Connect with us

kerala

സഹകരണ ബാങ്കിന് മുന്‍പില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവം; സിപിഎം നേതാവിന്റെ ഭീഷണിസന്ദേശം പുറത്ത്

നിങ്ങള്‍ക്ക് പണി അറിയത്തില്ലാഞ്ഞിട്ടാണ് എന്നും പണി മനസ്സിലാക്കി തരാമെന്ന് മുന്‍ സിപിഎം ഏരിയ സെക്രട്ടറി വി ആര്‍ സജി സാബുവിനോട് പറയുന്നുണ്ട്

Published

on

ഇടുക്കി: കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്‍പില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎം നേതാവിന്റെ ഭീഷണിസന്ദേശം പുറത്ത്. കട്ടപ്പന മുന്‍ സിപിഎം ഏരിയ സെക്രട്ടറി വി ആര്‍ സജിയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്‌.

പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് തന്നെ ആക്രമിച്ചെന്ന് മരിച്ച സാബു ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഈ മാസത്തെ പണത്തില്‍ പകുതി നല്‍കിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യമെന്തെന്ന് സജി ചോദിക്കുന്നുണ്ട്. നിങ്ങള്‍ വിഷയം മാറ്റാന്‍ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും സജി പിന്നീട് സാബുവിനോട് പറയുന്നുണ്ട്. തുടര്‍ന്ന് നിങ്ങള്‍ക്ക് പണി അറിയത്തില്ലാഞ്ഞിട്ടാണ് എന്നും പണി മനസ്സിലാക്കി തരാമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. പണം തരാന്‍ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോള്‍ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ല എന്നും സജി പറയുന്നുണ്ട്.

കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ ജീവനൊടുക്കിയത്. സാബുവിന്റെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും പണം തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്നലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

kerala

വടകരയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ് ഗാര്‍ഡ് എത്താത്തതില്‍ സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു

Published

on

കോഴിക്കോട്: വടകര സാന്‍ഡ് ബാങ്ക്‌സില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കുയ്യന്‍ വീട്ടില്‍ അബൂബക്കര്‍ ആണ് മരിച്ചത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു.രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ് ഗാര്‍ഡ് എത്താത്തതില്‍ സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു.

ഇന്ന് രാവിലെയാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളം തിരമാലയില്‍ എടുത്തെറിഞ്ഞാണ് അപകടമുണ്ടായത്. ഇബ്രാഹിമാണ് അബൂബക്കറിനെ കരയില്‍ എത്തിച്ചത്. സാന്‍ഡ് ബാങ്ക്‌സില്‍ അപകടം പതിവായതോടെ പ്രദേശത്ത് 24 മണിക്കൂറും കോസ്റ്റ് ഗാര്‍ഡ് സേവനം ഉണ്ടാകുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ അപകട വിവരം അറിയിച്ചെങ്കിലും കോസ്റ്റ് ഗാര്‍ഡ് വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് എത്താതിരുന്നതോടെ മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു.

Continue Reading

kerala

കാഞ്ഞിരപ്പള്ളിയിലെ ഇരട്ടകൊലപാതക കേസില്‍ ശിക്ഷ വിധി ഇന്ന്

കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ ജോര്‍ജ് കുര്യന്‍ കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോട്ടയം സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു

Published

on

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ഇരട്ടകൊലപാതക കേസില്‍ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ ജോര്‍ജ് കുര്യന്‍ കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോട്ടയം സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെയാണ് ജോര്‍ജ് കുര്യന്‍ വെടിവെച്ച് കൊന്നത്.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. 2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അടുത്ത ബന്ധുക്കള്‍ അടക്കം കൂറ് മാറിയ കേസില്‍ പ്രൊസിക്യൂഷന്‍ ഏറെ ശ്രമപ്പെട്ടാണ് വാദം പൂര്‍ത്തിയാക്കി പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയത്.

 

Continue Reading

kerala

ആലുവ പോലീസ് സ്റ്റേഷനില്‍ നിന്ന് പോക്സോ പ്രതി രക്ഷപ്പെട്ടു

സെല്ലില്‍ കഴിയുകയായിരുന്ന അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ചാടിപ്പോയത്

Published

on

ആലുവ പോലീസ് സ്റ്റേഷനില്‍ നിന്ന് പോക്സോ പ്രതി രക്ഷപ്പെട്ടു. സെല്ലില്‍ കഴിയുകയായിരുന്ന അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ചാടിപ്പോയത്. ഇന്നലെ രാത്രിയാണ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് വിവരം. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഐസക്കിനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കുന്നതിനിടയിലാണ് സെല്ലില്‍ നിന്ന് പ്രതി ചാടിപ്പോയത്. സ്റ്റേഷനില്‍ പോലീസുകാര്‍ ഉള്ളപ്പോള്‍ തന്നെയാണ് ഐസക് രക്ഷപ്പെട്ടത്. പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. പ്രതിയെക്കുറിച്ച് ഇതുവരെ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.

Continue Reading

Trending