Connect with us

Video Stories

ഭയം നിറക്കുന്ന പ്രത്യയശാസ്ത്രം

Published

on

ടി.കെ കുഞ്ഞുമുഹമ്മദ് ഫൈസി പേരാമ്പ്ര

1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ കയറി. ടി.കെ രാമകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. ആ കാലത്താണ് അറബി ഭാഷാ സമരത്തിനു നേര്‍ക്ക് മലപ്പുറത്ത് വെടിവെപ്പുണ്ടായതും മൂന്ന് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മരണപ്പെട്ടതും. മേല്‍ സമരത്തിന്റെ ഭാഗമായി അറബി ഭാഷക്കെതിരായ നീക്കത്തില്‍ നിന്നും നായനാര്‍ സര്‍ക്കാര്‍ പിന്മാറി.
കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തില്‍ അക്കാലത്ത് സി.പി.എം സഖാക്കളുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ അക്രമങ്ങളും നാളികേരം ഉള്‍പ്പെടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുപോവലും കൃഷിയിടങ്ങള്‍ നശിപ്പിക്കലും രൂക്ഷമായെങ്കിലും ഇടതുപക്ഷ പൊലീസ് നിഷ്‌ക്രിയമായിരുന്നു. ആ ഭരണം അധികം നീണ്ടുനിന്നില്ല.
അന്നത്തെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് പ്രസംഗിച്ചത്: ”നാദാപുരത്ത് മനുഷ്യന്റെ തലക്കും തെങ്ങിന്റെ കുലക്കും സംരക്ഷണം ലഭിക്കാന്‍ യു.ഡി.എഫിന് വോട്ട് ചെയ്യുക” എന്നായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് കെ. കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഗവ. അധികാരത്തില്‍ കയറി 1987 വരെ നാദാപുരം മേഖലയില്‍ ഉള്ളവര്‍ പൊലീസിന്റെ ശക്തമായ ഇടപെടല്‍ കാരണം ശാന്തിയോടെ ജീവിച്ചു. അതിനിടെയാണ് നേരത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന സിമി ”ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ” എന്ന മുദ്രാവാക്യം മുഴക്കി രംഗത്തുവന്നത്. ”ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയില്‍” എന്ന മുദ്രാവാക്യവുമായി സംഘപരിവാരം അതിനെ നേരിടാനുമിറങ്ങി.
യു.ഡി.എഫിന്റെ കാലാവധി പൂര്‍ത്തിയാക്കി 1987ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച് നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ വീണ്ടും നാദാപുരം ഉള്‍പ്പെടെ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എമ്മുകാര്‍ മുസ്‌ലിംകള്‍ക്കു നേരെ അക്രമമഴിച്ചുവിട്ടു. മുസ്‌ലിംകള്‍ക്ക് ജീവഹാനി സംഭവിച്ചതിനു പുറമെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, കൃഷികള്‍ ഉള്‍പ്പെടെ നശിപ്പിക്കപ്പെട്ടു. ക്രമസമാധാനം പാലിക്കേണ്ട പൊലീസ് നോക്കുകുത്തിയായെന്നു മാത്രമല്ല പലപ്പോഴും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയുമായിരുന്നു. ഇതിനെതിരെ അന്നത്തെ വിവാദ നായകനായ ഉത്തരമേഖലാ ഡി.ഐ.ജിയുടെ കോഴിക്കോട് ഓഫീസിലേക്ക് മുസ്‌ലിംലീഗ് മാര്‍ച്ച് നടത്തി. സമാധാനപരമായി നടന്ന മാര്‍ച്ചിലേക്ക് പൊലീസ് നോക്കിനില്‍ക്കെ സി.പി.എമ്മുകാര്‍ പ്രകടനമായി വന്നു. മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണം പ്രവര്‍ത്തകര്‍ ശാന്തരായി. പക്ഷെ പിന്നെ കാണുന്നത് പൊലീസിന്റെ നരനായാട്ടായിരുന്നു. സീനിയര്‍ നേതാവ് ബി.വി അബ്ദുല്ലക്കോയ സാഹിബ് ഉള്‍പ്പെടെ ലീഗിന്റെ നേതാക്കള്‍ക്ക് നേരെയും പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് അക്രമം അഴിച്ചുവിട്ടു. പട്ടാളപ്പള്ളിക്ക് നേരെ പൊലീസ് കല്ലെറിഞ്ഞു. മാര്‍ച്ച് കഴിഞ്ഞ് പ്രവര്‍ത്തകര്‍ മാനാഞ്ചിറ മൈതാനിയില്‍ പൊതുയോഗത്തിനായി സംഗമിക്കുമ്പോഴായിരുന്നു ഈ അതിക്രമങ്ങളൊക്കെയും. പട്ടാളപ്പള്ളിക്ക് നേരെ പൊലീസ് കല്ലെറിയുന്ന ചിത്രങ്ങളുമായാണ് പിറ്റേ ദിവസം പ്രമുഖ പത്രങ്ങള്‍ ഇറങ്ങിയത്. ഇതോടെ സമരം സംസ്ഥാന തലത്തില്‍ വ്യാപകമായി.
ഒടുവില്‍ മുസ്‌ലിംലീഗിന്റെ പ്രതിഷേധത്തിനുമുമ്പില്‍ മുട്ടുമടക്കിയ നായനാര്‍ സര്‍ക്കാര്‍ വിവാദ നായകനായ ഡി.ഐ.ജിയെ മാറ്റി പാലക്കാട് എസ്.പിയായിരുന്ന ജേക്കബ് പുന്നൂസിനെ നിയമിച്ചു. നായനാര്‍ ഗവണ്‍മെന്റിന്റെ തുടര്‍ന്നുള്ള ദുര്‍ഭരണത്തിനെതിരെ പ്രസിഡന്റ് എം.കെ മുനീറിന്റെ നേതൃത്വത്തില്‍ യൂത്ത്‌ലീഗ് കാസര്‍ക്കോട് നിന്നും തിരുവനന്തപുരത്തേക്ക് യുവജനയാത്ര നടത്തി.
ഇങ്ങനെ ജനാധിപത്യപരമായ പ്രതിഷേധ മാര്‍ഗങ്ങളിലൂടെ മുസ്‌ലിംലീഗ് അവകാശങ്ങള്‍ നേടിയെടുത്ത് കൊണ്ടിരിക്കുന്ന കാലത്ത് ഈ മാര്‍ഗം മതിയാവില്ലെന്നും കായികമായി അക്രമികളെ നേരിടണമെന്നും അതിനായി സംഘടിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വടകരക്കാരനായ ഒരു കളരി ഗുരുക്കള്‍ വടകര, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര ഭാഗങ്ങളിലെ മുസ്‌ലിം ചെറുപ്പക്കാരെ സംഘടിപ്പിച്ച് അവര്‍ക്ക് കായിക പരിശീലനങ്ങള്‍ നല്‍കി. ജില്ലയിലെ മുസ്‌ലിംലീഗ് നേതൃത്വം ഇവരെ സഹായിക്കാത്തതിനാല്‍ ”ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ” എന്ന മുദ്രാവാക്യം മുഴക്കിയ സിമിയുടെ പഴയ നേതാക്കളെ കോഴിക്കോട്ടെ യൂത്ത് സെന്ററില്‍ പോയി കണ്ടു. തുടര്‍ന്നവര്‍ വടകരയില്‍ മീറ്റിങ്ങുകള്‍ നടത്തി അണികളെ വശത്താക്കി സ്ഥാപക നേതാവിനെ ഒഴിവാക്കി. 1989 ല്‍ പുതിയൊരു സംഘടന ഉണ്ടാക്കുകയായിരുന്നു. അതീവ രഹസ്യമായി പ്രവര്‍ത്തിച്ച സംഘടനക്ക് എന്‍.ഡി.എഫ് (നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ്) അഥവാ ദേശീയ പ്രതിരോധ സേന എന്നായിരുന്നു പേരിട്ടത്. നാദാപുരത്തെ സഖാക്കളുടെ അക്രമങ്ങളില്‍ നിന്നും ആര്‍.എസ്.സ് അക്രമങ്ങളില്‍ നിന്നും മുസ്‌ലിംകളെ രക്ഷിക്കുന്നതിനുള്ള കൂട്ടായ്മയാണെന്നും ബി.ജെ.പി ഒഴികെ ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികളിലും ഇഷ്ടപ്പെട്ട മത സംഘടനകളിലും പ്രവര്‍ത്തിക്കാമെന്നും പറഞ്ഞുകൊണ്ടാണ് ചെറുപ്പക്കാരെ സംഘടനയിലേക്ക് ആകര്‍ഷിച്ചത്. സിമിയുടെയോ, ജമാഅത്തിന്റെയോ ആശയങ്ങള്‍ പറഞ്ഞിരുന്നില്ല. ഇന്ത്യയില്‍ മുസ്‌ലിംകളുടെ പരിതാവസ്ഥയും ആര്‍.എസ്.എസിന്റെ അക്രമങ്ങളും അതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന ക്ലാസുകള്‍ നല്‍കി പ്രതിജ്ഞ ചെയ്യിച്ചാണ് എന്‍.ഡി.എഫിലേക്ക് ആളുകളെ ചേര്‍ത്തത്. എന്‍.ഡി.എഫില്‍ ചേര്‍ന്നയുടന്‍ രണ്ട് ദിവസത്തെ ക്യാമ്പ് നടത്തി അംഗങ്ങളെ അരക്കിട്ടുറപ്പിക്കുന്നു. ആദ്യകാലത്ത് ഇത്തരം ക്യാമ്പുകള്‍ക്കായി ജമാഅത്ത് സ്ഥാപനങ്ങള്‍ ഉപയോഗിച്ചിരുന്നു. പില്‍ക്കാലത്ത് സ്വന്തമായി സ്ഥലം വാങ്ങി. നിരോധനം ഭയന്നതിനാല്‍ ജമാഅത്ത് മാതൃകയില്‍ ട്രസ്റ്റുകളുണ്ടാക്കി റജിസ്റ്റര്‍ ചെയ്താണ് സ്ഥാപനങ്ങള്‍, ഓഫീസുകള്‍ നിര്‍മ്മിച്ച് പരിപാടികള്‍ നടത്തിവന്നത്. മാസത്തില്‍ ഒരു യൂണിറ്റ് യോഗം, എന്‍.ഡി.എഫിന്റെ പ്രസക്തി വിളിച്ചോതുന്ന ഒരു മതപരമായ ക്ലാസ്, ആഴ്ചയില്‍ രണ്ട് ദിവസത്തെ കായിക പരിശീലനങ്ങളും അംഗങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു.
ആദ്യകാലത്ത് യൂണിറ്റിന് ”സെല്‍” എന്നും നേതാവിന് ചീഫ് എന്നും ഉന്നത നേതൃത്വത്തിന്” സുപ്രീം കൗണ്‍സില്‍” എന്നുമായിരുന്നു പേര്. സ്വന്തം പേരില്‍ ഓഫീസ് തുടങ്ങുന്നതുവരെ കോഴിക്കോട്ടെ യൂത്ത് സെന്ററായിരുന്നു ഓഫീസായി ഉപയോഗിച്ചിരുന്നത്, നേരത്തെ കവാത്ത് പഠിപ്പിക്കുമ്പോള്‍ ഒരുനാള്‍ ഇത് റോഡില്‍ ഇറങ്ങി ആര്‍.എസ്. എസിന് ബദലായി നടത്തുമെന്ന് അണികളെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു.
അക്രമങ്ങളില്‍ പിടിക്കപ്പെട്ടാല്‍ സംഘടനയുടെ പേര് പറയരുതെന്നും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേരേ പറയാവൂ എന്നും അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ടായിരുന്നു.
രഹസ്യമായി മലബാറില്‍ എന്‍.ഡി.എഫ് വളരുമ്പോള്‍ 1989ല്‍ തന്നെ തെക്കന്‍ കേരളത്തില്‍ അബ്ദുല്‍നാസര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ അത്യന്തം വൈകാരിക പ്രഭാഷണങ്ങളോടെ ആര്‍.എസ്.എസിന് ബദലായി ഐ.എസ്.എസ് രൂപംകൊണ്ടു. ഐ.എസ്.എസിന്റെ അന്നത്തെ ഒരു പ്രസംഗകന്‍ 6666 യൂണിറ്റുകള്‍ ഐ.എസ്.എസിനുണ്ടെന്ന് വരെ തട്ടിവിട്ടു. മേല്‍ വിഷയം ഗൗരിയമ്മ നിയമസഭയില്‍ പറയുകയുണ്ടായി. പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയും കഴിഞ്ഞിരുന്ന കേരളത്തില്‍ ഇത്തരം വൈകാരിക പ്രകടനങ്ങളെ മുസ്‌ലിംലീഗ് ശക്തമായി എതിര്‍ത്തു. ഇവിടെ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെയുള്ള അവകാശ പോരാട്ടമാണ് വേണ്ടതെന്ന് മുസ്‌ലിംലീഗ് കേരള സമൂഹത്തെയും മുസ്‌ലിം സമുദായത്തെയും ബോധ്യപ്പെടുത്തി.
1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് ആര്‍.എസ്.എസിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയെയും ഐ.എസ്.എസിനെയും നിരോധിച്ചു. ഐ.എസ്.എസ് പിരിച്ചുവിട്ട് മഅ്ദനി ഒളിവില്‍ പോയി. പിന്നീടാണ് മഅ്ദനി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതും തന്റെ കാല്‍ ബോംബെറിഞ്ഞു തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് മാപ്പ് കൊടുക്കുന്നതും. അതോടെ മുസ്‌ലിംലീഗ് നിലപാടാണ് ശരിയെന്ന് പൊതു സമൂഹത്തിന് ബോധ്യപ്പെടുകയായിരുന്നു.
പക്ഷെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ മുസ്‌ലിംലീഗ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് തെരുവിലിറങ്ങണമെന്ന് ജമാഅത്തെ ഇസ്‌ലാമിയും അവരുടെ പത്രവും കൂടെ അവരുടെ വലയില്‍ പെട്ട ചില നേതാക്കളും പ്രഖ്യാപിച്ചു. ”ഖാഇദെമില്ലത്ത് കള്‍ച്ചറള്‍ ഫോറം” എന്ന പേരില്‍ ഒരു സംഘടന തന്നെ നിലവില്‍ വന്നു. ജമാഅത്തിന്റെ കൂടെ ഈ സംഘടനക്ക് എല്ലാ അണിയറ സഹായങ്ങളും അന്ന് എന്‍.ഡി.എഫ് നേതൃത്വം ചെയ്തു കൊടുത്തിരുന്നു.
മുസ്‌ലിംലീഗിനെ തകര്‍ക്കാന്‍ പറ്റിയ അവസരമായി ഇതിനെ സുമദായത്തിലെ ലീഗ് വിരോധികള്‍ക്കൊപ്പം കണ്ട സി.പി.എം, ആര്‍.എസ്.എസ് പള്ളി തകര്‍ത്തതിലുള്ള മുസ്‌ലിം സമുദായത്തിന്റെ വികാരം, കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നുവെന്ന് പറഞ്ഞ് ലീഗിനെതിരെ തിരിച്ചുവിടാന്‍ എല്ലാ ശ്രമവും നടത്തി. ഒറ്റപ്പാലം പാര്‍ലമെന്റ് മണ്ഡലം ഇലക്ഷനിലും ഗുരുവായൂര്‍ നിയമസഭാ മണ്ഡലം ഇലക്ഷനിലും അവര്‍ക്കതിന്റെ ഗുണം കിട്ടി. ഒറ്റപ്പാലത്ത് അബ്ദുനാസര്‍ മഅ്ദനി അടക്കം സി.പി.എമ്മിന്റെ കൂടെ നിന്നാണ് പ്രവര്‍ത്തിച്ചതെങ്കില്‍ ഗുരുവായൂരില്‍ ജമാഅത്തും ഐ.എന്‍.എല്ലും ഒന്നിച്ചുള്ള സ്ഥാനാര്‍ത്ഥിയെയും മഅ്ദനി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയുമാണ് ലീഗിനെ പരാജയപ്പെടുത്തിയത്.
മുസ്‌ലിംലീഗ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിച്ച കാലമായിരുന്നു അത്. സത്യത്തില്‍ മുസ്‌ലിംലീഗിന്റെ അന്നത്തെ നിലപാടാണ് കേരളം കശ്മീരായി കാണാന്‍ കൊതിച്ച പലരുടെയും ആഗ്രഹങ്ങള്‍ തകര്‍ത്തുകളഞ്ഞത്. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടാളം റൂട്ട് മാര്‍ച്ച് നടത്തുമ്പോഴാണ് ഗവണ്‍മെന്റില്‍ നിന്നും മുസ്‌ലിം ലീഗ് രാജിവെച്ച് തെരുവിലിറങ്ങണമെന്ന് വൈകാരികമായി സംസാരിക്കുന്നവര്‍ ആവശ്യപ്പെട്ടത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അന്നത്തെ ആഹ്വാനമാണ് കേരളം സമാധാനമായി നില്‍ക്കാന്‍ കാരണമായത്.
താല്‍ക്കാലിക നഷ്ടങ്ങള്‍ മുസ്‌ലിംലീഗിന് സംഭവിച്ചെങ്കിലും അന്നത്തെ നിലപാടാണ് പാര്‍ട്ടിയുടെ ദീര്‍ഘദൃഷ്ടിയും നേതാക്കളുടെ നേതൃപാടവും നമ്മെ ബോധ്യപ്പെടുത്തുന്നത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെയും സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെയും ഇടപെടലായിരുന്നു പയ്യോളിയിലെ ഒരു കൊലപാതകത്തിന്റെ പേരില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ജനസംഘത്തിന്റെ ശ്രമം പരാജയപ്പെടുത്തിയത്.
(തുടരും)

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Video Stories

ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്.

Published

on

ഷാന്‍ വധക്കേസില്‍ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌  പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ പറവൂർ വടക്ക് ദേവസ്വം വെളി വീട്ടിൽ എച്ച്. ദീപക്കിനെയാണ് (44) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ പോകാൻ വേണ്ട സഹായം ചെയ്തതിനാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

കൊലക്കേസിലെ അഞ്ച്‌ പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍റെ അപ്പീലിലായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. പിന്നാലെ തന്നെ അന്വേഷണം നടത്തി രണ്ട് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നര വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയാണ്. അതേസമയം, ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ടവധശിക്ഷ വിധിച്ചിരുന്നു.

Continue Reading

Trending