ബിഹാറിലെ മഹാബോധി ക്ഷേത്രത്തിന്റെ പൂര്‍ണ നിയന്ത്രണം തങ്ങളുടെ സമുദായത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബുദ്ധമതക്കാര്‍ നടത്തുന്ന ബഹുജന പ്രതിഷേധം ശക്തമാവുന്നു. ബുദ്ധമത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രമായ ബോധ്ഗയയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ശ്രമത്തിനെതിരെയാണ് പ്രതിഷേധം.
സമീപവര്‍ഷങ്ങളിലായി ബോധ്ഗയയില്‍ ഹിന്ദു ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനെതിരെ ബുദ്ധ സന്യാസിമാര്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും 2012ല്‍ 1949ലെ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ട് സന്യാസിമാര്‍ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇന്നുവരെയും ആ കേസില്‍ വാദം കേള്‍ക്കാന്‍ പോലും കോടതി തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
1949ലെ ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പങ്കാളിത്തം ലഭിക്കുന്ന നിയമമനുസരിച്ച് കഴിഞ്ഞ 76 വര്‍ഷങ്ങളായി നാല് ഹിന്ദുക്കളും നാല് ബുദ്ധമതക്കാരും അടങ്ങുന്ന എട്ടംഗ കമ്മിറ്റിയാണ് ബോധ്ഗയ ക്ഷേത്രത്തെ നിയന്ത്രിക്കുന്നത്. ഇതിനെതിരായാണ് സന്യാസിമാരടങ്ങുന്ന ആളുകളുടെ പ്രതിഷേധം. സമീപമാസങ്ങളില്‍ സന്യാസിമാര്‍ വീണ്ടും സംസ്ഥാനത്തിനും കേന്ദ്രത്തിനുമടക്കം മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിക്കുകയും തെരുവുകളില്‍ റാലി നടത്തുകയും ചെയ്തതോടെയാണ് സന്യാസികളുടെ പ്രതിഷേധം ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.
പിന്നാലെ ക്ഷേത്രപരിസരത്ത് 14 ദിവസങ്ങളായി നിരാഹാരം സമരം നടത്തിയിരുന്ന സന്യാസിമാരെ ഫെബ്രുവരി 27ന് അര്‍ധരാത്രിയെത്തിയ പൊലീസ് സ്ഥലത്ത് നിന്ന് നീക്കുകയും ക്ഷേത്രത്തിന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രതിഷേധം ശക്തമാവുന്നത്. കൈകളില്‍ ഉച്ചഭാഷിണികളും ബാനറുകളും പിടിച്ച് നിയമം പിന്‍വലിക്കണമെന്നും ക്ഷേത്രം ബുദ്ധമതക്കാര്‍ക്ക് കൈമാറണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. സമീപ വര്‍ഷങ്ങളില്‍ ഹിന്ദുസന്യാസിമാരുടെ സ്വാധീനം ക്ഷേത്രത്തില്‍ വര്‍ധിച്ചുവരികയാണന്നും ബുദ്ധമത ആചാരങ്ങള്‍ക്ക് പകരം ഹിന്ദു ആചാരങ്ങള്‍ കൂടുതലായി അനുഷ്ഠിക്കുന്നുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
അതേസമയം ബോധ്ഗയയ്ക്കുള്ളിലുള്ള ഹിന്ദു ആശ്രമം നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും നിയമം തങ്ങളുടെ പക്ഷത്താണെന്നുമാണ് ഹിന്ദുമതക്കാരുടെ വാദം. ബുദ്ധഭഗവാന്‍ ഹിന്ദുമതവിശ്വാസ പ്രകാരം വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായാണ് കാണുന്നതെന്നും വര്‍ഷങ്ങളായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വരുന്ന ബുദ്ധമതക്കാരെ മികച്ച ആതിഥേത്വത്തോടെ സ്വീകരിച്ചിട്ടുണ്ടെന്നും ഹിന്ദു സന്യാസിമാര്‍ വാദിക്കുന്നു.
നിയമം റദ്ദാക്കിയാല്‍ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് മാത്രമായി മാറുമെന്നും കമ്മറ്റിയില്‍ നാല് ബുദ്ധമതക്കാരെ ഉള്‍പ്പെടുത്തുന്നതിന് ഹിന്ദുമതത്തിന്റെ ഉദാരതയുണ്ടായിരുന്നുവെന്നും ഹിന്ദു സന്യാസി സ്വാമി വിവേകാന്ദന്‍ ഗിരി പറയുന്നു.
പ്രതിഷേധത്തില്‍ പങ്കെടുക്കാനായി വടക്കന്‍ ലഡാക്ക്, മുംബൈ, മൈസൂര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബുദ്ധമത വിശ്വാസികള്‍ ബോധ്ഗയയില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശങ്ങളില്‍ നിന്നെല്ലാം ബുദ്ധമതക്കാര്‍ റാലി നടത്തുന്നതായും പ്രതിഷേധത്തില്‍ പങ്കെടുക്കാനായി ബോധ്ഗയയില്‍ എത്തുന്നതായും ഓള്‍ ഇന്ത്യ ബുദ്ധിസ്റ്റ് ഫോറം ജനറര്‍ സെക്രട്ടറി ആകാശ് ലാമ പറഞ്ഞു. ബുദ്ധന്‍ വേദ ആചാരങ്ങളെ എതിര്‍ത്തിരുന്നുവെന്നും ഇന്ത്യയിലെ എല്ലാ മതങ്ങളും അവരുടെ ആരാധനാലയങ്ങള്‍ പരിപാലിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുമ്പോള്‍ പിന്നെന്ത് കൊണ്ടാണ് ബോധ്ഗയയുടെ കമ്മറ്റിയില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടുന്നതെന്ന് ബുദ്ധ സന്യാസിമാര്‍ ചോദിക്കുന്നു.