കെ. മൊയ്തീന്‍കോയ
ജറൂസലം ഇസ്രാഈലി തലസ്ഥാനമായി നടത്തിയ പ്രഖ്യാപനം അമേരിക്കയെ ലോകത്ത് ഒറ്റപ്പെടുത്തി; നാണംകെടുത്തി. അവസാന നിമിഷം വരെ ഭീഷണി സ്വരത്തില്‍ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം കളിച്ചുവെങ്കിലും ഡൊണാള്‍ഡ് ട്രംപിന്റെ ധാര്‍ഷ്ട്യത്തിന് മുഖമടച്ചുള്ള പ്രഹരമായി, ഐക്യ രാഷ്ട്രസഭാ തീരുമാനം! പതിറ്റാണ്ടുകളായി സൗഹൃദം പുലര്‍ത്തിവന്ന സഖ്യ രാഷ്ട്രങ്ങള്‍ ഒന്നടങ്കം ട്രംപിന്റെ താക്കീതിന് മുന്നില്‍ പതറാതെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. അമേരിക്ക ലോക സമൂഹത്തില്‍ ഇത്രയധികം ഒറ്റപ്പെട്ടുപോയ മറ്റൊരു സംഭവമില്ല.
രക്ഷാസമിതിയിലെ പതിനഞ്ച് അംഗങ്ങളില്‍ അമേരിക്ക തനിച്ച് മാത്രം. അമേരിക്കയ്ക്ക് വീറ്റോ പ്രയോഗിച്ച് പ്രമേയം തടയേണ്ടിവന്നു. പൊതുസഭയില്‍ ഇന്ത്യ ഉള്‍പ്പെടെ 128 രാഷ്ട്രങ്ങള്‍ അമേരിക്കയുടെ നിലപാടിന് എതിരായി പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തു. അമേരിക്കയോടൊപ്പം ഇസ്രാഈലും അപ്രധാന രാഷ്ട്രങ്ങളായി ഗ്വാട്ടിമല, നഊറു, പലാവു, ടാഗോ മൈക്രോനേഷ്യ, ഹോണ്ടുറാസ്, അയര്‍ലാന്റ് എന്നിവയും! സഖ്യരാഷ്ട്രങ്ങള്‍ ട്രംപിന്റെ നിലപാടിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് കനത്ത തിരിച്ചടിയായി. അറബ് മേഖലയില്‍ അമേരിക്കയുടെ സഖ്യ കക്ഷികള്‍ ഒന്നടങ്കം ട്രംപിന്റെ പ്രഖ്യാപനത്തെ എതിര്‍ത്ത് രംഗത്ത് വന്നതും ശ്രദ്ധേയം. പൊതുസഭയില്‍ ട്രംപിന് എതിരായ പ്രമേയത്തെ പിന്താങ്ങുന്നതില്‍ നിന്ന് അമേരിക്കയുടെ സഹായം സ്വീകരിക്കുന്ന രാഷ്ട്രങ്ങളെ പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമം അപഹാസ്യമായി.
അറബ് രാഷ്ട്രങ്ങളും തുര്‍ക്കിയും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിക്കുന്ന രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് ട്രംപ് നടത്തിയ പ്രസ്താവന തരംതാണ ബ്ലാക്ക്‌മെയിലിംഗായി! നാളിത് വരെയുള്ള ഒരു അമേരിക്കന്‍ ഭരണാധികാരിയും ഇത്രമാത്രം അധഃപതിച്ച ചരിത്രം മുമ്പെങ്ങുമില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അംഗ രാഷ്ട്രങ്ങള്‍ക്ക് യു.എന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കിഹാലെ കത്തയച്ചതൊന്നും വിലപോയില്ല. സഹായം സ്വീകരിക്കുന്നവരും അല്ലാത്തവരുമായ രാഷ്ട്രങ്ങള്‍ ലോക നീതി നടന്നു കാണാനാണ് ആഗ്രഹിച്ചത്. രക്ഷാസമിതിയില്‍ ഒറ്റപ്പെട്ട അമേരിക്ക പൊതുസഭയില്‍ നാണംകെട്ടാണ് നില്‍ക്കുന്നത്. 1970ന് ശേഷം ഇസ്രാഈലി അതിക്രമങ്ങള്‍ക്ക് കൂട്ടുനിന്ന് 42 തവണ യു.എന്‍ പ്രമേയങ്ങള്‍ അമേരിക്ക വീറ്റോ പ്രയോഗിച്ചതായി രേഖകളില്‍ നിന്ന് വ്യക്തമാവും. 193 അംഗസഭയില്‍ പാസായ പ്രമേയത്തിന് നിയമസാധുതയില്ലെങ്കിലും ലോകാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. മുന്‍ലക്കത്തില്‍ ചൂണ്ടിക്കാണിച്ചത് പോലെ ഫലസ്തീന്‍ വിഭജന പദ്ധതി പ്രകാരം ജറൂസലമും പരിസരവുമടങ്ങുന്ന 289 ച.മൈല്‍ വിസ്തൃതിയുള്ള പ്രദേശം യു.എന്നിന് കീഴിലാക്കിയതാണ്. 1948-ല്‍ യു.എന്‍ പൊതുസഭയില്‍ വിഭജന പ്രമേയം അവതരിപ്പിച്ചത് മുതലാളിത്ത അമേരിക്കയും കമ്മ്യൂണിസ്റ്റ് യു.എസ്.എസ്.ആറും ചേര്‍ന്നായിരുന്നുവല്ലോ. പ്രസ്തുത പദ്ധതിയെ തന്നെ ആണ് അമേരിക്ക ഇപ്പോള്‍ തള്ളിപ്പറയുന്നത്.
ട്രംപിന്റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ച അനിശ്ചിതത്വത്തിലായി. ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബാസ് റഷ്യന്‍ സഹായത്തിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും അവയും ഫലപ്രദമാകുമെന്ന് അഭിപ്രായമില്ല. അമേരിക്കന്‍ ചേരിയോടൊപ്പം എക്കാലവും നിലകൊണ്ട അറബ് (സുന്നി) രാഷ്ട്രങ്ങളെയാണ് ട്രംപിന്റെ നടപടി അമര്‍ഷം കൊള്ളിക്കുന്നത്. മധ്യപൗരസ്ത്യ ദേശത്ത് സമാധാന പ്രക്രിയക്ക് ആക്കം കൂട്ടാന്‍ ഇപ്പോഴത്തെ സാഹചര്യം അറബ് രാഷ്ട്രങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.
ജറൂസലം വിഷയത്തില്‍ നിന്ന് അറബ് ശ്രദ്ധ തിരിച്ച് വിടുവാന്‍ പതിവ് പോലെ ഇറാന്‍ വിരുദ്ധത പ്രകടിപ്പിച്ചുവെങ്കിലും വിജയിച്ചില്ല. സമാധാന പ്രക്രിയയില്‍ ഇനി അമേരിക്കയ്ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുവാന്‍ മാത്രം മഹ്മൂദ് അബാസ് ധൈര്യം കാണിച്ചു. അറബ്-മുസ്‌ലിം ലോകത്ത് ജനലക്ഷങ്ങള്‍ അണിനിരന്ന പ്രകടനങ്ങള്‍ അമേരിക്കയുടെ ഒത്താശക്കാരായ ഭരണാധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ധൃതിപിടിച്ച് അമേരിക്കയുടെ പ്രഖ്യാപനത്തെ അനുകൂലിക്കാന്‍ മുസ്‌ലിം-അറബ് ലോകത്ത് ആരും തയാറായിട്ടില്ല.
മുസ്‌ലിം-സിയണിസ്റ്റ് അച്ചുതണ്ടിന് അനുകൂലമായി യൂറോപ്പില്‍ നിന്ന് ആരും മുന്നോട്ട് വന്നില്ലെന്ന വസ്തുത അമേരിക്കയെ നടുക്കിയിട്ടുണ്ട്. യൂറോപ്പ് അവസാനം കൂടെ നില്‍ക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതീക്ഷ. നിരവധി വിഷയങ്ങളില്‍ ട്രംപ് യൂറോപ്പുമായി അകല്‍ച്ചയിലാണ്. പാരീസ് കാലാവസ്ഥ ഉടമ്പടിയാണ് യൂറോപ്പിനെ വളരെയേറെ പ്രയാസപ്പെടുത്തിയ പ്രശ്‌നം. ആരുമായും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായിരുന്നു അക്കാര്യത്തിലും ട്രംപിന്റെ പ്രഖ്യാപനം. ട്രംപ് ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍, യൂറോപ്പ്-അറബ് മേഖലകളില്‍ കൂടുതല്‍ എതിര്‍പ്പ് വരാനാണ് സാധ്യത.
യൂറോപ്പിന്റെ അഭിപ്രായങ്ങള്‍ മാനിക്കാനോ, അറബ് മേഖലയിലെ സുഹൃദ് രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താനോ ട്രംപ് ഭരണകൂടം തയാറല്ല. ഏഴ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കെതിരെ ട്രംപ് പ്രഖ്യാപിച്ച യാത്രാ വിലക്ക് ഇപ്പോഴും തുടരുകയുമാണല്ലോ. സമീപകാലം അമേരിക്കയുടെ അമരത്ത് വന്നവരില്‍ ജൂനിയര്‍ ബുഷ് ആയിരുന്നു ഏറ്റവും പിന്തിരിപ്പന്‍ ഭരണാധികാരിയായി വിമര്‍ശിക്കപ്പെട്ടുവന്നത്. ജൂനിയര്‍ ബുഷിനെ കടത്തിവെട്ടിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. എതിര്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം റദ്ദാക്കുമെന്നുള്ള ധാര്‍ഷ്ട്യം മുന്‍കാലത്ത് ഒരു അമേരിക്കന്‍ ഭരണാധികാരിയില്‍ നിന്നും കേള്‍ക്കാതിരുന്നതാണ്. ട്രംപ് പരസ്യമായി വൈറ്റ് ഹൗസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപിന്റെ ‘ജറൂസലം പ്രഖ്യാപനം’ ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതത്തിന് കാരണമാവും. ലോക മുസ്‌ലിംകളുടെ മൂന്നാമത് പുണ്യഗേഹമായ ബൈത്തുല്‍ മുഖദ്ദസ് കയ്യടക്കിയ ധിക്കാരികളായ സിയണിസ്റ്റ് കാപാലികരോട് അവര്‍ക്ക് രാജിയില്ല. എന്ത് വില കൊടുത്തും തിരിച്ചു പിടിക്കാതെ വിശ്രമവുമില്ല. കുരിശു യോദ്ധാക്കളില്‍ നിന്ന് ധീരസേനാ നായകന്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം തിരിച്ച് പിടിച്ച ബൈത്തുല്‍ മുഖദ്ദസ് ഉള്‍പ്പെടുന്ന ജറൂസലം പൂര്‍ണമായും ജൂത സൈനികര്‍ കയ്യടക്കിയിരിക്കുകയാണ്.
നാള്‍ക്കുനാള്‍ സ്വന്തം പ്രദേശത്തോട് സംയോജിപ്പിക്കാനുള്ള ഇസ്രാഈലി നീക്കത്തിന് അമേരിക്കയുടെ പ്രഖ്യാപനം ശക്തിപകരുമെന്ന് അറബ് ലോകം തിരിച്ചറിയുന്നു. ലോക പൊലീസ് ഇക്കാലമത്രയും സ്വീകരിച്ച് വന്ന സിയണിസ്റ്റ് അനുകൂല സമീപനം സര്‍വ്വ സീമകളും ലംഘിച്ചു. ഇനി അമേരിക്കയെ വിശ്വസിച്ച്, സമാധാന പ്രക്രിയയില്‍ മാധ്യസ്ഥന്റെ റോള്‍ ഏല്‍പ്പിക്കുന്നത് വിഡികളായിരിക്കും. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ പുത്തന്‍ പതിപ്പാണ് ട്രംപ് അവതരിപ്പിക്കുന്നത്. ആദ്യം ശിയാ-സുന്നി ഭിന്നതയില്‍ മധ്യപൗരസ്ത്യ ദേശത്തെ വിഭജിച്ചു. പിന്നീട് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗ രാഷ്ട്രങ്ങള്‍ക്കിടയില്‍ തമ്മിലടിപ്പിക്കല്‍. 1945-ല്‍ രൂപീകൃതമായ അറബ് ലീഗും 1969-ല്‍ ജന്മമെടുത്ത ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫ്രന്‍സും (ഒ.ഐ.സി) യോഗം ചേര്‍ന്ന പ്രമേയം പാസാക്കാനുള്ള വേദി മാത്രമാകരുത്.
ഗാസാ മുനമ്പില്‍ നിന്ന് ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ പൊളിച്ച് നീക്കാന്‍ മാത്രം സായുധ സംഘങ്ങളെ രംഗത്തിറക്കിയ രണ്ടാം ഇന്‍തിഫാദ (ജനകീയ പ്രക്ഷോഭം) ഫലസ്തീന്‍ യുവാക്കള്‍ക്ക് ഇന്നും ആവേശമാണ്. ഒന്നാം ഇന്‍തിഫാദയുടെ ഫലമാണ് അധികാരം പരിമിതമാണെങ്കിലും ഫലസ്തീന്‍ അതോറിട്ടി. ലോക വ്യാപകമായി അനുകൂല സാഹചര്യം ശക്തമായി നിലനില്‍ക്കുന്ന ഈ സന്ദര്‍ഭത്തിലാണ് സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാവേണ്ടത്. ലോക സമൂഹം ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും സ്വതന്ത്ര ഫലസ്തീന് വേണ്ടിയാണ്. ആലസ്യം വെടിഞ്ഞ് ഫലസ്തീന്‍-അറബ് നേതൃത്വം സാഹചര്യത്തിന് അനുസരിച്ച് ഉണരുമെന്ന് പ്രതീക്ഷിക്കാം.