കെ. മൊയ്തീന്‍കോയ
അറബ് ലോകത്ത്‌നിന്ന് കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രാഈലിനെ അംഗീകരിക്കുന്ന പശ്ചാത്തലത്തില്‍ ഫലസ്തീന്‍ വിമോചനത്തിന് സ്വന്തം കാലില്‍ നില്‍ക്കണമെന്ന ചിന്താഗതി ഫലസ്തീന്‍ സമൂഹത്തില്‍ ശക്തമായതിന്റെ ഫലമാണ് ശത്രുത മറന്ന് ഒന്നിച്ച്‌നില്‍ക്കാനുള്ള ഫലസ്തീന്‍ ഗ്രൂപ്പുകളുടെ തീരുമാനം. അറബ് ജനതയെ ആഹ്ലാദിപ്പിക്കുന്ന ഐക്യപ്പെടല്‍ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. ഒന്നര പതിറ്റാണ്ട് കാലത്തെ ശത്രുത വെടിയാന്‍ ഫതഹ് നേതാവായ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മയില്‍ ഹനിയ്യയും ഇസ്‌ലാമിക് ജിഹാദ് നേതാവ് സിയാദ് അല്‍ നഖ്‌ലയും സംയുക്തമായി പ്രഖ്യാപിച്ചു. നാളിതുവരെ ഫലസ്തീന്‍ സമൂഹത്തെ സഹായിച്ചുവന്ന ഏതെങ്കിലും അറബ് രാജ്യത്ത് വെച്ചല്ല ഇവരുടെ സംഗമം.
ഫലസ്തീന് ശക്തമായ പിന്തുണ നല്‍കിവരുന്ന റജബ് തയ്യിബ് ഉറുദുഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കിയിലെ അങ്കാറയിലാണ് ഫലസ്തീന്‍ ഐക്യ പ്രഖ്യാപന സമ്മേളനം എന്നത് ശ്രദ്ധേയമാണ്. യു.എ.ഇയും ബഹ്‌റൈനും ഇസ്രാഈലുമായി സമാധാന കരാറില്‍ എത്തിച്ചേര്‍ന്ന സാഹചര്യത്തില്‍ ഐക്യവും യോജിച്ചമുന്നേറ്റവും മുന്നില്‍കണ്ടാണ് നീക്കം. 2006 ന് ശേഷം നടന്നിട്ടില്ലാത്ത പ്രസിഡന്റ്, ദേശീയ അസംബ്ലി, ഫലസ്തീന്‍ വിമോചന മുന്നണി കേന്ദ്ര കൗണ്‍സില്‍ എന്നിവയിലേക്ക് ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താനും ധാരണയായി. വെസ്റ്റ് ബങ്ക്, ജറൂസലെം എന്നിവിടങ്ങളിലും എന്ത്‌വില കൊടുത്തും തെരഞ്ഞെടുപ്പ് നടത്തും. യു.എ. ഇയുടെ കരാറിനെ അപലപിക്കാന്‍ തയാറാകാത്തതിനാല്‍, അറബ് ലീഗ് അനുവദിച്ച ഈ വര്‍ഷത്തെ ചെയര്‍മാന്‍ പദവി സ്വീകരിക്കേണ്ടതില്ലെന്നും ഫലസ്തീന്‍ നേതൃത്വം പ്രഖ്യാപിച്ചു. ഈ നീക്കം അറബ് ലോകത്ത് ചലനം സൃഷ്ടിച്ചതായി തുടര്‍ന്നുണ്ടായ നയതന്ത്രനീക്കം വ്യക്തമാക്കുന്നു.
സഊദി അറേബ്യ ഇസ്രാഈല്‍ ബന്ധത്തിന് തയാറില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1967ലെ അധിനിവിഷ്ട ഭൂമിയില്‍നിന്ന് ഇസ്രാഈല്‍ പിന്‍മാറി, സ്വതന്ത്ര ഫലസ്തീന്‍ നിലവില്‍വരുന്നത് വരെ അവരുമായി ബന്ധമില്ലെന്ന് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. സഊദിയെപോലെ ഖത്തറിനും ഉറച്ച നിലപാട് തന്നെയാണ്. പശ്ചിമേഷ്യന്‍ പ്രശ്‌നത്തിനുള്ള ഏക പരിഹാരം ദ്വിരാഷ്ട്ര ഫോര്‍മുലയാണെന്ന് ഫ്രാന്‍സും ജര്‍മ്മനിയും അറബ് നാടുകളായ ഈജിപ്തും ജോര്‍ദ്ദാനും സംയുക്ത സമ്മേളനം നടത്തി പ്രഖ്യാപിക്കുന്നു. അറബ് ലോകത്ത്‌നിന്ന് ആദ്യമായി 1979ല്‍ ഇസ്രാഈലുമായി സമാധാന കരാറില്‍ ക്യാമ്പ് ഡേവിഡില്‍ ഒപ്പ്‌വെച്ച രാഷ്ട്രമാണ് ഈജിപ്ത്. അന്ന് അന്‍വര്‍ സാദാത്ത് ആയിരുന്നു അന്നാട്ടിലെ പ്രസിഡന്റ്. അറബ്‌ലീഗില്‍ പുറത്താക്കപ്പെട്ടു. ദീര്‍ഘകാലം ബന്ധമുണ്ടായിരുന്നില്ല. 1967ലെ യുദ്ധത്തില്‍ നഷ്ടപ്പെട്ട സിനായ് ഉപദ്വീപ് കരാറിലൂടെ ഈജിപ്തിന് തിരിച്ച് കിട്ടി. അതായിരുന്നു നേട്ടം. 1994 ല്‍ ഇസ്രാഈലുമായി ജോര്‍ദ്ദാനും നയതന്ത്രബന്ധം സ്ഥാപിച്ചു. ഇതിനൊക്കെ അമേരിക്കയായിരുന്നു മാധ്യസ്ഥര്‍.
