Connect with us

Sports

സാംപോളിയുടെ തന്ത്രങ്ങളും ടീമിന്റെ മനക്കട്ടിയും: ഒരു അര്‍ജന്റീനാ വിജയഗാഥ

Published

on

നൈജീരിയ 1 – അര്‍ജന്റീന 2
 
#NGAARG
 
യുദ്ധപ്രതീതിയുണര്‍ത്തുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുകയെന്ന അനുഭവം – പ്രത്യേകിച്ചും, കളിക്കളത്തിലെ ഒരു ടീം നമുക്ക് പ്രിയപ്പെട്ടതാണെങ്കില്‍ – വിശദീകരിക്കാനാവാത്തതാണ്. Love in the time of cholera യില്‍ കാമുകിയുമായുള്ള സമാഗമത്തിനൊരുങ്ങി നില്‍ക്കുന്ന ഫ്‌ളോറന്റിനോ അരിസയുടെ ബേജാറാണ് അര്‍ജന്റീനാ ആരാധകനായ എനിക്ക് അത്തരം സന്ദര്‍ഭങ്ങളിലുണ്ടാകാറുള്ളത്. ഇന്നത്തെ നിര്‍ണായകമായ ഗ്രൂപ്പ് സി മത്സരത്തിലുമതെ. മെസ്സിയുടെ അസാമാന്യ ഗോളില്‍ അര്‍ജന്റീന ലീഡെടുക്കുകയും അവര്‍ മൈതാനം വാണു കളിക്കുകയും ചെയ്യുന്നുണ്ടായിട്ടും ഒരു അസ്വസ്ഥത, ആപച്ഛങ്ക ഉടനീളം അനുഭവപ്പെട്ടിരുന്നു. അന്തിമ വിസില്‍ മുഴങ്ങിയതിനു ശേഷം മാത്രമേ ദീര്‍ഘനിശ്വാസം വിടാന്‍ പോലും കഴിഞ്ഞുള്ളൂ.
 
നൈജീരിയയുമായുള്ള മത്സരത്തിന്റെ പ്രാധാന്യം മെസ്സിക്കും അര്‍ജന്റീനാ ടീമിനും ആരാധകര്‍ക്കും മാത്രമല്ല, പന്തുകളിയില്‍ താല്‍പര്യമുള്ള ആര്‍ക്കും നന്നായറിയാമായിരുന്നു. ജയം അല്ലെങ്കില്‍ മരണം എന്നായിരുന്നു സ്ഥിതി. ക്രൊയേഷ്യയോടേറ്റ ആ വലിയ തോല്‍വിക്കു ശേഷം ആശങ്കയായും നൈജീരിയയുടെ ഐസ്‌ലാന്റ് വിജയത്തിനു ശേഷം ആശയായും ഇന്നത്തെ മത്സരം അര്‍ജന്റീനക്കു മുന്നില്‍ നിന്നു. ജയിച്ചാല്‍ മാത്രം പോരാ, ഐസ്‌ലാന്റ് ജയിക്കാതിരിക്കുക എന്നതു കൂടി പ്രധാനമാണെന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഞാന്‍ കണ്ടുമുട്ടിയ അര്‍ജന്റീനാ ആരാധകരില്‍ ഒരാള്‍പോലും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു കണ്ടിരുന്നില്ല. ‘ശത്രു’ക്കളാകട്ടെ, മെസ്സിയും കൂട്ടരും ആദ്യറൗണ്ടില്‍ പുറത്തായിക്കിട്ടാന്‍ കാത്തിരിക്കുന്നതു പോലെയും തോന്നി. ഏതായാലും എല്ലാ ചേരുവകളും അടങ്ങിയ ഒരു മത്സരം ജയിച്ചാണ് മെസ്സിയും കൂട്ടരും രണ്ടാം റൗണ്ടിലെത്തിയിരിക്കുന്നത്. ഇനിയുള്ള മത്സരഫലങ്ങള്‍ എന്തായിരുന്നാലും ഈ മത്സരവും അത് വിജയിച്ച രീതിയും അര്‍ജന്റീനക്കാര്‍ മറക്കാനിടയില്ല.
 
ഇന്നത്തെ മത്സരത്തിന് സാംപൗളി ടീമിനെയും ഫോര്‍മേഷനെയും പ്രഖ്യാപിച്ചപ്പോള്‍ തന്നെ ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. ആദ്യം 4-2-3-1 ആണ് ഫോര്‍മേഷനെന്നാണ് സോക്കര്‍വേയില്‍ കണ്ടത്. ഹിഗ്വയ്ന്‍ സോള്‍ സ്‌ട്രൈക്കറായും മെസ്സി ഫീഡര്‍ കം അറ്റാക്കറായും ഡിമരിയയെയും പെരസിനെയും ഇരുവശങ്ങളിലുള്ള വിങര്‍മാരായും നിയോഗിച്ചു കൊണ്ടായിരുന്നു ഈ കണക്ക്. എന്നാല്‍ മെസ്സിയും ഹിഗ്വയ്‌നും ഫോര്‍വേഡുമാരായിക്കൊണ്ടുള്ള 4-4-2 ആയാണ് കളി തുടങ്ങിയത്. നൈജീരിയയുടെ 3-5-2 എന്ന ഫോര്‍മേഷന്‍ അവരുടെ മെയ്ക്കരുത്തിന് പ്രാധാന്യം നല്‍കി രൂപം നല്‍കിയതായിരുന്നു. ജോണ്‍ ഓബി മൈക്കലായിരുന്നു കേന്ദ്രബിന്ദു.
 
കഴിഞ്ഞ മത്സരങ്ങളില്‍ നിന്നു വ്യത്യസ്തമായി തുടക്കംമുതല്‍ അര്‍ജന്റീനക്കാര്‍ ആത്മവിശ്വാസത്തോടെ കളിക്കുന്നതു കണ്ടപ്പോള്‍ സന്തോഷവും പ്രതീക്ഷയും തോന്നി. പ്രാഥമിക വണ്‍ടച്ചുകളില്‍ തന്നെ മെസ്സി പങ്കെടുത്തതോടെ ഇന്നയാള്‍ക്കായിരിക്കും പ്രധാന റോള്‍ എന്നും മനസ്സിലായി. പതിയിരുന്ന് ആക്രമിക്കുക എന്നതായിരുന്നു നൈജീരിയന്‍ രീതി. പക്ഷേ, റോഹോ സെന്‍ടല്‍ ഡിഫന്‍സിലേക്ക് മടങ്ങിയെത്തിയതോടെ അര്‍ജന്റീനാ പ്രതിരോധം മറികടക്കുക നൈജീരിയക്ക് എളുപ്പമായിരുന്നില്ല. വലതുവശം ചേര്‍ന്ന് കളിക്കുകയും തന്റെ പതിവ് രീതിയനുസരിച്ച് മധ്യഭാഗത്തെ സ്‌പേസ് കൂടി ഉപയോഗപ്പെടുത്തി ആക്രമണത്തില്‍ പങ്കാളിയാവുകയുമാണ് മെസ്സി ചെയ്തത്. തുടക്കത്തിലേ മെസ്സിയെ വീഴ്ത്തിയതിന് താക്കീത് കിട്ടിയതോടെ നൈജീരിയന്‍ ഡിഫന്‍സിന്റെ പിടി ഒന്ന് അയഞ്ഞു. മാത്രവുമല്ല, മെസ്സിയുമായി ലിങ്ക് ചെയ്യാന്‍ നിയുക്തരായ പെരസും മഷരാനോയും മര്‍ക്കാഡോയും വലിയ തെറ്റില്ലാതെ ആ പണിയെടുത്തതോടെ വളഞ്ഞിട്ട് പിടിക്കുക എന്നതും ആഫ്രിക്കക്കാര്‍ക്ക് ബുദ്ധിമുട്ടായി. ഹിഗ്വയ്ന്‍ ബോക്‌സില്‍ ഫ്രീയാവാതെ നോക്കുക എന്ന അധികബാധ്യത കൂടി അവര്‍ക്കുണ്ടായിരുന്നു. ആക്രമണം നടത്തുമ്പോള്‍ ഇരുവശങ്ങളിലായി വിങ് ബാക്കുകള്‍ കൂടി കയറിയിരുന്നതിനാല്‍ കൂടുതല്‍ പേരെ എതിര്‍ഹാഫില്‍ വിന്യസിക്കാന്‍ അര്‍ജന്റീനക്കു കഴിഞ്ഞു. മത്സരത്തില്‍ മാനസിക ആധിപത്യം പുലര്‍ത്താന്‍ തുടക്കംമുതലേ കഴിയുകയും ചെയ്തു.
 
മെസ്സി വലതുവശത്ത് കളി കേന്ദ്രീകരിക്കുമ്പോള്‍ മറുവശത്ത് എവര്‍ ബനേഗയാണ് അതിന്റെ റിഫ്‌ളക്ഷന്‍ ജോലി ഏറ്റെടുത്തത്. ടാഗ്ലിഫിക്കോക്ക് ബോക്‌സിലേക്ക് പന്ത് നല്‍കിയതില്‍ നിന്നുതന്നെ ബനേഗയുടെ ദൗത്യം എന്താണ് വ്യക്തമായി. മാര്‍ക്ക് ചെയ്യാന്‍ കഴിയാത്തത്രയും ഡീപ്പ് ആയാണ് ബനേഗ സ്ഥാനമുറപ്പിച്ച് ചരടുവലിച്ചത്. അവഗണിക്കാവുന്ന പൊസിഷന്‍ ആണതെന്നാണ് നൈജീരിയക്കാര്‍ കണക്കുകൂട്ടിയത്.
 
ബനേഗയും മെസ്സിയും തമ്മിലുള്ള കെമിസ്ട്രിയില്‍ നിന്നു വന്ന ഗോള്‍ അര്‍ജന്റീനയുടെ ഗെയിം പ്ലാനിന്റെ ഭാഗമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് അത്തരമൊരു നീക്കത്തെപ്പറ്റി ഇരുവരും മത്സരത്തിനു മുന്നേ ധാരണയിലെത്തിയിട്ടുണ്ടാവണം. കാരണം, അതുവരെയുള്ള അര്‍ജന്റീനയുടെ കളിയില്‍ നിന്ന് അത്തരമൊരു ഹൈബോള്‍ വരുമെന്നോ പന്തില്ലാതെ മെസ്സി ബോക്‌സിലേക്ക് ഓടിക്കയറുമെന്നോ ഉള്ളതിനുള്ള സൂചന ഇല്ലായിരുന്നു. നൈജീരിയന്‍ ഡിഫന്റര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ മെസ്സിക്ക് ഉയരം കുറവാണെന്നത് ഇത്തരമൊരു സാധ്യതയെ അവഗണിക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കി. അതിനു വിലനല്‍കേണ്ടിയും വന്നു. കൃത്യം മധ്യവരക്കടുത്തു നിന്നാണ് ബനേഗ പന്ത് ഉയര്‍ത്തിവിട്ടത്. ഓടിക്കയറാന്‍ വേണ്ടി മെസ്സി വഴിയുണ്ടാക്കിയിട്ടുണ്ടെന്ന് ഉറപ്പിച്ച ശേഷമായിരുന്നു അതെന്നു വ്യക്തം. മെസ്സി ഓടിത്തുടങ്ങുമ്പോള്‍ പോലും നൈജീരിയക്കാര്‍ക്ക് വലിയ പേടിയുണ്ടായിരുന്നില്ല. പക്ഷേ, മെസ്സിക്കു മാത്രം കഴിയുന്ന ഒന്നും രണ്ടും ടച്ചുകള്‍ എല്ലാം മാറ്റിമറിച്ചു. ബോക്‌സിനു പുറത്തുവെച്ച് തുടയിലും ബോക്‌സിനുള്ളില്‍ കയറി കാലിലും നിയന്ത്രിച്ചാണ് മെസ്സി പന്ത് വരുതിയിലാക്കിയത്. ഡിഫന്റര്‍ക്കും ഗോള്‍കീപ്പര്‍ക്കുമിടയിലെ വിടവ് തിരിച്ചരിഞ്ഞ് വലതുകാല്‍ കൊണ്ട് മെസ്സി തൊടുത്ത ഷോട്ട് അത്ഭുതകരമായിരുന്നു. ഒരു ഇടങ്കാല്‍ കളിക്കാരനായ മെസ്സിയുടെ വലങ്കാലില്‍ അത്രയധികം കരുത്തും കൃത്യതയും എവിടെ നിന്നു വന്നു? ഗോള്‍കീപ്പര്‍ക്ക് പ്രതികരിക്കാന്‍ സമയം കിട്ടുന്നതിനു മുമ്പേ പന്ത് അയാളെ കടന്നുപോയിരുന്നു.
 
ഗോള്‍ വന്നതോടെ കളി അര്‍ജന്റീനയുടെ വരുതിയിലായി. മെസ്സിയുടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചതുപോലെ. കുറിയ പാസുകളും ക്ഷമയോടെയുള്ള നീക്കങ്ങളുമായി അവര്‍ പന്ത് നിയന്ത്രണത്തിലാക്കി. അര്‍ജന്റീനയുടെ പ്രത്യാക്രമണങ്ങളില്‍ ചിലത് ഭീഷണിയുയര്‍ത്തിയെങ്കിലും ഡിഫന്‍സ് അവസരത്തിനൊത്തുയര്‍ന്നു. മെസ്സിയുടെ ആ ഫ്രീകിക്കിന് ഗോളാകാനുള്ള എല്ലാ യോഗ്യതയുമുണ്ടായിരുന്നു. ആ പൊസിഷനില്‍ നിന്ന് ഇടങ്കാല്‍ കൊണ്ടുതൊടുത്ത കിക്കിന്റെ കൃത്യത കണിശമായിരുന്നു. ഭാഗ്യമുണ്ടായില്ലെന്നു മാത്രം.
 
രണ്ടാം പകുതി തുടങ്ങിയതിനു പിന്നാലെ വന്ന ആ പെനാല്‍ട്ടി ഒരു ചതിയായാണ് എനിക്കു തോന്നിയത്. കോര്‍ണര്‍ കിക്കിനിടെ എതിര്‍കളിക്കാരെ മാര്‍ക്ക് ചെയ്യുന്ന സ്വാഭാവിക കാര്യങ്ങളേ മഷരാനോ ചെയ്തുള്ളൂ. അയാള്‍ ജഴ്‌സി പിടിച്ചുവലിക്കുകയോ പന്ത് ഗോള്‍ഏരിയയില്‍ എത്തിയപ്പോള്‍ പ്ലെയറെ തടയാനായി ഫൗള്‍ ചെയ്യുകയോ ചെയ്തില്ല. നിലത്തുവീഴുന്നതിനായി നൈജീരിയന്‍ പ്ലെയര്‍ മഷെയുടെ ശരീരത്തിലേക്ക് സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. പന്ത് ഗോള്‍ഏരിയയില്‍ നിന്ന് പുറത്തേക്കടിച്ചപ്പോള്‍ നിലത്തുവീണ കളിക്കാരന്‍ ഒരു പരാതിയുമില്ലാതെ എഴുന്നേറ്റു പോകുന്നതു കാണാമായിരുന്നു. പക്ഷേ, റഫറി ആ സംഭവത്തിന് ആവശ്യത്തിലധികം പ്രാധാന്യം നല്‍കുകയും മഞ്ഞക്കാര്‍ഡും പെനാല്‍ട്ടിയും വിധിക്കുകയും ചെയ്തു.
 
അതുവരെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുകയായിരുന്ന അര്‍ജന്റീനയെ തകര്‍ത്തുകളയുന്നതായിരുന്നു അപ്രതീക്ഷിതമായെത്തിയ ആ ഗോള്‍. തുടര്‍ന്നുള്ള ഏതാനും മിനുട്ടുകളില്‍ അതവരെ ബാധിക്കുകയും ചെയ്തു. പത്തുമിനുട്ടിനുള്ളില്‍ ബനേഗ അനാവശ്യ ഫൗളിന് മഞ്ഞക്കാര്‍ഡ് കണ്ടു. ഇടതുവിങിലെ മൂസയുടെ വേഗത അര്‍ജന്റീനാ ഗോള്‍മുഖത്ത് ഭയപ്പാട് സൃഷ്ടിച്ചു. പക്ഷേ, തന്റെ ‘പിഴവില്‍’ പിറന്ന പെനാല്‍ട്ടി മഷരാനോയെ ഉത്തേജിതനാക്കാനേ ഉപകരിച്ചുള്ളൂ. അതുവരെ നിശ്ശബ്ദനായി തന്റെ പണിയെടുത്തിരുന്ന മഷെയുടെ ഭാവമാറ്റമാണ് അവസാന ഘട്ടങ്ങളില്‍ കണ്ടത്. മുഖത്ത് പരിക്കേറ്റ് രക്തംപൊടിഞ്ഞിട്ടും കാര്യമാക്കാതെ അയാള്‍ വീറോടെ കളിച്ചു. എതിരാളികളില്‍ നിന്ന് പന്ത് റിക്കവര്‍ ചെയ്യുകയും നിരന്തരം മുന്നിലേക്ക് നല്‍കുകയും ചെയ്തു. ഉയരക്കാരായ നൈജീരിയക്കാര്‍ക്ക് പന്ത് കിട്ടാതിരിക്കാന്‍ മഷെ ഉയര്‍ന്നുചാടുന്നതും ക്ലിയറിങുകളില്‍ നൂറുശതമാനം സമര്‍പ്പിക്കുന്നതും വല്ലാത്തൊരു കാഴ്ചയായിരുന്നു. ഈ സമയത്തെ മെസ്സിയുടെ പ്രകടനവും നിര്‍ണായകമായി. അതിനിടെ, ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ഒരു പെനാല്‍ട്ടി ഭീതി അര്‍ജന്റീനയെ ഒഴിഞ്ഞുപോവുകയും ചെയ്തു. ക്ലിയറന്‍സിനിടെ അവിചാരിതമായി സംഭവിച്ച ആ ഹാന്റ്‌ബോള്‍ ശരിക്കും ഒരു 50-50 ചാന്‍സ് ആയിരുന്നു. റോഹോ പന്ത് ഹെഡ്ഡ് ചെയ്യുമ്പോള്‍ എതിര്‍താരം കളിയില്‍ പങ്കെടുത്തിരുന്നില്ല എന്നതും ഹാന്റ്‌ബോള്‍ മനഃപൂര്‍വമായിരുന്നില്ല എന്നതുമായിരിക്കണം റഫറി അവിടെ പരിഗണിച്ച കാര്യം. അനാവശ്യമായി ഒരു പെനാല്‍ട്ടി നല്‍കേണ്ടി വന്നതും അയാളെ സ്വാധീനിച്ചിരിക്കാം.
 
പെരസിനു പകരം പാവോണ്‍ വന്നതോടെ മെസ്സി വലതുവിങില്‍ നിന്നുമാറി ഡീപ്പായി കളിക്കാന്‍ തുടങ്ങി. കൂട്ടത്തോടെ ബോക്‌സില്‍ തമ്പടിച്ചു നില്‍ക്കുന്ന ഡിഫന്‍സ് ഭേദിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ അസ്വസ്ഥരാക്കാന്‍ മെസ്സിക്കായി. പല ഫോര്‍വേഡ് പാസുകളും മുതലെടുക്കാന്‍ സഹതാരങ്ങള്‍ക്കു കഴിഞ്ഞില്ല. അതിനിടെ, വലതുവിങില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവനെ പോലെ കാണപ്പെട്ട ഡിമരിയയെ മാറ്റി സാംപൗളി മെസയെ ഇറക്കി. ഒരു സുവര്‍ണാവസരം ഹിഗ്വയ്ന്‍ ബാറിനു മുകളിലൂടെ പറത്തി നശിപ്പിച്ചപ്പോള്‍ അര്‍ജന്റീനക്ക് മറ്റൊരു ദൗര്‍ഭാഗ്യ നിമിഷമാകുമോ എന്ന് തോന്നി.
 
ടാഗ്ലിഫിക്കോയ്ക്കു പകരം അഗ്വേറോയെ ഇറക്കിയതോടെ സാംപോളി നല്‍കിയ സന്ദേശം വ്യക്തമായിരുന്നു. എങ്ങനെയും ഗോളടിച്ചേ തീരൂ. നൈജീരിയ സമനിലയില്‍ കടിച്ചുതൂങ്ങാന്‍ തീരുമാനിച്ചതിനാല്‍ അര്‍ജന്റീനാ ഡിഫന്റര്‍മാര്‍ക്കും മുന്നോട്ടു കയറാന്‍ കഴിഞ്ഞു. പ്രതിരോധത്തില്‍ തങ്ങള്‍ അത്രപോരാ എന്ന് ടൂര്‍ണമെന്റില്‍ മുമ്പും നൈജീരിയ തെളിയിച്ചതാണ്. 86-ാം മിനുട്ടില്‍ മെര്‍ക്കാഡോയുടെ ക്രോസില്‍ റോഹോ ഷോട്ടുതിര്‍ക്കുമ്പോള്‍ അയാള്‍ സര്‍വ സ്വതന്ത്രനായിരുന്നു. ബോക്‌സിലുണ്ടായിരുന്ന മൂന്ന് അര്‍ജന്റീനക്കാരെ നേരിടാന്‍ അപ്പോള്‍ അഞ്ച് പച്ചക്കുപ്പായക്കാരേ ഉണ്ടായിരുന്നുള്ളൂ. റോഹോയുടെ പുറത്ത് ചാടിക്കയറി മെസ്സി നടത്തിയ ഗോളാഘോഷം ഈ ലോകകപ്പിലെ പ്രധാന കാഴ്ചകളിലൊന്നായി.
 
സാങ്കേതികമായി നോക്കുമ്പോള്‍ അര്‍ജന്റീനയെ തോല്‍പ്പിക്കാനുള്ള കരുത്ത് നൈജീരിയ ടീമിനില്ല എന്നതാണ് സത്യം. പക്ഷേ, എതിരാളികള്‍ സമ്മര്‍ദമുഖത്താണ് എന്നത് മുതലെടുക്കാന്‍ അവര്‍ക്കു കഴിയണമായിരുന്നു. മെസ്സിയെയും കൂട്ടരെയും തളക്കുകയും പ്രത്യാക്രമണം നടത്തുകയും ചെയ്യുക എന്നതിനപ്പുറം അവര്‍ക്ക് പദ്ധതിയുണ്ടായിരുന്നില്ല. പ്രത്യാക്രമണത്തില്‍ അവര്‍ പുലികളായിരുന്നുവെങ്കിലും അത് നേരിടാനുള്ള അടവ് സാംപോളി തന്റെ ടീമിനെ പഠിപ്പിച്ചിരുന്നു. റോഹോയും ഒട്ടമെന്‍ഡിയും പൊസിഷനിങ് കൃത്യമായി പാലിച്ചു. എന്നിട്ടും മൂസ രണ്ടുമൂന്നു തവണ ശരിക്കും ഗോള്‍മുഖം വിറപ്പിച്ചു. കബായെറോക്ക് പകരം വന്ന ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി അടിസ്ഥാനകാര്യങ്ങള്‍ പാലിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. അനാവശ്യ റിസ്‌കുകളെടുക്കാന്‍ അയാള്‍ മുതിര്‍ന്നതേ ഇല്ല.
 
കോച്ച് സാംപോളിയുടെ തന്ത്രങ്ങള്‍ക്കും കളിക്കാരുടെ സമീപനത്തിനും തുല്യപങ്കുണ്ട് ഇന്നത്തെ വിജയത്തിന്. സമനില നൈജീരിയ ഡിഫന്റ് ചെയ്യുമെന്ന് തോന്നിച്ച ഘട്ടത്തിലൊന്നും അര്‍ജന്റീനക്കാരുടെ ശരീരഭാഷ പരാജിതരുടേതായിരുന്നില്ല. മെസ്സി കൂടുതല്‍ ധൈര്യവാനായി കാണപ്പെട്ടു. മഷരാനോയുടെ സന്നദ്ധതയും നിര്‍ണായകമായി. ഹിഗ്വയ്ന്‍ മാത്രമാണ് നിറംമങ്ങിയതായി തോന്നിയത്. സാംപോളി നടത്തിയ സബ്‌സ്റ്റിറ്റൂഷന്‍സ് നിര്‍ണായകമായിരുന്നു. പ്രത്യേകിച്ചും പത്ത് മിനുട്ടിലേറെ സമയമുള്ളപ്പോള്‍ അഗ്വേറോയുടെ വരവ്. അതൊരു ചൂതാട്ടമായിരുന്നെങ്കിലും പരാജയപ്പെട്ടില്ല.
 
ഏതായാലും, ഈ വിജയത്തില്‍ അര്‍ജന്റീനാ ഫാന്‍സിന് ആശ്വസിക്കുകയും ആഹ്ലാദിക്കുകയും ചെയ്യാം. പക്ഷേ, വലിയൊരു പരീക്ഷണമാണ് ഇനി മുന്നില്‍. ഫ്രാന്‍സ് എന്നത് ഇത്തവണത്തെ ഫേവറിറ്റുകളിലൊന്നാണ്. ആധിപത്യം പുലര്‍ത്തി കളിക്കുകയും എതിരാളികളെ കളിക്കാന്‍ അനുവദിക്കാതിരിക്കുകയുമാണ് അവരുടെ ശൈലി. പ്രതിഭാധനരായ നിരവധി കളിക്കാറുമുണ്ടവര്‍ക്ക്. മറ്റൊരു മെസ്സി ബ്രില്ല്യന്‍സ് ഫ്രാന്‍സിനെതിരെ സംഭവിക്കുമോ? അതോ സാധ്യതയുള്ളതുപോലെ അര്‍ജന്റീന ക്വാര്‍ട്ടര്‍ കാണാതെ മടങ്ങുമോ?

Football

തിരിച്ചെത്തി മഞ്ഞപ്പട; ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ 3-0ന് തകര്‍ത്തു

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്.

Published

on

ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്. 62ാം മിനിറ്റില്‍ മുഹമ്മദന്‍സ് ഗോളി ഭാസ്‌കര്‍ റോക്കി സമ്മാനിച്ച സെല്‍ഫ് ഗോളും 80ാം മിനിറ്റില്‍ നോഹ സദോയിയുടെ ഗോളും 90ാം മിനിറ്റിലെ അലക്‌സാണ്ട്രെ കോഫിന്റെ ഗോളുമാണ് ബ്ലാസ്റ്റേഴ്‌സിനെ തുണച്ചത്.

എന്നാല്‍ കഴിഞ്ഞ കളികളില്‍ ടീമിന്റെ മോശം പ്രകടനവും പരാജയവും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ശേഷമുള്ളആദ്യ കളിയായിരുന്നു ഇന്ന്. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു.

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എടുത്ത കോര്‍ണര്‍ കിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി. 80ാം മിനിറ്റില്‍ നോഹ സദോയിലൂടെ രണ്ടാം ഗോളും നേടി. 90ാം മിനിറ്റില്‍ അലക്‌സാണ്ട്രെ കോഫിന്റെതായിരുന്നു ഗോള്‍.

 

Continue Reading

Sports

ബുണ്ടസ്ലീഗ്; ബയേണ്‍ മ്യൂണിക്ക് അഞ്ച് ഗോളുകള്‍ക്ക് ലെപ്‌സിക്കിനെ തകര്‍ത്തു

നിലവില്‍ ബുണ്ടസ്ലീഗയില്‍ ഒന്നാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക് ഉള്ളത്

Published

on

ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് ആവേശ ജയം. ആര്‍.ബി ലെപ്സിക്കിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ജര്‍മന്‍ വമ്പന്മാര്‍ തങ്ങളുടെ ആധികാരികമായ വിജയം സ്വന്തമാക്കിയത്.

ബയേണ്‍ മ്യൂണിക്കിന് വേണ്ടി കോണ്‍റാഡ് ലൈമര്‍(25), ജോഷ്വാ കിമ്മിച്ച് (36),ജമാല്‍ മ്യൂസിയാല(1), ലിയോറി സനെ(75), അല്‍ഫോന്‍സോ ഡേവിസ്(78) എന്നിവരാണ് ബയേണിനായി വല ചലിപ്പിച്ചത്. ആര്‍.ബി ലെപ്‌സിക്കിനായി ബെഞ്ചമിന്‍ സെസ്‌കോ (2) ആണ് ഗോള്‍ നേടിയത്.

മത്സരത്തില്‍ സര്‍വാധിപത്യവും ബയേണ്‍ മ്യൂണിക്കിന്റെ കൈകളിലായിരുന്നു. 71 ശതമാനം ബോള്‍ പൊസിഷനും ബയേണിന്റെ പക്കലായിരുന്നു. 22 ഷോട്ടുകളാണ് എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് ബയേണ്‍ മ്യൂണിക് ഉതിര്‍ത്തത്. ഇതില്‍ ഒമ്പത് ഷോട്ടുകളും ലക്ഷ്യത്തിലെയിരുന്നു.

നിലവില്‍ ബുണ്ടസ്ലീഗയില്‍ ഒന്നാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക് ഉള്ളത്. 15 മത്സരങ്ങളില്‍ നിന്നും 11 വിജയവും മൂന്നു സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ 36 പോയിന്റാണ് ബയേണ്‍ മ്യൂണിക്കിന്റെ കൈവശമുള്ളത്.

ജനുവരി 11ന് ബൊറൂസിയ മോണ്‍ചെന്‍ഗ്ലാഡ്ബാച്ചിനെതിരെയാണ് ബയേണ്‍ മ്യൂണിക്കിന്റെ അടുത്ത മത്സരം. ബൊറൂസിയ മോണ്‍ചെന്‍ഗ്ലാഡ്ബാച്ചിന്റെ തട്ടകമായ ബൊറൂസിയ പാര്‍ക്കിലാണ് മത്സരം നടക്കുക.

 

Continue Reading

News

ഇന്ത്യ പാകിസ്താനിലോ പാകിസ്താന്‍ ഇന്ത്യയിലോ കളിക്കില്ല; സ്ഥിരീകരണവുമായി ഐസിസി

ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്താനാണ് തീരുമാനം.

Published

on

ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന സ്ഥിരീകരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്താനാണ് തീരുമാനം. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്താന് പുറത്തുവെച്ചായിരിക്കും നടത്തുക. അതേസമയം പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാനെത്തില്ല. ഹൈബ്രിഡ് മാതൃക 2027 വരെ തുടരാനാണ് തീരുമാനം.

ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നടക്കുമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പറഞ്ഞു. 2027 വരെയുള്ള ഒരു ടൂര്‍ണമെന്റിനുും പാകിസ്താന്‍ ഇന്ത്യയിലുമെത്തില്ലെന്നും ഐസിസി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലടക്കം പാകിസ്താന്‍ പങ്കെടുത്തിരുന്നു. 2025ല്‍ ഇന്ത്യയില്‍ നടക്കുന്ന വനിത ട്വന്റി 20 ലോകകപ്പും 2026ല്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പും ഹൈബ്രിഡ് മാതൃകയിലായിരിക്കും നടക്കുക.

2025 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ വിശദ വിവരങ്ങള്‍ ഐസിസി പുറത്തുവിടും. 2017ലാണ് കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി നടന്നത്. അന്ന് ഇന്ത്യയെ ഫൈനലില്‍ പരാജയപ്പെടുത്തിയ പാകിസ്താന്‍ വിജയം കൈവരിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ആസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ എട്ടു രാജ്യങ്ങളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നത്.

 

Continue Reading

Trending