കെ. മൊയ്തീന്‍കോയ
ന്യൂനപക്ഷങ്ങളെ ചേര്‍ത്ത്പിടിച്ചും മത സൗഹാര്‍ദ്ദത്തിന് ഉദാത്ത മാതൃക സൃഷ്ടിച്ചും ന്യൂസിലാന്റും പ്രധാനമന്ത്രി ജസീന്ത ആന്‍ഡറും ലോകത്തിന്റെ നെറുകയില്‍. രാഷ്ട്രാന്തരീയ സമൂഹത്തിന് അനുകരിക്കാം, ഈ കൊച്ചു രാജ്യത്തെയും അവരുടെ ആത്മാര്‍ത്ഥമായ നിലപാടുകളേയും. ഭീകരതയും തീവ്രവാദവും സൃഷ്ടിക്കുന്ന സംഘര്‍ഷഭരിതവും ഭീതിദവുമായ ലോക സാഹചര്യങ്ങളെ പരാജയപ്പെടുത്താം, ന്യൂസിലാന്റ് മാതൃക പിന്‍പറ്റുന്നതിലൂടെ. ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ രണ്ട് മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തില്‍ 51 മുസ്‌ലിംകള്‍ കൊല്ലപ്പെട്ട സംഭവത്തെതുടര്‍ന്ന് ന്യൂസിലാന്റ് ജനതയും സര്‍ക്കാറും സ്വീകരിച്ച സമീപനം ലോക സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതും പ്രശംസ പിടിച്ചുപറ്റുന്നതുമായി വളര്‍ന്നു. ഓസ്‌ട്രേലിയന്‍ വെള്ള വംശീയവാദി ബ്രെന്റണ്‍ ടെറന്റിന്റെ പൈശാചികതയില്‍ ദുഃഖിതരായ ന്യൂനപക്ഷ മുസ്‌ലിംകളെ ചേര്‍ത്ത്പിടിച്ച് സ്‌നേഹംകൊണ്ട് സ്വാന്തനിപ്പിച്ച പ്രധാനമന്ത്രി ജസീന്തയും ജനതയും ലോകത്തിനാകെ പുതിയ പാത തെളിയിക്കുന്നു.
പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ സുരക്ഷക്ക്‌വേണ്ടി ഭാവിയില്‍ ചെലവഴിക്കാന്‍ പോകുന്നതാകട്ടെ 24 കോടി ഡോളര്‍. ഇത്രയും വന്‍ തുക ചെലവഴിക്കുന്നതാകട്ടെ രാജ്യത്തെ ന്യൂനപക്ഷ വികാരം മാനിക്കാന്‍. വധശിക്ഷ നിരോധിക്കപ്പെട്ട രാജ്യത്ത് ഏറ്റവും കടുത്തതും അപൂര്‍വവുമായ ശിക്ഷാവിധിയാണിത്. അക്രമം നടന്ന പള്ളികളില്‍ ഒന്നായ അല്‍നൂര്‍ ഇമാം കമാല്‍ ഫൗദയുടെ കോടതിയിലെ വാക്കുകള്‍ ഉദ്ധരിക്കട്ടെ: ‘ഈ പൈശാചികത ന്യൂസിലാന്റ്ജനതയെ കൂടുതല്‍ അടുപ്പിച്ചു.വന്‍ മാറ്റമാണ് സൃഷ്ടിക്കപ്പെട്ടത്. സമൂഹം ഞങ്ങളെ ചേര്‍ത്തു പിടിച്ചു. സ്‌നേഹം കൊണ്ട് കീഴടക്കി. അത് കൊണ്ട് തളരില്ല. തളര്‍ത്താന്‍ നോക്കണ്ട…’ ഈ വാക്കുകള്‍ ന്യൂസിലാന്റിന്റെ മതേതരത്വത്തിന്റെ ദൃഢനിശ്ചയമാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിലൂടെ ലോക സമൂഹം കടന്നുപോകുമ്പോള്‍ ന്യൂസിലന്റ് മാതൃക അതിജീവനത്തിന് കരുത്തേകും. അതേസമയം, സാഹചര്യം ചൂഷണം ചെയ്ത് സമൂഹത്തെ തമ്മിലടിപ്പിക്കാനും അടിച്ചമര്‍ത്താനും ആയുധത്തിന്റെ ബലം പരിശോധിക്കാനും ശ്രമം നടക്കുന്ന രാജ്യങ്ങളും ലോക രാഷട്രീയ ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് കാണുന്നതാണ് ദൗര്‍ഭാഗ്യകരം.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം അവസാനിക്കുന്നില്ല. പശ്ചിമേഷ്യയില്‍ ഫലസ്തീനികള്‍ക്കെതിരേ തീമഴ വര്‍ഷിക്കുകയാണ് ഇപ്പോഴും ഇസ്രാഈല്‍. ആഫ്രിക്കയില്‍ സോമാലിയ, സൗത്ത് സുഡാന്‍, ഐവറികോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ വംശീയ പോരാട്ടം സജീവമാണ്. ലബനാന്‍, ലിബിയ, സിറിയ, യമന്‍, എന്നിവിടങ്ങള്‍ പോരാട്ട ഭൂമി തന്നെ. ബാഹ്യശക്തികളുടെ നിഴല്‍ യുദ്ധങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇവയൊക്കെ ചൂഷണം ചെയ്ത് ആയുധ വ്യാപാരം വഴി കോടിക്കണക്കിന് സമ്പാദിച്ച് കുട്ടുമ്പോഴും കൊവിഡ് വ്യാപനം അവഗണിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും ആശങ്കാജനകമാണ്. ന്യൂനപക്ഷങ്ങളേയും വിമര്‍ശകരേയും അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരത എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയാണ്. തബ്‌ലീഗ് ജമാഅത്തുകാരെ കൊ വിഡ് സാഹചര്യം ചൂഷണം ചെയ്ത് വേട്ടയാടിയത് നയതന്ത്ര തിരിച്ചടിയായി. വിദേശമന്ത്രാലയം വെപ്രാളത്തിലാണ്. ഈ തിരിച്ചടി കേന്ദ്രം പ്രതീക്ഷിച്ചതല്ല. തബ്‌ലീഗ് പ്രവര്‍ത്തനത്തിന് 45 രാജ്യങ്ങളില്‍ എത്തിയവരില്‍ 2550 വിദേശികള്‍ ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്‌സില്‍ കഴിഞ്ഞിരുന്നു. മാര്‍ച്ച് 24ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനതാ കര്‍ഫൂ പ്രഖ്യാപിക്കുകയും തുടര്‍ന്ന് ലോക്ഡൗണ്‍ നടപ്പാക്കുകയും ചെയ്തത് തബ്‌ലീഗുകാരെ മാത്രമല്ല രാജ്യത്തെ മൊത്തം പ്രയാസപ്പെടുത്തി.
ഇതെതുടര്‍ന്നാണ് വിദേശ തബ്‌ലീഗുകാരും തിരിച്ച് പോകാനാവാതെ മര്‍ക്കസില്‍ കുടുങ്ങിയത്. കൊവിഡിന്റെ പ്രചാരകര്‍ എന്ന് ആരോപിച്ച് ഇവരെ പിടികൂടി. 5 മാസമായി ജയിലില്‍ കഴിയുന്നു. അമേരിക്ക, മലേഷ്യ , ഇന്തോനേഷ്യ, ബംഗ്ലാദേശ്, ജിബൂട്ടി, ഘാന, ഐവറികോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരെ തിരിച്ചയക്കണമെന്നാവശ്യവുമായി ആ രാജ്യങ്ങള്‍ ബന്ധപ്പെട്ടു. അമേരിക്ക 6 പൗരന്‍മാരേ തേടിയെത്തി. ബ്രസീല്‍ പൗരന്‍മാരായ നാല് പേരെ തിരിച്ചെത്തിക്കാനാണ് അവരുടെ നീക്കം. അതിലിടക്ക് വ്യാജ രേഖ ചമച്ചതാണെന്ന് സമ്മതിക്കുകയാണെങ്കില്‍ വിട്ടയക്കാമെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞതായി ആസ്‌ട്രേലിയക്കാരനായ മാര്‍ക്കറ്റിംഗ് പ്രൊഫഷനല്‍ 39 കാരന്‍ ഇര്‍ഫാനും ഭാര്യ ഫാത്തിമയും വ്യക്തമാക്കിയത്‌ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തിന് അപമാനമായി. ഡല്‍ഹി പൊലീസിന്റെ നിര്‍ദ്ദേശം തള്ളിയ ഇര്‍ഫാനും മറ്റ് 40 വിദേശികളും കേസുമായി മുന്നോട്ട്‌പോകുകയാണ്. 173 പേരെ ഉടന്‍ മോചിപ്പിക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ കോടതികളിലുള്ള കേസുകള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വിദേശമന്ത്രാലയം അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോഴാണ് തബ്‌ലീഗ് മോചനത്തിന് വിദേശമന്ത്രാലയം ഗൗരവപൂര്‍വം രംഗത്ത്‌വന്നത്. നയതന്ത്ര തിരിച്ചടി ഇത്രയും ഗുരുതരമാണെന്ന് പ്രതീക്ഷിച്ചതല്ല.
അതിനിടക്ക്, ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ വിധി പ്രസ്താവം രാജ്യത്തെ നീതിന്യായ വ്യവസ്ഥ തകര്‍ന്നു പോയിട്ടില്ലെന്ന് സൂചന നല്‍കുന്നു. അതോടൊപ്പം, കേന്ദ്ര ഭരണകൂടത്തിന്റെയും പൊലീസിന്റേയും ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്ക് എതിരായ കനത്ത പ്രഹരം കൂടിയായി വിധി. വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ എഫ്.ഐ.ആര്‍ കോടതി റദ്ദാക്കി. തബ്‌ലീഗ് ജമാഅത്തുകാര്‍ക്കെതിരായ നീക്കത്തിന് കാരണം മുസ്‌ലിം മനസ്സുകളില്‍ ഭീതി സൃഷടിക്കാനാണെന്ന് കോടതി നിരീക്ഷിച്ചു. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണീ നീക്കം. വിദേശത്ത്‌നിന്നെത്തിയ മറ്റ് മതക്കാര്‍ക്കെതിരെ എന്ത്‌കൊണ്ട് നടപടി എടുത്തില്ല എന്ന നിരീക്ഷണം വ്യക്തമാണ്. തബ്‌ലീഗ് സമ്മേളനത്തിനെതിരായ മാധ്യമ പ്രചാരണം അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നീക്കത്തിന്റെ ഭാഗമായിരുന്നു തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ വേട്ടയാടല്‍. സി.എ.എ പ്രക്ഷോഭത്തിന്റെ പേരില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് നൂറുക്കണക്കിന് ചെറുപ്പക്കാരെയും വിദ്യാര്‍ത്ഥികളേയും തെരഞ്ഞുപിടിച്ച് ജയിലില്‍ അടച്ചത് കൊവിഡ് കാലത്താണ്. ഗര്‍ഭിണിയായ ജാമിഅ വിദ്യാര്‍ത്ഥി സഫൂറയെ പോലും യു. എ.പി.എ ചുമത്തി ജയിലില്‍ അടക്കുകയുണ്ടായി. ഡല്‍ഹി കലാപകേസില്‍ പ്രതികളായ ബി. ജെ.പി നേതാക്കളെ തൊടാതെ ഇരകളെ അറസ്റ്റ് ചെയ്തതും മതേതര ഇന്ത്യയില്‍. വിദേശ തബ്‌ലീഗുകാരെ അവമതിച്ച് കരിമ്പട്ടികയില്‍ പെടുത്തിയവര്‍, രാഷ്ട്രാന്തരീയ നിയമങ്ങളെയാണ് പുച്ഛിക്കുന്നത്. ഇതിന്നൊക്കെ പുറമെ അവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് രംഗത്തിറങ്ങുന്നു. നിഷ്‌ക്കളങ്ക ജീവിതം നയിക്കുന്ന ഈ പ്രസ്ഥാനത്തിന് എന്ത് ബാങ്ക് അക്കൗണ്ട് ? തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് അറിയാതെ, അപവാദ പ്രചാരണത്തിന് ഇറങ്ങി തിരിക്കുന്നവര്‍, അവയൊക്കെ തിരുത്തിയെഴുതേണ്ടിവരും. തബ്‌ലീഗ് കൊവിഡ് എന്ന് പ്രചരിപ്പിച്ചവര്‍ ആഗസ്ത് 5 ന് ഭൂമി പൂജക്ക് ശേഷം ഉത്തര്‍പ്രദേശില്‍ രണ്ട് മന്ത്രിമാര്‍ കൊവിഡ് മൂലം മരിച്ചതും മറ്റ് ഒമ്പത് മന്ത്രിമാര്‍ക്കും ട്രസ്റ്റ് ചെയര്‍മാനും മറ്റും കൊവിഡ് ബാധിച്ചതും പ്രചാരണായുധമാക്കുന്നില്ല എന്ന ചോദ്യം പ്രസക്തം. പ്രചാരണ കോലാഹലങ്ങളിലൂടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നവര്‍ കാലത്തിന്റെ തിരിച്ചടി വിസ്മരിക്കരുത്. കൊച്ചു രാജ്യമായ ന്യൂസിലാന്റിന്റെ മാതൃക അനുകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായാല്‍ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള നീക്കത്തിന് തുടക്കമാവും.