പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ചന്ദ്രിക പ്രചാരണ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. ഈ മാസം ഇരുപത് വരെ നീണ്ടു നില്‍ക്കുന്നതാണ് ക്യാമ്പയിന്‍. പത്ര വായന നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. വിവര സാങ്കേതിക വിദ്യയില്‍ ഏറെ മുന്നോട്ടു പോവുകയും വിരല്‍തുമ്പില്‍ വാര്‍ത്തകളും വിവരങ്ങളും വന്നുനില്‍ക്കുകയും ചെയ്യുന്ന ഈ കാലത്തും പത്ര വായന ദിനചര്യയുടെ ഭാഗമാണ് മലയാളിക്ക്. പത്രങ്ങളും പ്രസിദ്ധീകരണങ്ങളും നമ്മുടെ സാംസ്‌കാരത്തിന് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
വാര്‍ത്തകള്‍ക്കൊപ്പം ആശയ പ്രചരണങ്ങള്‍ക്കുള്ള ഉപാധികൂടിയാണ് പത്രങ്ങള്‍. മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ മുഖപത്രമാണ് ചന്ദ്രിക. മുസ്‌ലിംലീഗ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുമ്പേ ചന്ദ്രിക പ്രസിദ്ധീകരണത്തിന് തുടക്കമായിട്ടുണ്ട്. 1934 ല്‍ പ്രതിവാര പത്രമായിട്ടായിരുന്നു തുടക്കം. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനും പത്തു വര്‍ഷം മുമ്പ് ചന്ദ്രിക ദിനപത്രമായി പ്രസിദ്ധീകരണമാരംഭിച്ചിരുന്നു. എട്ടര പതിറ്റാണ്ടിന്റെ പാരമ്പര്യം കേവലം ഒരു പ്രസിദ്ധീകരണത്തിന്റെ പാരമ്പര്യം മാത്രമല്ല, ഒരു ആശയത്തിന് പ്രതിരോധവും പ്രചാരണവും തീര്‍ത്ത പാരമ്പര്യം കൂടിയാണത്.
ന്യൂനപക്ഷങ്ങളുടേയും പിന്നാക്കക്കാരുടേയും ഇതു രണ്ടും ചേര്‍ന്ന മുസ്‌ലിം സമൂഹത്തിന്റേയും ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കുംവേണ്ടി ചന്ദ്രിക ശബ്ദമുയര്‍ത്തി തുടങ്ങിയകാലത്ത് കൂടെനില്‍ക്കാന്‍ അധികമാരുമുണ്ടായിരുന്നില്ല. ക്ഷേമമന്വേഷിക്കാനും അവകാശ നിഷേധങ്ങളെ തുറന്നുകാട്ടാനും വേറെ മാധ്യമങ്ങള്‍ അധികമുണ്ടായിരുന്നില്ല. ബ്രിട്ടീഷ് സര്‍ക്കാറിന്റെ കാലത്ത് ആരംഭംകുറിച്ച ചന്ദ്രിക ബ്രിട്ടീഷ് അധികാരികളുടെ അവഗണനക്കെതിരേയും അവകാശനിഷേധങ്ങള്‍ക്കെതിരേയും നിരന്തരം ശബ്ദിച്ചിരുന്നു. ഇടപെടേണ്ട ഒരു ഘട്ടത്തിലും നിശബ്ദതപാലിച്ചിട്ടില്ല.
മലയാളത്തിന്റെ അഭിമാനം വിശ്വത്തോളം ഉയര്‍ത്തിയ മഹാപ്രതിഭകളില്‍ പലര്‍ക്കും പ്രചോദനവും പിന്തുണയും നല്‍കാന്‍ ചന്ദ്രികക്ക്‌സാധിച്ചു. മലയാള കലാ സാഹിത്യ രംഗത്തെ പ്രമുഖരില്‍ പലരുടേയും ആദ്യകാല കളരി ചന്ദ്രികയായിരുന്നു. മലയാളത്തിന്റെ മഹാകവികളായ ജി.ശങ്കരകുറുപ്പും വള്ളത്തോളുമടക്കം എസ്.കെ പൊറ്റക്കാടും വൈക്കം മുഹമ്മദ് ബഷീറും എം.ടി വാസുദേവന്‍ നായരും തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍. ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഇന്നും ചന്ദ്രിക പിന്തുടരുന്നത്.
സത്യാനന്തന്തര കാലം എന്ന് വിശേഷിപ്പിക്കുന്ന വര്‍ത്തമാനത്തില്‍ സത്യത്തോടൊപ്പം നില്‍ക്കുക എന്നത് വലിയ പരീക്ഷണമായി മാറിയിരിക്കുന്നു. ആ പരീക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാതെ നില്‍ക്കുന്നു എന്നത് ചന്ദ്രികക്ക് സാധ്യമാകുന്നു. മുസ്‌ലിം സമൂഹത്തെ രാഷ്ട്രീയ പ്രബുദ്ധമാക്കുന്നതിലും ജനാധിപത്യ ചേരിയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിലും ചന്ദ്രിക വലിയ പങ്കു വഹിച്ചു. മുസ്‌ലിംലീഗിന്റെ വളര്‍ച്ചയിലും ബഹുജന പിന്തുണ നേടിക്കൊടുക്കുന്നതിലും ചന്ദ്രികക്കുള്ള പങ്ക് തുല്യതയില്ലാത്തതാണ്. ഇന്ത്യാരാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ജനങ്ങളെ ബോധവാന്മാരാക്കുകയും പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രത്തോടുള്ള ബാധ്യത ബോധ്യപ്പെടുത്തിക്കൊടുക്കാനും ചന്ദ്രികയുടെ താളുകള്‍ ഉപയോഗപ്പെടുത്തി. സമുദായ ഐക്യത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനും വിരുദ്ധമായ ആശയങ്ങള്‍ക്കുനേരെ പോരാടി.
നമ്മുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ സംഭവങ്ങള്‍ വ്യക്തികള്‍ ചന്ദ്രികക്ക് എന്നും നിറം പകര്‍ന്നിട്ടുണ്ട്. ബാബരി മസ്ജിദ് അടക്കം വൈകാരികമായ വിഷയങ്ങളില്‍ ചന്ദ്രികയിലെ അക്ഷരങ്ങള്‍ക്ക് തീവ്രത പോരാ എന്ന ആക്ഷേപങ്ങളും പരിഹാസങ്ങളും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. തീവ്ര ചിന്തകളെ നിരുല്‍സാഹപ്പെടുത്തി സമുദായത്തിന്റെ അടിസ്ഥാനപരമായ വിഷയങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ചന്ദ്രിക ശ്രമിച്ചത്. വിദ്യാഭ്യാസം, സാംസ്‌കാരികം, രാഷ്ട്രീയം, സ്വത്വബോധം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ സമുദായത്തെ ഉണര്‍ത്താനും ഉത്തേജനം നല്‍കാനും നിരന്തരം പരിശ്രമിച്ചു. മേല്‍ വിഷയങ്ങളില്‍ സമുദായം കൈവരിച്ച പുരോഗതിക്ക് ചന്ദ്രികയോളം കടപ്പെട്ട മറ്റൊരു പ്രസിദ്ധീകരണമില്ല. സമുദായത്തിന്റെ പുരോഗതി ആഗ്രഹിച്ചവരുടെ ആശയങ്ങള്‍ അക്ഷരങ്ങളായിമാറിയത് ചന്ദ്രികയിലൂടെയായിരുന്നു. സീതീസാഹിബിന്റെ ധിഷണയായിരുന്നു ചന്ദ്രികയുടെ വെളിച്ചം. ബാഫഖിതങ്ങളുടെ ആത്മാര്‍ത്ഥതയും സി.എച്ചിന്റെ പ്രതിഭയും പൂക്കോയ തങ്ങളും ശിഹാബ് തങ്ങളും ഓര്‍ക്കപ്പെടേണ്ട മറ്റു ധാരാളമാളുകളുമുണ്ട്. കെ.കെ മുഹമ്മദ് ഷാഫി മുതല്‍ തുടക്കംകുറിച്ച പ്രതിഭാശാലികളായ നിരവധി പത്രാധിപര്‍. എണ്‍പത്തി ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയില്‍നിന്ന്ആരംഭിച്ച് ഇന്ന് ജി. സി.സി രാഷ്ട്രങ്ങളില്‍ നിന്നടക്കം പതിമൂന്ന് കേന്ദ്രങ്ങളില്‍ നിന്നു ചന്ദ്രിക പ്രസിദ്ധീകരിക്കുന്നുണ്ട്.
മനുഷ്യ ജീവിതത്തിന്റെ ഗതിവിഗതികള്‍ പോലെ ചന്ദ്രികക്കും കിതപ്പും കുതിപ്പുമുണ്ടായിട്ടുണ്ട്. പുതിയ കാലത്ത് എല്ലാ മേഖലയിലും ഉണ്ടായ പോലെ സ്വാഭാവികമായ പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ടായിട്ടുണ്ട്. കാലത്തിന്റേയും സമൂഹത്തിന്റേയും മാറ്റങ്ങള്‍ അഭിമുഖീകരിച്ച് ഇനിയുമേറെ കാതങ്ങള്‍ മുന്നേറാനുമുണ്ട്. ചന്ദ്രിക ക്യാമ്പയിന്‍ നടക്കുമ്പോള്‍ തീര്‍ച്ചയായും ചന്ദ്രിക നിര്‍വ്വഹിച്ച ചരിത്രദൗത്യം മനസ്സിലാക്കുകയും ആ ചരിത്ര ദൗത്യത്തിന്റെ തുടര്‍ച്ചക്ക് ചന്ദ്രിക വായിക്കാനും വരിക്കാരാവാനും വരിക്കാരെ ചേര്‍ത്താനും നല്ല മനസ്സുകളോട് അഭ്യര്‍ത്ഥിക്കുന്നു.