Connect with us

Video Stories

ബിരുദ പഠനവും മലബാറും

Published

on

 

ഹനീഫ പുതുപറമ്പ്

വിദ്യാഭ്യാസ മേഖലയില്‍ മലബാറിനോടുള്ള അവഗണന ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല മണ്ഡലത്തില്‍ ഇടഞ്ഞിയില്‍ ശാന്തോം മലങ്കര ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്ന പേരില്‍ പുതിയ എയ്ഡഡ് കോളജ് തുടങ്ങാന്‍ തീരുമാനിച്ചതായി വാര്‍ത്തയുണ്ട്. 2018 ജൂലൈ 12ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 11 കോളജുകളിലായി 21 കോഴ്‌സുകള്‍ അനുവദിക്കുകയുണ്ടായി. ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് ഏറ്റവും കൂടുതല്‍ കുട്ടികള്‍ സീറ്റ് കിട്ടാതെ പുറത്ത് നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ ഒരു കോളജിലും ഒരു കോഴ്‌സ് പോലും അനുവദിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, കാഞ്ഞിരംകുളം, കൊല്ലം ജില്ലയിലെ ചവറ, തൃശൂര്‍ ജില്ലയിലെ ചാലക്കുടി, തൃശൂര്‍, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മൊകേരി എന്നിവിടങ്ങളിലെ ഗവ. കോളജുകളിലും തൃശൂര്‍ ജില്ലയിലെ ശ്രീ കേരളവര്‍മ്മ കോളജ് (എയ്ഡഡ്) എന്നിവിടങ്ങളിലായാണ് 21 കോഴ്‌സുകള്‍ അനുവദിച്ചത്. 11 കോളജുകളില്‍ ഒരു എയ്ഡഡ് കോളജ് മാത്രം ഉള്‍പ്പെട്ടത് എന്തുകൊണ്ടാണ് എന്നറിയില്ല. കുട്ടികളുടെ പ്രവേശനത്തിനും അധ്യാപക നിയമനത്തിനുമൊന്നും ചില്ലിക്കാശ് പോലും അനധികൃതമായി വാങ്ങാത്ത നമ്മുടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്തിരുന്ന തിരൂരങ്ങാടിയിലെ യതീംഖാന കമ്മിറ്റിക്ക് കീഴിലുള്ള പി.എസ്.എം.ഒ കോളജിലെങ്കിലും ഒരു കോഴ്‌സ് കൊടുത്തിട്ട് ന്യൂനപക്ഷ സംരക്ഷണത്തെപറ്റി പ്രസംഗിക്കുകയാണെങ്കില്‍ അത് കേള്‍ക്കാനൊരു രസമുണ്ടായിരുന്നു. അതൊന്നും കൊടുക്കാതെയാണ് ഇപ്പോള്‍ വീണ്ടും, തിരുവനന്തപുരത്ത് ഒരു പുതിയ എയ്ഡഡ് കോളജ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അംഗീകൃത കോളജുകളിലേക്ക് അഡ്മിഷനുള്ള അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ അരലക്ഷത്തിലധികം കുട്ടികളാണ് സീറ്റ് കിട്ടാതെ പുറത്തായത്. ഈ കുട്ടികളുടെ മുഖത്ത് നോക്കി ഒരു പരിഹാസച്ചിരിയും പാസാക്കിയാണ് തെക്കന്‍ ജില്ലകളില്‍, സര്‍ക്കാര്‍ പുതിയ കോഴ്‌സുകളും കോളജുകളും അനുവദിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് ജില്ലകളിലെ കോളജുകളാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ളത്. ഇവിടെ മാനേജ്‌മെന്റ്, മെറിറ്റ്, സംവരണ സീറ്റുകള്‍ ഉള്‍പ്പെടെ 56,000 പേര്‍ക്കാണ് അഡ്മിഷന്‍ കിട്ടിയത്. പകുതിയില്‍ അധികം കുട്ടികള്‍ സീറ്റില്ലാതെ പുറത്തായി. കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയില്‍ ആകെയുള്ളത് 288 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍. ഇവിടെ ആകെ ലഭ്യമായ സീറ്റുകളുടെ എണ്ണമാണ് 56,000. 1,31,979 പേരാണ് ഡിഗ്രി സീറ്റിന് അപേക്ഷിച്ചത്. 75,979 പേര്‍ സീറ്റ് കിട്ടാതെ പുറത്തായി.
സംസ്ഥാനത്ത് ആകെയുള്ള സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളുടെ എണ്ണം 213 ആണ്. 153 എയ്ഡഡ് കോളജുകളും 60 ഗവ. കോളജുകളും. ഇതില്‍ 136 കോളജുകള്‍ തിരുകൊച്ചിയിലാണ്. മലബാറില്‍ ആകെയുള്ളത് 77 കോളജുകള്‍. തൃശൂര്‍ ജില്ല കൂടി ഉള്‍പ്പെടുന്ന കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലായി ആകെയുള്ളത് 80 കോളജുകള്‍ മാത്രം. 202 കോളജുകള്‍ അണ്‍ എയ്ഡഡ് മേഖലയിലാണ്.
തിരുകൊച്ചിയും മലബാറും തമ്മില്‍ കോളജുകളുടെ എണ്ണത്തിലുള്ള ഈ അസന്തുലിതാവസ്ഥ ജനസംഖ്യാ കണക്കുകൂടി വെച്ച് താരതമ്യം ചെയ്യപ്പെടണം. 2011ലെ സെന്‍സസ് പ്രകാരം 3.5 കോടിയോളമാണ് കേരളത്തിലെ ആകെ ജനസംഖ്യ. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് എന്നീ ആറ് മലബാര്‍ ജില്ലകളിലായി ആകെ ഒന്നരക്കോടിയോളം ജനസംഖ്യയുണ്ട്. തിരുകൊച്ചിയിലെ ആകെ ജനസംഖ്യ രണ്ട് കോടിയോളമാണ്. ഇവര്‍ക്ക് പഠിക്കാന്‍ 136 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളും മലബാറിലെ ഒന്നരക്കോടി ആളുകള്‍ക്ക് ആകെ 77 കോളജുകളും എന്ന അതിഭീകരമായ അസന്തുലിതാവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് തെക്കന്‍ ജില്ലകളില്‍ വീണ്ടും കോളജുകളും കോഴ്‌സുകളും അനുവദിച്ചു കൊണ്ടിരിക്കുന്നത്. 42 ലക്ഷത്തോളം ജനങ്ങളുള്ള മലപ്പുറം ജില്ലയില്‍ ഒരു കോഴ്‌സ് പോലും അനുവദിക്കാതെ എന്തു ന്യൂനപക്ഷ സംരക്ഷണമാണാവോ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ കണക്ക് പറയാന്‍ തുടങ്ങുമ്പോള്‍ വിമര്‍ശകര്‍ തിരിച്ച് ചോദിക്കുന്ന സ്ഥിരം ചോദ്യമുണ്ട്. മുസ്‌ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്കും യു.ഡി.എഫ് സര്‍ക്കാറിനും ഇത് പരിഹരിക്കാമായിരുന്നില്ലേ, എന്നതാണത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബ് ഇക്കാര്യത്തില്‍ നടത്തിയ നീക്കങ്ങള്‍ സമാനതകളില്ലാത്തതാണ്. കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്ലാത്ത നിയോജക മണ്ഡലങ്ങളില്‍ കോളജുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍, ഇങ്ങനെ അനുവദിക്കപ്പെട്ട 22 കോളജുകളില്‍ 13 എണ്ണം മലബാര്‍ ജില്ലകളിലായിരുന്നു. ഇക്കാലഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ 9 പുതിയ കോളജുകളാണ് തുടങ്ങിയത്. മങ്കട, താനൂര്‍, തവനൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഗവ. കോളജുകളും വേങ്ങര, വണ്ടൂര്‍, ആതവനാട് എന്നിവിടങ്ങളില്‍ എയ്ഡഡ് കോളജുകളും മലപ്പുറത്ത് പുതുതായി ഒരു ഗവ. വനിത കോളജും അനുവദിക്കപ്പെട്ടു. പരപ്പനങ്ങാടിയില്‍ എല്‍.ബി.എസിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഭാഗമായി സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മേഖലയില്‍ ഒരു ആര്‍ട്‌സ് കോളജും പ്രവര്‍ത്തനം ആരംഭിച്ചു. 2011ന് മുമ്പ് മലപ്പുറത്ത് ആകെയുണ്ടായിരുന്നത് വെറും മൂന്ന് ഗവ. കോളജുകളാണ് എന്ന വസ്തുത കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഇവിടെയാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വെറും അഞ്ച് കൊല്ലത്തിനിടയില്‍ ആറ് സര്‍ക്കാര്‍ കോളജുകളും, മൂന്ന് എയ്ഡഡ് കോളജുകളും അനുവദിച്ചത്.
പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് തന്നെയാണ് കേരളത്തിലെ എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലും പുതിയ കോഴ്‌സുകള്‍ അനുവദിക്കപ്പെട്ടത്. മലബാര്‍ മേഖലയില്‍ കോളജുകളുടെ എണ്ണക്കുറവ് പരിഗണിച്ച് രണ്ട് കോഴ്‌സുകള്‍ വീതവും, തെക്കന്‍ ജില്ലകളില്‍ ഓരോ കോഴ്‌സ് വീതവുമാണ് അന്ന് അനുവദിച്ചത്. പ്രാദേശികമായ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് ഇങ്ങനെയൊരു സമീപനം സ്വീകരിച്ചത്. ഇതിനു പുറമെ എയ്ഡഡ് മേഖലയിലുള്ള അറബിക് കോളജുകളിലും, അവയെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ പാകത്തിലുള്ള ജനറല്‍ ഡിഗ്രി കോഴ്‌സുകള്‍ അനുവദിച്ചു. കേരളത്തില്‍ പൊതുവിലും, മലബാറില്‍ പ്രത്യേകിച്ചും സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കോളജുകളും കോഴ്‌സുകളും അനുവദിച്ച വിദ്യാഭ്യാസ മന്ത്രിയാണ് അബ്ദുറബ്ബ്. സി.എച്ച് മുഹമ്മദ് കോയ തുടങ്ങി വെച്ച്, ചാക്കീരിയും ഇ.ടിയും നാലകത്ത് സൂപ്പിയും തുടര്‍ന്നുപോന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു അത്.
ഇതൊക്കെയാണെങ്കിലും മലബാറില്‍ ഇപ്പോഴും ജനസംഖ്യാനുപാതികമായി ഉന്നത പഠന സൗകര്യങ്ങളില്ല. മലബാറിലെ വിദ്യാഭ്യാസ സൗകര്യം വര്‍ധിപ്പിക്കുക എന്നത് മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും മാത്രം ഉത്തരവാദിത്തമല്ല. സി.പി.എമ്മിന് വലിയ സ്വാധീനമുള്ള കണ്ണൂര്‍, കാസര്‍ക്കോട്, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ കൂടി ഉള്‍പ്പെടുന്നതാണ് മലബാര്‍. കണ്ണൂര്‍കാരനായ നായനാര്‍ രണ്ട് തവണയാണ് കേരളത്തില്‍ മുഖ്യമന്ത്രിയായത്. ഇപ്പോള്‍ കണ്ണൂര്‍കാരന്‍ തന്നെയായ മുഖ്യമന്ത്രി പിണറായിയുടെ ഊഴമാണ്.
മലബാറിന്റെ സുല്‍ത്താന്‍ പട്ടം സ്വയം എടുത്തണിഞ്ഞ മന്ത്രിമാരും ഈ മന്ത്രിസഭയിലുണ്ട് എന്നു പറയപ്പെടുന്നു. നിയമസഭാ സ്പീക്കറും മലബാറില്‍ നിന്നു തന്നെ. ഒരു പാത്രത്തില്‍ കുറച്ച് ബീഫ് വരട്ടിക്കൊടുത്താല്‍ ന്യൂനപക്ഷ സംരക്ഷണമായി എന്നു പറഞ്ഞ് പാവം വോട്ടര്‍മാരെ പറ്റിക്കുന്നതിന് ഒരു പരിധി വേണ്ടേ? ന്യൂനപക്ഷ ശാക്തീകരണമെന്നത് അവരെ വിദ്യാഭ്യാസം കൊണ്ട് ശക്തിപ്പെടുത്തലാണ്. അതറിയാത്തവരൊന്നുമല്ല ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പക്ഷേ അവര്‍ ഭരിച്ചിടത്തൊന്നും ന്യൂനപക്ഷങ്ങളെ ഇങ്ങനെ ശാക്തീകരിച്ചിട്ടില്ല. നാലു പതിറ്റാണ്ടോളം ബംഗാള്‍ ഭരിച്ചിട്ടും അവിടത്തെ മുസ്‌ലിം സമൂഹത്തിന് ഒരു മേഖലയിലും പുരോഗതി ഉണ്ടായിട്ടില്ലല്ലോ
ഇടതുപക്ഷം ഭരിക്കുമ്പോള്‍ കോഴ്‌സുകളും, കോളജുകളും, പ്ലസ്ടു സീറ്റുമൊക്കെ ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം നേരെ മുസ്‌ലിം ലീഗിന്റെ ചുമലിലേക്ക് വെച്ച് തരുന്ന സ്ഥിരം പരിപാടി ഇടതുപക്ഷം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇവിടെ പതിനായിരങ്ങള്‍ സീറ്റില്ലാതെ അലയുമ്പോള്‍, അവര്‍ക്ക് പഠിക്കാന്‍ കോഴ്‌സ് ചോദിക്കുമ്പോള്‍ നേരെ തെക്കന്‍ ജില്ലകളില്‍ കോഴ്‌സും കോളജും കൊടുക്കുന്ന ഈ കലാപരിപാടി അങ്ങേയറ്റം അപഹാസ്യമാണ്.
പ്ലസ്ടു കഴിഞ്ഞ് ഡിഗ്രി പഠനത്തിന് ചേരുന്നവരുടെ അനുപാതത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മലപ്പുറം, കോഴിക്കോട്, പാലക്കാട്, കാസര്‍ക്കോട് ജില്ലകളാണ്. പ്രതിശീര്‍ഷ പ്രവേശന അനുപാതം എന്ന സൂചകമാണ് ഇതിനെ കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ മലബാറിലെ ജില്ലകള്‍ ദേശീയ ശരാശരിയേക്കാള്‍ ഏറെ പിറകിലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. എല്ലാം ശരിയാക്കുന്ന കൂട്ടത്തില്‍ ഇങ്ങനെയുള്ള കണക്കുകളൊക്കെ ഒന്നു പരിശോധിച്ചു നോക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending