മുഹമ്മദ് ഷാഫി
1. ക്രൊയേഷ്യക്കെതിരായ കളിയില്‍ സാംപോളി കളിപ്പിക്കാന്‍ മടിച്ച രണ്ടു താരങ്ങളാണ് (എവര്‍ ബനേഗ, റോഹോ) നൈജീരിയക്കെതിരായ ഗോളുകളില്‍ പ്രധാന പങ്കുവഹിച്ചത്. ക്ലാസിക് ശൈലിയിലുള്ള ബനേഗയാണ് അര്‍ജന്റീനയില്‍ ഇന്ന് ക്രിയേറ്റീവ് റോള്‍ കളിക്കാന്‍ ഏറ്റവും അനുയോജ്യനായ മിഡ്ഫീല്‍ഡര്‍. പന്ത് ഹോള്‍ഡ് ചെയ്യുന്നു, ഗ്രൗണ്ട് പാസുകളും എയര്‍ബോളുകളും മുന്നിലേക്ക് നല്‍കുന്നു, ബോക്സിന്റെ പരിസരത്തെത്തിയാല്‍ ഗോള്‍ ലക്ഷ്യം വെക്കാന്‍ മടിയുമില്ല. മെസ്സിയെയും മഷരാനോയെയും പോലെ ഇയാളെയും റെഗുലര്‍ സ്റ്റാര്‍ട്ടര്‍ ആക്കി സ്ഥിരം ശൈലി ഒരുക്കാന്‍ സാംപോളി മടിക്കുന്നത് എന്തുകൊണ്ടാണ്? ഈ ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ബനേഗ സ്റ്റാര്‍ട്ടിങ് ഇലവനില്‍ വരുന്നത്. ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കില്‍ ഇപ്പോള്‍ ഗ്രൂപ്പ് ജേതാക്കളാകാനും പ്രീക്വാര്‍ട്ടറില്‍ കടുപ്പം കുറഞ്ഞ ഡെന്‍മാര്‍ക്കിനെ കിട്ടാനും കഴിഞ്ഞേനെ. ഏതായാലും ഫ്രാന്‍സിനെതിരെയും ബനേഗയെ തുടക്കം മുതല്‍ കളിപ്പിക്കുമെന്ന് കരുതുന്നു.
മൂന്നംഗ ഡിഫന്‍സ് – ഹോള്‍ഡര്‍മാര്‍ക്ക് കളി രൂപീകരിക്കുന്നതിന്റെ അധികഭാരമുണ്ടെങ്കില്‍ – അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം മോശം ഓപ്ഷനാണെന്ന് ക്രൊയേഷ്യ തെളിയിച്ചു. വശങ്ങളിലൂടെ, വ്യത്യസ്ത യൂണിറ്റുകളായി കളി രൂപപ്പെടുത്താന്‍ പ്രതിഭാസമ്പന്നരായ കളിക്കാര്‍ വേണം. ഫ്രാന്‍സ് അങ്ങനെ കളിച്ചു നോക്കുന്നത് അവര്‍ക്ക് അതിനുള്ള കോപ്പുള്ളതുകൊണ്ടാണ്. ഒറ്റമെന്‍ഡിക്കൊപ്പം റോഹോയെ കൂടി ഇറക്കി നാലംഗ ഡിഫന്‍സ് തന്നെയാണ് പ്രായോഗികം. പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഇരുവരും ചേര്‍ന്നാല്‍ ബോക്സ് ഏറെക്കുറെ സംരക്ഷിക്കാന്‍ കഴിയും.
2. സ്‌കോര്‍ലൈനില്‍ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും എയ്ഞ്ചല്‍ ഡിമരിയ ഇന്നലെ സജീവമായും ആത്മാര്‍ത്ഥമായുമാണ് കളിച്ചത്. മെസ്സിയും മഷരാനോയും പെരസും ചേര്‍ന്ന് കളി വലതുഭാഗത്ത് കേന്ദ്രീകരിക്കുമ്പോള്‍ നേരെ എതിര്‍വശത്ത് ഡിമരിയയുടെ മിന്നല്‍ വേഗത നൈജീരിയക്കാര്‍ക്ക് ചെറിയ ബുദ്ധിമുട്ടല്ല ഉണ്ടാക്കിയത്. ബാറില്‍ തട്ടിമടങ്ങിയ മെസ്സിയുടെ ഫ്രീകിക്കിന് കാരണമായത് ഡിമരിയ സമ്പാദിച്ച ഫൗള്‍ കിക്കായിരുന്നു. അക്യൂനയേക്കാള്‍ എന്തുകൊണ്ടും ഫാര്‍ ഫാര്‍ ബെറ്ററാണ് മരിയ. പാവോണിനെ തുടക്കം മുതല്‍ കളിപ്പിക്കാന്‍ തീരുമാനിച്ചാലും രണ്ടാംപകുതിയില്‍ ഇറങ്ങിയാല്‍ ഡിമരിയ കളിയുടെ താളത്തില്‍ വ്യത്യാസമുണ്ടാക്കും. ക്രോസുകളും പാസുകളുമൊക്കെ വന്നോളും.
3. ടൂര്‍ണമെന്റ് തുടങ്ങിയതു മുതല്‍ ആരാധകര്‍ ചോദിക്കുന്ന വലിയ ചോദ്യമാണ് എന്തുകൊണ്ട് ഡിബാലയെ ഉപയോഗിക്കുന്നില്ല എന്നത്. ഇന്നലെയും ഐസ്ലാന്റിനെതിരെയും കളിച്ച ഫോര്‍മേഷനുകളില്‍ മെസ്സിക്ക് വലിയ റോളുണ്ടായിരിക്കെ ഡിബാലക്ക് പ്രസക്തിയും സ്പേസും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍ മെസ്സിയെ കുറച്ചുകൂടി ഡീപ് ആയി മധ്യത്തില്‍ കളിപ്പിച്ചു കൊണ്ടുള്ള മൂന്നംഗ ആക്രമണ പദ്ധതി ആവിഷ്‌കരിക്കേണ്ടി വരും. അതിന് മെസ്സി തയ്യാറാകുമോ എന്നതും അതയാളുടെ കളിയെ ബാധിക്കുമോ എന്നതുമാണ് വലിയ ചോദ്യം. മെസ്സിയും ഡിബാലയും സ്പേസ് കവര്‍ ചെയ്യുന്ന കളിക്കാരും ഇടങ്കാലന്മാരുമാണെന്നത് കോച്ചിന്റെ ധര്‍മസങ്കടകമാണ്. മെസ്സിക്ക് റോള്‍ കുറഞ്ഞ ക്രൊയേഷ്യക്കെതിരായ കളിയില്‍ 68-ാം മിനുട്ടില്‍ കളത്തിലെത്തിയിട്ടും ഡിബാലക്ക് എന്തുമാറ്റമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത് എന്ന് ആരാധകരെങ്കിലും ആലോചിക്കണം. ഒരു പ്രതിഭയെ ഉപയോഗിക്കാതെ നശിപ്പിക്കുന്നു എന്നൊക്കെ പരാതി പറയാം; പക്ഷേ, യാഥാര്‍ത്ഥ്യം കൂടി പരിഗണിക്കണമെന്നു മാത്രം.
4. ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി അര്‍ജന്റീനക്കു വേണ്ടി അരങ്ങേറ്റം നടത്തുകയായിരുന്നുവെന്നത് എനിക്കു മാത്രമല്ല പലര്‍ക്കും പുതിയ അറിവായിരുന്നിരിക്കും. വില്ലി കബായറോ വരുത്തിയ പിഴവു കാരണം അപ്രതീക്ഷിതമായി അവസരം ലഭിച്ചതാണെങ്കിലും അര്‍മാനിയുടെ പ്രകടനം ഡീസന്റ് ആയിരുന്നു; അയാളുടെ ശേഷി പരീക്ഷിക്കാന്‍ നൈജീരിയക്കാര്‍ക്ക് അധികം അവസരം കിട്ടിയില്ല.
ഒരു ‘തുടക്കക്കാരന്റെ’ പരിഭ്രമം അര്‍മാനിയുടെ മുഖത്തുണ്ടായിരുന്നു. എങ്കിലും ബോള്‍ കളക്ഷനിലും ഡെലിവറിയിലുമൊക്കെ അയാള്‍ അടിസ്ഥാന കാര്യങ്ങള്‍ പാലിച്ചു. ഇടതുബോക്സിനു പുറത്ത് ഗോമസിന് പന്തുകിട്ടാതിരിക്കാന്‍ നടത്തിയ ഇടപെടലായിരുന്നു കാര്യമായ പരീക്ഷണ നിമിഷം. അതിലയാള്‍ വിജയിച്ചു. കബായറോ ആയാലും അര്‍മാനി ആയാലും ഇനി ഗുസ്മാന്‍ ആണെങ്കിലും ഫ്രാന്‍സ് ഗോള്‍കീപ്പറെ പരീക്ഷിക്കരുതേ എന്ന് അര്‍ജന്റീനാ ആരാധകര്‍ക്കു പ്രതീക്ഷിക്കാം. അര്‍ജന്റീനയുടെ മൂന്ന് കീപ്പര്‍മാരുടെയും പ്രായം മുപ്പതിനു മുകളിലാണ്. അടുത്ത ലോകകപ്പില്‍ ങൗരവ ഥീൗിഴലൃ ആയ, അടിമുടി മാറ്റങ്ങളുള്ള ഒരു ടീമിനെയും ഗോള്‍കീപ്പറെയുമാവും നമ്മള്‍ കാണുക എന്ന് പ്രതീക്ഷിക്കാം.
5. മഷരാനോയെയും മെസ്സിയെയും പറ്റി ഞാന്‍ ഇനി പറയേണ്ടതില്ല. വല്ലാത്ത പോരാട്ടവീര്യമാണ് രണ്ടാളും കാഴ്ചവെച്ചത്. ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞത് മെസ്സിയുടെ ആത്മവിശ്വാസം കൂട്ടി. ഗോള്‍ വഴങ്ങിയിട്ടും മെസ്സിയുടെ ശരീരഭാഷയില്‍ കാര്യമായ മാറ്റമുണ്ടായില്ലെന്നു മാത്രമല്ല, കളി അവസാനത്തോടടുത്ത ഘട്ടങ്ങളില്‍ അയാള്‍ പൊസിഷന്‍ വിട്ടിറങ്ങി പന്ത് നേടാനും നല്‍കാനും തയ്യാറായി.
ഉയരക്കാരും ബലിഷ്ഠരുമായ എതിരാളികളെ നേരിടാന്‍ മഷരാനോ തന്റെ പരിചയ സമ്പത്ത് മുഴുവനും ഉപയോഗപ്പെടുത്തി. മുഖത്ത് ചോരയൊലിപ്പിച്ചു നില്‍ക്കുന്ന മഷെ ആരാധക മനസ്സുകളില്‍ ദീര്‍ഘകാലം തങ്ങിനില്‍ക്കുന്ന ചിത്രമാവും. മഷരാനോ വഴങ്ങിയ പെനാല്‍ട്ടിയില്‍ റഫറിക്ക് പിഴച്ചു എന്നുതന്നെ ഇപ്പോഴും കരുതുന്നു. റിക്കവറിയിലും ഡിഫന്‍സിലും മെസ്സിയെ സഹായിക്കുന്നതിലുമെല്ലാം മഷെ മികച്ചുനിന്നിരുന്നു.
6. അടുത്ത മത്സരത്തെപ്പറ്റി പ്രവചനമൊന്നും നടത്താനില്ല. മത്സരത്തിലെ അണ്ടര്‍ഡോഗ്സ് അര്‍ജന്റീന ആണെന്നുമാത്രം പറയാം. മിഡ്ഫീല്‍ഡില്‍ കരുത്തരായ ഫ്രാന്‍സിനെതിരെ കൃത്യമായ ആസൂത്രണ ഗെയിം കൊണ്ടേ കാര്യമുള്ളൂ. 4-4-2 അല്ലെങ്കില്‍ മെസ്സിയെ ഫീഡര്‍ റോളില്‍ നിര്‍ത്തിയുള്ള 4-2-3-1 ആയിരിക്കും നല്ലതെന്ന് തോന്നുന്നു. ഇതുവരെ തിളങ്ങാത്ത ഹിഗ്വയ്ന്‍ കൂടി ഫോം വീണ്ടെടുക്കുക അനിവാര്യമാണ്.