യൂനുസ് അമ്പലക്കണ്ടി
ആദ്യ അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് രണ്ടാമൂഴത്തിന്റെ തുടക്കത്തില്‍ തന്നെ മോദി സര്‍ക്കാര്‍ വേഗത്തിലും കര്‍ശനമായും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഹിന്ദുത്വയുടെ അജണ്ടകള്‍ മാത്രമാണ്. അധികാരത്തിലേറി മാസങ്ങള്‍ക്കകമാണ് ജമ്മുകശ്മീരിനെ തടവറയിലാക്കിയത്. അതിന്റെ ഒന്നാം വാര്‍ഷികത്തില്‍ 2020 ആഗസ്ത് അഞ്ചിന് മതേതര ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നാലു നൂറ്റാണ്ടിലധികം മുസ്‌ലിംകള്‍ ആരാധന നിര്‍വഹിച്ച, ബാബരി മസ്ജിദ് നിലനിന്നിരുന്ന അതേ ഭൂമിയില്‍ രാമക്ഷേത്രത്തിനു ശിലയിടുന്നു. ഭരണ ഘടനാസംവിധാനങ്ങളൊക്കെ പൂര്‍ണ്ണമായും തങ്ങളുടെ വരുതിയിലാക്കി നരേന്ദ്ര മോദി പുതിയ വേഷത്തിലും ഭാവത്തിലും കളംനിറഞ്ഞു നില്‍ക്കുന്ന വര്‍ത്തമാന ഇന്ത്യ നല്‍കുന്ന അപായ സൂചന വളരെ വലുതാണ്.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ പരമോന്നത നീതിപീഠത്തിന്റെ വിധി എന്തായാലും അംഗീകരിക്കുമെന്നായിരുന്നു മുസ്‌ലിം വിഭാഗത്തിന്റെ ആദ്യമേയുള്ള സുവ്യക്തമായ നിലപാട്. പള്ളി പൊളിച്ചത് തെറ്റാണെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നതിനു തെളിവില്ലായെന്നും പറഞ്ഞുവെച്ച അതേ കോടതി തന്നെ മസ്ജിദിന്റെ ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനു വിട്ടു കൊടുത്ത വിചിത്ര വിധിയും മുസ്‌ലിംകള്‍ ദു:ഖത്തോടെ അംഗീകരിച്ചു. പതിറ്റാണ്ടുകളായി പുകഞ്ഞ് കൊണ്ടിരിക്കുന്ന ഒരു വിഷയത്തിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലയായാണ് പൊതു സമൂഹം ആ വിധിയെ വ്യാഖ്യാനിച്ചത്. അവിടെ ക്ഷേത്രം പണിയാനുള്ള അധികാരം സുപ്രീം കോടതി ട്രസ്റ്റിനാണ് നല്‍കിയത്. എന്നാല്‍ ഈ ആഗസ്ത് അഞ്ചിനു നടന്നത് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ രാജ്യത്തിന്റെ അധിപന്‍തന്നെ വിഭാഗീയതക്ക് വിത്തു പാകുന്ന ദയനീയ കാഴ്ചയാണ്.
മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ദേശീയ മാധ്യമമായ ദൂരദര്‍ശനുമുള്‍െപ്പടെ ഭരണഘടനാ സംവിധാനങ്ങളെ വെല്ലുവിളിച്ച് പരസ്യമായി പക്ഷംപിടിക്കുന്ന അത്യന്തം വേദനാജനകമായ സംഭവത്തിനാണ് രാജ്യം മൂക സാക്ഷിയായത്. മതത്തിനേയുംവിശ്വാസത്തേയും വോട്ടു ബാങ്കിനായി ക്രമപ്പെടുത്തുന്ന പ്രയത്‌നത്തിലാണ് സംഘ്പരിവാര്‍. അടുത്ത തെരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ ക്ഷേത്രം പണി പൂര്‍ത്തിയാവുക എന്നത് തന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖ്യ അജണ്ട.
രാജ്യം ആര്‍ജ്ജിച്ചെടുത്ത പുരോഗതിയെ പിറകോട്ട് വലിക്കുന്നതും രാജ്യത്തെ ജനവിഭാഗങ്ങളെ വൈരത്തിലാക്കുന്നതുമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ആറു കൊല്ലവും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറില്‍ നിന്നുണ്ടായത്. കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ നടപ്പില്‍ വരുത്തിയ നോട്ടുനിരോധനം മൂലമുണ്ടായ നഷ്ടക്കണക്കുകള്‍ ആര്‍ക്കും തിട്ടപ്പെടുത്താനായിട്ടില്ല. വികസനോന്മുഖമായിരുന്ന ഒരു രാജ്യത്തിന്റെ പുരോയാനത്തിന് വിഘാതം തീര്‍ക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ നോട്ട് നിരോധനം. നിരോധിച്ച 99 ശതമാനത്തിലധികം നോട്ടുകളും റിസര്‍വ്വ് ബാങ്കില്‍ തിരിച്ചെത്തിയപ്പോള്‍ ഊതിവീര്‍പ്പിച്ച കള്ളപ്പണത്തിന്റെ കണക്കുകളെക്കുറിച്ചോ നോട്ടുകള്‍ നിരോധിച്ച് മാസങ്ങളോളം രാജ്യത്തെ പര കോടി ജനങ്ങളെ കഠിന വിപത്തിലാക്കിയതിനെക്കുറിച്ചോ ഭരണാധികാരികള്‍ക്ക് മിണ്ടാട്ടമില്ല. അതിന്റെ കെടുതികള്‍ രാജ്യം ഇന്നും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.
മുന്നൊരുക്കമൊന്നുമില്ലാതെ ചരക്കു സേവന നികുതി (ജി.എസ്.ടി)യുടെ പ്രഖ്യാപനം കൂടിയായപ്പോള്‍ രാജ്യം പിന്നെയും വലിയ വില കൊടുക്കേണ്ടിവന്നു.നോട്ടു നിരോധനത്തിന്റെ തീരാ ദുരിതം വരിഞ്ഞുമുറുക്കുമ്പോഴാണ് ഗ്രാമീണ ചെറു കിട വ്യവസായ മേഖലയെ മുച്ചൂടും തകര്‍ത്തു കളഞ്ഞ ജി.എസ്.ടി നടപ്പിലാവുന്നത്. സംസ്ഥാനങ്ങളുടെ നികുതി വരുമാനങ്ങളെ പുതിയ നികുതി നയം കാര്യമായി ബാധിച്ചു. ജി.എസ്.ടി നിലവില്‍ വന്നതോടെ നികുതിയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള അവകാശം തന്നെ പരിമിതപ്പെട്ടു. ജി.എസ്.ടി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്ന് സാമ്പത്തിക വിദഗ്ധരും ബുദ്ധി ജീവികളും നല്‍കിയ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു. ദീര്‍ഘവീക്ഷണത്തോടെയും ഉള്‍ക്കാഴ്ചയോടെയും പ്രവിശാലമായ രാജ്യത്തെ നയിക്കേണ്ടവര്‍ സ്ഥാപിത ലക്ഷ്യങ്ങള്‍ക്കുമാത്രം വഴങ്ങുമ്പോള്‍ നടപ്പിലാക്കുന്ന തീരുമാനങ്ങളിലധികവും രാജ്യ താല്‍പര്യത്തിനു തീര്‍ത്തും പ്രതികൂലമായി വരുന്നുവെന്നതാണ് സത്യം.
മുത്തലാഖ് നിയമവും പൗരത്വ നിയമ ഭേദഗതിയും തീര്‍ത്തും വിഭാഗീയതയുടെ ഉല്‍പന്നമായിരുന്നു. വിവാഹമോചനം എല്ലാ സമുദായങ്ങളിലും വിഭാഗങ്ങളിലും ഉണ്ടെന്നിരിക്കെ ഇസ്‌ലാമിലെ ത്വലാഖിനെ മാത്രം തര്‍ക്കവിഷയമാക്കിയതിന്റെ ഉദ്ദേശ്യ ശുദ്ധി വ്യക്തമാണ്. ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവരെപ്പോലും അന്യരായിക്കാണാനും അവര്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ സൃഷ്ടിക്കാനും പ്രാപ്തമാണ് ദേശീയ പൗരത്വ നിയമ ഭേദഗതി. പ്രത്യേകിച്ച് പൊതു മണ്ഡലത്തില്‍നിന്ന് ഒരു വിഭാഗത്തെ മാത്രം അടര്‍ത്തി മാറ്റാനും അവരെ പാര്‍ശ്വവത്കരിക്കാനും അതുവഴി തങ്ങളുടെ ഇംഗിതം നടപ്പിലാക്കാനും മൂര്‍ച്ച കൂട്ടുന്നതാണ് നിയമം. രാജ്യമാകെ തിളച്ചു മറിഞ്ഞ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയെങ്കിലും ഭരണകൂടം തീരുമാനത്തിലുറച്ചു നില്‍ക്കുകയാണിന്നും.
കോവിഡ് മഹാമാരി പരസ്യ പ്രതിഷേധത്തിനു വിഘാതമായെങ്കിലും രാജ്യത്തിന്റെ പരിച്ഛേദം ഈ ഭേദഗതിക്കെതിരാണ്. പൗരത്വ സമരത്തില്‍ പങ്കെടുത്തവരെ കൊറോണക്കാലത്തും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന ഭരണകൂട ഭീകരതയാണ് ദിനേന പുറത്തുവരുന്നത്. ഡല്‍ഹിയിലെആസൂത്രിത കലാപവും തുടര്‍ന്നു നടന്ന ദുഷ് ചെയ്തികളും ന്യൂനപക്ഷ സമൂഹത്തിനു വരുത്തിവെച്ചത് നികത്താനാവാത്ത നഷ്ടങ്ങള്‍ മാത്രമാണ്.
ഇതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ വാരം പുറത്തുവന്ന രണ്ടു വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒന്നിലെ പ്രതി കേന്ദ്രം നേരിട്ട് നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസാണ്. രണ്ടാമത്തേതില്‍ ഭക്തി മൂത്ത് മനുഷ്യനെ നിര്‍വികാരത്തോടെ കശാപ്പ് ചെയ്യുന്ന തീവ്ര ഹിന്ദുത്വവാദികളും. പ്രമുഖ വിവരാവകാശ പ്രവര്‍ത്തക അരുണാ റോയി അധ്യക്ഷയായ നാഷണല്‍ ഫെഡറല്‍ ഓഫ് ഇന്ത്യന്‍ വിമണിന്റെ വസ്തുതാന്വേഷണ സംഘം ജാമിഅ മില്ലിയ്യയില്‍ ഡല്‍ഹി പൊലീസ് നടത്തിയ കരള്‍പിളര്‍ക്കും തേര്‍വാഴ്ച്ചയാണ് വിവരിക്കുന്നത്. പുരുഷ പൊലീസുകാര്‍ സമരം ചെയ്ത സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ക്രൂരമായി മര്‍ദിച്ചതും ലാത്തി കയറ്റിയതും ധരിച്ച വസ്ത്രങ്ങള്‍ വലിച്ചു കീറിയതുമൊക്കെ ആ റിപ്പോര്‍ട്ടില്‍ വ്യക്തമായിപ്പറയുന്നു.
കൗമാരക്കാരി തൊട്ട് വൃദ്ധ സ്ത്രീകള്‍ വരെ ലൈംഗിക പീഡനത്തിന്ഇരയായത്രെ. മുപ്പത് പുരുഷന്മാര്‍ക്കും ക്രൂരമായ ലൈംഗികാതിക്രമം ഏല്‍ക്കേണ്ടി വന്നു. കാവലും സംരക്ഷകരുമാവേണ്ടവരാണ് ഇവ്വിധം കേട്ടാലറക്കുന്ന പൈശാചികതക്ക് നേതൃത്വം നല്‍കുന്നത്. ഡല്‍ഹിയില്‍ ഹിന്ദുത്വ ശക്തികള്‍ നടത്തിയ വംശീയാക്രമണത്തില്‍ മുസ്‌ലിം യുവാവ് ക്രൂരവും നിന്ദ്യവുമായി കൊല ചെയ്യപ്പെട്ട രംഗം പൊലീസ് കോടതിയില്‍ വിശദീകരിച്ചത് മന:സ്സാക്ഷിയുള്ളവരെ മരവിപ്പിക്കുന്നതായിരുന്നു. ഇരുപത് വയസ്സ് കഴിഞ്ഞ ചെറുപ്പക്കാരനെ മാരകമായി മര്‍ദിച്ച് അബോധാവസ്ഥയിലാക്കിയ അക്രമിക്കൂട്ടം പിന്നീട് അനങ്ങുന്നത് കണ്ടപ്പോള്‍ മരക്കമ്പുകള്‍ കൂട്ടി പെട്രോളൊഴിച്ച് അതിലിട്ട് കത്തിക്കുകയായിരുന്നുവത്രെ.