പാലക്കാട്ടെ അനാഥപെണ്‍കുട്ടിയുടെ പേരില്‍ വിവാഹത്തിന് പണം പിരിവ് നടത്തിയതിനെച്ചൊല്ലി തര്‍ക്കവും വിവാദവും. പാലക്കാട് മണപ്പുള്ളിക്കാവ് എന്ന പേരിലാണ ്‌യുവതിയുടെയും സഹോദരന്റെയും ഉമ്മയുടെയും വീഡിയോ സഹിതം പോസ്റ്റിട്ടത്. ഇതിലൂടെ 2.17 കോടിരൂപ പിരിച്ചതായാണ് പരാതി.കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ വിവാഹമെന്നാണ് പറഞ്ഞിരുന്നത്. പ്രസ്തുതകുടുംബം താമസിക്കുന്ന മഹല്ലുമായി കുടുംബത്തിന് ബന്ധമില്ലെന്നാണ് പറയുന്നത്. സംഘടനക്ക് വേണ്ടി ലറ്റര്‍ ആവശ്യപ്പെട്ട് കുടുംബം ആവശ്യപ്പെട്ടതിനെതുടര്‍ന്ന് മഹല്ല് കമ്മിറ്റി അത് കൊടുത്തതായി പറയുന്നു. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞയാഴ്ചയായിരുന്നില്ല വിവാഹം. പിതാവില്ലാത്ത കുടുംബത്തെ സഹായിക്കാന്‍ കരഞ്ഞുപറഞ്ഞതിനെതുടര്‍ന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണം ലഭിക്കുന്നത്. ഗൂഗിള്‍ പേ വഴി പണം അയക്കുന്നതിനെ ആ ആപ്പ് തന്നെ വൈകാതെ നിരുല്‍സാഹപ്പടുത്തിയിരുന്നു. ബാങ്ക് അവധിക്ക് മുമ്പേ പൊടുന്നനെ വീഡിയോ ഇട്ട് പിരിവ് നടത്തിയെന്നാണ് വിവാദം. പെണ്‍കുട്ടിയുടെ വിവാഹം വരുന്ന ഞായറാഴ്ചയാണ്. കുടുംബത്തിന് വീട് വെക്കാനും വിവാഹത്തിനും കഴിച്ചുള്ള ബാക്കി തുക മറ്റ് നിരാലംബര്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഇതേക്കുറിച്ച് ബഷീര്‍ ഫൈസി ദേശമംഗലം ഇട്ട പോസ്റ്റ്:
ആ പെൺകുട്ടിയുടെ കണ്ണീരിൽ മനസ്സലിഞ്ഞു മനുഷ്യർ ചേർന്ന് നിന്നു.
2 കോടി 17 ലക്ഷം.
ആ വീഡിയോയുടെ പിന്നിലെ
അനഭിലഷണീയതയെ ആണ് കഴിഞ്ഞ പോസ്റ്റിൽ എതിർത്തത്,
അതോടൊപ്പം
ആ കുട്ടിയെ സഹായിക്കേണ്ട അനിവാര്യതയെ ശക്തമായ ഭാഷയിൽ ഉണർത്തിയും,
സമൂഹം പണം ആവശ്യമില്ലാത്ത കാര്യങ്ങളിൽ ചിലവഴിക്കുന്നതിനെ വിമർശിച്ചുമായിരുന്നു.
സമൂഹം അതുകൂടി
ഏറ്റെടുത്തു.
നന്മ വറ്റാത്ത മനസുകൾ ബാക്കിയുണ്ട് എന്ന് മനുഷ്യർ വീണ്ടും തെളിയിച്ചു.
പക്ഷെ,
വീഡിയോ ചെയ്തവർ ഇപ്പോൾ പലവിധ വാദവുമായി വന്നുകഴിഞ്ഞു.
നാട് മുഴുവൻ ആ കുട്ടിയുടെ മഹല്ല് കമ്മറ്റിയെ വിമർശിക്കുന്ന സാഹചര്യം ഉണ്ടായത് നിങ്ങളുടെ കൗശലം കാരണമാണ്.
ദിവസങ്ങൾക്ക് മുന്നേ മഹല്ല് നൽകിയ കത്തോ,
കമ്മറ്റിക്കാരോ
ആരെയും ഉൾപെടുത്തതെ ആയിരുന്നു ആ വീഡിയോ.
അങ്ങിനെയെങ്കിൽ
ആ പണം മുഴുവൻ ആ കുട്ടിയുടെ മഹല്ല് കമ്മറ്റിയെ കൂടി ഉൾപെടുത്തി വീടിനും കല്യാണത്തിനുമായി ഉപയോഗപ്പെടുത്തണം.
