Connect with us

Video Stories

മോദി ഭരണത്തിലെ തിക്താനുഭവങ്ങള്‍

Published

on

എ.വി ഫിര്‍ദൗസ്

സാന്ദര്‍ഭിക സാഹചര്യങ്ങളിലെകൂടി പ്രലോഭനങ്ങള്‍ക്ക് വിധേയപ്പെട്ടാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ 2014ലെ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാറിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചതും അധികാരത്തിലെത്തിച്ചതും. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പതിറ്റാണ്ടുകളുടെ സ്വേച്ഛാധിപത്യ അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് ഇന്ത്യന്‍ പൊതുബോധത്തെ നരേന്ദ്രമോദി ഭരണകൂടം വീണ്ടു വിചാരങ്ങളിലും തിരിച്ചറിവുകളിലും എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തൊട്ടുമുന്നില്‍ വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിച്ച അബദ്ധം തിരുത്തിയെടുക്കാനുള്ള സന്ദര്‍ഭമാണ്. 2014ലെ തെറ്റ് ആവര്‍ത്തിക്കരുത് എന്ന ബോധം പൊതു മനസ്സില്‍ ശക്തമാണ്. ഇതാവട്ടെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണങ്ങളുടെ ഫലമായി ഉണ്ടായിവന്ന ഒരു ബോധമല്ല. രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും മൂല്യപദ്ധതികളും സഹജമായ അവബോധ ധാരകളും പൊതു മനസ്സില്‍ ചെലുത്തുന്ന സ്വാധീനത്തില്‍നിന്ന് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള സഹജമായൊരു ബോധമാണ്. ഒരു പരിധി വരെ ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്വയം വീണ്ടെടുപ്പുശേഷി’ എന്നു പറയുന്നതു തന്നെയും പൊതു മനസ്സിനകത്ത് സജീവമായി നിലനില്‍ക്കുന്ന ഈ ബോധമല്ലാതെ മറ്റൊന്നുമല്ല. അനുഭവാധിഷ്ഠിതങ്ങളായ ചില പാഠങ്ങള്‍ ഈ ബോധത്തെ തൊട്ടുണര്‍ത്തുകയാണ് ചെയ്യുന്നത്. സ്വേച്ഛാധിപത്യത്തിലേക്കും സര്‍വോപരി ജനാധിപത്യ വിരുദ്ധ സ്വഭാവത്തിലേക്കും പരിണമിക്കാവുന്ന ഒരു ഭരണകൂടത്തില്‍ നിന്നുണ്ടായ അനുഭവങ്ങളും ഇന്ത്യന്‍ ജനാധിപത്യ പൊതു ബോധത്തിന്റെ രൂപീകരണത്തിന് പശ്ചാത്തലമൊരുക്കിയ ഘടകങ്ങളിലും നേര്‍ക്കുനേര്‍ വരുന്ന അവസ്ഥ സംശുദ്ധ ജനാധിപത്യത്തെക്കുറിച്ചുള്ള നഷ്ടബോധത്തിലേക്കും ആ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും വീണ്ടെടുപ്പിനുമായുള്ള ഉണര്‍വിലേക്കും ഇന്ത്യന്‍ പൊതു മനസ്സിനെ എത്തിച്ചിരിക്കുന്നു എന്നര്‍ത്ഥം. ‘എങ്ങനെയാണ് ഇന്ത്യന്‍ ജനാധിപത്യം എന്ന ഉദാത്തമായ സംസ്‌കാരം ഉണ്ടായി വന്നത്?’ എന്ന തിരിച്ചറിവിന്റെ അംശങ്ങളുമായി മോദി ഭരണകൂടം നല്‍കിയ അനുഭവങ്ങള്‍ പ്രതിവര്‍ത്തിക്കുകയും സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്നു. പാശ്ചാത്യമായ പാഠ്യപദ്ധതികളുടെ ആശയങ്ങള്‍ക്ക് ഉപരിയായി ജനാധിപത്യത്തെ സാംസ്‌കാരികവും ചരിത്രപരവും ഒരു പരിധി വരെ തനതുമായ ഘടകാംശങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചവരാണ് ഇന്ത്യന്‍ ജനത.
വളരെ സൗമ്യങ്ങളും എന്നാല്‍ അടിസ്ഥാനപരമായ പ്രാധാന്യങ്ങള്‍ അര്‍ഹിക്കുന്നതുമായ ചില ഘടകങ്ങളാല്‍ നിര്‍മ്മിതമാണ് ഇന്ത്യന്‍ പൊതു സമൂഹത്തിന്റെ സഹജമായ ജനാധിപത്യ ബോധം. രാജ്യത്തെ എല്ലാ ജനങ്ങളും അവകാശങ്ങളും അവസരങ്ങളും പങ്കുവെക്കുന്നതില്‍ തുല്യരാണ് എന്ന വിചാരം, ജനതയുടെ സാംസ്‌കാരിക ബഹുസ്വരത നിലനില്‍പ്പും പരിരക്ഷണവും അര്‍ഹിക്കുന്ന ഒരുദാത്ത മൂല്യമാണ് എന്ന അവബോധം, തൊഴില്‍ ചെയ്യാനും ജീവിക്കാനും സ്വന്തം ശേഷികള്‍ക്കും പരിമിതികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ട് അധ്വാനമൂല്യം കരുതിവെക്കാനും ഓരോരുത്തരും സ്വതന്ത്രരാണ് എന്ന തിരിച്ചറിവ്, രാജ്യത്തിന്റെ സമ്പത്തും ഭരണകൂട സംവിധാനങ്ങള്‍ വഴി സാധ്യമാകുന്ന നേട്ടങ്ങളും സവിശേഷ ജനസഞ്ചയങ്ങളില്‍ കേന്ദ്രീകരിക്കാവതല്ല എന്ന വകതിരിവ്, ആശയ ഭിന്നതകളും അഭിപ്രായ വൈരുധ്യങ്ങളും നിലനില്‍ക്കവേത്തന്നെ ജനതക്ക് ഒരൊറ്റ ശക്തിയായി നില്‍ക്കാന്‍ സാഹചര്യമുണ്ടാവേണ്ടതുണ്ട് എന്ന ജാഗ്രത എന്നിവയൊക്കെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തനത് ആശയാടിത്തറകളാണ്. ഈ ചൂണ്ടിക്കാണിച്ച ആശയങ്ങള്‍ക്ക് ‘എതിരായ’ അനുഭവങ്ങള്‍ നേരിട്ടതില്‍ നിന്നാണ് ‘ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണ്’ എന്ന തിരിച്ചറിവ് സാധാരണ ജനങ്ങള്‍ക്കുണ്ടായത്. മോദി ഭരണകാലത്ത് ചില ജനവിഭാഗങ്ങള്‍ അവകാശങ്ങളുടെയും അവസരങ്ങളുടെയും കാര്യത്തില്‍ കൂടുതല്‍ പരിഗണനക്ക് വിധേയമാക്കപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ ക്രൂരമായി അവഗണിക്കപ്പെട്ടു. സംഘ്പരിവാര്‍ ഫാസിസത്തിന്റെ സാംസ്‌കാരിക നിര്‍ണയ പരിധിക്കുള്ളില്‍ വരുന്നവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരായി കണക്കാക്കപ്പെടുന്നതും മറ്റു ചിലര്‍ അവര്‍ക്ക് പാരമ്പര്യം കൈമാറിക്കിട്ടിയ മാടുകളുടെ തുകല്‍ കൊണ്ടുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പോലുള്ള തൊഴിലുകള്‍ പോലും നിര്‍വഹിക്കാനാവാത്തതും അത്തരം തൊഴിലുകളുടെ പേരില്‍ വംശഹത്യക്കിരയാക്കപ്പെടുന്നതുമായ സാഹചര്യങ്ങള്‍ ഉണ്ടായി. ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം ദലിതുകള്‍ ആക്രമിക്കപ്പെട്ട അനുഭവങ്ങള്‍ ഓര്‍ക്കുക. നടന്ന ഘട്ടത്തില്‍ അവ ചര്‍ച്ച ചെയ്യപ്പെട്ടത് ‘സവര്‍ണ സംഘത്തിന്റെ വംശീയമായ പൊട്ടിത്തെറി’യെന്ന നിലയായിരുന്നുവെങ്കില്‍ പോലും, അവയിലെ ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ അന്തര്‍ധാര അന്നുതന്നെ ജനാധിപത്യ ചിന്തകരുടെ ഭാഗത്തുനിന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കന്നുകാലി കച്ചവടം ചെയ്യുന്നവര്‍, പാല്‍- തുകല്‍ ഉത്പന്നങ്ങളെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്നവര്‍, കാലി വളര്‍ത്തലിനെയും കൃഷിയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിവിധ തൊഴിലുകള്‍ പാരമ്പര്യമായി ചെയ്തുവരുന്നവര്‍ ഇവര്‍ക്കെതിരെയെല്ലാം കോര്‍പറേറ്റ് പണക്കാരുടെയും പുത്തന്‍ സമ്പന്ന വര്‍ഗത്തിന്റെയും കൂലിപ്പട്ടാളക്കാര്‍ കൂടിയായ സവര്‍ണ ആസുര സംഘങ്ങള്‍ കിരാതങ്ങളായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഉന്മൂലന ശ്രമങ്ങള്‍ നടത്തുകയും അവരുടെ ഭാവി ജീവിതത്തെതന്നെ ചോദ്യ ചിഹ്നങ്ങളാക്കി മാറ്റുകയും ചെയ്തപ്പോള്‍ മോദി ഭരണകൂടം നോക്കിനിന്നതോര്‍ക്കുക.
‘ഇന്ത്യ’ എന്ന പദം ഉപയോഗിച്ചോ, അല്ലാതെയോ സ്വന്തം നാടിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഓരോ ഇന്ത്യക്കാരന്റെ ഉള്ളിലും ഉണര്‍ന്നു വിരിയുന്ന ചിത്രം ബഹുസ്വരതയുടെ ഒരു ധാരാളിത്തത്തിന്റേതാണ്. ആ അകക്കാഴ്ചയില്‍ ഓരോ ഭാരതീയനും ആനന്ദം കൊള്ളുകയും നിര്‍വൃതി അടയുകയും ചെയ്തു വന്നിട്ടുള്ളതുമാണ്. ജാതീയവും സാമുദായികവും സാമ്പ്രദായികവുമായ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ‘തന്മകള്‍’ ഓരോ വിഭാഗവും പുലര്‍ത്തുമ്പോഴും അത്തരത്തില്‍ വ്യതിരിക്ത തന്മകള്‍ വേറെ പുലര്‍ത്തിവരുന്ന ജനതകളെ സാഹോദര്യ സാംസ്‌കാരിക ബോധത്തോടെ സ്‌നേഹിക്കാനും ആദരിക്കാനും ഉള്‍ക്കൊള്ളാനും ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാധിച്ചിരുന്നു. ഇത്തരമൊരു പാരസ്പര്യത്തിലൂടെ സംജാതമായ നന്മകള്‍ക്കു നേരെയാണ് മോദിയുടെ ഭരണകാലത്ത് കനത്ത വെല്ലുവിളികള്‍ ഉയര്‍ന്നുവന്നത്. ചങ്ങാത്ത മുതലാളിത്തവും വര്‍ഗീയ രാഷ്ട്രീയവും കൈകോര്‍ത്ത് പിടിച്ചുണ്ടായ പുതിയ അതീശത്വ-സംസ്‌കാര നിര്‍ണയ ദുശക്തികള്‍ അവരുടേതായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചില മാനദണ്ഡങ്ങളുണ്ടാക്കുകയും ആ മാനദണ്ഡങ്ങള്‍ എല്ലാ വിഭാഗങ്ങളിലുമായി ചെലുത്താന്‍ നിര്‍ബന്ധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്ന അനുഭവങ്ങള്‍ക്ക് മുന്നിലും ഇന്ത്യന്‍ അടിസ്ഥാനവര്‍ഗം ചെന്നെത്തിയത് ഈ ദേശത്തിന്റെ സാംസ്‌കാരികത്തനിമയും അതുവഴി സംശുദ്ധമായ ദേശീയ ജനാധിപത്യവും അപകടത്തില്‍പെട്ടിരിക്കുകയാണ് എന്നുള്ള തിരിച്ചറിവിലാണ്. ഇന്ത്യന്‍ ബഹുസ്വരതയെ അതിന്റെ സ്ഥൂല-സൂക്ഷ്മ ഭാവങ്ങളോട് സംരക്ഷിക്കാന്‍ മോദി ഭരണകൂടത്തിന് കഴിയില്ലെന്നും അതിന് കാരണം അത്തരമൊരു സന്നദ്ധത അവര്‍ക്കില്ലാത്തതാണ് എന്നും ഇന്ത്യന്‍ അടിസ്ഥാന ജനത വളരെ വേഗം മനസ്സിലാക്കി. ‘ഈ ഭരണകൂടം പോയില്ലെങ്കില്‍ അപകടമാണ്’ എന്ന ഒരു തീരുമാനത്തിലുമവര്‍ അന്നേക്കന്നുതന്നെ ചെന്നെത്തുകയും ചെയ്തു. ആ തീരുമാനം ഈ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും നടപ്പിലാക്കപ്പെടുക തന്നെ ചെയ്യും. ഇന്ത്യയുടെ തനത് തൊഴില്‍-സമ്പാദ്യ ശീലങ്ങള്‍ക്ക് തദ്ദേശീയ ജനാധിപത്യ അവബോധ രൂപീകരണത്തില്‍ വലിയ പങ്കുണ്ട്. ഗ്രാമ്യവും കാര്‍ഷികവും ഉള്‍നാടനുമായ തൊഴില്‍ ശീലങ്ങളും ജീവിത രീതികളുമായി ബന്ധപ്പെട്ട സമ്പാദ്യ ശീലങ്ങളെ കോര്‍പറേറ്റ് മൗഢ്യങ്ങള്‍ക്കുമുന്നില്‍ അടിയറ വെക്കാന്‍ ഇവിടുത്തെ അടിസ്ഥാന ജനതക്കു കഴിയില്ല. ബാങ്കിങ് സംവിധാനത്തെയും സാങ്കേതികതയെയും ആശ്രയിക്കാതെ, അധ്വാനിക്കുന്ന സ്വന്തം പണം സ്വയമേവ കരുതിവെക്കുന്ന, ആ തനതു സംസ്‌കാരത്തിനെ ചുട്ടെരിക്കയാണ് നോട്ടു പിന്‍വലിക്കല്‍ വഴി നരേന്ദ്രമോദി ചെയ്തത്. അന്നാള്‍വരെ കരുതിവെച്ച സ്വന്തം അധ്വാന സമ്പാദ്യത്തിന് വിലയില്ലാതാക്കിയപ്പോള്‍, ആ അടിസ്ഥാന വര്‍ഗത്തിനുമേല്‍ ‘രേഖയില്ലാപ്പണം കൈവശം വെച്ചവര്‍’ എന്ന അര്‍ത്ഥത്തില്‍ ‘കള്ളപ്പണക്കാര്‍’ എന്ന ചീത്തപ്പേരും നരേന്ദ്രമോദി സര്‍ക്കാര്‍ പതിപ്പിച്ചു. ജീവിതകാലമത്രയും അധ്വാനിച്ചു സ്വരുക്കൂട്ടിയ സ്വന്തം പണം കയ്യില്‍ പിടിച്ചുനിന്ന പാവങ്ങളെ കള്ളന്മാരാക്കിയതിലെ ജനാധിപത്യ വിരുദ്ധത എത്ര കിരാതമാണെന്നോര്‍ക്കണം.
രാജ്യത്തിന്റെ സമ്പത്തും ഭരണകൂടത്തിന്റെ പ്രവര്‍ത്തന നേട്ടങ്ങളുമെല്ലാം രാജ്യത്തെ ജനങ്ങള്‍ക്ക് വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാത്ത ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പന്ന വിഭാഗങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന കാഴ്ചയെ സംശയത്തോടെയാണ് ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ തുടക്കം തൊട്ടുതന്നെ കാണുന്നത്. മോദി അധികാരത്തിലെത്തിയ അന്നാള്‍തൊട്ടു തന്നെ ആ ‘അവിഹിത’ ഇടപാട് ആരംഭിച്ചതായി ഇന്നാട്ടിലെ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ‘കോര്‍പറേറ്റ് കുത്തകകള്‍ക്കുവേണ്ടി ഭരിക്കാനുള്ളവരെ വോട്ടുചെയ്ത് അധികാരത്തില്‍ കയറ്റുക എന്ന പണി ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ടവരാണോ ഞങ്ങളെന്ന’ ചോദ്യം ഇന്ത്യന്‍ അടിസ്ഥാനവര്‍ഗ മനോഭാവത്തില്‍ ശക്തമായിട്ട് നാലര വര്‍ഷം കഴിഞ്ഞു. ജനാധിപത്യ വിരുദ്ധമായ ഈ തിക്താനുഭവവും ‘വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പിനായി കാത്തിരിക്കുക’ എന്ന തിരുത്തല്‍ വിചാരത്തിലേക്ക് ഇന്ത്യന്‍ പൊതു സമൂഹത്തെ എത്തിച്ചിട്ടുണ്ട്. അതിന്നുവരെ പ്രതിഫലിപ്പിക്കപ്പെടുകയും ചെയ്യുമെന്നുറപ്പാണ്. അസഹിഷ്ണുതയുടെയും അന്യന്റെ ശ്വാസോച്ഛ്വാസ ശബ്ദംപോലും തനിക്കെതിരായ ചോദ്യത്തിന്റെ പെരുമ്പറ മുഴക്കമായി മാറുന്ന അസഹനീനതയുടെയും അനുഭവങ്ങള്‍ മോദി ഭരണകാലത്ത് ഇന്ത്യയില്‍ അനുനിമിഷം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പരസ്പരം കൊന്നുതിന്നാന്‍ വെമ്പുന്നവരെന്നു തോന്നിപ്പിക്കത്തവിധത്തില്‍ ശത്രുതയെ വാക്കുകളില്‍ പ്രകടിപ്പിച്ചുവന്ന വിഭാഗങ്ങള്‍ക്ക്‌പോലും തങ്ങള്‍ അടിസ്ഥാനപരമായി ഒരൊറ്റ ജനത മാത്രമാണ് എന്നും ചിന്തിക്കുന്ന സാഹചര്യങ്ങള്‍ രാജ്യത്തെ പൊതു ജീവിതത്തില്‍ സര്‍വസാധാരണമായിരുന്നു. അവിടെ നിന്നാണ് കടുത്ത അസഹിഷ്ണുത ഹിംസാത്മകങ്ങളായ ഉന്മൂലന നീക്കങ്ങളില്‍ എത്തിച്ചേര്‍ന്നതിന്റെ തിക്താനുഭവങ്ങളിലേക്ക് ഇന്ത്യന്‍ ജനത എടുത്തെറിയപ്പെട്ടത്. ഈ പരിണാമം അത്യധികം അപകടകരമാണ് എന്നും വ്യക്തികളുടെയും വിഭാഗങ്ങളുടെയും ആശയ പ്രകാശനത്തിനും അഭിപ്രായ ഭിന്നതകള്‍ക്കുമുള്ള സ്വാതന്ത്ര്യങ്ങളും അവസരങ്ങളും അതേപടി നിലനിന്നില്ലെങ്കില്‍ ഒരു ജനതക്കും ഒരു വിഭാഗത്തിനും സ്വന്തം നെടുവീര്‍പ്പുകള്‍ പോലും മറക്കേണ്ടിവരും എന്നുമുള്ള നടുക്കുന്ന ഉള്ളുണര്‍വില്‍ ഇന്ത്യന്‍ പൊതു സമൂഹം എത്തിച്ചേരുകയുണ്ടായി. ഇങ്ങനെ, ഇന്ത്യയുടെ തദ്ദേശിയവും സഹജവുമായ ജനാധിപത്യ-സാമൂഹിക ബോധഘടകങ്ങള്‍ക്ക് എതിരായി മോദി ഭരണക്കാലത്ത് നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ ഇന്ത്യന്‍ പൊതു മനസ്സിന്റെ അടിത്തട്ടില്‍ ജനാധിപത്യ ജാഗ്രതയായി ഉണര്‍ന്നു കിടക്കുന്നുണ്ട്. വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഈ ജാഗ്രതയായിരിക്കും നരേന്ദ്രമോദിയെയും സംഘ്പരിവാറിനെയും തടയുന്ന പ്രധാന പ്രതിരോധ ശക്തിയായി വര്‍ത്തിക്കുക. ഇക്കാരണങ്ങളാല്‍ ഇന്ത്യന്‍ ജനാധിപത്യം അവസാനിക്കില്ല എന്നുറപ്പാണ്. (അവസാനിച്ചു)

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending