Connect with us

Video Stories

റോഹിന്‍ഗ്യന്‍ മുസ്‌ലിംകളും യു.എന്‍ റിപ്പോര്‍ട്ടും

Published

on

യൂനുസ് അമ്പലക്കണ്ടി

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് മ്യാന്മറിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിം ന്യൂനപക്ഷം ഭരണകൂടത്തിന്റേയും സൈന്യത്തിന്റേയും ബുദ്ധ തീവ്രവാദികളുടേയും കിരാതമായ അക്രമണങ്ങള്‍ക്ക് അവസാനമായി കൂട്ടത്തോടെ ഇരയാവുന്നത്. 1960 ലെ പട്ടാള ഭരണത്തോടെ ആരംഭിച്ച ഈ കൊടിയ ദുരിതം അറുപത് കൊല്ലത്തോളമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ വില നല്‍കാതെ ശാരീരികമായും മാനസികമായും സാമ്പത്തികമായുമെല്ലാം അതിഭീകരമായി പീഡിപ്പിച്ച് നിസ്സഹായരായ ഒരു ജനതയെ മുച്ചൂടും ഇല്ലാതാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് കാലങ്ങളായി മ്യാന്മറില്‍ നടന്നുകൊണ്ടിരിക്കുന്നത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഏറ്റുവാങ്ങിയ ആങ് സാന്‍ സൂകി ഭരിക്കുന്ന വേളയിലാണ് ഏറ്റവും ബീഭല്‍സമായ ക്രൂരതകള്‍ അരങ്ങേറിയത് എന്നത് വിരോധാഭാസമാണ്.
1982 ല്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിച്ചതോടെ ഒരു വിലയുമില്ലാത്ത മനുഷ്യ ജന്മങ്ങളായി മാറുകയായിരുന്നു ഈ ജനവിഭാഗം. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ നിരന്തരം ഇവര്‍ വേട്ടയാടപ്പെട്ടു. ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്ന് അനവധി തവണ ആട്ടിയോടിക്കപ്പെട്ടു. സ്ത്രീകളേയും കുട്ടികളേയും പോലും നിഷ്ഠൂരമായി വകവരുത്തി. ക്രൂരമായ ബലാല്‍സംഗങ്ങള്‍ അരങ്ങേറി. 2012 ല്‍ നടന്ന കൂട്ടക്കൊല ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ലോകമറിഞ്ഞതും ചര്‍ച്ച ചെയ്തതും ഐക്യരാഷ്ട്ര സഭ ഇടപെട്ടതുമൊക്കെ ഈ സംഭവത്തോടെയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ പ്രചാരത്തിലുള്ള സമയമായതിനാല്‍ മ്യാന്മറിലെ കൊടും ഹത്യകള്‍ മാലോകരറിഞ്ഞു. അതുണ്ടായിരുന്നില്ലെങ്കില്‍ അന്നത്തെ സംഭവവികാസങ്ങളും പതിവ് പോലെ തമസ്‌കരിക്കപ്പെടുമായിരുന്നു.
ലോകത്ത് ഏറ്റവും ക്രൂരമായി അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷ ജനതയായി ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ച റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ 2017ല്‍ അനുഭവിച്ചത് തുല്യതയില്ലാത്ത കൊടും പാതകങ്ങളാണ്. ജീവനോടെ ചുട്ടെരിക്കപ്പെട്ടു അവര്‍. പിഞ്ചു പൈതങ്ങളുടെ മുന്നില്‍വെച്ച് മാതാപിതാക്കളെ അരും കൊലകള്‍ നടത്തി ബുദ്ധ ഭിക്ഷുക്കളും സൈന്യവും. സ്ത്രീകളെ കൂടെപ്പിറപ്പുകളുടേയും സ്വന്തം മക്കളുടേയും സാന്നിധ്യത്തില്‍ വെച്ച് പൈശാചികമായവര്‍ ബലാല്‍സംഗം ചെയ്തു. അന്തിയുറങ്ങുന്ന ചെറു കൂരകള്‍ ഭസ്മമാക്കി. ലോകം മുഴുക്കെ പ്രതിഷേധം അലയടിച്ചിട്ടും നരാധമന്മാര്‍ക്ക് മുസ്‌ലിം വിരോധത്തിന്റെ കോപം ശമിച്ചില്ല. പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനാളുകള്‍ നാടുവിട്ടോടി. കര കാണാത്ത കടലിലേക്ക് ചെറിയ തോണികളിലവര്‍ പാഞ്ഞടുത്തു. വെള്ളത്തില്‍ മുങ്ങി ജീവന്‍ പോയവര്‍ അസംഖ്യം വരും. ദിവസങ്ങള്‍ നീണ്ട ജലയാത്രയില്‍ ഭക്ഷണം ലഭിക്കാതെ മൃതിയടഞ്ഞവര്‍ ധാരാളമുണ്ട്. ബംഗ്ലാദേശിലേക്കാണവര്‍ ഏറെയും ദുര്‍ഘടങ്ങള്‍ താണ്ടിപ്പോയത്. പരിമിതികള്‍ക്കിടയിലും ഇരുകരങ്ങളും നീട്ടി ബംഗ്ലാദേശ് ഈ പാവങ്ങളെ സ്വീകരിച്ചു. അരാക്കന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി (എ.ആര്‍.എസ്.എ) മ്യാന്മറിന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി എന്നാരോപിച്ചാണ് ഈ കൂട്ടക്കൊലകളും ദുഷ്‌ചെയ്തികളും അരങ്ങേറിയത്. ചില അവിവേകികളുടെ ചെറിയൊരു ഇടപെടല്‍ വലിയ കാരണമാക്കി മാറ്റുകയായിരുന്നു അവര്‍. തുടര്‍ന്നുകൊണ്ടിരുന്ന പീഡനമുറകള്‍ പാരമ്യതയിലെത്തിക്കാന്‍ അവര്‍ക്കത് വഴിയൊരുക്കി. കൈവന്ന അവസരം കണ്ണില്‍ ചോരയില്ലാതെ അവര്‍ ഉപയോഗപ്പെടുത്തി. ആങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള പൗര സര്‍ക്കാര്‍ സൈന്യത്തിനും ബുദ്ധ തീവ്രവാദികള്‍ക്കും സകല ഒത്താശകളും ചെയ്തുകൊടുത്തു. പട്ടാളത്തിന്റെ അമരത്തിരിക്കുന്നവര്‍ പോലും പരസ്യമായി ഈ ചെയ്തികളെ ന്യായീകരിച്ചു. ഒരു ജനതയുടെ ജീവനും മാനവും ഭൂമിയുമൊക്കെ പിഴുതെറിയപ്പെട്ട നരനായാട്ടിന് ലോകം മൂകസാക്ഷിയായി.
കൊടിയ പീഡനം തുടങ്ങി കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. 2017 ല്‍ രൂപം നല്‍കിയ സമിതിയുടെ ഇരുപത് പേജുള്ള റിപ്പോര്‍ട്ടില്‍ സൈന്യത്തിനേയും സൂകിയുടെ ഭരണകൂടത്തേയും അതി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മ്യാന്മര്‍ പട്ടാളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ വംശഹത്യ നടത്തിയതായി സംശയാതീതമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യമാസകലം റോഹിന്‍ഗ്യകളെ കൂട്ടക്കുരുതി നടത്തിയതും കൂട്ടബലാല്‍സംഗത്തിനിരയാക്കിയതും വംശഹത്യ ലക്ഷ്യം വെച്ചാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. റാഖിന്‍, കച്ചിന്‍, ഷാന്‍ സ്റ്റേറ്റുകളില്‍ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ സൈന്യം