Connect with us

Views

ആര്‍ജവമില്ലാത്ത ആദര്‍ശ കലഹവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും

Published

on

ഇയാസ് മുഹമ്മദ്

റ്റക്ക് കേരളം ഭരിച്ച ഒരേ ഒരു പാര്‍ട്ടി സി.പി.ഐ എന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയും സി.പി.ഐ തന്നെ. അങ്ങനെ വലിയ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന സി.പി.ഐ പിന്നീട് പിളര്‍ന്നതോടെ ഒരു പഞ്ചായത്തില്‍ പോലും ഒറ്റക്ക് ജയിക്കാന്‍ ശേഷിയില്ലാതായി. പൊട്ടിത്തെറിച്ച് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോയവര്‍ ഇമ്മിണി വല്യ കക്ഷിയായി എന്നതാണ് സി.പി.ഐയെ ഇത്രയും ക്ഷീണിപ്പിച്ചത്. ഇപ്പോഴും ക്ഷീണിപ്പിച്ചുകൊണ്ടിരിക്കുന്നതും അവരാണ്. എങ്കിലും കമ്മ്യൂണിസ്റ്റ് ഐക്യമെന്ന വലിയ ലക്ഷ്യത്തിലാണ് ഇരുവരും. അതിനാല്‍ ഒന്നിച്ചാണ് സമരവും ഭരണവും. ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ ആശയ സംഘട്ടനങ്ങള്‍ ചക്കളത്തി പോരാട്ടമായി പരിസമാപ്തിയാകുന്നതും അതിനാലാണ്. വലിയ അര്‍ത്ഥങ്ങളോ, ആദര്‍ശപരതയോ സി.പി.എം-സി.പി.ഐ പോരിനില്ലെന്ന് ചുരുക്കം.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നാണക്കേടിന്റെ പടുകുഴിയിലാണ് സി.പി.ഐ. 19 എം.എല്‍.എമാരും നാല് മന്ത്രിമാരുമുള്ള പാര്‍ട്ടിക്ക് ഭരണകൂടത്തിലെ പങ്കാളിത്തവും അധികാരവും നാമമാത്രമാണ്. ഔദ്യോഗിക കാറും സ്റ്റാഫും പദവിയും ഉണ്ടെങ്കിലും പത്രാസിനപ്പുറം അധികാര പങ്കാളിത്തമില്ലാത്ത സ്ഥിതി. അധികാരമുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമം പോലും അംഗീകരിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. മുന്നണി സംവിധാനത്തില്‍ പാലിക്കപ്പെട്ടിരുന്ന സാമാന്യ മര്യാദ പോലും സി.പി. ഐ മന്ത്രിമാര്‍ക്ക് നിഷേധിക്കപ്പെടുന്നു. നിരന്തരം കലഹിച്ചിട്ടും പ്രയോജനമില്ലാത്ത ദുസ്ഥിതി സി.പി.ഐയെ പോലെ മറ്റൊരു പാര്‍ട്ടിക്കും കേരളത്തിലുണ്ടായിട്ടില്ല. ബി.ജെ.പിക്കെതിരെ ശിവസേനയുടെ മുംബൈയിലെ കലഹത്തോട് ഇതിനെ ഉപമിക്കാം. മുംബൈയില്‍ ചവിട്ടിനിന്ന കൊമ്പ് ബി.ജെ.പി മുറിക്കുന്നുവെന്ന തിരിച്ചറിവാണ് ശിവസേനയെ ബി.ജെ.പി വിരുദ്ധ പ്രസ്താവന നടത്താന്‍ പ്രേരിപ്പിക്കുന്നത്. പണ്ടുള്ള ആര്‍ജ്ജവം ഇന്നില്ലാത്തതിനാല്‍ പെരുമ്പറക്കപ്പുറം ഒന്നും സംഭവിക്കില്ലെന്ന് ബി.ജെ.പിക്ക് ഉറപ്പുണ്ട്. സാമ്‌നയിലെ ലേഖനങ്ങള്‍ക്കും മുഖപ്രസംഗങ്ങള്‍ക്കും കടലാസിന്റെ വില പോലും ബി.ജെ. പി നല്‍കാത്തതും അതിനാലാണ്. ഇതേ നില തന്നെയാണ് ഇവിടെ സി.പി.ഐക്കും. അവരുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരിക്കുന്ന കൊമ്പല്ല, മരം തന്നെ മറിച്ചിട്ടാലും തങ്ങള്‍ക്ക് ഏറെയൊന്നും മുന്നോട്ടുപോകാനില്ലെന്ന് സി.പി.ഐക്കറിയാം.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടാണ് സി.പി. ഐ ഇപ്പോള്‍ ചെറുതായെങ്കിലും കലഹിക്കുന്നത്. ഭരണവുമായി ബന്ധപ്പെട്ട അധികാരത്തര്‍ക്കം ഭരണം ഉള്ളപ്പോള്‍ മാത്രം സാധ്യമായതാണ്. ഭരണത്തില്‍ നിന്നു വിട്ടുപോയാല്‍ ഈ തര്‍ക്കത്തിന് പോലും ശേഷിയില്ലാത്ത പാര്‍ട്ടിയായി സി.പി.ഐ മാറുമെന്നാണ് സി.പി.എം കരുതുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഐക്യം, തുടര്‍ന്ന്് ലയനം എന്നിങ്ങനെ സാത്വികമായ കാഴ്ചപ്പാടുകള്‍ മുമ്പ് സി.പി.ഐ നേതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. ഏക ലക്ഷ്യത്തിലേക്ക് വിഭിന്നമായി മുന്നേറുന്നതിന് പകരം, ഒന്നായി കുതിക്കാമെന്ന സ്വപ്‌നമാണ് ഐക്യവും ലയനവും ആഗ്രഹിച്ചവര്‍ ആശപ്പെട്ടത്. ഐക്യത്തിലേക്കുള്ള പാലം എന്നാണ് മുന്നണി സംവിധാനത്തെ അവര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ മുന്നണി സംവിധാനത്തെ ഒരു പാര്‍ട്ടിയുടെ കേന്ദ്രീകൃത അധികാര ഘടനയിലേക്ക് മറ്റ് പാര്‍ട്ടികളെ സംയോജിപ്പിക്കുകയെന്ന പഴയ സ്റ്റാലിനിസ്റ്റ് രീതിയാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഇടതുമുന്നണിയിലെ രാഷ്ട്രീയ ഭിന്നിപ്പുകള്‍ക്ക് ചില സമാനതകളും പാരസ്പര്യവുമുണ്ട്. വന്‍കിട റിസോര്‍ട്ട് മാഫിയകള്‍ നടത്തുന്ന ഭൂമി കയ്യേറ്റമാണ് മൂന്നാറിലും ഇപ്പോള്‍ കുട്ടനാട്ടിലും ഇടതുഭിന്നിപ്പിനെ രൂക്ഷമാക്കിയിട്ടുള്ളത്. ഭൂമി കയ്യേറ്റക്കാര്‍ക്കെതിരായ നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും പിന്നീട് നടപടികള്‍ അസ്തമിക്കുകയും ചെയ്യുകയെന്ന രീതിയാണ് മൂന്നാറില്‍ കണ്ടത്. ഭൂമി കയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം ലഭിച്ചു. ചിലര്‍ക്ക് ശിക്ഷണ നടപടിയായാണ് സ്ഥലംമാറ്റം. റവന്യൂ മന്ത്രിക്ക് ചെറുവിരലനക്കാന്‍ കഴിഞ്ഞില്ലെന്ന സത്യം മാത്രം ശേഷിച്ചു. മുമ്പ് വി.എസ് അച്യുതാനന്ദന്റെ പൂച്ചകള്‍ക്ക് സംഭവിച്ചത്, ഇത്തവണ കാനത്തിന്റെയും ചന്ദ്രശേഖരന്റെയും ചാവേറുകള്‍ക്കുമുണ്ടായി. കയ്യേറ്റക്കാര്‍ക്കൊപ്പം ഇടതുസര്‍ക്കാര്‍ ഉറച്ചുനിന്നു. ഇടതുസര്‍ക്കാരിനൊപ്പം സി.പി.ഐയും.

മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ വിപ്ലവം ജയിച്ചിരുന്നെങ്കില്‍ ക്രെഡിറ്റ് സി.പി.ഐക്ക് ലഭിക്കുമായിരുന്നു. കയ്യേറ്റക്കാരുടെ താല്‍പര്യങ്ങള്‍ സി.പി.എമ്മിന്റേതു കൂടിയാണെന്ന് മൂന്നാറില്‍ നിന്നുള്ള അവരുടെ എം.എല്‍.എയുടെ പ്രസ്താവനകള്‍ തെളിവാണ്. എന്നാല്‍ അതിനപ്പുറം സി.പി.ഐയുടെ പ്രസക്തി കുറക്കുകയെന്നതായിരുന്നു സര്‍ക്കാറിന്റെ നയം. റവന്യൂ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി മന്ത്രിയുടെ അനുമതിയില്ലാതെ മൂന്നാര്‍ വിഷയത്തില്‍ യോഗം വിളിച്ചു. യോഗത്തില്‍ മന്ത്രി പങ്കെടുത്തില്ലെങ്കിലും പിന്നീട് മൂന്നാറില്‍ നടപ്പായത് ഈ യോഗ തീരുമാനങ്ങളാണ്. സെക്രട്ടറിയെ മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അത് നടപ്പായിട്ടില്ല. സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും പിന്നീട് പലതവണ കൂടി സര്‍ക്കാര്‍ നയത്തിനെതിരെ ചര്‍ച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. സ്വന്തം വകുപ്പിന്റെ സെക്രട്ടറിയെ മാറ്റാന്‍ മന്ത്രിക്ക് അധികാരമില്ലാത്ത സ്ഥിതി ചരിത്രത്തിലാദ്യം. സെക്രട്ടറിയെ മാറ്റുന്നതിന് സര്‍ക്കാരിന് മാനദണ്ഡമൊന്നുമില്ല. വകുപ്പ് മന്ത്രിയുടെയും മന്ത്രിയുടെ പാര്‍ട്ടിയുടെയും അഭിപ്രായം അതില്‍ നിര്‍ണായകമാണ്. ഇവിടെ മന്ത്രിയും പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല. മന്ത്രിക്ക് മീതെ വകുപ്പ് സെക്രട്ടറിയുടെ ഭരണം നടന്നുകൊണ്ടിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി എം.ഡിയെ മാറ്റുന്നത് മന്ത്രിയുടെ ആവശ്യപ്രകാരമായിരുന്നു. റവന്യൂ മന്ത്രി ആവശ്യപ്പെട്ടതിന് ശേഷമാണ് കെ.എസ്.ആര്‍.ടി.സി എം.ഡിയെ മാറ്റണമെന്ന ആവശ്യം വകുപ്പ് മന്ത്രിയില്‍ നിന്നുണ്ടായത്. നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് കെ.എസ്.ആര്‍.ടി.സിയെ നയിക്കാനുള്ള പരിശ്രമത്തിലായിരുന്നു കെ.എസ്.ആര്‍.ടി.സി എം.ഡിയായിരുന്ന എം.ജെ രാജമാണിക്യം. പരിഷ്‌കരണ നടപടികള്‍ തൊഴിലാളി സംഘടനകള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കിയെങ്കിലും രാജമാണിക്യം ഉറച്ചുനിന്നു. എന്നാല്‍ വകുപ്പ് മന്ത്രിയുടെ ചില നിര്‍ദ്ദേശങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കൈവിട്ടത്. ഫലം രാജമാണിക്യം തെറിച്ചു. റവന്യൂ സെക്രട്ടറിയെ മാറ്റണമെന്ന സി.പി.ഐയുടെ ആവശ്യം നിരസിക്കുകയും രണ്ട് എം.എല്‍.എമാരുള്ള എന്‍.സി.പിയുടെ ഏക മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം പരിഗണിക്കുകയും ചെയ്തു.

സി.പി.ഐക്ക് കിട്ടാത്ത ആനുകൂല്യം കിട്ടിയ അതേ തോമസ്ചാണ്ടിയെചൊല്ലിയാണ് ഇപ്പോള്‍ റവന്യൂ മന്ത്രിയും പാര്‍ട്ടിയും സര്‍ക്കാരിനോട് കലഹിച്ച് നില്‍ക്കുന്നത്. കുട്ടനാട്ടില്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച്, കായലും സര്‍ക്കാര്‍ ഭൂമിയും കയ്യേറി നികത്തി സ്വന്തമാക്കിയെന്നാണ് മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നത്. ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പഠിച്ച മന്ത്രി കുറിപ്പ് സഹിതം മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ രണ്ടാമത്തെ നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോള്‍ മുഖ്യമന്ത്രി. ഇടതുമുന്നണി ജനജാഗ്രതാ യാത്രയെന്ന പേരില്‍ തെക്കും വടക്കും നടത്തുന്ന യാത്ര അവസാനിക്കുന്നതോടെ നിയമോപദേശം ചിലപ്പോള്‍ കിട്ടിയേക്കും. ചിലപ്പോള്‍ എന്ന വാക്കിന് കിട്ടാനും കിട്ടാതിരിക്കാനും സാധ്യത എന്നുതന്നെയാണ് അര്‍ത്ഥം. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി ‘തനിക്കെതിരെ വിരലനക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന’ തോമസ് ചാണ്ടിയുടെ വെല്ലുവിളിയുടെ ആഴവും പരപ്പും അറിയാത്തതു കൊണ്ട് ചിലപ്പോള്‍ എന്ന വാക്കേ ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയൂ. അഡ്വക്കേറ്റ് ജനറല്‍ റവന്യൂ മന്ത്രിയെ തള്ളിയതും വകുപ്പ് ചന്ദ്രശേഖരന്റെ തറവാട്ടു സ്വത്തല്ലെന്ന് പ്രഖ്യാപിച്ചതും ആദ്യവെല്ലുവിളിയാണ്. വെല്ലുവിളി ഏറ്റെടുക്കാനുള്ള കെല്‍പ് റവന്യൂ മന്ത്രി ഇതുവരെ കാട്ടിയിട്ടില്ല. തോമസ് ചാണ്ടി അങ്ങനെയല്ല, വെല്ലുവിളിച്ചാല്‍ ഗോദയില്‍ നേരിടാനുള്ള ആളും അര്‍ത്ഥവുമുണ്ട്. ഇനിയും പരാജയം തന്നെയാണ് സി.പി.ഐക്ക് മുന്നിലുള്ളതെന്ന് ഏതാണ്ടുറപ്പാണ്. പൂര്‍ണമായി ഉറപ്പിക്കാന്‍ കുറച്ചുദിവസം കൂടി മതി താനും.

1964ല്‍ പിളര്‍പ്പോടെ തുടങ്ങിയതാണ് സി.പി.ഐയോടുള്ള സി.പി.എം കലിപ്പ്. 64ന് മുമ്പുള്ള സി.പി.ഐയെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയുന്നത്, അതിനുള്ള ശേഷമുള്ള സി.പി.ഐയെ അംഗീകരിക്കാനുള്ള വിമുഖത കൊണ്ടുതന്നെയാണ്. 1967ല്‍ വിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കൂട്ടിയാണ് ഇ.എം.എസ് രണ്ടാം തവണ മന്ത്രിസഭയുണ്ടാക്കിയത്. ഒപ്പംനിന്ന് സി.പി.ഐയുടെ സമുന്നത നേതാക്കളെ അഴിമതി ആരോപണം കൊണ്ട് ഹാരമണിയിച്ചാണ് സി.പി.എം പകവീട്ടിയത്. സഹികെട്ട് സി.പി.ഐ പിന്തുണ പിന്‍വലിച്ചപ്പോള്‍ മന്ത്രിസഭ താഴെ പോയി. സി.പി.ഐ പിണങ്ങി പോയതോടെ ഒരു പതിറ്റാണ്ടിലധികം അധികാരത്തിന്റെ ഇടങ്ങളില്‍ സി.പി.എമ്മിന്റെ നിഴലു പോലുമുണ്ടായിരുന്നില്ല. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്കും സമാനതകളുണ്ട്. മാര്‍ക്‌സ് പറഞ്ഞതു പോലെ ചരിത്രം ദുരന്തമായും പിന്നീട് പരിഹാസ്യമായുമാണ് ആവര്‍ത്തിക്കുന്നത്. സി.പി.ഐയുടെ നില ചരിത്രത്തില്‍ പരിഹാസത്തിന്റെ പരമകാഷ്ഠയിലാണ്. പിണങ്ങിപ്പോയാലും സര്‍ക്കാരിന് തുടരാമെന്നതിനാല്‍ നാണംകെട്ട് കൂടെ നില്‍ക്കുമെന്ന ധാരണ സി.പി.എമ്മിനുണ്ട്. പിണങ്ങി പോകണമെന്ന ആഗ്രഹം അവര്‍ക്കുണ്ടെന്നാണ് കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍. കലഹിക്കുന്നത് ആത്മാര്‍ത്ഥതയോടെയാണെന്ന് സ്ഥാപിക്കേണ്ടത് സി.പി.ഐയാണ്. അവര്‍ക്ക് മാത്രമാണ് സ്വന്തം സ്വത്വത്തെക്കുറിച്ച് ബോധ്യമുണ്ടാകേണ്ടതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

kerala

സ്വര്‍ണത്തിന് വില വീണ്ടും ഇടിഞ്ഞു, നാലുമാസത്തെ ഏറ്റവും കുറഞ്ഞ വില; നാലുനാള്‍ കൊണ്ട് കുറഞ്ഞത് 3,760രൂപ

നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇ

Published

on

ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുത്തനെ കുറഞ്ഞ സ്വർണത്തിന് ഇന്നും പവന് 800 രൂപ കുറഞ്ഞു. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വർഷം മാർച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്.

കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 760 രൂപയും കുറഞ്ഞിരുന്നു. 51,200 രൂപയായിരുന്നു ഒരു പവന്‍റെ ഇന്നലത്തെ വില.

ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Continue Reading

Trending