X
    Categories: indiaNews

ഹാത്രസ് പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ ബിജെപി; അമിത് മാളവിയക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ ട്വിറ്ററില്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ബിജെപിയെന്ന് വിമര്‍ശനം. പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ട്വിറ്ററിലടക്കം പ്രചരിച്ച മൂന്ന് വീഡിയോകളില്‍ ഒന്ന് പങ്കുവെച്ചത് ബിജെപി ഐടി മേധാവി അമിത് മാളവിയയാണെന്ന് തെളിഞ്ഞു.

കൂട്ടബലാത്സംഗത്തിന് ഇരയായി നട്ടെല്ലിന് പരുക്കേറ്റ പെണ്‍കുട്ടി റോഡില്‍ കുഴഞ്ഞ് വീണുകിടക്കുന്ന വീഡിയോയാണ് ബിജെപി ഐടി മേധാവി ട്വീറ്റ് ചെയ്തത്. കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വാദിക്കുന്ന തരത്തില്‍ പങ്കുവെച്ച വീഡിയോ വിവാദമായിക്കുകയാണ്. ലൈംഗികാതിക്രമത്തിന് ഇരയായ ആളുടെയോ ഇരയായെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെയോ വ്യക്തിത്വം വെളിപ്പെടുത്തുന്നയാള്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് നിയമം അനുശാസിക്കുന്നുണ്ട്.

പരിക്കേറ്റ മകളോടൊപ്പം പോലീസ് സ്റ്റേഷന് പുറത്ത് ഇരയുടെ അമ്മ നിലത്ത് കിടന്ന് വിലപിക്കുന്ന വീഡിയോയും അമിത് മാല്‍വിയ പോസ്റ്റ് ചെയ്തിരുന്നു. ഫൂട്ടേജില്‍ അമ്മ ബലാത്സംഗത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് കാണിക്കാനായിരുന്നു ഈ പോസ്റ്റ്. എന്നാല്‍ താന്‍ പീഡനത്തിന് ഇരയായി എന്ന് പെണ്‍കുട്ടി തന്നെ വ്യക്തമാക്കുന്ന ആശുപത്രിയിലെ മൊഴിയുടെ വീഡിയോ ബിജെപി മനപ്പൂര്‍വ്വം മൂടിവെക്കുകയുമാണ്.

അതേസമയം സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ രേഖ ശര്‍മ്മ അറിയിച്ചു. എ്ന്നാല്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടോ ഇല്ലയോ എന്നത് വനിത കമ്മീഷനുപോലും ഉറപ്പില്ലെന്ന തരത്തിലാണ് രേഖ ശര്‍മ്മ പ്രതികരിച്ചത്. ‘അവള്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെങ്കില്‍ വീഡിയോ ട്വീറ്റ് ചെയ്ത സംഭവം വളരെ നിര്‍ഭാഗ്യകരവും നിയമവിരുദ്ധവുമാണ്’ എന്നാണ് രേഖ ശര്‍മ്മ പറഞ്ഞത്.

എന്നാല്‍, ഒരു വീഡിയോയും ശ്രദ്ധയില്‍പെട്ടില്ലെന്നാണ് യു.പി വനിതാ കമ്മീഷന്‍ അധ്യക്ഷ വിംല ബാത്തം പറഞ്ഞത്. സ്ത്രീയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ആക്ഷേപകരമാണെന്നും നിയമ നടപടിയെടുക്കുമെന്നുമാണ് അവര്‍ പറഞ്ഞു.

ബിജെപി ഐടി സെല്‍ മേധാവി അമിത് മാല്‍വിയ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മുഖം വ്യക്തമായി കാണാവുന്ന വീഡിയോ ഒക്ടോബര്‍ 2 നാണ് പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പൊലീസിന്റെ അട്ടിമറി വാദവും വന്നത്.

ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയാണെങ്കില്‍ വീഡിയോ ട്വീറ്റ് ചെയ്ത സംഭവം വളരെ നിര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ ബിജെപി ഐടി സെല്‍ മേധാവിക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

chandrika: