രത്തിലെ വലിയ തിരിച്ചടിയാണ് ലഭിച്ചത്. എല്‍.ഡി.എഫ് മേഖലകള്‍ അപ്പാടെ യു.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ ഒരൊറ്റ അസംബ്ലി മണ്ഡലമാണ് യു.ഡി.എഫിന് കൈവിട്ടത്. അഥവാ, ചേര്‍ത്തല സി.പി.എം പിടിച്ചപ്പോള്‍ ആലപ്പുഴയില്‍ ആശ്വാസ ജയം അവര്‍ക്കായി. 22 ലക്ഷം വോട്ടിന്റെ മേല്‍ക്കൈയാണ് യു.ഡി.എഫിന് ലഭിച്ചത്. ബി.ജെ.പിക്ക് എതിരായ ചെറുത്തുനില്‍പ്പും പോരാട്ടവും നടത്തുന്നത് സി.പി.എമ്മാണെന്ന ഗീവാര്‍ണമാണ് കേരളത്തില്‍ പോലും തകര്‍ന്നടിയുന്നത്. പ്രതിദിനം കോലീബി ആരോപണം ഉന്നയിക്കുകയെന്നതായിരുന്നു സി.പി.എം പ്രചരണ തന്ത്രം. ബി.ജെ.പിക്ക് വയനാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും വോട്ടു കൂടിയിട്ടും 19ലും യു.ഡി.എഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയക്കൊടി നാട്ടി. 140ല്‍ 124 അസംബ്ലി മണ്ഡലങ്ങളിലും മേല്‍ക്കൈയും നേടി. പണി പതിനെട്ടും പയറ്റിയിട്ടും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളി, ബി.ജെ.പി മുന്‍ പ്രസിഡന്റ് സി.കെ പത്മനാഭന്‍ ഉള്‍പ്പെടെ 13 മണ്ഡലങ്ങളിലും എന്‍.ഡി.എക്ക് കെട്ടിവെച്ച കാശില്ലെന്നതും ശ്രദ്ധിക്കണം.
ശക്തി കേന്ദ്രങ്ങള്‍ എന്ന് അവകാശപ്പെട്ടിരുന്ന ബംഗാളിലും ത്രിപുരയിലും കേരളത്തിലും മാത്രമല്ല, കര്‍ണ്ണാടകയില്‍ പോലും ബി.ജെ.പിക്ക് സഹായകമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്. കേരളത്തിലെ ഘടക കക്ഷിയായ ജനതാദളിന്റെ ഉന്നത നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ ബി.ജെ.പിയോട് 3339 വോട്ടിന് തോറ്റപ്പോള്‍ 17,227 വോട്ടു നേടിയ സി.പി.ഐ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം കൊഴുപ്പിക്കുകയായിരുന്നു എന്നാണോ മനസ്സിലാക്കേണ്ടത്. ബി.ജെ.പിയാണ് മുഖ്യ ശത്രു എന്ന വ്യക്തമായ നയം സ്വീകരിക്കാതെ കോണ്‍ഗ്രസ്സ്-മുസ്‌ലിംലീഗ് വിരോധം മാനിയപോലെ പിടിപെട്ട സി.പി.എം നേടിയ മൂന്നില്‍ രണ്ട് എം.പിമാരും ഡി.എം.കെയും കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ മുന്നണിയില്‍ ചേര്‍ന്നാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഇതിന്റെ മാത്രം ബലത്തിലാണ് സി.പി.എം ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുക.
മോദിക്ക് ബദലാവാന്‍ രാഹുല്‍ വന്നപ്പോള്‍ പപ്പുവെന്ന് ആക്ഷേപിച്ചവരും പ്രധാനമന്ത്രി കുപ്പായങ്ങള്‍ തയ്ച്ചവരും ആര്‍.എസ്.എസ് സംഘടനാ ശക്തി കണ്ടില്ല. മോദിക്ക് ബദലല്ല, അമിത്ഷാക്ക് എതിരാളിയാണ് വേണ്ടത്. 2014ല്‍ മോദി അധികാരത്തില്‍ വന്ന ശേഷം ബി.ജെ.പി അധ്യക്ഷ പദവിയില്‍ അമിത്ഷാ എത്തിയപ്പോഴേ 2019ലേക്കുള്ള തന്ത്രങ്ങള്‍ അവര്‍ തുടങ്ങിയിരുന്നു. എല്ലാ പ്രതിപക്ഷ കക്ഷികളും സഖ്യമായി ബി.ജെ.പിക്കെതിരെ അണിനിരന്ന് ദേശീയസര്‍ക്കാറിനെ പുറത്താക്കാന്‍ സര്‍വ്വതന്ത്രങ്ങളും പയറ്റുമെന്ന് അമിത്ഷാക്ക് അറിയാമായിരുന്നു. ഭരണ തുടര്‍ച്ച ഉറപ്പാക്കാന്‍ 2016ല്‍ തന്നെ ബി.ജെ.പി പ്രവര്‍ത്തനമാരംഭിച്ചത് അമിത്ഷായുടെ തന്ത്രമാണ്. ജനുവരി യില്‍ ബൂത്ത് സമ്മേളനങ്ങള്‍ നടത്തിക്കൊണ്ടായിരുന്നു തുടക്കം. ദേശീയ നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ ബൂത്തുകളിലെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആകെയുള്ള 10,35,000 ബൂത്തുകളില്‍ 8,66,000 ബൂത്തുകളിലും അന്നു പ്രവര്‍ത്തനമെത്തിച്ചു. തുടര്‍ന്ന് ശരാശരി അഞ്ച് ബൂത്തുകള്‍ എന്ന നിലയില്‍ 1,60,660 ശക്തികേന്ദ്രങ്ങള്‍ രൂപീകരിച്ചു. ഇതില്‍ 1,53,000 ശക്തികേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. 13 സംസ്ഥാനങ്ങളിലെ 120 മണ്ഡലങ്ങളെ 25 ശക്തികേന്ദ്രങ്ങളായി പരിഗണിച്ചുകൊണ്ട് മറ്റൊരു പ്രവര്‍ത്തന ആസൂത്രണവും നടന്നു.
ആ സമയം ബി.ജെ.പി 13 സംസ്ഥാനങ്ങളില്‍ പ്രതിപക്ഷകക്ഷികളായിരുന്നു. ഭരണം പിടിക്കാന്‍ 25 ദേശീയ നേതാക്കള്‍ ഇതിന്റെ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിച്ചത്. 3000 മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ അതില്‍ മുഴുകി. 2014ല്‍ നിന്നും 2019ലേക്ക് എത്തുമ്പോള്‍ 16 സംസ്ഥാനങ്ങളില്‍ ഭരണം നേടി. 2017ല്‍ 29 സംസ്ഥാനങ്ങളില്‍ 20 എണ്ണവും ഭരിക്കുന്നവരായി ബി.ജെ.പി ഉള്‍പ്പെടുന്ന എന്‍.ഡി.എ മാറി. കാല്‍നൂറ്റാണ്ട് സി.പി.എമ്മിന്റെ ചെങ്കോട്ടയായിരുന്ന ത്രിപുര പിടിച്ചത് ആഘോഷിക്കപ്പെട്ടു. ജമ്മു കശ്മീരില്‍ പി.ഡി.പിക്കൊപ്പം ചേര്‍ന്നു പോലും ഭരണം പിടിച്ചു. ഗോവയിലും മേഘാലയയിലും രണ്ടാമത്തെ കക്ഷിയായിട്ടും ഭരണം പിടിച്ചു. മണിപ്പൂരില്‍ 24 സീറ്റുകളുള്ള കോണ്‍ഗ്രസ്സിനെ മറികടന്ന് 21 സീറ്റുകളുള്ള ബി.ജെ.പിയെയാണ് ഗവര്‍ണ്ണര്‍ ക്ഷണിച്ചത്. കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് ശേഷവും ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് ക്ഷണം കിട്ടിയപ്പോള്‍ കളിച്ച കളികള്‍ പ്രത്യക്ഷത്തില്‍ തകര്‍ന്നെങ്കിലും അതിപ്പോഴും കര്‍ണ്ണാടകക്ക് മുകളില്‍ വട്ടമിടുന്നു. ബി.ജെ.പി ഭരണത്തിലിരുന്ന ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈവിട്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാസങ്ങള്‍ക്കകമാണ് അവര്‍ തിരിച്ചുവന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയില്‍ 41 കക്ഷികളാണുള്ളത്. അതില്‍ ഒന്‍പതു കക്ഷികള്‍ക്കേ ലോക്‌സഭയില്‍ എം.പിമാരുള്ളൂ. ബാക്കിയുള്ളവരെ കൂടെ നിര്‍ത്തിയപ്പോള്‍ 17 കക്ഷികള്‍ മാത്രമുള്ള യു.പി.എ മുന്നേറ്റത്തിന് പാരപണിയുകയായിരുന്നു സി.പി.എം ഉള്‍പ്പെടുന്ന ഇടതുപക്ഷം. 115 പൊതു റാലികള്‍ക്കും യോഗങ്ങളുമായി 1,23,466 കിലോമീറ്ററിലേറെ സഞ്ചരിച്ച രാഹുലിന് പ്രസംഗിക്കാനും പ്രചോദിപ്പിക്കാനും കഴിഞ്ഞു. വോട്ടും സീറ്റും വര്‍ധിപ്പിച്ച കോണ്‍ഗ്രസ്സും മുന്നണിയും നാനൂറിലേറെ മണ്ഡലങ്ങളില്‍ ഒന്നോ രണ്ടോ സ്ഥാനത്തുണ്ട്.
സ്വയം ശക്തിയും ദൗര്‍ബല്ല്യവും തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും അമിത്ഷായുടെ തന്ത്രങ്ങള്‍ക്ക് ശക്തമായ ബദലിനും കഴിഞ്ഞില്ലെങ്കില്‍ മോദി തരംഗത്തിന് വോട്ടിംഗ് മെഷീനെ പഴിച്ചിട്ട് കാര്യമില്ല. ഇനിയെങ്കിലും മുഖ്യ ശത്രുവിനെ തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് കഴിയേണ്ടതുണ്ട്. പിണറായിയുടെ ധിക്കാര നിലപാടിന് പകരം യെച്ചൂരി ലൈന്‍ സ്വീകരിച്ച് കോണ്‍ഗ്രസ്സ് മുന്നണിയുമായി സഹകരിക്കാന്‍ സി.പി.എം ഇനിയും ശ്രമിച്ചില്ലെങ്കില്‍ മൂന്നു അടുപ്പു കല്ലിലൊതുങ്ങിയ ഒരു തരി കനലിനു പോലും അധികം ആയുസുണ്ടാവില്ല.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending