കെ. മൊയ്തീന്‍കോയ
ലോകശക്തികള്‍ ഇരു ചേരികളായി വാക് യുദ്ധത്തിലാണ്. വലിയൊരു യുദ്ധസമാന സ്ഥിതി. ഏതവസരത്തിലും എന്തും സംഭവിച്ചേക്കും. തുര്‍ക്കിയും ഗ്രീസും കൊമ്പുകോര്‍ക്കുമ്പോള്‍ ഇരുപക്ഷത്തും വന്‍ ശക്തികള്‍ അണിനിരക്കുകയാണ്. തുര്‍ക്കി ഗ്രീസ് സംഘര്‍ഷത്തിന് അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. ആ ശത്രുത തന്നെയാണ് പുതിയ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണം. പക്ഷേ, പുതിയ സംഘര്‍ഷം നാറ്റോ സൈനിക സഖ്യത്തിലും യൂറോപ്യന്‍ യൂണിയനിലും വിള്ളല്‍ വീഴ്ത്തി. മാധ്യസ്ഥ നീക്കവുമായി ജര്‍മ്മനി രംഗത്തിറങ്ങിയതാണ് ആശ്വാസമായി തോന്നുന്നത്. ജര്‍മ്മന്‍ വിദേശ മന്ത്രി ഹെയ്‌കോ മാസ് തുര്‍ക്കിയും ഗ്രീസും സന്ദര്‍ശിച്ചു യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാന്‍ ശ്രമിക്കുകയുണ്ടായി. ഗ്രീസിന് പിന്തുണയുമായി ഫ്രാന്‍സ് സജീവമായി രംഗത്തുണ്ട്. സമാധാനപൂര്‍വം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന ജര്‍മ്മനിയോടൊപ്പമാണ് സ്‌പെയിനും ഇറ്റലിയും.
അമേരിക്കയുടെ ധാര്‍മ്മിക പിന്തുണ ഗ്രീസ് പക്ഷത്ത്. അതേസമയം, റഷ്യ തുര്‍ക്കിയുടെ സഹായത്തിന് രംഗത്തുണ്ട്. കിഴക്കന്‍ മധ്യധരണ്യാഴിയില്‍ വാതകത്തിന് ഡ്രില്ലിങ് നടത്താന്‍ തുര്‍ക്കി നടത്തുന്ന നീക്കമാണ് പുതിയ സംഘര്‍ഷത്തിന് കാരണം. ഡ്രില്ലിങ് നടത്താന്‍ റഷ്യന്‍ സഹായവുമുണ്ട്. അധികാര പരിധിയിലുള്ള കടലില്‍ ഡ്രില്ലിങ് നടത്താന്‍ അവകാശമുണ്ടെന്നും അതാര്‍ക്കും അടിയറ വെക്കില്ലെന്നുമാണ് തുര്‍ക്കി നിലപാട്. എന്നാല്‍ ഗ്രീസിന്കൂടി അവകാശപ്പെട്ടതാണെന്ന് അവരും വാദിക്കുന്നു. ഡ്രില്ലിങ് തടയാന്‍ ഗ്രീക്ക് നാവിക പട രംഗത്ത്‌വരുന്നത് ചെറുക്കാന്‍ തുര്‍ക്കി നാവിക പടയുടെ രണ്ട് കപ്പലുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമം അനുസരിക്കണമെന്നും തുര്‍ക്കിയുടെ പരമാധികാരത്തിന്മേല്‍ കൈവെക്കരുതെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉറുദുഗാന്‍ ഫ്രാന്‍സിനും ഗ്രീസിനും മുന്നറിയിപ്പ് നല്‍കുന്നത് ഗൗരവമായി വിലയിരുത്തുകയാണ് യൂറോപ്യന്‍ രാഷ്ട്രീയ നീരിക്ഷകര്‍. തുര്‍ക്കിയുടെ സാമ്പത്തിക വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാവുന്ന പദ്ധതി ഉപേക്ഷിക്കാന്‍ തയാറില്ലെന്ന് ഉറുദുഗാന്‍ വ്യക്തമാക്കുന്നു.
ഗ്രീസിനെ സഹായിക്കാന്‍ ഇസ്രാഈല്‍ രംഗത്ത്‌വരികയും ചില അറബ് രാജ്യങ്ങള്‍ രഹസ്യമായി സഹായിക്കുകയും ചെയ്തതോടെ സംഘര്‍ഷത്തിന് പുതിയ മാനവും കൈവന്നു. ഫലസ്തീന്‍ പക്ഷത്ത് ഉറച്ച നിലപാടുള്ള രാജ്യമാണ് തുര്‍ക്കി. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും ഉറുദുഗാന്‍ ഭരണകൂടം തയാറുമല്ല. അതുകൊണ്ട് തന്നെ മേഖലയില്‍ നിര്‍ണായക ശക്തിയായി വളരുന്ന തുര്‍ക്കിയുടെ മുന്നേറ്റം ഇസ്രാഈല്‍ ഭയപ്പെടുന്നു. മുസ്തഫ കമാല്‍ പാഷയുടെ (അത്താ തുര്‍ക്ക്)കാലത്ത് തന്നെ ഇസ്രാഈലുമായി തുര്‍ക്കിക്ക് നയതന്ത്രബന്ധം ഉണ്ടെങ്കിലും ഉറുദുഗാന്‍ നേതൃത്വം ഏറ്റെടുത്തശേഷം ഒന്നര പതിറ്റാണ്ടായി സ്വതന്ത്ര ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചുവരുന്നു. മാത്രമല്ല, ഇറാനെ ഒറ്റപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുന്ന അയല്‍പക്ക നാടുകളോട് പ്രസിഡന്റ് ഉറുദുഗാന് യോജിപ്പില്ല. പാശ്ചാത്യശക്തികള്‍ക്കും ചില അറബ് രാജ്യങ്ങള്‍ക്കും ഉറുദുഗാന്‍ ഭരണകൂടത്തിന്റെ സമീപകാല ഇടപെടല്‍ അസ്വസ്ഥതയുളവാക്കുന്നുണ്ട്. മികച്ചസൈനിക ശേഷിയുള്ള തുര്‍ക്കി, അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിലെ ഏക മുസ്‌ലിം രാജ്യം കൂടിയാണ്. ഉറുദുഗാനെ അട്ടിമറിക്കാന്‍ മൊസാദ് (ഇസ്രാഈല്‍ ചാര വിഭാഗം) ചില ശ്രമങ്ങള്‍ നടത്തിയ ആരോപണം ഉയര്‍ന്നതാണ്
സൈപ്രസ് പ്രശ്‌നത്തില്‍ 1974ല്‍ തുര്‍ക്കിയും ഗ്രീസും നേരത്തെ ഏറ്റുമുട്ടിയിരുന്നു. തുര്‍ക്കി വിദേശ നയത്തിലെ ഏറ്റവും സങ്കീര്‍ണപ്രശ്‌നമാണിത്. 1571-1878 കാലത്ത് ഈ ദ്വീപ് രാഷ്ട്രം തുര്‍ക്കിക്ക് (ഓട്ടോമന്‍ സമ്രാജ്യം) കീഴിലായിരുന്നു. ഒന്നാം ലോക യുദ്ധത്തെതുടര്‍ന്ന് ബ്രിട്ടന്‍ കീഴടക്കി. അക്കാലത്ത് തന്നെ സൈപ്രസിനെ ഗ്രീസുമായി ലയിപ്പിക്കണമെന്ന് ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന ഗ്രീക്ക് സമൂഹം ആവശ്യപ്പെട്ടുവന്നു. എന്നാല്‍ അന്ന് 30 ശതമാനം വരുന്ന തുര്‍ക്കി വംശജര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. 1955 മുതല്‍ ഇതേതുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷം ഉടലെടുത്തു. ഇരുപക്ഷത്തുമായി ആയിരങ്ങള്‍ മരിച്ചു. വന്‍ നാശവുമുണ്ടായി. തുര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കി. സ്വതന്ത്ര രാഷ്ട്രമായി നിലനിര്‍ത്താനും ദേശീയ അസംബ്ലിയില്‍ 30 ശതമാനം സീറ്റുകളും വൈസ് പ്രസിഡന്റ് സ്ഥാനവും തുര്‍ക്കി വംശജര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുമായിരുന്നു ഒത്ത് തീര്‍പ്പ്.
ധാരണപ്രകാരം മുന്നോട്ട്‌നീങ്ങവെ, 1974 ജൂലൈയില്‍ സൈപ്രസില്‍ ഗ്രീക്ക് ലയന വാദികള്‍ പ്രസിഡന്റ് മര്‍ക്കോസിനെ അട്ടിമറിച്ചു ഭരണം കയ്യടക്കിയത്, ഒരിക്കല്‍കൂടി സംഘര്‍ഷം ക്ഷണിച്ചു വരുത്തി. ഇതേതുടര്‍ന്ന് തുര്‍ക്കി വംശജരുടെ രക്ഷക്കായി തുര്‍ക്കി സൈന്യം സൈപ്രസില്‍ എത്തി. വടക്ക് കിഴക്ക് ഭാഗത്ത് 40 ശതമാനം ഭൂപ്രദേശവും കയ്യടക്കി. സൈനിക ഇടപെടലിന് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി ബുലന്ത് എജാവിദ്, തുര്‍ക്കിയില്‍ ഇന്നും വീരനായകനായി അറിയപ്പെടുന്നു. 1983ല്‍ സ്വതന്ത്ര രാഷട്രം പ്രഖ്യാപിച്ചു (തുര്‍ക്കിഷ് സൈപ്രസ്). ഈ രാഷ്ട്ര വിഭജനം തുര്‍ക്കിക്ക് നിരവധി പ്രതിബദ്ധങ്ങള്‍ക്ക് കാരണമായി. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നിഷേധിക്കപ്പെട്ടതും ഇക്കാരണത്താല്‍ തന്നെ.
യൂറോപ്, ആഫ്രിക്ക, ഏഷ്യ എന്നിവയാല്‍ ചുറ്റപ്പെട്ട ഉള്‍ക്കടല്‍ എന്ന നിലയില്‍ മധ്യധരണ്യാഴിക്ക് വന്‍ തന്ത്രപ്രധാനമുണ്ട്. 2,500, 000 കിലോമീറ്റര്‍ നീളവും 1500 മീറ്റര്‍ (5267 മീറ്റര്‍) ആഴവുമുള്ള ഉള്‍കടലില്‍, ചെറുതും വലതുമായ 3300 ദ്വീപുകള്‍. വിസ്തൃതിയാകട്ടെ ഏകദേശം 251 2000 ച.കിലോമീറ്റര്‍. പുതിയ സംഘര്‍ഷം ഏത് ദിശയിലേക്ക് നീങ്ങുമെന്ന് നിശ്ചയിക്കപ്പെടുന്നില്ല. ഫ്രാന്‍സിന്റെ നാവിക കപ്പലുകള്‍ ഇവിടെ ഗ്രീസിനെ സഹായിക്കാന്‍ രംഗത്തുണ്ട്. പരസ്പരം ശത്രുതയില്‍ കഴിയുന്ന നിരവധി രാജ്യങ്ങള്‍ ഇരു കരകളിലുമുണ്ട്. സൈപ്രസിന് ഇരുവശത്തുമാണ് തുര്‍ക്കിയും ഇസ്രാഈലും. ഇറാന്റെ സമീപ്യവും വിദൂരമല്ല. മധ്യധരണ്യാഴി ലോകത്ത് പുതിയൊരു സംഘര്‍ഷ മേഖലയാകരുത് എന്നാണ് രാഷ്ട്രാന്തരീയ സമൂഹത്തിന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും.