ഇബ്രാഹിം സാബിത്ത്
ഒരു വര്‍ഷം മുമ്പ് ഡിസംബര്‍ മാസം മൈനസ് ഡിഗ്രി തണുപ്പില്‍ ഡല്‍ഹി തണുത്ത് വിറക്കുമ്പോള്‍ ഷഹീന്‍ബാഗ് കത്തിജ്വലിച്ച് നില്‍ക്കുകയായിരുന്നു, ആ തീജ്വാലകള്‍ രാജ്യമെമ്പാടും നൂറായിരം ഷഹീന്‍ബാഗുകള്‍ക്ക് അഗ്‌നി പകര്‍ന്നു, രാജ്യം അക്ഷരാര്‍ത്ഥത്തില്‍ മോദി സര്‍ക്കാരിന്റെ വിഷലിപ്തമായ പൗരത്വ നിയമത്തിനെതിരെ സമരത്തെരുവില്‍ അണിനിരന്നു. ഷഹീന്‍ബാഗില്‍ സമരം നയിച്ചത് 82 വയസുള്ള ആളുകള്‍ ബില്‍ക്കിസ് ദാദി എന്ന് വിളിച്ച 82 വയസായ ഒരു വൃദ്ധയും അവര്‍ക്കൊപ്പം ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച ഒട്ടനവധി സ്ത്രീകളുമായിരുന്നു. ഷഹീന്‍ബാഗിലെ പാതകള്‍ തടസപ്പെടുത്തിവിജയമെങ്കില്‍ വിജയവും മരണമെങ്കില്‍ മരണവും എന്ന് പ്രഖ്യാപിച്ച് സമരമാരംഭിച്ചപ്പോള്‍ ലോക് കല്യാണ്‍ മാര്‍ഗിലെ ഏഴാം നമ്പര്‍ വസതിവരെ കുലുങ്ങിയിരുന്നു എന്ന് സംശയലേശമന്യേ പറയാം. അനിശ്ചിതമായി നീണ്ട സമരത്തിന് ഐക്യദാര്‍ഢ്യവുമായി പൗരസംഘങ്ങളും വിദ്യാര്‍ത്ഥികളും സിനിമാപ്രവര്‍ത്തകരും പ്രതിപക്ഷവും എന്നുവേണ്ട സമൂഹത്തിലെ നാനാതുറയില്‍നിന്ന് ആളുകള്‍ ഒന്നിച്ചിറങ്ങിയപ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലക്ഷണമൊത്ത പൗര പ്രതിഷേധമായി ഷഹീന്‍ബാഗ് മാറി. ഇന്ത്യന്‍ മുസ്‌ലിംകള്‍ തങ്ങളെ അദൃശ്യരാക്കുന്ന ന്യൂറംബര്‍ഗ് നിയമങ്ങള്‍ക്ക് സമാനമായ കേന്ദ്രത്തിന്റെ പൗരത്വ നിയമങ്ങള്‍ക്കെതിരെ വിവിധ ഇടങ്ങളില്‍ തെരുവിലിറങ്ങി, ഡിസംബര്‍ മുതല്‍ കോവിഡ് മൂലം രാജ്യം അടച്ചിടലിലേക്ക് നീങ്ങിയ മാര്‍ച്ച് വരെ സമരം ചെയ്യുന്ന മനുഷ്യരുടെ കടല്‍ ഈ രാജ്യത്തെ ശബ്ദമുഖരിതമാക്കി. ഒപ്പം ഓസ്‌ട്രേലിയ മുതല്‍ അമേരിക്ക വരെ വിവിധ ഇടങ്ങളില്‍ ‘ഇന്ത്യന്‍ ഡയസ്‌പോറ’ അതിശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി ഇന്ത്യയിലെ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു.
പൗരത്വ നിയമത്തിനെതിരായ സമരം ഒരു വര്‍ഷം തികയുന്ന ഘട്ടത്തില്‍ തലസ്ഥാനം തീക്ഷണമായ മറ്റൊരു സമരത്തിന്റെ ചൂളയിലാണ്, പൗരത്വസമരംപോലെ മറ്റൊരു ശൈത്യകാലമാണ് കാര്‍ഷിക സമരം ആരംഭിച്ചിരിക്കുന്നത്. കൊടും തണുപ്പിനെ അവഗണിച്ച്‌കൊണ്ട് കുട്ടികളും സ്ത്രീകളും, പ്രായമായവരും അടക്കം ലക്ഷങ്ങളാണ് പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും ഡല്‍ഹിയിലേക്ക് വന്നിരിക്കുന്നത്. ആളുകള്‍ ഇനിയും സമര പന്തലിലേക്ക് ഒഴുകിക്കൊണ്ടിരിക്കു. സമരക്കാരുമായി അഞ്ച് തവണ കേന്ദ്രം ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പില്‍ എത്താനായില്ല, കാര്‍ഷിക നിയമങ്ങളില്‍ പുതുതായി കൊണ്ടുവന്ന മൂന്ന് ഭേദഗതികളും പൂര്‍ണമായും പിന്‍വലിക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം. അമിത്ഷാ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നിശ്ചയദാര്‍ഢ്യവുമായി ഇറങ്ങിത്തിരിച്ച കര്‍ഷകരുടെ പത്തൊന്‍പതാം അടവിനെ മറികടക്കാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല കര്‍ഷകരുടെ പൂഴിക്കടകനില്‍ കേന്ദ്ര സര്‍ക്കാരിനും എന്‍.ഡി.എക്കും അടിതെറ്റിയിരിക്കുകയാണ്. എന്‍.ഡി.എയുടെ ഏറ്റവും പഴയ സഖ്യകക്ഷികളില്‍ ഒന്നായ ശിവസേന നേരത്തെ മഹാരാഷ്ട്രയില്‍ മുന്നണി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസ്, എന്‍.സി.പി എന്നിവരുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച് ഇയ്യിടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു.
രണ്ടാമത്തെ ഏറ്റവും പഴയ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ കാര്‍ഷിക നിയമം പാസാക്കിയതോടെ എന്‍.ഡി.എ വിട്ട് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് തങ്ങളുടെ മന്ത്രിയെ പിന്‍വലിക്കുകയും വര്‍ധിത വീര്യത്തോടെ കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങുകയും ചെയ്തു. സമരം കനത്തതോടെ മറ്റു ചെറുകക്ഷികള്‍ എന്‍.ഡി. എ വിടുമെന്ന് മുന്നറിപ്പ് നല്‍കിയിട്ടുമുണ്ട്. നിരവധി സ്വതന്ത്ര എം.എല്‍.എമാര്‍ ബി.ജെ.പിക്ക് നല്‍കിപ്പോന്ന പിന്തുണ പിന്‍വലിച്ചു. പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും വന്ന കര്‍ഷകര്‍ ആറ് മാസത്തോളം സമരം ചെയ്യാനുള്ള സജ്ജീകരണങ്ങളുമായാണ് സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. ഭക്ഷണം, താമസം പ്രാഥമിക കൃത്യങ്ങള്‍ തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളിലും അവര്‍ക്ക് കൃത്യമായ പദ്ധതികളുണ്ട്. സമരത്തിന്റെ ആദ്യഘട്ടത്തില്‍ അവര്‍ ഡല്‍ഹിയിലേക്കുള്ള വിവിധ പാതകള്‍ ഉപരോധിച്ചു. രണ്ടാം ഘട്ടത്തില്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. കര്‍ഷര്‍ക്ക് പിന്തുണ അറിയിച്ച് ട്രക്ക് തൊഴിലാളികള്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍, വിവിധ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ രംഗത്ത്‌വന്നിട്ടുണ്ട്. ഖാലിസ്ഥാന്‍വാദികളും കോണ്‍ഗ്രസും നടത്തുന്ന സമരം എന്ന്പറഞ്ഞ് ആദ്യഘട്ടത്തില്‍ കേന്ദ്രം അവഗണിച്ച സമരം ഇന്ന് പക്ഷെ നോര്‍ത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിനെവരെ കുലുക്കിയിട്ടുണ്ട്.
തിരക്കിട്ട ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ നടക്കുന്നത്, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും രാജ്നാഥ് സിംഗിന്റെയും ഇടയില്‍ പന്ത് പോലെ കറങ്ങി നടക്കുകയാണ്. പുതിയ നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുക എന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സമരത്തിന്റെ ഗതി മാറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. താപനില എട്ട് ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിട്ടും പക്ഷെ ഡല്‍ഹിയിലെ ഭരണചക്രമേന്തുന്നവര്‍ കര്‍ഷക സമരത്തിന്മുന്നില്‍ വിയര്‍ത്തൊലിക്കുകയാണ്.
കര്‍ഷകരുടെ സമരം കൊടുമ്പിരികൊള്ളുമ്പോള്‍ ഏറ്റവും രസകരമായ വസ്തുത പ്രസ്തുത ബില്‍ അവതരിപ്പിച്ചപ്പോള്‍ പാര്‍ലമെന്റില്‍ ഉടലെടുത്ത ബഹളങ്ങളാണ്. രാജ്യസഭയില്‍ കാര്യങ്ങള്‍ കയ്യാങ്കളിയോളം എത്തി. സഭാ ചട്ടങ്ങള്‍ കാറ്റില്‍പറത്തിയാണ് സര്‍ക്കാര്‍ നിയമങ്ങള്‍ പാസാക്കിയെടുത്തത് പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണുണ്ടായത്. ബില്ലിനെതിരെ പ്രതിഷേധിച്ചവരെ സഭയില്‍നിന്ന് പുറത്താക്കുന്നത്‌പോലുള്ള നടപടികള്‍ രാജ്യസഭാധ്യക്ഷന്‍ കൈക്കൊണ്ടു. ഇത്തരത്തില്‍ ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായത്തിന്റെ അന്തസത്തയെ വെല്ലുവിളിച്ച് ഉരുക്കുമുഷ്ടി ഉപയോഗിച്ച് പാസാക്കിയെടുത്ത കാര്‍ഷിക നിയമങ്ങളാണ് ജനപ്രതിനിധികള്‍ പോലുമല്ലാത്ത കര്‍ഷക നേതാക്കളുമായി ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നത്. പാര്‍ലമെന്റിന്റെ ദൗത്യനിര്‍വഹണം അതിന് ചുമതലപ്പെടുത്തിയവര്‍തന്നെ തടസപ്പെടുത്തുമ്പോള്‍ ആ ദൗത്യം ജനങ്ങള്‍ നേരിട്ട് ഏറ്റെടുത്ത് നടത്തുന്നത് വര്‍ത്തമാനകാല ജനാധിപത്യത്തിലെ പാഠമുള്‍ക്കൊള്ളേണ്ട നയനന്ദകരമായ കാഴ്ചകളിലൊന്നാണ്.