അതിക്രൂരമായ പദ്ധതികളാണ് ആസൂത്രണം നടത്തിയത്. മ്യാന്മര്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിനേയും അഞ്ചു ജനറല്‍മാരേയും യുദ്ധക്കുറ്റം ചുമത്തി നടപടിയെടുക്കണം. അന്താരാഷ്ട്ര നിയമത്തിനു കീഴിലെ ഏറ്റവും ക്രൂരമായ കുറ്റങ്ങളാണ് സൈന്യം നടത്തിയത്. വംശ ഹത്യക്കും യുദ്ധക്കുറ്റങ്ങള്‍ക്കും നേതൃത്വം നല്‍കിയവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യ ജീവനുകളെ കൊന്നൊടുക്കിയതും സ്ത്രീകളെ കൂട്ട മാനഭംഗപ്പെടുത്തിയതും കുട്ടികളെ അക്രമിച്ചതും ഗ്രാമങ്ങള്‍ അഗ്‌നിക്കിരയാക്കി ചാരമാക്കിയതും ഏതു നടപടിയുടെ പേരിലാണെങ്കിലും നീതീകരിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കേസ് ഹേഗിലെ രാജ്യാന്തര ക്രിമിനല്‍ കോടതിയിലോ പ്രത്യേകമായി രൂപീകരിച്ച ട്രൈബ്യൂണലിലോ വിചാരണ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ ഇരകളാക്കപ്പെട്ടവരോ നേരില്‍ കണ്ടവരോ ആയ 875 പേരെ അഭിമുഖം നടത്തിയും സാറ്റലൈറ്റ് ചിത്രങ്ങളും വീഡിയോകളും ഫോട്ടോകളും പരിശോധിച്ചുമാണ് മര്‍സുഖി ദാറുസ്മാന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഐക്യരാഷ്ട്ര സഭ മുമ്പും റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍ ഇത്ര ശക്തമായി പ്രശ്‌നത്തെ സമീപിക്കുന്നത് ഇതാദ്യമാണ്. യു.എന്‍ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ വംശഹത്യാകുറ്റം ചുമത്തുന്നതും അതിന്മേല്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്നതും അത്യപൂര്‍വമാണ്. മ്യാന്മറിലെ സൈനിക മേധാവികളെ പ്രോസിക്യൂട്ട് ചെയ്ത് വിചാരണ നടത്താന്‍ മതിയായ തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ അന്താരാഷ്ട്ര കുറ്റകൃത്യ കോടതി (ഐ.സി.സി)ക്ക് ഈ കേസ് ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മ്യാന്മര്‍ ഐ.സി.സിയുടെ പരിധിയില്‍ വരാത്തതാണ് കാരണം. അമേരിക്കയും ചൈനയും ഉള്‍പ്പടെ അഞ്ച് ലോക രാഷ്ട്രങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കേസ് കൈകാര്യം ചെയ്യാം. മ്യാന്മറുമായി നല്ല ചങ്ങാത്തത്തില്‍ കഴിയുന്ന ചൈന ഇത് അംഗീകരിക്കാന്‍ സാധ്യത കുറവാണ്. അമേരിക്കയും വീറ്റോ ചെയ്‌തേക്കാം. ഏകപക്ഷീയമായ ആരോപണങ്ങള്‍ കൊണ്ടും സമ്മര്‍ദ്ദം കൊണ്ടും പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിട്ടുണ്ട്. റോഹിന്‍ഗ്യന്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് പറഞ്ഞ ചൈന യു.എന്‍ രക്ഷാസമിതിയില്‍ മ്യാന്മറിനെതിരെ നടപടികള്‍ക്കായി ചര്‍ച്ച വന്നാല്‍ തടയുമെന്ന വാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തു. റോഹിന്‍ഗ്യകളെ മൃഗീയമായ അതിക്രമങ്ങള്‍ക്ക് വിധേയരാക്കിയ നാല് സൈനിക കമാന്‍ഡര്‍മാര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനും യു.എസ് കമ്പനികളിലും മറ്റും ധനവിനിയോഗം നടത്തുന്നതിനുമാണ് വിലക്കുള്ളത്. പ്രത്യക്ഷത്തിലെ നിലപാട് ഇതാണെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ മാറിമറിയാനാണ് എല്ലാ സാധ്യതയും.
അതിനിടെ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പുറത്തുവന്നയുടനെ സാമൂഹ്യ മാധ്യമമായ ഫേസ് ബുക് മ്യാന്മര്‍ സൈനിക മേധാവി മിന്‍ ആങ് ലിയാങ്ങിന്റേയും സൈന്യവുമായി ബന്ധപ്പെട്ട മറ്റു അക്കൗണ്ടുകളും നീക്കം ചെയ്തു. ഫേസ്ബുക് വംശീയ വിദ്വേഷം പടര്‍ത്താന്‍ ഉപയോഗിക്കപ്പെട്ടുവെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. സൈനിക നേതൃത്വത്തിലുള്ള ഇരുപത് വ്യക്തികളേയും സംഘടനകളേയും വിലക്കിയതായി ഫേസ്ബുക് തന്നെയാണ് ഔദ്യോകികമായി അറിയിച്ചത്. വിദ്വേഷവും വസ്തുതാവിരുദ്ധമായ വിവരങ്ങളും ഫേസ്ബുക് വഴി പ്രചരിപ്പിക്കുന്നുവെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതിനാലാണ് ഈ നടപടി. ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും 12 മില്യന്‍ ജനങ്ങള്‍ പിന്തുടരുന്ന അമ്പതിലധികം ഫേസ്ബുക് പേജുകളും നീക്കം ചെയ്തിട്ടുണ്ട്. ഒരു രാജ്യത്തിന്റെ സൈനിക മേധാവിക്ക് ഫേസ്ബുക് വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമായാണ്.
മ്യാന്മറില്‍ ഏറെ പ്രചാരത്തിലുള്ള നവ സാമൂഹ്യ മാധ്യമമാണ് ഫേസ്ബുക്. യു.എന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞ പോലെ അവിടെ ഫേസ്ബുക് ശരിക്കും ക്രൂര മൃഗമായി മാറുകയായിരുന്നു. സൈനിക മേധാവിയുടെ ഫേസ്ബുക് പോസ്റ്റുകള്‍ ഉന്മാദം തലക്കുപിടിച്ച വംശവെറിയന്മാര്‍ക്ക് ആവോളം ഉത്തേജനം നല്‍കിയെന്നതാണ് യാഥാര്‍ത്ഥ്യം. റോഹിന്‍ഗ്യ എന്ന വാക്ക് തന്നെ വ്യാജമാണെന്നും ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരാണ് അവരെന്നും ഫേസ്ബുകില്‍ അദ്ദേഹം കുറിച്ചിട്ടിട്ടുണ്ട്. ബംഗാളികളെന്നാണ് റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ സൈനിക മേധാവി വിളിച്ചുവരുന്നത്. സംഘര്‍ഷങ്ങള്‍ കത്തിപ്പടരാന്‍ പാകത്തിലുള്ള പോസ്റ്റുകളാണ് സൈന്യത്തിന്റെ തലപ്പത്തുള്ള ഈ സങ്കുചിത മനസ്‌കര്‍ നിരന്തരം ജനങ്ങളിലേക്ക് എറിഞ്ഞുകൊടുത്തത്. എരിതീയില്‍ എണ്ണ ഒഴിച്ച പോലെ പലപ്പോഴുമത് ആളിക്കത്തി. റോഹിന്‍ഗ്യകളെ വേട്ടയാടാന്‍ സൗകര്യമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും ന്യൂനപക്ഷങ്ങളെ സൈന്യത്തിനെറിഞ്ഞുകൊടുത്തും മ്യാന്മര്‍ സ്റ്റേറ്റ് സുപ്രീം കൗണ്‍സിലര്‍ ആങ് സാന്‍ സൂകിയുടെ സര്‍ക്കാര്‍ വംശഹത്യക്ക് കൂട്ടുനിന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ധാര്‍മ്മികാധികാരം ലവലേശം അവര്‍ ഉപയോഗപ്പെടുത്തിയില്ല എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സംഘര്‍ഷം കത്തിനില്‍ക്കവേ ലോകം മുഴുവന്‍ റോഹിന്‍ഗ്യന്‍ വിഷയം ചര്‍ച്ച ചെയ്ത വേളയില്‍ അവര്‍ അര്‍ത്ഥഗര്‍ഭമായ മൗനത്തിലായിരുന്നു. സിവിലിയന്‍ ഭരണകൂടമാണെങ്കിലും സൈന്യത്തിന് മ്യാന്മറില്‍ അധീശത്വമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ച പഴയ വിപ്ലവ നായിക കൂട്ടക്കശാപ്പിനും ഉന്മൂലനത്തിനും ഓശാന പാടിയെന്ന വിരോധാഭാസത്തിനാണ് ലോകം സാക്ഷിയായത്.
ജനാധിപത്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പോരാടിയതിന് ഒന്നര ദശകത്തിലധികം വീട്ടു തടങ്കലില്‍ കഴിഞ്ഞ സൂകിയെ 2010 നവംബര്‍ 13 നാണ് അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെതുടര്‍ന്ന് സൈന്യം മോചിപ്പിച്ചത്. 1991 ല്‍ പ്രഖ്യാപിച്ച നൊബേല്‍ 2012 ലാണവര്‍ നോര്‍വെയില്‍വെച്ച് സ്വീകരിച്ചത്. അന്യരെ ദ്രോഹിക്കാതിരിക്കുകയും അവരെ പൂര്‍ണ്ണമായി സ്‌നേഹിക്കുകയും അവരുടെ സുഖത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉല്‍ഘോഷിച്ച ഗൗതമ സിദ്ധാര്‍ത്ഥന്റെ ബുദ്ധിസവും മഹാത്മാഗാന്ധിയുടെ അഹിംസാസിദ്ധാന്തവുമാണ് തന്റെ വിശ്വാസമെന്ന് സൂകി പറയുന്നുണ്ടെങ്കിലും അവരുടെ വാക്കും പ്രവൃത്തിയും അജഗജാന്തരമാണെന്ന് ലോകത്തിനിപ്പോള്‍ ബോധ്യപ്പെട്ടിരിക്കുകയാണ്. വീട്ടുതടങ്കലില്‍ നിന്ന് മോചിതയായ ശേഷം തന്റെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി)യുടെ ആസ്ഥാനത്ത് തടിച്ചുകൂടിയ ആയിരങ്ങളോട് സൂകി പറഞ്ഞത് മനുഷ്യാവകാശങ്ങളും നിയമവാഴ്ച്ചയും സംരക്ഷിക്കാന്‍ പോരാട്ടം തുടരുമെന്നായിരുന്നു. എന്നാല്‍ അധികാരത്തിന്റെ ശീതളിമയില്‍ അവര്‍ നിലപാടുകള്‍ മാറ്റി ജനദ്രോഹ പക്ഷം നില്‍ക്കുന്നതാണ് പിന്നെക്കണ്ടത്. 1993 ല്‍ ഭാരതവും സമാധാനത്തിനുള്ള അവാര്‍ഡ് അവര്‍ക്ക് നല്‍കിയിട്ടുണ്ട്, ജവഹര്‍ ലാല്‍ നെഹ് റുവിന്റെ പേരില്‍.
മനുഷ്യത്വ വിരുദ്ധ നിലപാടിനെത്തുടര്‍ന്ന് കുറഞ്ഞ കാലയളവില്‍ ഏഴ് വലിയ പുരസ്‌കാരങ്ങളാണ് സൂകിയില്‍നിന്നു അത് നല്‍കിയവര്‍ തിരിച്ചെടുത്തത്. ഏറ്റവും ഒടുവില്‍ ഫ്രീഡം ഓഫ് എഡിന്‍ ബര്‍ഗ് പുരസ്‌കാരം സ്‌കോട്ട്‌ലാന്റിലെ എഡിന്‍ ബര്‍ഗ് മുനിസിപ്പാലിറ്റി തിരിച്ചെടുത്തത് ഇപ്പോഴത്തെ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വന്നതിന്റെ തൊട്ടുമുമ്പാണ്. വീട്ടു തടങ്കലില്‍ കഴിയവെ 2005 ലാണ് ഈ പുരസ്‌കാരം ലഭിച്ചത്. പുതിയ സാഹചര്യത്തില്‍ സൂകിക്ക് ലഭിച്ച വേറെയും അംഗീകാരങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്. അതിനിടെ യു.എന്‍ റിപ്പോര്‍ട്ട് തള്ളി മ്യാന്മര്‍ രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും സര്‍ക്കാര്‍ വക്താവ് സൗ ഹിറ്റേ വ്യക്തമാക്കി. യു.എന്‍ വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നാണ് മ്യാന്മറിന്റെ വാദം. മനുഷ്യാവകാശ സമിതിയില്‍ കൊണ്ടുവരുന്ന ഒരുതരത്തിലുള്ള പ്രമേയവും അംഗീകരിക്കില്ലെന്നും മനുഷ്യാവകാശ ധ്വംസനങ്ങള്‍ രാജ്യത്ത് നടക്കാറില്ലെന്നും സൗ ഹിറ്റേ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടേയും അന്താരാഷ്ട്ര മനുഷ്യാവകാശ ഏജന്‍സികളുടേയും ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഭരണകൂടം കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും സൗ വ്യക്തമാക്കി.
തങ്ങള്‍ക്കെതിരെയുള്ള ഒരു ശബ്ദവും അംഗീകരിക്കാനോ വെച്ചുപൊറുപ്പിക്കാനോ മ്യാന്മര്‍ ഇപ്പോഴും ഒരുക്കമല്ല എന്നത് വ്യക്തമാണ്. വന്‍ രാജ്യങ്ങളുടെ പിന്തുണയുടെ തിണ്ണബലത്തില്‍ ഹുങ്കിന്റേയും മേധാവിത്വത്തിന്റേയും ആഢ്യഭാഷയിലാണ് അവരുടെ സംസാരവും പ്രതികരണവുമൊക്കെ. ഏറ്റവും ഒടുവില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിം കൂട്ടക്കുരുതി പുറം ലോകത്തെ അറിയിച്ച വാ ലോണ്‍, ക്യോ സോവോ എന്നീ റോയിട്ടേഴ്‌സ് ലേഖകരെ കള്ളക്കേസ് ചുമത്തി വിചാരണ ചെയ്ത് ഏഴു വര്‍ഷം ശിക്ഷിച്ചിരിക്കുകയാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ താല്‍പര്യത്തിനു പരുക്കേല്‍പ്പിച്ചുവെന്നാണ് കോടതിയുടെ നിരീക്ഷണം. കോടതിയില്‍ നിന്നും വിധികേട്ട് കൈകളില്‍ ചങ്ങലകളുമായി ചിരിച്ചുകൊണ്ട് പുറത്തുവരുന്ന ഈ മാധ്യമ പ്രവര്‍ത്തകര്‍ അനീതിക്കെതിരെ കൂടുതല്‍ കരുത്തോടെ പോരാടുമെന്ന സന്ദേശമാണ് നല്‍കുന്നത്. ഈ വിധിക്കെതിരെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ പ്രതിഷേധമാണ് അലയടിക്കുന്നത്. ഏഴു ലക്ഷത്തിലധികം പേര്‍ അഭയാര്‍ത്ഥികളാക്കപ്പെടുകയും പതിനായിരങ്ങള്‍ക്ക് ജീവനും സ്വത്തും നഷ്ടമാവുകയും ചെയ്ത 2017 ലെ ഭീകരതാണ്ഡവം പുതിയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഗൗരവമായ ചര്‍ച്ചകളിലേക്കും നടപടികളിലേക്കും പ്രവേശിക്കുമോയെന്ന് കണ്ടറിയേണ്ടതുണ്ട്. ലോകത്തെ രാജ്യമില്ലാത്ത ഏറ്റവും വലിയ സമൂഹമായ ഈ പട്ടിണിപ്പാവങ്ങള്‍ മ്യാന്മറിലും വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായും പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങള്‍ പേറി നരകജീവിതം നയിക്കുമ്പോള്‍ അവരുടെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഉറച്ച ശബ്ദങ്ങള്‍ ഇനിയും ഉയരേണ്ടതുണ്ട്. സമാധാനം കാംക്ഷിക്കുന്ന ലോക രാഷ്ട്രങ്ങള്‍ ഈ ഉത്തരവാദിത്വം നിറവേറ്റുമെന്ന് പ്രാര്‍ത്ഥനാപൂര്‍വം പ്രത്യാശിക്കാം.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending