യൂനുസ് അമ്പലക്കണ്ടി
ഇരുട്ടിന്റെ ഭീതിതമായ വര്‍ത്തമാനത്തിനിടയില്‍ തെല്ലെങ്കിലും വെളിച്ചം പകരുന്ന ശ്രദ്ധേയ ഇടപെടലാണ് സെപ്തംബര്‍ ഒന്നിനു ഡോ. ഖഫീല്‍ഖാനെ മോചിപ്പിച്ചുകൊണ്ട് അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാന വിധി. തങ്ങള്‍ക്കെതിരെയുള്ള ഏതനക്കങ്ങളേയും പകയോടെ കാണുകയും അധികാരത്തിന്റെ മുഷ്‌ക്കില്‍ അവയെ നേരിടുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്കുള്ള കനത്ത ആഘാതമാണ്ചരിത്രത്തിലിടം നേടിയ വിധിന്യായം. ജനാധിപത്യത്തിന്റെ വേരുറപ്പിന് അനിവാര്യമായ വിമര്‍ശനങ്ങളെ ഇല്ലായ്മ ചെയ്യാനും തങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്ന പുതിയ ഭരണക്രമം രൂപപ്പെടുത്താനുമുള്ള സംഘ്പരിവാറിന്റെ ആസൂത്രിത നീക്കങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമരുകയാണ് രാജ്യം. കാലാകാലങ്ങളായി സമൂഹം വില കല്‍പ്പിച്ചുപോന്ന മൂല്യങ്ങളും ആശയങ്ങളും കേവലം വികലമായ വൈകാരിക ഇടപെടലുകളില്‍ മാഞ്ഞുപോകുന്ന അഭിശപ്ത ഘട്ടത്തില്‍ ഏതു ചെറിയ വെളിച്ചവും ആശ്വാസം പകരുന്ന വലിയ നെടുവീര്‍പ്പുകള്‍തന്നെയാണ്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബാബാരാഘവദാസ് മെഡിക്കല്‍ കോളജില്‍ 2017 ആഗസ്ത് രണ്ടാം വാരത്തില്‍ അറുപതിലധികം കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ട ദാരുണ സംഭവത്തോടുകൂടിയാണ് അവിടെ ജോലി ചെയ്യുന്ന ശിശു രോഗ വിദഗ്ധനായഡോ. ഖഫീല്‍ഖാന്‍ വാര്‍ത്തകളില്‍ നിറയുന്നത്. യോഗിയും ഉപജാപങ്ങളും ഉത്തര്‍പ്രദേശിന്റെ പെരുമ പെരുമ്പറയടിക്കുന്നതിനിടയിലാണ് പ്രശസ്തമായ സര്‍ക്കാര്‍ ആശുപത്രിയില്‍ അസുഖബാധിതരായ അനേകം പിഞ്ചു കുട്ടികള്‍ കൃത്രിമ പ്രാണ വായു ലഭിക്കാതെ അന്ത്യശ്വാസം വലിച്ചെന്ന ഞെട്ടിക്കുന്ന വാര്‍ത്തക്ക് ലോകം സാക്ഷിയാവുന്നത്. ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കുന്ന സ്ഥാപനത്തിന് വന്‍ തുക കുടിശ്ശികയായി നല്‍കാനുള്ളതിനാല്‍ അവര്‍ വിതരണം നിര്‍ത്തിവെച്ചതോടെ ഓക്‌സിജനു ക്ഷാമം അനുഭവിക്കുകയും കുട്ടികള്‍ ശ്വാസം മുട്ടി നരകിച്ച് മരിക്കുകയുമായിരുന്നു.