ഇക്കാലമത്രയും ഇസ്രാഈലിന് അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രമാണല്ലോ അമേരിക്ക. ഏറ്റവും അവസാനം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന പദ്ധതി എന്ന നിലയില്‍ അമേരിക്ക പ്രഖ്യാപിച്ച പദ്ധതിയെ അറബ് ലോകം ഒന്നടങ്കം ചുരുട്ടിക്കൂട്ടി അറബിക്കടലില്‍ എറിഞ്ഞതാണ്. അമേരിക്കന്‍ വിദേശകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന ട്രംപിന്റെ മരുമകന്‍ കൂടിയായ ജാനേര്‍ന്ദ് കുഷ്‌നര്‍ ആസൂത്രണം ചെയ്തതായിരുന്നു പദ്ധതി. ജൂതനായ കുഷ് നര്‍ പദ്ധതി തയാറാക്കുന്ന ഒരു ഘട്ടത്തിലും ഫലസ്തീന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടില്ല. പദ്ധതിയുടെ ഇസ്രാഈല്‍പക്ഷ സമീപനത്തിന് കാരണവും അതുതന്നെ. പതിറ്റാണ്ടുകളായ അമേരിക്ക സ്വീകരിച്ചുവന്ന ദ്വിരാഷ്ട്ര ഫോര്‍മുല പദ്ധതിയില്‍ കാണുന്നില്ല. 1948ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഫോര്‍മുല ഒഴിവാക്കി, പകരം ഇസ്രാഈലിന് കീഴില്‍ ഫലസ്തീന്‍ പ്രദേശത്തിന് സ്വയം ഭരണാധികാരം മാത്രം. അറബ് പ്രതിഷേധം അവഗണിച്ച്, ജറൂസലെം ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചതു ട്രംപ് ഭരണകൂടമാണ്.
2006 ജനുവരി 25ന് നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ അബ്ബാസിന്റെ ഫതഹ് പാര്‍ട്ടി വിജയികളായ ഹമാസിനോട് പ്രതികാരത്തോടെയുള്ള നിലപാട് സ്വീകരിച്ചാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്. ദേശീയ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരരംഗത്തിറങ്ങിയ ഹമാസ് വെസ്റ്റ് ബങ്കിലും ഗസ്സയിലും ജറൂസലെമിലും മുന്നേറി. 132 സീറ്റുകളില്‍ 74 സീറ്റുകള്‍ ഹമാസ് കയ്യടക്കി ഭരിക്കാനുള്ള ഭൂരിപക്ഷം കരസ്ഥമാക്കി. ഫതഹിന് 55 സീറ്റുകള്‍ മാത്രം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അംഗീകരിക്കാന്‍ ഇസ്രാഈലും പാശ്ചാത്യനാടുകളും തയാറായില്ല. അധിനിവേശപ്രദേശത്ത്‌നിന്ന് പിരിച്ചെടുക്കുന്ന നികുതി കൈമാറാന്‍ ഇസ്രാഈല്‍ വിസമ്മതിച്ചു. വൈദ്യുതിയും വെള്ളവും തടഞ്ഞു. ഇസ്മായില്‍ ഹനിയ്യ പ്രധാനമന്ത്രിയായ സര്‍ക്കാറിനെ തകര്‍ക്കാന്‍ എതിരാളികളും സഹോദരരും ഒരുപോലെ അവസരം കാത്തിരുന്നു. ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് ഹമാസ് വാഗ്ദാനവുമായി മുന്നോട്ട്‌വന്നുവെങ്കിലും ഫത്തഹ് വിട്ടുവീഴ്ചക്ക് തയാറായില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഫണ്ട് വിട്ട് കൊടുത്തില്ല. 15 മാസത്തിനപ്പുറം ഹമാസ് സര്‍ക്കാറിനെ ഭരിക്കാന്‍ അനുവദിച്ചില്ല. അധീനതയിലുള്ള ഗസ്സ കയ്യടക്കാനായിരുന്നു പിന്നീട് പ്രസിഡന്റ് അബ്ബാസ് ശ്രമിച്ചത്. ഈ നീക്കം രക്തചൊരിച്ചിലില്‍ കലാശിച്ചു. അബ്ബാസ് ഇസ്മാഈല്‍ ഹനിയ്യ സര്‍ക്കാറിന്പകരം സ്വന്തം സര്‍ക്കാറിനെ വാഴിച്ചു. ഹമാസ് നിയന്ത്രണത്തിലുള്ള ഗസ്സ കയ്യടക്കാന്‍ രക്തചൊരിച്ചില്‍ നടത്തി.
പല തവണ ഇസ്രാഈല്‍ ഗസ്സസക്ക്‌മേല്‍ ആക്രമണം നടത്തിയപ്പോഴും അബ്ബാസ് മൗനത്തില്‍. ഫലത്തില്‍ ഇസ്രാഈല്‍ അധിവേശ ഫലസ്തീന്‍ രണ്ടായി പിളര്‍ന്നു. ഗസ്സ നിയന്ത്രിച്ച് ഹമാസ്, വെസ്റ്റ്ബങ്കില്‍ ഭരണം നടത്തിയ അബ്ബാസും ഫത്തഹ് പാര്‍ട്ടിയും. ഇസ്രാഈല്‍ അനുദിനം വെസ്റ്റ്ബങ്കില്‍ കയ്യേറ്റം വ്യാപിപ്പിക്കുമ്പോഴും ഫലസ്തീന്‍ പ്രതിഷേധം ദുര്‍ബലമായി. അവര്‍ക്ക്‌വേണ്ടി ശബ്ദമുയര്‍ത്തിയ അറബ് ലോകത്തിന്റെ ചാഞ്ചാട്ടം കൂടിയായപ്പോള്‍ തിരിച്ചറിവിന്റെ പാതയില്‍ ഐക്യപ്പെടാന്‍ അവര്‍ ചിന്തിക്കുന്നുവെങ്കില്‍ അത് ശരിയുടെ പാത തന്നെ.
‘യുദ്ധ പരാജയങ്ങള്‍ അറബ് ലോകത്തെ പ്രതിസന്ധിയിലാക്കി. ഈജിപ്ത് ഇസ്രാഈലുമായി ചങ്ങാത്തം സ്ഥാപിച്ചു. 1967ലെ യുദ്ധത്തില്‍ കയ്യടക്കിയ ഫലസ്തീന്‍ പ്രദേശം തിരിച്ച്‌നല്‍കാതെ ഇസ്രാഈലിന്റെ ധാര്‍ഷ്ട്യവും ആക്രമണവും അതിരുവിടുമ്പോഴും അയല്‍പക്ക അറബ് രാഷ്ട്രങ്ങള്‍ നിസ്സഹായരായി. ദിശയറിയാതെ ഫലസ്തീന്‍ ഇതിഹാസ നായകന്‍ യാസര്‍ അറഫാത്തും ഫത്തഹ് പ്രസ്ഥാനവും നിസംഗതയില്‍. ഈ ഘട്ടത്തിലാണ് 1987ല്‍ കുട്ടികളുടെ ഇന്‍തിഫാദ (ചെറുത്ത് നില്‍പ്) പ്രക്ഷോഭത്തിന് തുടക്കം. ഇസ്രാഈലി ടാങ്കുകള്‍ക്കും സൈനികര്‍ക്കുംനേരെ കല്ലെറിയുന്ന കൊച്ചു പോരാളികള്‍ക്ക്മുന്നില്‍ അവര്‍ക്ക് കീഴ്ഒതുങ്ങേണ്ട അവസ്ഥ. ഇതേ കാലഘട്ടത്തിലാണ് വിമോചന പോരാട്ടത്തിന് പുതിയ ദിശാബോധം കുറിച്ച് ഹമാസിന്റെ പിറവി. സാമൂഹിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന ശൈഖ് അഹമ്മദ് യാസിന്റെ നേതൃത്വത്തിലായിരുന്നു ഹമാസ് രൂപീകരണം. ഡോ. അബ്ദുല്‍ അസീസ് റന്‍തീസിയെ പോലെ ധിഷണാശാലികള്‍ അണിനിരന്നു. ഹമാസിന് പിന്നീട് വന്‍ വളര്‍ച്ചയായിരുന്നു. ഇസ്രാഈലിനെ അംഗീകരിക്കാന്‍ ഹമാസ് തയാറായില്ല. ഫലസ്തീന്‍ രാഷട്രീയം ശക്തമാവുകയും ഇന്‍തിഫാദയിലുടെ യുവാക്കള്‍ മുന്നേറുകയും ചെയ്തതോടെ, അമേരിക്കന്‍ മാധ്യസ്ഥന്‍ രംഗത്ത് വന്നു. 1993ല്‍ ഓസ്‌ലോ കരാറില്‍ അറഫാത്തും ഇസ്രാഈല്‍ പ്രധാനമന്ത്രി റബിനും ഒപ്പ്‌വെച്ചു.
