സിപിഎമ്മിലെ പരമ്പരാഗത ശാക്തിക ചേരിയില്‍ മധുരാ കോണ്‍ഗ്രസോടെ കേരളത്തിന്റെ ആധിപത്യം കൂടുതല്‍ വ്യക്തമാവുകയാണ് . തീരുമാനങ്ങള്‍ എടുക്കുന്നതിലും അത് നടപ്പാക്കുന്നതിലും കേരളം ഇപ്പോള്‍ ബംഗാളിന് ബഹുദൂരം മുന്നിലാണ്. പാര്‍ട്ടിയുടെ അധികാരം ബംഗാളില്‍ നഷ്ടമായതോടെപാര്‍ട്ടിസംവിധാനങ്ങളും നിലംപരിശായി.
അണികള്‍ ചിതറിത്തെറിച്ച് പലപാര്‍ട്ടികളിലും പോയി. പാര്‍ട്ടി ഭാരവാഹികളായിരുന്നവര്‍ നിത്യജീവിതത്തിന് വരുമാനം തേടി കേരളത്തില്‍ പോലും ഹോട്ടല്‍ പണിക്കും കൂലിപ്പണിക്കും എത്തി. ഈ അവസ്ഥയില്‍ അധികാരവും പാര്‍ട്ടി സംവിധാനങ്ങളും അധികാരവും നില നിര്‍ത്തുന്ന കേരളം അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടിയിലും മേധാവിത്വം നേടുന്നത് സ്വാഭാവികമായ പരിണാമമാണ്.
സിപിഎമ്മിന്റെ രാഷ്ടീയ ചരിത്രം കേരളം – ബംഗാള്‍ ശാക്തിക ചേരികളുടെ ബലാബല ചരിത്രം കൂടിയാണ്. ഇരുപത്തി നാലാം കോണ്‍ഗ്രസ് എത്തുമ്പോള്‍ അതില്‍ ഒരു ശാക്തിക ചേരി നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം കൂടിയുണ്ട് . മുന്‍കാലങ്ങളില്‍, പാര്‍ട്ടിയുടെ കേരള-പശ്ചിമ ബംഗാള്‍ ലോബികള്‍ തമ്മില്‍ പലതവണ രാഷ്ട്രീയമായി നേരിട്ട് ഏറ്റുമുട്ടിയിട്ടുണ്ട്.
സിപിഎമ്മിന്റെ സുവര്‍ണ കാലത്തില്‍ 1996ല്‍ ജ്യോതി ബസുവിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍ കേരള ലോബി അതിനെതിരെ നിലപാടെടുത്തു. പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ അഭിപ്രായ സമന്വയം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബസു അത് നിരസിക്കുകയും ചെയ്തു. ഇതാണ് പിന്നീട് അവര്‍ ചരിത്രപരമായ മണ്ടത്തരം എന്നു വിലയിരുത്തിയത്.
2007ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യത്തിലും ഇരു ലോബികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കോണ്‍ഗ്രസുമായി അന്ന് ഇരു സംസ്ഥാനങ്ങളിലും പ്രഖ്യാപിത ശത്രുവായിരുന്നിട്ടും കേരള- ബംഗാള്‍ താത്പര്യങ്ങള്‍ തമ്മില്‍ വടംവലി നടന്നു. 2015ല്‍ സീതാറാം യെച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോഴും ഇത് കണ്ടു. കേരളത്തിലെ നേതാക്കള്‍ എസ് രാമചന്ദ്രന്‍ പിള്ളയെ ആണ് അന്ന് പിന്തുണച്ചിരുന്നത്. പിന്നീട് ഒരുഘട്ടത്തില്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
മുഖ്യശത്രു ആരാണ് , അത് ബിജെപിയോ കോണ്‍ഗ്രസോ എന്ന വിഷയത്തിലും മാസങ്ങള്‍ നീണ്ട വാഗ്വാദം ഇരു ചേരികള്‍ തമ്മിലുണ്ടായി. രണ്ടിടത്തും രാഷ്ട്രീയ നിലനില്‍പ്പായിരുന്നു മുഖ്യവിഷയം. പ്രത്യയശാസ്ത്രമായിരുന്നില്ല നയത്തിന് അടിസ്ഥാനം. അന്ന് അടവു നയമായി കേരളവും ത്രിപുരയും ഒഴികെയുള്ളിടത്ത് സഖ്യമാകാമെന്ന് തീരുമാനിച്ചു. കേരള നേതാക്കളുടെ നിലപാട് സംസ്ഥാന തലത്തില്‍ അംഗീകരിക്കപ്പെട്ടു.
ഇതു കൂടാതെയാണ് സിപിഎം നേരിടുന്ന സാമ്പത്തിക പ്രശ്‌നം. പാര്‍ട്ടിയുടെ ചെലവുകള്‍ക്കുള്ള ഫണ്ട് കണ്ടെത്താന്‍ കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കഷ്ടപ്പെടുകയാണ്. അധികാരത്തിലിരുന്ന ബംഗാള്‍ ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ പാര്‍ട്ടി സംവിധാനങ്ങള്‍ അപ്പാടെ തകര്‍ന്നു. പാര്‍ട്ടി ദൈനംദിന ചെലവുകള്‍ക്കു പോലും പണം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന പ്രശ്‌നവുമുണ്ട്.
ദേശീയ തലത്തില്‍ പോലും ഫണ്ടിനായി കേരള ഘടകത്തെ ആശ്രയിക്കേണ്ട നിലയിലാണ് സിപിഎം . അതിനാല്‍ അധികാരമുള്ള ഏക സംസ്ഥാനത്തിന്റെ നേതാക്കള്‍ വരയ്ക്കുന്ന വരയില്‍ നില്‍ക്കണ്ട ദുരവസ്ഥയിലാണ് കേന്ദ്ര നേതാക്കള്‍ . സാമ്പത്തിക പ്രതിസന്ധി നല്‍കുന്ന അപ്രമാദിത്തം കേരളത്തിന്റെ സമീപനങ്ങളിലും നയങ്ങളിലും കടന്നുവരുന്നത് ആ രീതിയില്‍ സ്വാഭാവികമാണ്. മകള്‍ക്കെതിരേ എല്ലാ തെളിവുകളുമായി ഒരു അന്വേഷണം ്ര്രപഖ്യാപിക്കപ്പെടുമ്പോഴും മുഖ്യമന്ത്രിയെ ന്യായീകരിക്കേണ്ടി വരുന്നത് ആ സാഹചര്യത്തിലാണ്.
മധുര കോണ്‍ഗ്രസില്‍ പരമ്പരാഗത ശാക്തിക ചേരികളുടെ വേര്‍തിരിവുണ്ടെങ്കിലും ശക്തിക്ഷയിച്ച് പേരിനുമാത്രമായിരിക്കുന്നു ബംഗാള്‍ ഘടകം. തെരഞ്ഞെടുപ്പു വിജയങ്ങള്‍ അവകാശപ്പെടാനില്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ പോലും കേരളത്തിലെ നയം മാതൃകയായി അടിച്ചേല്‍പ്പിക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഇന്ന് സ്വാധീനമുണ്ട്.
നാമമാത്രമെങ്കിലും ആ സ്വാധീനം ഉപയോഗിച്ചാണ് പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങല്‍ അഖിലേന്ത്യാ തലത്തില്‍ പ്രചാരം നല്‍കണമെന്ന് കേരളം പ്രമേയത്തിലൂടെ അവതരിപ്പിക്കുന്നത് ബേബിയുടെ സ്ഥാനാരോഹണവും ആ നിലയില്‍ കാണുമ്പോള്‍ ഒരു അത്ഭുതമോ അംഗീകാരമോ അല്ല. ഇന്ത്യയിലെ തെക്കെക്കോണിലേയ്ക്ക് ഒതുങ്ങുന്ന കനലിന്റെ ആളിക്കത്തല്‍ മാത്രമാണത്