Connect with us

Video Stories

ശഹീദ് ഭഗത്‌സിങും ശോഭാ സുരേന്ദ്രനും

Published

on

റവാസ് ആട്ടീരി

ലോകത്തിലെ ആദ്യ വിമാനം പുഷ്പക വിമാനം, ഗണപതിക്ക് പ്ലാസ്റ്റിക് സര്‍ജറി, മഹാഭാരതത്തില്‍ ഇന്റര്‍നെറ്റ്, ലോകത്തെ ആദ്യ എഞ്ചിനിയര്‍ രാമന്‍, പശു ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്നു, സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം… ബി.ജെ.പി നേതാക്കളുടെ തെരഞ്ഞെടുക്കപ്പെട്ട മണ്ടത്തരങ്ങളാണിത്. രാജ്യത്തെ തന്നെ നാണംകെടുത്തുന്ന അര ഡസനോളം പരാമര്‍ശങ്ങള്‍ വേറെയുമുണ്ട്. ഇതേകുറിച്ച് മുമ്പ് ബി.ബി.സി ന്യൂസ് പ്രത്യേക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ‘കൗസ് ടു പ്ലെയിന്‍സ്: ഇന്ത്യന്‍ മിനിസ്റ്റേഴ്‌സ് ഹു റീറോട്ട്‌സ് സയിന്റിഫിക് ഹിസ്റ്ററി’ (പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്ര ചരിത്രം തിരുത്തിയെഴുതുമ്പോള്‍) എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ശാസ്ത്ര സത്യങ്ങളെ നിരാകരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ മണ്ടന്‍ പരാമര്‍ങ്ങളെ കണക്കിന് കളിയാക്കുന്നുണ്ട് ബി.ബി.സി ന്യൂസ്. പോയത്തങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. പൗരാണിക ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്നും ആനയുടെ തലയും മനുഷ്യന്റെ ഉടലും ചേര്‍ന്ന് ഗണപതിയെ സൃഷ്ടിച്ചുവെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം ഏറെ പരിഹാസത്തിന് പാത്രമായിരുന്നു. ഇതിന്റെ അലയൊലി അടങ്ങും മുമ്പാണ് ചരിത്രപരമായ മണ്ടത്തരം മോദിയുടെ നാവിന്‍ തുമ്പില്‍ നിന്ന് ‘മൊഴിമുത്തുകളായി’ പെയ്തിറങ്ങുന്നത്. ഭഗത് സിങിനേയും ബത്തുകേശ്വര്‍ ദത്തിനേയും വീര്‍ സവര്‍ക്കറെയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളാരും തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിതാപം. ‘പ്ലാസ്റ്റിക് സര്‍ജറി’ മോദിയുടെ ശാസ്ത്രീയ ജ്ഞാനത്തിന്റെ ആഴത്തിലുള്ള മണ്ടത്തരം വെളിപ്പെടുത്തുന്നതാണെങ്കില്‍ ശഹീദ് ഭഗത് സിങിനോടുള്ള പ്രധാനമന്ത്രിയുടെ പ്രണയാര്‍ദ്രമായ പരാമര്‍ശം ചരിത്ര ജ്ഞാനത്തിലെ തന്റെ വിവരമില്ലായ്മയുടെ വൃത്തികെട്ട വിളിച്ചുപറയലാണ്. ചരിത്രബോധമില്ലാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ പാടുപെട്ട് പൊട്ടക്കിണറ്റില്‍ വീണ കേരളത്തിലെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നത്തെ ‘താരം’.
എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കര്‍ണാടകയിലെ ബിഡാറില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. ‘ഇനി മുതല്‍ താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ല’ എന്ന് ജയിലില്‍ വെച്ച് മാപ്പെഴുതി നല്‍കിയ വീര്‍ സവര്‍ക്കറെയും ‘സ്വാതന്ത്ര്യസമര സേനാനിയെന്ന്’ വിശേഷിപ്പിച്ചായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ ഊറ്റം കൊണ്ടത്. ‘ശഹീദ് ഭഗത് സിങ്, ബത്തുകേശ്വര്‍ ദത്ത്, വീര്‍ സവര്‍ക്കര്‍ എന്നിവരെപ്പോലുള്ള മഹാന്മാര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി ജയിലില്‍ അകപ്പെട്ടപ്പോള്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ അവരെപ്പോയി കണ്ടോ?’ എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. ‘ജയിലിലടക്കപ്പെട്ട അഴിമതിക്കാരെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നുണ്ട്. അഴിമതിക്കാരെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ലെ’ന്നും മോദി പറഞ്ഞിരുന്നു. പ്രസംഗം കേട്ട് കോരിത്തരിച്ച വേദിയിലെ ബി.ജെ.പി നേതാക്കളെല്ലാം പുതിയ ചരിത്ര വക്രീകരണത്തെ പുകഴ്ത്തി സംസാരിക്കാന്‍ മത്സരിക്കുകയായിരുന്നു. വേദിയിലെ നേതാക്കള്‍ മാത്രമല്ല, ബിഡാറിലെ ബി.ജെ.പി അനുയായികളും ധീര ദേശാഭിമാനികളെ തങ്ങളുടെ പാര്‍ട്ടി മറക്കാതെ ഓര്‍ത്തെടുത്തതിലെ വീരസ്യം മോദിക്കു വേണ്ടി മുദ്രാവാക്യം മുഴക്കി പ്രകടിപ്പിച്ചു. ഇതിന്റെ ആത്മരതിയില്‍ ‘ശഹീദ്’ എന്ന പദത്തിന് പുതിയ വ്യാഖ്യാനം നല്‍കിയ ശോഭാ സുരേന്ദ്രന്‍ അമളിയുടെ ആഴിയില്‍ ആപതിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പ്രമുഖ മലയാളം ചാനലില്‍ ഇതുസംബന്ധമായ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ ഉത്തരംമുട്ടി കൊഞ്ഞനം കുത്തുന്നത് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ഭഗത് സിങിനെ ജയിലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന ചരിത്രകാരന്മാരുടെയും മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ തള്ളി വിചിത്ര വിശദീകരണമാണ് ബി.ജെ.പി നേതാവ് നല്‍കിയത്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഭഗത് സിങിനെ ജയിലില്‍ സന്ദര്‍ശിച്ച കാര്യം തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ടെന്ന് അവതാരക പറഞ്ഞെങ്കിലും ഒരു വ്യക്തി സ്വയം എഴുതിയ ആത്മകഥ എങ്ങനെയാണ് ചരിത്രമായി അംഗീകരിക്കുക എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാദം. ഗത് സിങിനെ ആരും സന്ദര്‍ശിച്ചില്ല എന്നതല്ല പ്രധാനമന്ത്രി പറഞ്ഞതെന്നും ശഹീദായ അഥവാ രക്തസാക്ഷിയായ ഭഗത്‌സിങിനെ ആരും സന്ദര്‍ശിച്ചില്ല എന്നതാണ് പ്രധാനമന്ത്രി പറഞ്ഞതെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ വിശദീകരണം. പ്രധാനമന്ത്രി മാത്രമല്ല, പാര്‍ട്ടിയിലെ ഏതാണ്ടെല്ലാ നേതാക്കളും ചരിത്രബോധത്തില്‍ തുല്യരാണെന്ന് ഈ ഉരുണ്ടുകളിയില്‍ നിന്നു പ്രേക്ഷകര്‍ മനസിലാക്കുകയും ചെയ്തു. പ്രധാനമന്ത്രി പറഞ്ഞത് ശരിയെന്ന് ചര്‍ച്ചയില്‍ ആദ്യം വാദിച്ച ശോഭ സുരേന്ദ്രന്‍, പ്രധാനമന്ത്രി നുണ പറഞ്ഞെന്ന് തെളിയിക്കാന്‍ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസിലെ ജീവിച്ചിരിക്കുന്ന ഏതെങ്കിലും നേതാക്കളുണ്ടോ എന്ന് വെല്ലുവിളിക്കുകയും അവതാരകയുടെ എല്ലാ ചര്‍ച്ചയും തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്താണ് കലിയടക്കിയത്.
പ്രധാനമന്ത്രി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് കോണ്‍ഗ്രസും സമൂഹമാധ്യമങ്ങളും പറയുന്നു. എന്താണ് താങ്കള്‍ക്ക് പറയാനുള്ളത് എന്നായിരുന്നു അവതാരകയുടെ ആദ്യ ചോദ്യം. എന്നാല്‍ ചോദ്യത്തിന് ഉത്തരം പറയാതെ വഴിതിരിച്ചുവിടാനായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭാവം. വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍’ഏതെങ്കിലും നേതാവിന് പ്രധാനമന്ത്രി പറഞ്ഞത് കളവാണെന്ന് തെളിയിക്കാന്‍ കഴിയുമോ? അദ്ദേഹം ചരിത്രമാണ് പറഞ്ഞിരിക്കുന്നത്. സത്യമാണ് പറഞ്ഞിരിക്കുന്നത് എന്ന് ശോഭ സുരേന്ദ്രന്‍ വീറോടെ വാദിക്കുകയും ചെയ്തു. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് വിവരങ്ങള്‍ അറിയാനുള്ള കഴിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും ശോഭാ സുരേന്ദ്രന്‍ തട്ടിവിട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ പറയട്ടെ, കോണ്‍ഗ്രസിന്റെ ഏത് നേതാവ് എപ്പോഴാണ് ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയത്. എവിടെയാണ് അത് രേഖപ്പെടുത്തിയത്. എത്രാമത്തെ പേജിലാണ് എന്നു പറയട്ടെ എന്നും തൊണ്ടകീറി പറഞ്ഞപ്പോഴാണ് ഇക്കാര്യം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മകഥയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അവതാരക ഓര്‍മപ്പെടുത്തിയത്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം കാണിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞെങ്കിലും പ്രസംഗം കാണിച്ചിട്ടാണ് ചര്‍ച്ച തുടര്‍ന്നതെന്ന് അവതാരക പറഞ്ഞതോടെ ശോഭാസുരേന്ദ്രന്‍ വീണ്ടും വെട്ടിലായി. ഒരു വ്യക്തി സ്വയം എഴുതിയ ആത്മകഥ എങ്ങിനെയാണ് ചരിത്രമായി അംഗീകരിക്കുക എന്നായിരുന്നു ശോഭാസുരേന്ദ്രന്റെ വാദം. നെഹ്‌റുവിന്റെ ആത്മകഥയുടെ മുന്നില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പ്രസംഗം ബി.ജെ.പിയുടെ നേതൃത്വത്തില്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ പൊതുജനങ്ങളെ കാണിക്കുമെന്നും ശോഭ പറഞ്ഞതോടെ അവതാരക ഇപ്പോള്‍ തന്നെ പ്രസംഗം കാണിക്കാം എന്നു പറഞ്ഞ് ‘വീര രക്തസാക്ഷി ഭഗത് സിങിനെ വാദം നടക്കുന്ന കാലയളവില്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും ഏതെങ്കിലും ഒരു വ്യക്തി ജയിലില്‍ സന്ദര്‍ശിച്ചിരുന്നോ?’ എന്ന പ്രധാനമന്ത്രിയുടെ പ്രസംഗം കാണിക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പി നേതാവ് പത്തിമടക്കി മാളത്തിലൊളിക്കുകയായിരുന്നു. തുടര്‍ന്ന് നിലപാട് മാറ്റിയ ശോഭാ സുരേന്ദ്രന്‍ ശഹീദ് ഭഗത് സിങെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മരണശേഷം അദ്ദേഹത്തെ ആരും സന്ദര്‍ശിച്ചില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും വാദിക്കുകയായിരുന്നു. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത് മുഴുവന്‍ ആളുകള്‍ക്കും ചിരിയടക്കാനായില്ല.
ഭഗത് സിങിനെ തനിക്കാക്കി വെടക്കാക്കാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രം ചരിത്ര വര്‍ഗീകരണത്തിലൂടെ പാര്‍ട്ടിയുടെ സ്വാധീനം വിപുലപ്പെടുത്താനുള്ള കുത്സിത നീക്കത്തിന്റെ ഭാഗമാണ്. പക്ഷേ, പിറന്ന നാടിന്റെ മോചനത്തിന് തീക്ഷ്ണ യൗവനത്തിന്റെ നിത്യവസന്തം ബലികഴിപ്പിച്ച ഭഗത് സിങിനെ കൂട്ടുപിടിച്ചുള്ള ഫാസിസ്റ്റുകളി അല്‍പ്പം കടന്നതായിപ്പോയി. വന്ദേമാതരം ചൊല്ലി കഴുമരത്തിലേക്കു കടന്നുചെന്നുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ബലപ്പെടുത്താന്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞൊപ്പിച്ചത്. എന്നാല്‍ ഭരണ വര്‍ഗത്തിന്റെ ബധിര കര്‍ണങ്ങള്‍ തുറക്കാന്‍ നല്ലത് കൈ ബോംബിന്റെ ശബ്ദമാണെന്ന് പറഞ്ഞ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആദ്യമായി ഇന്‍ക്വിലാബിന്റെ ഇടിമുഴക്കം തീര്‍ത്ത ധീര ദേശാഭിമാനിയാണ് ഭഗത് സിങ്. രക്തസാക്ഷിത്വതിലേക്ക് നടന്നടുക്കുമ്പോള്‍ മനസാ വരിച്ച മരണത്തിന്റെ മുമ്പില്‍ കറുത്ത മൂടുപടം തനിക്കാവശ്യമില്ലെന്നു ചെറു മന്ദഹാസത്തോടെ പറഞ്ഞ് തൂക്കുകയര്‍ വരണമാല്യം പോലെ കഴുത്തിലണിഞ്ഞു വിപ്ലവം ജയിക്കട്ടെ, സാമ്രാജ്യത്വം തുലയട്ടെ എന്നു മുദ്രാവാക്യം മുഴക്കിയ ആ മൂന്നു വീര പൗരുഷങ്ങള്‍ -ഭഗത് സിങും രാജ് ഗുരുവും സുഖ്‌ദേവും-ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ത്രസിപ്പിക്കുന്ന ഓര്‍മകളാണ്.
ബാല്യകാലം തൊട്ടു തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ വിപ്ലവബോധം നെഞ്ചിലേറ്റിയ ശൂരത്വമായിരുന്നു ഭഗത് സിങിന്റേത്. വിദ്യാര്‍ഥി ജീവിതത്തില്‍ വായിച്ചിരുന്ന യൂറോപ്പിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങളാണ് അദ്ദേഹത്തെ ബ്രിട്ടീഷ് രാജിനെതിരെ പോരാട്ടത്തിനിറങ്ങാന്‍ പ്രചോദിപ്പിച്ചത്. അക്രമരഹിതമായ സമരമാര്‍ഗങ്ങളേക്കാള്‍ സായുധപോരാട്ടത്തിനു മുന്‍ഗണന നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനായി ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന വിപ്ലവസംഘടന രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. ശക്തമായ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അണിയറയിലും അരങ്ങത്തും നേതൃത്വം നല്‍കിക്കൊണ്ടിരിക്കെയാണ് ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട് അദ്ദേഹം ബ്രിട്ടീഷ് പൊലീസിന്റെ വലയിലാകുന്നത്. പൊലീസില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുണ്ടായിരുന്നെങ്കിലും തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികള്‍ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിങും കൂട്ടരും പൊലീസിനു കീഴടങ്ങിയത്. ജോണ്‍ സൗണ്ടര്‍ എന്ന പൊലീസുകാരനെ വധിച്ച കേസിലും ഭഗത്‌സിങിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടു. ലാഹോര്‍ ഗൂഢാലോചനാ കേസില്‍ ഭഗത് സിങിനെ വിചാരണ ചെയ്യുകയും 23-ാമത്തെ വയസില്‍ വധശിക്ഷക്കു വിധേയനാക്കുകയും ചെയ്തു. 1931 മാര്‍ച്ച് 24 നായിരുന്നു ഭഗത്‌സിങിന്റെ വധശിക്ഷ നടപ്പാക്കാന്‍ കോടതി ഉത്തരവായത്. എന്നാല്‍ ഭഗത്‌സിങിനെപ്പോലും മുന്‍കൂറായി അറിയിക്കാതെ മാര്‍ച്ച് 23നായിരുന്നു ഭഗത് സിങിനെയും രജ്ഗുരുവിനെയും സുഖ്‌ദേവിനേയും തൂക്കിലേറ്റിയത്. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പിറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങള്‍ ലാഹോറില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള ഗന്ധ സിങ് വാല ഗ്രാമത്തില്‍ വെച്ച് അഗ്നിക്കിരയാക്കി. ചാരം, സത്‌ലജ് നദിയിലെറിയുകയായിരുന്നു. വീട്ടുകാരെയും ബന്ധുക്കളെയുംപോലും ഭഗത് സിങിന്റെ മൃതദേഹം കാണിച്ചിട്ടില്ല എന്നതാണ് വസ്തുത.
ജയിലില്‍ കിടക്കുമ്പോള്‍ ഭഗത് സിങിനെ നെഹ്‌റു സന്ദര്‍ശിച്ചത് തെളിയിക്കുന്ന ചരിത്ര രേഖകള്‍ നിരവധിയുണ്ട്. ഭഗത്‌സിങ്, രാജ്ഗുരു എന്നിവരടക്കമുള്ളവര്‍ കഴിഞ്ഞിരുന്ന ലാഹോര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് ജവഹര്‍ലാല്‍ നെഹ്‌റു കണ്ടത്. 1929 ഓഗസ്റ്റ് എട്ടാം തീയതിയാണ് ജയിലില്‍ എത്തിയത്. ജയിലിലെ സന്ദര്‍ശകരുടെ രേഖയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഒപ്പിടുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വന്നയുടനെ ഇതു തെറ്റാണെന്ന് സമര്‍ത്ഥിച്ച പ്രമുഖ ചരിത്രകാരന്‍ സയ്യിദ് ഇര്‍ഫാന്‍ ഹബീബ് നിരവധി തെളിവുകള്‍ നിരത്തുകയും ചെയ്തിരുന്നു. നെഹ്‌റു ഇരുവരെയും ജയിലില്‍ പോയി കാണുകയും എഴുതുകയും ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം ചരിത്രത്തത്തെ ഉദ്ധരിച്ച് തറപ്പിച്ചു പറയുന്നത്. നെഹ്‌റു മാത്രമല്ല മറ്റു കോണ്‍ഗ്രസ് നേതാക്കളും ഭഗത്‌സിങിനോടൊപ്പം ജയിലില്‍ കഴിയുന്നവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ഗാന്ധിജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞിരുന്നു. ഭഗത് സിങിനെ കുറിച്ച് പുസ്തകം തയാറാക്കിയ ചരിത്രകാരനാണ് സയ്യിദ് ഇര്‍ഫാന്‍ ഹബീബ്. (ടു മെയ്ക് ദി ഡെഫ് ഹിയര്‍ ഐഡിയോളജി ആന്റ് പ്രോഗ്രാം ഓഫ് ഭഗത് സിങ് ആന്റ് ഹിസ് കോംറേഡ്‌സ്). രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോദി ചരിത്രം വളച്ചൊടിക്കുന്നതിന് മുമ്പ് ചരിത്ര പുസ്തകം വായിക്കണമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
ഇടക്കിടെ ഇവ്വിധം മണ്ടത്തരങ്ങള്‍ വേദവാക്യം പോലെ ബി.ജെ.പി നേതാക്കളില്‍ നിന്നുണ്ടാവുന്നത് യാദൃച്ഛികമല്ല. ബോധപൂര്‍വമായ രാഷ്ട്രീയ ‘ഗെയിം’ ആണ് ബി.ജെ.പി ഇതിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഗീബല്‍സിനെ പോലും നാണിപ്പിക്കുന്ന നുണകള്‍ ബി.ജെ.പിക്കു വേണ്ടി പടച്ചുവിടുന്ന ‘റിസര്‍ച്ച് ടീം’ ആണ് ഈ ഗെയിമിനു പിന്നില്‍. മഹാഭാരത യുദ്ധകാലത്ത് ഇന്റര്‍നെറ്റ് സൗകര്യമുണ്ടായിരുന്നുവെന്നും അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ യുദ്ധവിവരങ്ങള്‍ വിവരിച്ചുകൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നുവെന്നും പറഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് വീണ്ടും മണ്ടത്തരം ആവര്‍ത്തിച്ചപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി അദ്ദേഹത്തെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചത്. അതേ പ്രധാനമന്ത്രിയാണ് പൗരാണിക ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്നും ആനയുടെ തലയും മനുഷ്യന്റെ ഉടലും ചേര്‍ന്ന ഗണപതിയെ സൃഷ്ടിച്ചത് ഇതിലൂടെയാണെന്നും കണ്ടെത്തിയത്. ഇത് ലോകത്തോട് വിളിച്ചുപറഞ്ഞത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും. ലോകത്തെ ആദ്യ എഞ്ചിനിയര്‍ രാമനാണെന്നും അദ്ദേഹം ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് പാലം പണിതെന്നും വിജയ് രൂപാണി തട്ടിവിട്ടു. ലോകത്തിലെ ആദ്യ വിമാനം കണ്ടെത്തിയത് ഇന്ത്യക്കാരാണെന്നും അതിന്റെ പേര് പുഷ്പക വിമാനമെന്നാണെന്നും ആദ്യ പൈലറ്റ് കുബേരനാണെന്നും പറഞ്ഞത് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിങായിരുന്നു. കാന്‍സര്‍ വരുന്നതും മരിക്കുന്നതുമെല്ലാം രോഗികള്‍ മുന്‍കാലങ്ങളിലും പൂര്‍വജന്മത്തിലും ചെയ്ത പാപത്തിന്റെ ഫലമാണെന്ന് പറഞ്ഞ ആസാമിലെ ആരോഗ്യ മന്ത്രിയും പശു ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്നുവെന്നും പനി ഉണ്ടായാല്‍ പശുവിന്റെ അടുത്തിരുന്നാല്‍ മാറുമെന്നും പറഞ്ഞത് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയുമാണ്. വൈക്കോലില്‍ നിന്ന് സ്വര്‍ണമുണ്ടാക്കാമെന്ന് പറഞ്ഞ ബി.ജെ.പി വിദ്വാനെയും ഇതിനിടെ ഇന്ത്യ കണ്ടു.
വാല്‍ക്കഷ്ണം: ഭഗത് സിങിനെ മോദി സന്ദര്‍ശിക്കുന്നതിന്റെ ‘ചിത്രം’ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ ഭഗത് സിങിന് വീട്ടില്‍ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്ന മോദിയുടെ ഈ ഫോട്ടോഷോപ്പ് ചിത്രം ഉയര്‍ത്തിപ്പിടിച്ച് നാളെ വി. മുരളീധരനോ എം.ടി രമേശോ കെ. സുരേന്ദ്രനോ ജെ. പത്മകുമാറോ വരാതിരുന്നെങ്കില്‍ എന്ന് ആശിക്കാം. ആരു വന്നാലും അല്‍ഫോണ്‍സ് കണ്ണന്താനം വരാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending