മനമുരുകുന്ന പ്രാര്‍ഥനയോടെ തീര്‍ഥാടക ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ഹജ്ജിന്റെ പരമപ്രധാന ചടങ്ങായ അറഫ സംഗമത്തിന് തുടക്കംകുറിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ അല്ലാഹുവിന്റെ അതിഥികള്‍ ഇവിടെ ഒരുമിച്ചുകൂടും. രാവും പകലും ഭക്തിയുടെ നിറവില്‍ ഒഴുകുയെത്തുന്ന ശുഭ്രവസ്ത്രധാരികളുടെ സംഗമം അറഫയില്‍ കണ്‍കുളിര്‍മയുള്ള കാഴ്ചയാവും. ആഭ്യന്തര, വിദേശ തീര്‍ഥാടകരടക്കം 20 ലക്ഷത്തിലേറെ പേര്‍ ഇന്ന് അറഫയില്‍ എത്തുന്നതോടെ ലോകത്തെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമത്തിനാണ് മൈതാനം സാക്ഷിയാവുക.
വിശാലമായ അറഫ മൈതാനത്തെ നമിറ മസ്ജിദില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് സംഗമത്തിന് തുടക്കമാവുക. ഇന്നലെ രാത്രി തന്നെ തീര്‍ഥാടക ലക്ഷങ്ങള്‍ അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ഇന്ന് മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫയില്‍ ഹാജിമാര്‍ സംഗമിക്കുക. മസ്ജിദുന്നമിറയില്‍ മുതിര്‍ന്ന പണ്ഡിതസഭാംഗ ശൈഖ് ഡോ യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സഈദ് അറഫ സംഗമം പ്രഭാഷണം നിര്‍വഹിക്കും.
ലോകത്തിന്റെ വിവിധ കോണുകളിലുള്ള കോടിക്കണക്കിന് വിശ്വാസികള്‍ മനസ്സുകൊണ്ടും ആത്മാവ്‌കൊണ്ടും അറഫയിലെത്തും. വ്രതമെടുത്ത് അവര്‍ ഹജ്ജിനോട് ഐക്യപ്പെടും. സൂര്യാസ്തമയം കഴിഞ്ഞാലുടന്‍ തീര്‍ഥാടകര്‍ മുസ്ദലിഫയിലേക്ക് നീങ്ങും. ഇവിടെയാണ് രാപ്പാര്‍ക്കല്‍. ആകാശം മേല്‍ക്കൂരയാക്കി ഇവിടെ വിശ്രമിക്കും. ശനിയാഴ്ച പുലര്‍ച്ച ജംറയില്‍ പിശാചിനെ കല്ലെറിഞ്ഞ്, മുടി മുറിക്കുന്നതോടെ ഹജ്ജിന് അര്‍ധവിരാമമാവും. ശേഷം മിനായിലെ കൂടാരത്തില്‍ വിശ്രമിച്ചശേഷമാണ് മറ്റു കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക.
ഇന്ത്യയില്‍ നിന്നെത്തിയ ഒന്നേമുക്കാല്‍ ലക്ഷം ഹാജിമാര്‍ ഞായറാഴ്ച മുതല്‍ അറഫയിലേക്ക് പുറപ്പെട്ടു തുടങ്ങിയിരുന്നു. ഇത്തവണ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 84000 തീര്‍ഥാടകര്‍ക്കും മെട്രോ ട്രെയിന്‍ സൗകര്യമുണ്ട്. അതുകൊണ്ട് 20 മിനുറ്റ്‌കൊണ്ട് മിനായില്‍ നിന്ന് അറഫയില്‍ എത്താനാവും. മറ്റുള്ള തീര്‍ഥാടകര്‍ ബസ് മാര്‍ഗമാണ് അറഫയിലെത്തുന്നത്. മക്കയിലെ ആശുപത്രികളില്‍ കഴിയുന്ന 2മലയാളികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം തീര്‍ഥാടകര്‍ക്കാണ് മിനായില്‍ എത്താന്‍ കഴിയാതിരുന്നത്. ഇവരെ അറഫയില്‍ നേരിട്ട് എത്തിക്കാനാവുമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതര്‍ പറഞ്ഞു.