Connect with us

Video Stories

ആത്മഹത്യയിലൊതുങ്ങില്ല ബ്ലൂ വെയ്ല്‍ ഗെയിം

Published

on

 
കഴിഞ്ഞ ദിവസം മുംബൈയില്‍ പതിനാലു വയസുള്ള മന്‍പ്രീത് കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി മരിക്കുകയും കൂട്ടുകാര്‍ അവന്‍ ‘മോബൈലില്‍ ബ്ലൂ വെയ്ല്‍ കളിക്കാറുണ്ട്’ എന്ന മൊഴി നല്‍കുകയും ചെയ്തതോടെയാണ് ബ്ലൂ വെയ്ല്‍ വീണ്ടും ചര്‍ച്ചയായത്. പിന്നീട് പാലക്കാട്ടെ പിള്ളേര്‍ കൊയിലാണ്ടിക്ക് പോയത് ബ്ലൂ വെയ്ല്‍ കളിച്ചിട്ടാണെന്ന മറ്റൊരു കഥ കേരളത്തിലും റിലീസായി. ഇവരുടെയൊക്കെ മോബൈലില്‍ ബ്ലൂവെയ്ല്‍ ഗെയിം കളിച്ച ആപ് കണ്ടു എന്നൊക്കെയാണ് പറയുന്നത്. ബ്ലൂ വെയ്ല്‍ എന്ന ടാസ്‌ക് മാത്രമുള്ള ഈ കളിക്ക് ഇല്ലാത്ത ആപ് എങ്ങിനെ കണ്ടു എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല.
നാലു വര്‍ഷത്തെ പഴക്കമുണ്ട് ബ്ലൂ വെയ്ല്‍ ഗെയിമിന്. അതില്‍ തുടങ്ങുന്ന ആത്മഹത്യകള്‍ക്കു രണ്ട് വര്‍ഷവും. എന്താണ് ബ്ലൂ വെയ്ല്‍ ഗെയിം? റഷ്യയില്‍ വി കെ എന്നൊരു സോഷ്യല്‍ വെബ്‌സൈറ്റുണ്ട്. വി കോണ്ടാക്ട് (ഇന്‍ കോണ്ടാക്ട്) എന്ന് അര്‍ത്ഥം. കെട്ടിലും മട്ടിലും പഴയകാല ഫെയ്‌സ്ബുക്കിനെ അനുസ്മരിപ്പിക്കുന്നു. ഇന്ന് ഉപയോഗിക്കുന്ന ടെലഗ്രാം ആപിന്റെ ഡെവലപര്‍ പാവേല്‍ ഡുറോവ് ആണ് വി കെ സൈറ്റിന്റെയും ഉടമ. വി കെയില്‍ 2013 ല്‍ തുടങ്ങിയ ഒരു ഗ്രൂപ്പിലാണു ബ്ലൂ വെയ്ല്‍ ഗെയിം ആരംഭിക്കുന്നത്. 2015ല്‍ ആണ് ആദ്യമായി ഈ ഗെയിമിന്റെ പേരില്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബുഡൈകിന്‍ എന്ന ആളാണ് ഗെയിമിന്റെ ഉപജ്ഞാതാവ്.
ഗെയിമില്‍ പങ്കെടുക്കാന്‍ വി കെയില്‍ ബ്ലൂവെയ്ല്‍ എന്നും എഫ് 56, 57 എന്നൊക്കെ ചില ടാഗുകള്‍ ഉള്ള സ്റ്റാറ്റസുകള്‍ ആദ്യം പോസ്റ്റ് ചെയ്യണം. പിന്നീട് ഗെയിമിന്റെ കുറേറ്റര്‍ എന്ന പേരില്‍ ബന്ധപ്പെടുന്ന ആള്‍ നിങ്ങളെ അവരുടെ പ്രൈവറ്റ് ഗ്രൂപ്പിലേക്ക് ക്ഷണിക്കും. പിന്നീട് നിങ്ങളുമായി അവര്‍ ആദ്യത്തെ ടാസ്‌ക് പങ്കുവയ്ക്കുന്നു. അതിരാവിലെ 4.20 ന് എഴുന്നേല്‍ക്കുക, അവര്‍ പറയുന്ന എന്തെങ്കിലും കാര്യം സേര്‍ച്ച് ചെയ്യുക, ഇതാണു ആദ്യ ടാസ്‌ക്. പിന്നീട് അതികഠിനമായ ടാസ്‌കുകളിലേക്ക് നീങ്ങുന്നു. സ്വയം മുറിവേല്‍പ്പിക്കുക. മറ്റുള്ളവരെ ഹിംസിക്കുക തുടങ്ങിയ സാഡിസ്റ്റ് ചിന്തകളുള്ള പല ടാസ്‌കുകളും അതില്‍ ഉള്‍പ്പെടും. ഒപ്പം അതി സാഹസങ്ങളായ മറ്റു ചില ടാസ്‌കുകളുമുണ്ടാകും. ഏറ്റെടുക്കപ്പെടുന്ന എല്ലാ ടാസ്‌കുകളുടേയും ഫോട്ടോകള്‍ കുറേറ്റര്‍ക്ക് നല്‍കണം എന്ന നിബന്ധനയും ഉണ്ട്. അവസാനത്തെ ടാസ്‌കാണ് ആത്മഹത്യ.
49 ടാസ്‌കുകള്‍ക്കിടയില്‍ ചലഞ്ചില്‍ പങ്കെടുക്കുന്നവരെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തക്ക എന്തോ കാര്യങ്ങള്‍ അവര്‍ കണ്ടെത്തുന്നു. അത് മോബൈല്‍ ഹാക്ക് ചെയ്താണ് കണ്ടെത്തുന്നതെന്ന് പറയുന്നത് ശരിയല്ല. പ്രായം കുറവുള്ള കുട്ടികളില്‍ നിന്നും ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടാന്‍ മാത്രം എന്ത് കാര്യമാണ് അവര്‍ക്ക് കിട്ടുക? ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഗെയിമല്ല ഇത്. ചെയ്യേണ്ട ടാസ്‌ക് വി കെയിലെയോ ടെലഗ്രാമിലേയോ പ്രൈവറ്റ് ഗ്രൂപ്പുകളിലൂടെ കുറേറ്റര്‍ നല്‍കുകയാണ് പതിവ്. വി കെ എന്നത് ഒരു നിയന്ത്രണവുമില്ലാത്ത, റഷ്യയില്‍ വെബ്‌റാങ്കിങില്‍ ഒന്നാം സ്ഥാനമുള്ള വെബ്‌സൈറ്റ് ആണ്. ആര്‍ക്കും ജോയിന്‍ ചെയ്യാം. എന്തും പോസ്റ്റാം. സര്‍ക്കാരുമായോ സുരക്ഷാ ഏജന്‍സികളുമായോ ഒരു ഡാറ്റയും പങ്കുവെക്കാന്‍ താല്‍പര്യം കാണിക്കാത്തവരുമാണ്. അതുകൊണ്ടു തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് അവിടം താവളമാകുന്നതും.
ഇതൊരു ഗെയിം അല്ല, നല്‍കുന്ന ചലഞ്ച് ഏറ്റെടുക്കുക എന്നതാണ്. അതുകൊണ്ട് തന്നെ മോബൈലില്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുമില്ല. കമ്പ്യൂട്ടറിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഒന്നുമില്ല ഈ കളിക്ക്. എന്നാല്‍ മാധ്യമങ്ങള്‍ പറയുന്നത് ഇന്ത്യയില്‍ നാല്‍പതിനായിരം ഡൗണ്‍ ലോഡ് കഴിഞ്ഞു എന്നൊക്കെ ആണ്. അതൊരു തെറ്റായ വിവരമാണ്. ബ്ലൂ വെയ്ല്‍ എന്ന പേരില്‍ ഷെയര്‍ ചെയ്യുന്ന എ പി കെ ഫയലൊക്കെ ഫേക്ക് ആപുകളാണ്. അവയില്‍ ചിലത് മോബൈല്‍ ഫോണിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ ഹാക്കര്‍മാര്‍ നിര്‍മ്മിച്ചിരിക്കുന്ന റിമോട്ട് അഡ്മിനിസ്‌ട്രേഷന്‍ സൗകര്യം ഉള്ളവയുമാണ്. അതിനാല്‍ ബ്ലൂ വെയിലിന്റെ പുറകേ പോയി അത് ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.
ബ്ലൂ വെയ്ല്‍ എന്നത് ആ ഒരു ഗ്രൂപ്പുകൊണ്ട് തീരുന്ന ഗെയിം മാത്രമല്ല. അതിന്റെ ഉപജ്ഞാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ഗെയിമിന്റെ ചലഞ്ചുകളും അതിന്റെ കോപ്പികളും പിന്തുടരുന്ന ഒട്ടേറെ സീക്രട്ട് ഗ്രൂപ്പുകള്‍ ഇനിയും പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലുമുണ്ട്. ടെലഗ്രാമും വാട്ട്‌സാപ്പും പുതുതായി ഇറങ്ങുന്ന പ്രൈവസി കൂടിയ മെസ്സഞ്ചര്‍ ആപുമെല്ലാം ഇത്തരക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ബ്ലൂ വെയിലിന്റെ ഉപജ്ഞാതാവ് അറസ്റ്റിലായപ്പോള്‍ പറഞ്ഞത് സമൂഹത്തിനു ആവശ്യമില്ലാത്ത കീടങ്ങളെ ഉന്മൂലനം ചെയ്യാനാണു ഈ ഗെയിം ഉണ്ടാക്കിയത് എന്നാണ്. എന്നാല്‍ അദ്ദേഹം ജയിലിലായപ്പോഴും ഗെയിം തുടരുന്നു. അതില്‍ നിന്നും ഈ ചലഞ്ച് മറ്റു പലരും ഏറ്റെടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കാം. അങ്ങിനെ ഏറ്റെടുത്തിരിക്കുന്നവര്‍ കുട്ടികളെക്കൊണ്ട് നിയമവിരുദ്ധമായ കാര്യങ്ങള്‍ എന്തെങ്കിലും ടാസ്‌കില്‍ ഉള്‍പ്പെടുത്തി ചെയ്യിച്ചിട്ടുണ്ടാകാം. ധൈര്യശാലി എന്ന് തെളിയിക്കാന്‍ നടക്കുന്ന കുട്ടികള്‍ അത് ചെയ്തിട്ടുണ്ടാകാം. അതിന്റെ തെളിവുകള്‍ കാണിച്ച് അവരെ സമ്മര്‍ദ്ദത്തിലാക്കി അത്മഹത്യ ചെയ്യിച്ച് തെളിവില്ലാതാക്കിയതാകാം ഈ അന്‍പതാമത്തെ സൂയിസൈഡ് ടാസ്‌ക്.
ബ്ലൂ വെയ്ല്‍ ഇപ്പോള്‍ വന്‍ പ്രചാരമായി കഴിഞ്ഞു. ഇനിയാണ് സൂക്ഷിക്കേണ്ടത്. ഇത് എന്തെന്ന് അറിയാന്‍ കുട്ടികള്‍ നെറ്റില്‍ തിരഞ്ഞിറങ്ങും. ചെയ്യരുത് എന്ന് പറയുന്നത് ചെയ്യാന്‍ ആണല്ലോ എല്ലാവര്‍ക്കും താല്‍പര്യം. അങ്ങിനെ കുട്ടികള്‍ എത്തിപ്പെടുന്നത് തീവ്രവാദ, മയക്കുമരുന്ന് മാഫിയകള്‍ ക്രിയേറ്റ് ചെയ്ത ബ്ലൂ വെയ്ല്‍ ചലഞ്ച് ഗ്രൂപ്പുകളിലായിരിക്കും. ടാസ്‌കുകള്‍ എന്ന പേരില്‍ അവര്‍ കുട്ടികളെ ഉപയോഗിക്കും. കയ്യിലും ദേഹത്തും സ്വയം മുറിവേല്‍പ്പിക്കുക എന്നത് ബ്ലൂ വെയിലിലുള്ള ഒരു ടാസ്‌കാണ്. അതു ചെയ്യാന്‍ നല്ല ധൈര്യമുള്ളവര്‍ക്കേ സാധിക്കൂ. അങ്ങിനെ സ്വയം മുറിവേല്‍പ്പിക്കുന്ന ടാസ്‌കുകള്‍ വിജയിക്കുന്ന കുട്ടികളെ, അവര്‍ക്ക് ചെറിയ ബ്രെയിന്‍ വാഷിങും സ്വല്‍പം പണവും ഒഴുക്കിയാല്‍ ടാസ്‌കെന്ന പേരില്‍ തന്നെ തീവ്രവാദികള്‍ക്കും മയക്കു മരുന്നു മാഫിയകള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും. ചാവേര്‍ ആകാന്‍ പോലും ടാസ്‌കിന്റെ പേരില്‍ ആളെ ചുളുവില്‍ അവര്‍ക്ക് കിട്ടുമെന്ന് അര്‍ത്ഥം.
കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കുന്ന ഗെയിമുകള്‍ പരിശോധിച്ച് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉള്ളതാണെന്നും നല്ല റിവ്യൂ ഉള്ളതാണെന്നും ഉറപ്പുവരുത്തിയ ശേഷം മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരു കാരണവശാലും പ്ലേ സ്‌റ്റോറിനു പുറത്തു നിന്നു ലഭിക്കുന്നതോ, പ്ലേ സ്‌റ്റോറില്‍ അപ്‌ലോഡ് ചെയ്ത് അധികമാവാത്തതോ ആയ ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ക്രാക്കുകള്‍, പാച്ചുകള്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ഒരു ഹാക്കര്‍ നിര്‍മ്മിച്ച് റിമോട്ട് അഡ്മിനിസ്‌ട്രേഷനുള്ള ഒരു ആപ് ആണ് മോബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍ ആ മോബൈലിനെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കി അതിലെ ഫയലുകളും ക്യാമറയുമൊക്കെ ആക്‌സസ് ചെയ്ത് അവര്‍ക്ക് ഡാറ്റകള്‍ സ്വരൂപിക്കാം. അങ്ങിനെ കിട്ടുന്ന ഡാറ്റ സ്വകാര്യതയെ ബാധിക്കുന്ന ഒന്നാണെങ്കില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് വരുതിയിലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.
കുട്ടികളെ മാതാപിതാക്കള്‍ കെയര്‍ ചെയ്യുന്നില്ല എന്ന് തോന്നുമ്പോഴാണ് അവര്‍ മറ്റു സ്ഥലങ്ങള്‍ തേടി അലയുന്നത്. കുട്ടിയുമായി കുറച്ച് നേരമെങ്കിലും ദിവസേന സംസാരിക്കാന്‍ സമയം കണ്ടെത്തണം. കുട്ടിയുടെ ദിന ചര്യയിലും സ്വഭാവത്തിലും മാറ്റം വന്നാല്‍ കഴിവതും മോബൈല്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളുടെ മോബൈല്‍ ലോക്ക് ചെയ്യാതെ മാത്രം ഉപയോഗിക്കാന്‍ നിര്‍ബന്ധമായും ആവശ്യപ്പെടുക. കിടക്കുന്ന സമയത്തിനു തൊട്ടു മുമ്പെങ്കിലും മോബൈലില്‍ മെസ്സഞ്ചര്‍ ആപുകളും ഗ്യാലറിയും പരിശോധിക്കുക. പരിചയമില്ലാത്തവരുമായി കൂട്ടുകൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
കുട്ടിക്ക് ശരീരത്തില്‍ ഉണ്ടാകുന്ന പോറലുകളും മറ്റും എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ച് സത്യമെന്തെന്ന് ഉറപ്പാക്കുക. രാത്രികാലങ്ങളില്‍ ടിവി, മോബൈല്‍ എന്നിവയില്‍ കുട്ടി നടത്തുന്ന സകല ആക്റ്റിവിറ്റികളും നിരീക്ഷണ വിധേയമാക്കുക. കാണുന്ന സിനിമകള്‍ ഹൊറര്‍ ആണോ എന്ന് പ്രത്യേകിച്ചും. മോബൈലില്‍ ഏതെങ്കിലും ആപ് റിമോട്ട് അഡ്മിനിസ്‌ട്രേഷനോടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സെറ്റിങ്‌സില്‍ സെക്യൂരിറ്റി എന്നതില്‍ ഡിവൈസ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നതില്‍ ഇടക്ക് നോക്കുക. ഉണ്ടെങ്കില്‍ അത് നിങ്ങള്‍ അറിയാതെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടവ ആണെങ്കില്‍ ഡിസേബിളാക്കുക, മോബൈലില്‍ അവാസ്റ്റ് ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്ത് ഇടക്ക് സ്‌കാന്‍ ചെയ്യുക. സ്‌പൈ ആപുകളെ കണ്ടുപിടിക്കാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ളത് അവാസ്റ്റിന് ആണ്.
ബ്ലൂവെയില്‍ എന്നത് സര്‍ക്കാരിന് ഒരിക്കലും നിരോധിക്കാന്‍ കഴിയില്ല. കാരണം പ്രത്യേക പ്ലാറ്റ് ഫോമോ പ്രത്യേക ആപോ ഒന്നും ഇല്ലാത്ത മെസ്സേജിലൂടെ വരുന്ന ടാസ്‌കുകള്‍ മാത്രമാണ് ഇതില്‍ ഉള്ളത്. ഹാക്കര്‍മാര്‍ സ്‌പൈ ആപ്പുകള്‍ ആ പേരില്‍ ധാരാളം പുറത്തിറക്കിയിട്ടുണ്ട്.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending