ന്യൂഡല്‍ഹി: ദളിത് വിരുദ്ധ നിലപാടിനെതിരെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയിലെ കൂടുതല്‍ ദളിത് ജനപ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രംഗത്തുവന്നു.
ദളിതരോടുള്ള നിലപാടില്‍ അതൃപ്തി അറിയിച്ച് യു.പിയില്‍ നിന്നും മറ്റൊരു ബി.ജെ.പി എം.പി കൂടി മോദിക്ക് കത്തയച്ചതോടെയാണ് ഭിന്നത കൂടുതല്‍ മറനീക്കി പുറത്തുവന്നത്.
ഉത്തര്‍പ്രദേശിലെ നാഗിനയില്‍ നിന്നുള്ള ബി.ജെ.പി എം.പി യശ്വന്ത് സിന്‍ഹയാണ് മോദിക്ക് കത്തയച്ചത്. ദളിത് ആയതിനാല്‍ തന്റെ കഴിവുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും സംവരണം കാരണം മാത്രമാണ് താന്‍ എം.പിയായതെന്നും കത്തില്‍ അദ്ദേഹം പറയുന്നു.
നാലു വര്‍ഷത്തെ ഭരണകാലയളവില്‍ സര്‍ക്കാര്‍ 30 കോടി ദളിതര്‍ക്കു വേണ്ടി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദളിതനായതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിവേചനം നേരിടുന്നുവെന്നാരോപിച്ച് മോദിക്ക് കത്തെഴുതുന്ന യു.പിയിലെ നാലാമത്തെ എം.പിയാണ് യശ്വന്ത് സിന്‍ഹ. നേരത്തെ എം.പിമാരായ അശോക് ദോഹ്രെ, ഛോട്ടേലാല്‍ ഖര്‍വാറും, സാവിത്രി ഫൂലെയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.