ഏതെങ്കിലും ട്രസ്റ്റിനോ വ്യക്തികൾക്കോ വക മാറ്റാൻ കഴിയാത്ത വിധം സുധാര്യമാ ക്കണം.
ആ പെൺകുട്ടിയുടെ അഭിമാനം വിറ്റ
കണ്ണീരിന്റെ വിലയാണത്.
വിവാഹത്തിനു ഇനി
മണിക്കൂറുകൾ
ബാക്കിയുള്ളു എന്ന് പറയിപ്പിച്ചു കഴിഞ്ഞ ഞായർ ആണ് കല്യാണം എന്ന് തെറ്റിദ്ധരിപ്പിക്കാൻ ആ കുട്ടിയെകൊണ്ട് പറയിച്ച നുണയിൽ മനസ്സു പിടഞ്ഞ മനുഷ്യരുടെ വിലകൂടിയാണത്.!
പാവം ആ കുട്ടിയുടെ വേദന കണ്ടു പിടഞ്ഞു നാട്ടിലും മറുനാട്ടിലും ഉള്ള പരശ്ശതം നല്ല മനുഷ്യരുടെ
സ്നേഹത്തിന്റെ വിലയാണത്.
ആവശ്യത്തിന് തുക വന്നാൽ അകൗണ്ട് ക്ളോസ് ചെയ്യാതിരിക്കാൻ ബാങ്ക് അവധി ദിവസത്തിനു തൊട്ടു മുന്നേ വീഡിയോ അപ്ലോഡ് ചെയ്ത്
ചാരിറ്റി ബുദ്ധികളിച്ച നിങ്ങളുടെ കളിയിൽ വീണു പോയവരുടെ വിലയണിത്..!!
മറ്റു പല പാവങ്ങൾക്കും കിട്ടേണ്ട തുകയാണ് ഒന്നിച്ചു അവർക്ക് വന്നു കൂടിയത്.
ഇനിയതിൽ നിന്നും
പത്തു പൈസ വകമാറ്റിയാൽ
ഇതുവരെ നടന്ന ചാരിറ്റി തട്ടിപ്പുകൾ പോലെ ആകില്ല.
വൻ ജനകീയ പ്രതിഷേധം നിങ്ങൾ ഏറ്റു വാങ്ങേണ്ടി വരും.
കാരണം ആ വീഡിയോ കണ്ടു നെഞ്ചു പൊട്ടിപോയിട്ടുണ്ട് സകല മനുഷ്യരുടെയും ..!!
നിങ്ങൾ ചാരിറ്റിക്കാർ ഇന്നലെയും ഇന്നുമായി നടത്തിയ വഗ്വദങ്ങൾ കാണുമ്പോൾ
ചതി മണക്കുന്നുണ്ട്.
ആവർത്തിച്ചു പറയുന്നു.
നിങ്ങൾ കാരണം നാണം കെടേണ്ടി വന്ന ആ
മഹല്ല് കമ്മറ്റിയെ ഉൾപ്പെടുത്തി ജനകീയ കമ്മറ്റി രൂപീകരിച്ചു വേണം ഇത്രയും ഭീമമായ തുക കൈകാര്യം ചെയ്യാൻ.
ഹൈദർ മധൂർ
സലീൽ ബിൻ ഖാസിം
തുടങ്ങിയവരൊക്കെ ചാരിറ്റി വിമർശനം നടത്തുമ്പോൾ
അവർ പ്രയോഗിക്കുന്ന ശൈലി, വാക്കുകൾ എന്നിവയോടൊക്കെ വിയോജിപ്പു തോന്നിയിട്ടുണ്ട്.
വല്ലതും പാവങ്ങൾക്ക് കിട്ടുന്നത് എന്തിനാണ് ഇവർ മുടക്കുന്നത് എന്നോർത്ത്.
പക്ഷെ ഇപ്പോൾ മനസിലാകുന്നു,
അവരെ പോലോത്ത വിമർഷകർ കൂടി ഇല്ലായിരുന്നെങ്കിൽ
ചാരിറ്റി ഒരു വൻ സ്വർണ്ണം കായ്ക്കുന്ന മരമാകുമായിരുന്നു..!!
നല്ലനിലയിൽ സുതാര്യമായി ചാരിറ്റി ചെയ്യുന്നവരെ കുറിച്ചല്ല പറഞ്ഞത്.
സഹായിച്ചവർക്കും പ്രാർത്ഥിച്ചവർക്കുമെല്ലാം അല്ലാഹു പ്രതിഫലം നൽകട്ടെ
ബഷീർ ഫൈസി ദേശമംഗലം