തിരുവനന്തപുരം: 2017ലെ എ.പി അസ്‌ലം പ്രതിഭാ പുരസ്‌കാരം സാഹിത്യകാരന്‍ പ്രൊഫ എം.കെ സാനുവിനും ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി മേനോനും. എ.പി അസ്‌ലം അച്ചീവ്‌മെന്റ് അവാര്‍ഡിന് കോഴിക്കോട് സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്ററും അര്‍ഹമായി. ദുബായ് ഭരണാധികാരിയുടെ കൊട്ടാരം അഡ്മിനിസ്‌ട്രേറ്ററായിരുന്ന എ.പി അസ്‌ലമിന്റെ സ്മരണാര്‍ത്ഥം ക്ഷേമ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരങ്ങള്‍. എ.പി അസ്‌ലം ചെയര്‍മാനായി ആരംഭിച്ച മലപ്പുറം കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ആനപ്പടിക്കല്‍ പുരസ്‌കാരത്തിന് കോഴിക്കോട് ബിസ്മി കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി മച്ചിങ്ങല്‍ ബഷീര്‍ അര്‍ഹനായി. 25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.
പന്തളം സുധാകരന്‍ ചെയര്‍മാനും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയരക്ടര്‍ ഡോ. എം.ആര്‍ തമ്പാന്‍, എസ്.ടി.യു സംസ്ഥാന സെക്രട്ടറി ജി. മാഹീന്‍ അബൂബക്കര്‍, എ.ടി.ഇ ഗ്രൂപ്പ് സി.എം.ഡി ഇ.എം നജീബ്, മാധ്യമപ്രവര്‍ത്തകരായ വയലാര്‍ ഗോപകുമാര്‍, സുജിത്ത് നായര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഈ മാസം 10ന് വൈകിട്ട് 6.15ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ പന്തളം സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനാകും. മന്ത്രി കെ.ടി ജലീല്‍, എം.പിമാരായ ഇ.ടി മുഹമ്മദ്ബഷീര്‍. പി.വി അബ്ദുല്‍ വഹാബ്, ഒ. രാജഗോപാല്‍ എം.എല്‍.എ, ജോര്‍ജ്ജ് ഓണക്കൂര്‍, ഗര്‍ഫാര്‍ മുഹമ്മദാലി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജി. മാഹീന്‍ അബൂബക്കര്‍, അഡ്വ. പുഞ്ചക്കരി രവി, എം.എ അല്‍ത്താഫ്, ബി. മണിരാജു എന്നിവരും പങ്കെടുത്തു.