Connect with us

india

അഹങ്കാരികളെ രാമന്‍ 240ല്‍ നിര്‍ത്തി; ബി.ജെ.പിക്കെതിരെ ആർ.എസ്.എസ് നേതാവ്

അഹങ്കാരമാണ് ഭരണകക്ഷിയുടെ മോശം പ്രകടനത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. അഹങ്കാരമാണ് ഭരണകക്ഷിയുടെ മോശം പ്രകടനത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജയ്പൂരിനടുത്തുള്ള കനോട്ടയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഭഗവാനെ ആരാധിക്കുന്നവര്‍ ക്രമേണ അഹങ്കാരികളായി മാറി. ഏറ്റവും വലിയ പാര്‍ട്ടിയായിരുന്നെങ്കിലും അവരുടെ അഹങ്കാരം മൂലം രാമന്‍ അവരെ 240 സീറ്റില്‍ നിര്‍ത്തി” ഇന്ദ്രേഷ് പറഞ്ഞു. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ഭരിക്കാനുള്ള മാന്ത്രിക സംഖ്യ ഒറ്റക്ക് നേടിയ ബി.ജെ.പി ഇത്തവണ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ പരിഹാസം. 2014ന് ശേഷമുള്ള പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനം കൂടിയായിരുന്നു 2024ലെ തെരഞ്ഞെടുപ്പ്.

ശ്രീരാമ വിരുദ്ധര്‍ എന്ന് ആക്ഷേപിച്ച് ഇന്ദ്രേഷ് കുമാര്‍ ഇന്ത്യ മുന്നണിയെയും വെറുതെ വിട്ടില്ല. പ്രതിപക്ഷ സഖ്യത്തിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു പരാമര്‍ശം. ‘രാമനില്‍ വിശ്വാസമില്ലാത്തവരെ ഒരുമിച്ച് 234 ല്‍ നിര്‍ത്തി. ദൈവത്തിന്റെ നീതി സത്യവും ആസ്വാദ്യകരവുമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി 234 സീറ്റുകളാണ് നേടിയത്.

യഥാര്‍ഥ സേവകന് അഹങ്കാരമുണ്ടാകില്ലെന്നും ആരെയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുകയെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞതിനു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. രേഷിംബാഗിലെ ഡോ. ഹെഡ്ഗേവാര്‍ സ്മൃതിഭവനില്‍ സംഘടിപ്പിച്ച ആര്‍.എസ്.എസ്. പരിശീലനപരിപാടിയിലായിരുന്നു ഭാഗവത് ഇങ്ങനെ പറഞ്ഞത്. ‘യഥാര്‍ഥ സേവകന്‍ പ്രവര്‍ത്തനത്തില്‍ എപ്പോഴും മാന്യതപുലര്‍ത്തും. അത്തരത്തിലുള്ളവര്‍ അവരുടെ ജോലിചെയ്യുമ്പോള്‍ തന്നെ അതില്‍ അഭിരമിക്കില്ല. താനത് ചെയ്തുവെന്ന് അഹങ്കരിക്കില്ല. അത്തരത്തിലുള്ള ആളുകള്‍ മാത്രമേ സേവകനെന്ന് വിളിക്കപ്പെടാന്‍ യോഗ്യനാകൂ’, മോഹന്‍ ഭാഗവത് പറഞ്ഞു.

തെരഞ്ഞെടുപ്പെന്നാല്‍ മത്സരമാണ്, യുദ്ധമല്ല. ഇരുവിഭാഗവും തെരഞ്ഞെടുപ്പിനിടെ പരസ്പരം ആക്ഷേപം ചൊരിഞ്ഞു. അവരുടെ പ്രവൃത്തികളാല്‍ സമൂഹത്തില്‍ ഭിന്നതയുണ്ടാകുമെന്ന് ആരും ചിന്തിച്ചില്ല. ഒരുകാരണവുമില്ലാതെ സംഘപരിവാറിനേയും ഇതിലേക്ക് വലിച്ചിഴച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ അസത്യങ്ങള്‍ പ്രചരിപ്പിച്ചു. ഇതിനാണോ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്? ഇങ്ങനെയെങ്കില്‍ രാജ്യം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

പ്രതിപക്ഷം ശത്രുപക്ഷമല്ല. അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് മനസിലാക്കിയാല്‍, തെരഞ്ഞെടുപ്പില്‍ പാലിക്കേണ്ട മര്യാദകള്‍ താനെ പാലിക്കപ്പെടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതുണ്ടായില്ലെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു. മോദി പ്രഭാവത്തെയും ചില ദേശീയ നേതാക്കളുടെ സാന്നിധ്യത്തെയും മാത്രം ആശ്രയിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് കരുതിയതില്‍ പാളിച്ചയുണ്ടായി. നേതാക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന് സ്വന്തംലോകത്ത് ഒതുങ്ങി. താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദംകേള്‍ക്കാന്‍ ശ്രമിക്കുന്നില്ല. പാര്‍ട്ടിക്കായി സ്വയം സമര്‍പ്പിച്ച മുതിര്‍ന്നനേതാക്കളെ തഴഞ്ഞ് പുതുതലമുറയിലെ സെല്‍ഫി കേന്ദ്രിത ആക്ടിവിസ്റ്റുകളെ ഉയര്‍ത്തിയത് പ്രതികൂല സ്വാധീനമാണുണ്ടാക്കിയതെന്നും ലേഖനങ്ങളില്‍ ആരോപിച്ചിരുന്നു.

മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവ് രത്തന്‍ ശാരദ എഴുതിയ ലേഖനത്തിലും ഹേമാംഗി സിന്‍ഹ, സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ലേഖനത്തിലുമാണ് ബി.ജെ.പിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയത്. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആര്‍.എസ്.എസ്. നേതാവ് രാംമാധവ് തുടങ്ങിയവര്‍ നേരത്തേ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തി പാര്‍ട്ടിയെ വിമര്‍ശിച്ചിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എല്ലാവര്‍ക്കും ഭക്ഷണം; ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം സ്ത്രീക്ക് ഭക്ഷണം നിഷേധിച്ച അതേസ്ഥലത്ത് ഭക്ഷണം വിളമ്പി മറുപടി

ഇവിടെനിന്ന് ഭക്ഷണം കിട്ടാന്‍ അല്ലാഹു അക്ബര്‍ എന്നോ മറ്റോ ഒരു മതപരമായ മുദ്രാവാക്യവും വിളിക്കേണ്ടെന്നും ഭക്ഷണംചോദിച്ചെത്തുന്ന ആര്‍ക്കും അതുലഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു

Published

on

മുംബൈ: ജയ് ശ്രീറാം വിളിക്കാന്‍ തയാറാകാത്തതിന് മുസ്‌ലിം യുവതിക്ക് ആശുപത്രിക്ക് മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചതിന് മാസ്സ് മറുപടി. കഴിഞ്ഞദിവസം മുംബൈയിലെ പ്രശസ്തമായ ടാറ്റ ആശുപത്രിക്കു മുന്നില്‍വച്ചാണ് ഹിജാബ് ധരിച്ച സ്ത്രീക്ക് ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഭക്ഷണം നിഷേധിച്ചത്. എന്നാല്‍ ഇതേ ആശുപത്രിക്ക് മുന്നില്‍വച്ച് മുംബൈ ബ്രദര്‍ഹുഡ് ഫൗണ്ടേഷന്‍ എന്ന ബാനറിലാണ് എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തത്.

ഇവിടെനിന്ന് ഭക്ഷണം കിട്ടാന്‍ അല്ലാഹു അക്ബര്‍ എന്നോ മറ്റോ ഒരു മതപരമായ മുദ്രാവാക്യവും വിളിക്കേണ്ടെന്നും ഭക്ഷണംചോദിച്ചെത്തുന്ന ആര്‍ക്കും അതുലഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. യാതൊരു വിവേചനവും നേരിടാതെ നിരവധി പേര്‍ ഭക്ഷണം വാങ്ങി സന്തോഷത്തോടെ പോകുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

https://twitter.com/MohdNazim01/status/1851966626263867613

കഴിഞ്ഞദിവസമാണ് ഭക്ഷണം തേടിയെത്തിയ മുസ്ലിം സ്ത്രീയോട് മതപരമായ മുദ്രാവാക്യം വിളിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടത്. ഭക്ഷണത്തിനായി ആളുകള്‍ക്കിടയില്‍ വരിനില്‍ക്കുന്ന ഹിജാബ് ധരിച്ച് നില്‍ക്കുന്ന യുവതിയോട് ഭക്ഷണം വിതരണം ചെയ്യുന്ന പ്രായമായൊരാള്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം വേണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. യുവതി അതിന് തയാറാവാതിരുന്നതോടെ, ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ ഭക്ഷണവും തരില്ലെന്ന് ഇയാള്‍ പറയുകയായിരുന്നു. രാമന്‍ എന്ന് വിളിക്കാത്തവര്‍ ഭക്ഷണത്തിനായി വരി നില്‍ക്കരുതെന്ന് പറഞ്ഞ ഇയാള്‍, യുവതിയോട് സ്ഥലംവിടാനും ഇല്ലെങ്കില്‍ ചവിട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്തു. സംഭവം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

സംഭവത്തില്‍ പൊലിസിന് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായിട്ടില്ല.

Continue Reading

india

ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിന് നേരെ വെടിയുതിർത്ത് ഭീകരർ; തിരിച്ചടിച്ച് സൈന്യം

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്

Published

on

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർത്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്. ബന്ദിപോര-പൻഹാർ റോഡിലുള്ള ബിലാൽ കോളനി ആർമി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്.

ആർക്കും പരുക്കുകളില്ല. വെടിവെപ്പുണ്ടായ ഉടനെ സൈന്യം തിരിച്ചടി നൽകിയെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഇന്നലെ കാശ്മീരിൽ നടന്ന രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്. നേരത്തെ ബുദ്ഗാമിൽ യുപി സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു.

Continue Reading

india

ഈ ദീപാവലിക്ക് ശിവകാശിയില്‍ നടന്നത് 6000 കോടിയുടെ പടക്ക കച്ചവടം

ഇന്ത്യയിലെ മൊത്തം പടക്ക ഉൽപ്പാദനത്തിന്റെ 70 ശതമാനവും ശിവകാശിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്

Published

on

ദീപാവലിയോടനുബന്ധിച്ച് ശിവകാശിയിൽ ഇത്തവണ നടന്നത് 6000 കോടിയുടെ പടക്ക വിൽപ്പന. 4 ലക്ഷത്തോളം തൊഴിലാളികളാണ് പടക്ക നിർമ്മാണ ശാലകളിൽ പണിയെടുക്കുന്നത്. ശിവകാശിയിലെ 1150 പടക്കനിർമാണ ശാലകളിലായാണ് 6000 കോടിയുടെ പടക്കങ്ങൾ വിൽപ്പന നടത്തിയതെന്ന് തമിഴ്‌നാട് പടക്ക നിർമാതാക്കളുടെ സംഘടനാ ഭാരവാഹികൾ പറയുന്നു.

പടക്ക നിർമാണത്തിലെ പ്രധാന ഘടകമായ ബേരിയം നൈട്രേറ്റിന് സുപ്രിം കോടതി നിരോധനം ഏർപ്പെടുത്തിയത് നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചതായും ഇവർ പറയുന്നു. പടക്ക ഉൽപന്നങ്ങൾക്ക് അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

ഇതുമൂലം ശിവകാശി പടക്കനിർമാണ ശാലകളിൽ ഇക്കുറി ദീപാവലിക്ക് പതിവിലും 30 ശതമാനം നിർമ്മാണം കുറവായതായും സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഇന്ത്യയിലെ മൊത്തം പടക്ക ഉൽപ്പാദനത്തിന്റെ 70 ശതമാനവും ശിവകാശിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

Continue Reading

Trending