കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്. ആ പ്രയോഗത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായിരുന്ന എന്ന ചോദ്യത്തിന് നൂറ്റാണ്ടുകള്‍ക്കിപ്പുറത്തുനിന്നും നാം ഉത്തരം നല്‍കിക്കൊണ്ടേയിരിക്കുകയാണ്. നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടുവെന്ന സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ വെളിപ്പെടുത്തല്‍ ഇനിയും സംസ്‌കരിക്കപ്പെടാത്ത നമ്മുടെ മനസ്സുകളിലേക്കുള്ള വിരല്‍ചൂണ്ടലാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. വര്‍ണ്ണ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട് ശാരദ മുരളീധരന്‍ ആദ്യം ചെറിയൊരു കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയും പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഒരു വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്യുകയുമായിരുന്നു. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു കുറിപ്പ്. തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതോടെയാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ‘നിറത്തിന്റെ പേരില്‍ കഴിഞ്ഞ ഏഴ് മാസം മുഴുവന്‍ എന്റെ മുന്‍ ഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നു. നിറമെന്ന നിലയില്‍ മാത്രമല്ലിത്. നല്ലതൊന്നും ചെയ്യാത്ത, എല്ലാം മോശവുമായ, ഉഗ്രമായ സ്വാച്ഛാധി പത്യത്തിന്റെ പ്രതീകമായ കറുപ്പന്നെ മുദ്ര ചാര്‍ത്തല്‍. നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്. ഗര്‍ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്ത നിറമുള്ള കുട്ടിയായി എന്നെ ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്.
എനിക്ക് നല്ല നിറമൊന്നുമില്ല എന്ന ആഖ്യാനത്തില്‍ 50 വര്‍ഷത്തിലേറെയായി ഞാന്‍ ജീവിച്ചു. ആ ആഖ്യാനത്തില്‍ സ്വാധീനിക്കപ്പെട്ടും പോയിരുന്നു. കറുപ്പില്‍ ഞാന്‍ കണ്ടത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. കറുപ്പിന്റെ പാരമ്പര്യത്തോട് അവര്‍ക്ക് ആരാധനയായിരുന്നു. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു’. ഇതായിരുന്നു ആ കുറിപ്പിന്റെ രത്‌നച്ചുരുക്കം. ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി സാമൂഹ്യമാധ്യമങ്ങളില്‍ ആളുകള്‍ നിറഞ്ഞാടുന്നുണ്ടെങ്കിലും ഇത്രയും ഉന്നതയായ ഉദ്യോഗസ്ഥക്ക് ഇക്കാലത്ത് കേവലം നിറത്തിന്റെ പേരില്‍ അധിക്ഷേപം ഏറ്റുവാങ്ങേണ്ടിവരുന്നു എന്നത് നല്‍കുന്ന സന്ദേശമെന്താണ് എന്ന ചോദ്യമാണ് നമ്മു ടെ മസ്തിഷ്‌കത്തെ അസ്വസ്തമാക്കേണ്ടത്.
ജാതിയുടെയും നിറത്തിന്റെയുമൊന്നും പേരിലുള്ള വിവേചനങ്ങള്‍ ഇപ്പോഴും നമ്മെ വിട്ടുപോയിട്ടില്ലെന്ന് സമ്മതിക്കുന്ന നിരവധി സംഭവവികാസങ്ങള്‍ക്ക് കേരളം വര്‍ത്തമാന കാലത്ത് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കറുത്ത നിറമുള്ളയാള്‍ മോഹിനിയാട്ടം പഠിപ്പിക്കുന്നതിനെക്കുറിച്ച് ഒരു നര്‍ത്തകിതന്നെ നടത്തിയ വിഷലിപ്തമായ പരാമര്‍ശങ്ങള്‍ സാംസ്‌കാരിക കേരളം ചര്‍ച്ച ചെയ്തികഴിഞ്ഞത് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ്. പുതിയ തലമുറ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ക്കെതിരാണെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും സമ്പത്തിന്റയും സൗന്ദര്യത്തിന്റെയും പേരിലുള്ള അധിക്ഷേപങ്ങളും ആക്രമണങ്ങളും സഹിക്കാന്‍ കഴിയാതെ യുവതികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവരുന്നതും നമ്മുടെ നാട്ടില്‍ തന്നെയാണെന്നത് വിസ്മരിക്കാന്‍ കഴിയില്ല. കറുപ്പിനെ മഹത്വവല്‍ക്കരിച്ചും വെളുപ്പിനെ ഇകഴ്ത്തിക്കാട്ടിയുമുള്ള സോഷ്യല്‍ മീഡിയാ വിപ്ലവങ്ങളുടെയെല്ലാം അപ്പുറത്താണ് യാഥാര്‍ത്ഥ്യങ്ങളെന്നത് പലരുടെയും ജീവിതാനു ഭവങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. അത്രയും ഉന്നതമായ പദ വിയിലിരിക്കുന്നതുകൊണ്ടും കുടുംബത്തിന്റെ പൂര്‍ണ പിന്തുണകൊണ്ടുമാണ് ശാരദാ മുരളീധരന് ഇങ്ങനെ മനസ്സ് തുറക്കാന്‍ സാധിച്ചത്. എന്നാല്‍ ഇത്തരം വിവേചനങ്ങളുടെ പേരില്‍ പീഡന പര്‍വങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമ്പോഴും ഒന്നുറക്കെ കരയാന്‍പോലും കഴിയാത്ത ഒറുപാട് മനുഷ്യര്‍ വേറെയുമുണ്ട്. ഈ പ്രാകൃതമായ മനോഭാവത്തിന് ഇന്നും വളരാനും വികസിക്കാനമുള്ള സാഹചര്യങ്ങള്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. അധികാര കേന്ദ്രങ്ങള്‍ക്കും നീതിപീഠങ്ങള്‍ക്കുമെല്ലാം നിരന്തരമായി ഈ വിവേചനത്തിനെതിരായി സംസാരിക്കേണ്ടിവരുന്നതിന് അറുതിയാകാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്.
ഇങ്ങനെയുള്ള ഓരോ വെളിപ്പെടുത്തലുകളും ഓരോ ഓര്‍മപ്പെടുത്തലാണ്. നാം അഭിമാനംകൊള്ളുന്ന നമ്മുടെ സാമുഹ്യ ജീവിതത്തില്‍ ഇന്നും നിലനില്‍ക്കുന്ന പുഴുക്കുത്തുകളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍. സമൂഹത്തിന്റെ ഉന്നത മേഖലകളില്‍ വിരാചിക്കുന്നവരായിട്ടുപോലും വിവധ മേഖല കളില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പലരും പങ്കുവെക്കുമ്പോള്‍ നമുക്ക് മുക്കത്തുവിരല്‍ വെക്കേണ്ടിവരികയാണ്. ഈ മനോഭാവം തിരുത്താന്‍ ഇനിയെന്താണ് നമ്മള്‍ നേടേണ്ടത് എന്ന ആലോചനയാണ് ഇവിടെ പ്രസക്തമാകുന്നത്.