ഈയൊരു ദുരവസ്ഥ വരാതിരിക്കാന്‍ നിരവധി തവണമുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും ഭരണകൂടത്തിന്റെ ബധിര കര്‍ണ്ണങ്ങളില്‍ അവ പതിച്ചില്ല. കരള്‍ പിളര്‍ക്കുന്ന രംഗത്തിനു സാക്ഷിയാവേണ്ടി വന്ന ഖഫീല്‍ ഖാനാവട്ടെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് സ്വന്തം വാഹനത്തില്‍ തന്റെ പണമുപയോഗിച്ച് ആശുപത്രിയില്‍ സിലിണ്ടറുകളെത്തിച്ച് ഇനിയും മരിക്കുമായിരുന്ന അനേകം കുട്ടികള്‍ക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഇതിനെ പ്രശംസിക്കുന്നതിനു പകരം സ്വന്തം മൂക്കിനുതാഴെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കടുത്ത അനാസ്ഥയാല്‍ പൈതങ്ങള്‍ പിടഞ്ഞുമരിച്ച ദയനീയ സംഭവം പുറംലോകമറിഞ്ഞതിലുള്ള ജാള്യത തീര്‍ക്കാന്‍ മനുഷ്യ സ്‌നേഹിയായ ആ ഭിഷഗ്വരനെ വേട്ടയാടുകയായിരുന്നു യോഗി സര്‍ക്കാര്‍. അവിടെ നടന്ന സത്യങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ അധികാരത്തിന്റെ ഉരുക്കുമുഷ്ടിയില്‍ ഖഫീല്‍ഖാനെ തളര്‍ത്തിയിടാനുള്ള തന്ത്രങ്ങള്‍ പയറ്റുകയായിരുന്നു യു.പിയിലെ ബി.ജെ.പി ഭരണകൂടം.
ആദ്യം ജോലിയില്‍നിന്നു പിരിച്ചുവിടുകയും പിന്നീട് കള്ളക്കേസ് ചുമത്തി അറസ്റ്റു ചെയ്യുകയും ചെയ്തു. ഒമ്പതുമാസം ജയിലില്‍ കിടന്നു. ഡോക്ടര്‍മാരുള്‍പ്പടെയുള്ള അന്വേഷണ കമ്മീഷന്‍ ഖഫീല്‍ഖാനെതിരെയുള്ള വാദങ്ങള്‍ ഇഴകീറി പരിശോധിച്ചു. ഒരു തെറ്റും കണ്ടെത്താനായില്ല. അദ്ദേഹത്തിനെതിരില്‍ ആരോപിക്കപ്പെട്ടവ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കോടതിയില്‍നിന്നും പിന്നീട് കേസും ഒഴിവാക്കപ്പെട്ടു. പക തീരാത്ത യോഗി ആദിത്യനാഥ് തുടര്‍ന്നും ഖഫീല്‍ഖാനെ പിന്തുടരുകയായിരുന്നു. ശാരീരികമായും മാനസികമായും അദ്ദേഹവും കുടുംബവും വലിയതോതില്‍ ക്രൂശിക്കപ്പെട്ടു. അതിനിടയിലാണ് കേന്ദ്ര സര്‍ക്കാറിന്റെ ഏറെ വിവാദമായ പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെമ്പാടും തിളച്ചു മറിഞ്ഞ പ്രതിഷേധത്തില്‍ ഡോ. ഖഫീല്‍ഖാനും പങ്കാളിയാവുന്നത്. 2019 ഡിസംബറില്‍ അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളോടായി നടത്തിയ പ്രസംഗത്തിന്റെ മറപിടിച്ച് പൊലീസ് ഗുരുതരമായ കുറ്റം ചുമത്തി വീണ്ടുംകേസെടുത്തു. ദേശ വിരുദ്ധവും മത വികാരം വ്രണപ്പെടുത്തുന്നതുമായ പ്രസംഗം നടത്തിയെന്നാരോപിച്ച് മുംബൈയില്‍ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ദേശ സുരക്ഷാ നിയമ (എന്‍.എസ്.എ) പ്രകാരം ജയിലിലടച്ചു. കോടതിയനുവദിച്ച ജാമ്യം പോലും നിഷേധിക്കപ്പെട്ടു.
ഒടുവില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം മാതാവ് നുസ്‌റത്ത് പര്‍വീണ്‍ അലഹാബാദ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിക്കുകയായിരുന്നു. പരാതി പരിഗണിച്ച കോടതി ഡോ. ഖഫീല്‍ഖാനെ ഉടന്‍മോചിപ്പിക്കാന്‍ ഉത്തരവിട്ടതിലൂടെ യോഗി സര്‍ക്കാറിന്റെ മുഖംമൂടിയാണ് അഴിഞ്ഞു വീണത്. ഒമ്പതു മാസമാണ് അകാരണമായി കൊടിയ ദുരിതങ്ങള്‍ പേറി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ഖഫീല്‍ ഖാനു ജയിലറക്കുള്ളില്‍ കഴിയേണ്ടി വന്നത്. അദ്ദേഹത്തില്‍ ചുമത്തിയ എന്‍.എസ്.എ കുറ്റം നിയമ വിരുദ്ധമാണെന്ന്ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഖഫീല്‍ഖാനെ കുറ്റക്കാരനാക്കിയ ജില്ലാ മജിസ്‌ട്രേറ്റിനെ രൂക്ഷമായി വിമര്‍ശിക്കുകയുംചെയ്തു.
അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ വെറുപ്പ് വളര്‍ത്താനുള്ള യാതൊന്നുമില്ലെന്നും മറിച്ച് ഐക്യവും ദേശീയോദ്ഗ്രഥനവുമാണ് പ്രസംഗിച്ചതെന്നും കോടതി സംശയലേശമന്യേ ചൂണ്ടിക്കാട്ടിയപ്പോള്‍ യു.പി സര്‍ക്കാറിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന പെരുംനുണയുടെ കടലാസു കെട്ടുകളാണ് ഭസ്മമായത്. രാവിലെ വന്ന വിധിയില്‍ മഥുരയിലെ ജയിലധികൃതര്‍ മോചനം നീട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയതായി അദ്ദേഹത്തിന്റെ ഭാര്യ ഡോ. ശബിസ്ത ഖാന്‍ ആരോപിക്കുകയുണ്ടായി. ബന്ധുക്കളുടെ ജാഗ്രതയോടെയുള്ള ഇടപെടലിനെത്തുടര്‍ന്ന് അര്‍ധ രാത്രിയാണ് ജയില്‍ മോചിതനായത്. ജയിലില്‍ അന്നപാനീയങ്ങള്‍ നല്‍കാതെ ദിവസങ്ങളോളം പട്ടിണിക്കിട്ടതായി പുറത്തിറങ്ങിയ ഉടന്‍ അദ്ദേഹം മാധ്യമങ്ങളോടടക്കം പരിഭവപ്പെട്ടു. ഡോ. ഖഫീല്‍ ഖാന്‍ വ്യാജ ഏറ്റുമുട്ടലില്‍തന്നെ കൊല്ലാതിരുന്നതിന് പൊലീസിനു നന്ദി പറഞ്ഞതും കൂടുതല്‍ സുരക്ഷിതത്വം തേടി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് താമസം മാറ്റിയതും രാജ്യത്തിന്റെ സങ്കടകരമായ നേര്‍ചിത്രമാണ് വരച്ചുകാട്ടുന്നത്.
വിമര്‍ശനങ്ങള്‍ ഫാഷിസ്റ്റ് ഭരണ കൂടങ്ങള്‍ക്ക് എക്കാലവും ഭയമാണ്. ഗുജറാത്തില്‍ മോദി സര്‍ക്കാര്‍ പിന്തുടര്‍ന്ന വര്‍ഗീയ നയങ്ങളെ തെളിവുകള്‍ നിരത്തി നിര്‍ഭയം ശക്തമായി നേരിടുകയും കേന്ദ്രത്തിലെ ഒന്നാം മോദി ഭരണകൂടത്തെ ചോദ്യ ശരങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്ത പ്രഗല്‍ഭനായ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ്ഭട്ട് ജയിലിലടക്കപ്പെട്ടിട്ട് ഈ സെപ്തംബര്‍ അഞ്ചിന് രണ്ടു വര്‍ഷം പൂര്‍ത്തിയായി.