റാമല്ല ആ സ്ഥാനമായി ഫലസ്തീന്‍ അതോറിട്ടി നിലവില്‍വന്നു. പ്രസിഡന്റ്, പ്രധാനമന്ത്രി മന്ത്രിസഭ എന്നിവയൊക്കെ പേരിനുണ്ടെങ്കിലും അധികാരം ഒരു മുനിസിപ്പല്‍ ഭരണത്തിന് തുല്യം. നികുതി പിരിവ് ഉള്‍പ്പെടെ ഇസ്രാഈല്‍ കൈകാര്യം ചെയ്യുന്നു. അഞ്ച് വര്‍ഷത്തിനകം വെസ്റ്റ്ബങ്കും ഗസ്സയും ചേര്‍ന്ന് ഫലസ്തീന്‍ രാഷ്ട്ര രൂപീകരണം കരാറില്‍ എഴുതിചേര്‍ത്തുവെങ്കിലും അപ്പോഴേക്കും കൊടുംഭീകരനായി അറിയപ്പെടുന്ന ഏരിയല്‍ ഷറോണ്‍ പ്രധാനമന്ത്രിയായതോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ഷാരോണ്‍ ഓസ്‌ട്രോ കരാറിനെ എതിര്‍ത്തു. പിന്നീട് ഷാരോണിന്റെ ഭീകര വാഴ്ച. ഇതിന് എതിരെ രണ്ടാം ഇന്‍തിഫാദ പ്രക്ഷോഭം തുടങ്ങി. പൈശാചിക പീഡനം. 2004 മാര്‍ച്ചില്‍ ശൈഖ് യാസിനും ഏപ്രിലില്‍ അബ്ദുല്‍ അസീസ് റന്‍തീസിയും ഇസ്രാഈല്‍ ബോംബാക്രമണം വഴി ഗസ്സയില്‍ വധിക്കപ്പെട്ടു. വെസ്റ്റ്ബങ്കില്‍ യാസര്‍ അറഫാത്തിന് നേരെ നിരന്തരം പീഡനം. വിഷം കുത്തിവെക്കപ്പെട്ട നിലയില്‍ 2004 നവംബര്‍ 11 ന് യാസര്‍ അറഫാത്ത് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു.
ഇന്‍തിഫാദ ശക്തമായി. 2005 ല്‍ 8000 ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ച് ഗസ്സയില്‍ ജൂത അധിനിവേശകര്‍ പിന്‍മാറി. 2006ല്‍ ഫലസ്തീന്‍ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയം. അബ്ബാസിനോടൊപ്പം പാശ്ചാത്യ രാജ്യങ്ങളും ഇസ്രാഈലും ഹമാസ് സര്‍ക്കാറിനെ തകര്‍ത്തു. ഈ ഭിന്നതയില്‍ ഹമാസ് ഫത്തഹ് ആഭ്യന്തര കലഹം എതിരാളികള്‍ ചൂഷണം ചെയ്തു. 2008ല്‍ ഗസ്സക്ക് ചുറ്റും മതില്‍ കെട്ടി. കരയിലും കടലിലും ഉപരോധം. 15 ലക്ഷംവരുന്ന ഗസ്സ നിവാസികള്‍ തുറന്ന ജയിലില്‍ കഴിയുന്നു. അധിനിവേശ ഭൂമിയില്‍ നരകതുല്യം ജീവിതം നയിക്കുന്ന ഫലസ്തീന്‍ ജനതയെ ഭിന്നിപ്പിച്ച് ശക്തി ക്ഷയിപ്പിക്കുന്ന ഇസ്രാഈലിന്റെയും അമേരിക്കയുടെയും കുതന്ത്രത്തില്‍ വീണുപോയെന്ന തിരിച്ചറിവില്‍ നിന്നാകണം ഐക്യം വളര്‍ത്തിയെടുക്കേണ്ടത്. ഇനിയും ഐക്യപ്പെടുന്നില്ലെങ്കില്‍ ഫലസ്തീന്‍ വിമോചനലക്ഷ്യം സ്വപ്‌നം മാത്രമാകും.