അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഹൈന്ദവാചാര്യന്മാര്‍ക്കിടയിലും ഭിന്നത. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പുരി ഗോവര്‍ധന മഠാധിപതി ശങ്കരാചാര്യ, നിശ്ചലാനന്ദ സരസ്വതി അറിയിച്ചതിന് പിന്നാലെ ചടങ്ങിനെതിരെ കൂടുതല്‍ ഹൈന്ദവപുരോഹിതര്‍ രംഗത്ത് വന്നു. ചടങ്ങ് സനാതന ധര്‍മത്തിന് എതിരാണെന്ന് പറഞ്ഞ് വിട്ട് നില്‍ക്കാനാണ് ശങ്കരാചാര്യന്മാരുടെ തീരുമാനം. 4000 പുരോഹിതന്മാര്‍ക്കാണ് രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ഉള്ളത്.
ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് ഉത്തരാഖണ്ട് ജ്യോതിഷ്പീഠിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ നടക്കുന്ന ചടങ്ങ് ശാസ്ത്ര വിധിക്ക് വിപരീതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. രാമ ക്ഷേത്രത്തിന്റെ നിര്‍മാണം കഴിയും മുന്‍പേ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് ശാസ്ത്ര വിധികള്‍ക്ക് എതിരാണെന്നാണ് സ്വാമിയുടെ വാദം.
ഹൈന്ദവ വിശ്വാസത്തിന്റെ കല്‍പനകളുടെ ആദ്യ ലംഘനമാണ് ഇത്. ഹൈന്ദവ വിശ്വാസത്തിന്റെ രീതികള്‍ അനുസരിക്കുകയെന്നതാണ് ശങ്കരാചാര്യന്മാരുടെ കടമ. അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ അത് ലംഘിക്കപ്പെടുകയാണ്. അതുകൊണ്ട് നാല് ശങ്കരാചാര്യരും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അവിമുക്തേശ്വരാനന്ദ് മാധ്യമങ്ങളോട് പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി തെരഞ്ഞെടുത്ത ദിവസത്തിന്റെ പേരിലും അതൃപ്തിയുണ്ട്. ജനുവരി 22നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ്. ശുഭകരമല്ലാത്ത പൗഷ് മാസത്തിലാണ് ഇത്. വേദഗ്രന്ഥങ്ങള്‍ പ്രകാരം പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ഈ മാസം ശുഭകരമല്ലെന്നാണ് ശങ്കരാചാര്യ ശ്രീ സ്വാമി സദാനന്ദ് സരസ്വതി പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തത്. രാമ നവമിയുടെ ദിവസം ചടങ്ങ് നടത്തുന്നതിനോടായിരുന്നു അദ്ദേഹത്തിന് താത്പര്യം. എന്നാല്‍ ഈ സമയമാകുമ്പോഴേക്കും തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരുമെന്നതിനാല്‍ വിഷയത്തില്‍ വേണ്ടത്ര മുതലെടുപ്പ് നടത്താന്‍ ബിജെപിക്ക് സാധിക്കില്ലെന്നും, ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രാണ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ശ്രിംഗേരി ശാരദ പീഠത്തിലെ സ്വാമി ഭാരതികൃഷ്ണ തീര്‍ത്ഥയ്ക്ക് അതൃപ്തിയുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കില്‍ ഇത് തള്ളുകയാണ് ശ്രിംഗേരി മഠം അധികൃതര്‍. ശ്രിംഗേരി മഠവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ചടങ്ങുമായി ബന്ധപ്പെട്ട് ശങ്കരാചാര്യ ഭാരതി തീര്‍ത്ഥ സ്വാമി അതൃപ്തി പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും ശ്രിംഗേരി മഠത്തിന്റെ ഔദ്യോഗിക എക്സ് പേജില്‍ നിന്നും കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
അഞ്ച് നൂറ്റാണ്ടുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഏറെ സന്തോഷം നല്‍കിക്കൊണ്ടാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതെന്ന് കുറിപ്പില്‍ ശ്രിംഗേരി മഠം വ്യക്തമാക്കി. ശ്രിംഗേരി മഠവുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണങ്ങള്‍ ഭക്തര്‍ വിശ്വസിക്കരുതെന്നും ശ്രിംഗേരി മഠം അറിയിച്ചു. പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ശ്രിംഗേരി ശാരദ പീഠത്തിലെ സ്വാമി ഭാരതികൃഷ്ണ തീര്‍ത്ഥയും സ്വാമി സദാനന്ദ സരസ്വതിയും, ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.