ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: രാജ്യവ്യാപകമായി മെഡിക്കല്‍ പ്രവേശനത്തിന് ‘നീറ്റ്’ പരീക്ഷ നടപ്പാക്കിയപ്പോള്‍ അലോട്ട്‌മെന്റിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാറിന്റെ കൊള്ള. സര്‍ക്കാറിനോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിനോ ഒരു ചെലവുമില്ലെങ്കിലും വിദ്യാര്‍ഥികളില്‍ നിന്ന് എണ്ണൂറു രൂപ വീതമാണ് പിടിച്ചുപറിക്കുന്നത്. ദേശീയ പ്രവേശന പരീക്ഷ(നീറ്റ്) മാത്രമെഴുതി അതിന്റെ അടിസ്ഥാനത്തില്‍ പൊതുസ്വാശ്രയ കോളജുകളില്‍ പ്രവേശനം തേടുന്ന മെഡിക്കല്‍ എന്‍ട്രസ് വിദ്യാര്‍ഥികളില്‍ നിന്നാണ് ‘അലോട്ട്‌മെന്റ് നടപടി’യെന്ന ഓമനപ്പേരിട്ട് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് പണം തട്ടുന്നത്.
സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുന്നുണ്ടെന്നിരിക്കെ കൈനനയാതെ പത്ത് കോടിയിലധികം രൂപയാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പോക്കറ്റടിച്ച് സംസ്ഥാനം കൈവശപ്പെടുത്തുന്നത്. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 1,26,186 പേരാണ് മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്. 1,23,914 പേരായിരുന്നു എന്‍ജിനീയറിങ ്ആര്‍ക്കിടെക്ചര്‍ പരീക്ഷക്കുള്ള അപേക്ഷകര്‍. അപേക്ഷാഫീസിനത്തില്‍ മാത്രം ഇരുപത് കോടിയോളം രൂപയുടെ വരുമാനം പ്രവേശന കമ്മീഷണറുടെ കാര്യാലയത്തിനും അത് വഴി സംസ്ഥാന സര്‍ക്കാറിനും ലഭിച്ചു. ‘നീറ്റ്’ഓടെ മെഡിക്കല്‍ എന്‍ട്രന്‍സ് ‘കീം’പരീക്ഷക്ക് പുറത്തായപ്പോഴുണ്ടായ സാമ്പത്തിക ക്ഷീണം തീര്‍ക്കലാണ് ലക്ഷ്യം.
സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം നടത്തുന്ന കീം (കേരള എന്‍ജിനിയറിങ്,അഗ്രികള്‍ച്ചര്‍ ആന്റ് മെഡിക്കല്‍) പരീക്ഷ എഴുതേണ്ട എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ എന്‍ട്രന്‍സ് പരീക്ഷാര്‍ത്ഥികളില്‍ നിന്നും എണ്ണൂറ് രൂപയാണ് ഈടാക്കുന്നത്. ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശനത്തിന് നീറ്റും, എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് കീമും മാത്രമെഴുതിയാല്‍ മതിയെന്നായിരുന്നു തീരുമാനം.
കഴിഞ്ഞവര്‍ഷം വരെ രണ്ട് വിഭാഗം പരീക്ഷാര്‍ത്ഥികളില്‍ നിന്നും പരീക്ഷാ ഫീസ് ഈടാക്കിവരുന്ന സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിന് അതുകൊണ്ട് തന്നെ ഇത്തവണ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫീസ് ഈടാക്കാനാവില്ല. എന്നാല്‍, ഇതു മറച്ചുവെച്ചാണ് മെഡിക്കല്‍ എന്‍ട്രസ് പരീക്ഷാര്‍ത്ഥികളില്‍ നിന്നും പണമീടാക്കുന്നത്. സി.ബി.എസ്.ഇക്ക് 1400 രൂപ ഓണ്‍ലൈനില്‍ നീറ്റിനുള്ള പരീക്ഷാ ഫീസ് അടക്കുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷാര്‍ത്ഥികള്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കുള്ള എണ്ണൂറ് രൂപ അലോട്ട്‌മെന്റ് ഫീസുമുള്‍പ്പെടെ 2200 രൂപയാണ് ഇപ്പോള്‍ അടക്കുന്നത്.
നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് സര്‍ക്കാര്‍-സ്വാശ്രയ കോളജുകളിലേക്കും കല്‍പിത സര്‍വകലാശാലയിലേക്കും വിദ്യാര്‍ഥികളെ അലോട്ട് ചെയ്യുന്നത് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറാണ്. അതിന്റെ മറവിലാണ് മുന്‍കൂറായി അപേക്ഷകരില്‍ നിന്ന് പിടിച്ചു പറിക്കുന്നത്. എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലേക്ക് ‘കീം’ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അലോട്ട്‌മെന്റ് ഇനത്തില്‍ പ്രത്യേകം ഫീസ് ഈടാക്കുന്നില്ലെന്നില്ലതാനും. ഒരേ സംവിധാനത്തില്‍ ഒരു മേഖലയോട് മാത്രം പ്രത്യേക ഫീസ് ഈടാക്കുന്നതിന് വിശദീകരണം നല്‍കാതെ അധികൃതര്‍ ഒളിച്ചു കളിക്കുകയാണ്.
ഇത്തവണ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി. എസ്.എം.എസ്., ബി.എച്ച്.എം.എസ്., ബി.എ.എം.എസ്., ബി.യു.എം.എസ്, അഗ്രികള്‍ച്ചര്‍, ഫിഷറീസ്, ഫോറസ്ട്രി, വെറ്ററിനറി, നിഷ് നടത്തുന്ന ബാച്ച്‌ലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി (ബി.എ.എസ്.എല്‍.പി.) എന്നീ കോഴ്‌സുകള്‍ക്കാണ് ‘നീറ്റ’് സ്‌കോര്‍ ബാധകം. എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി മാത്രമാണ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ പ്രവേശന പരീക്ഷ.
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തന്നെ നീറ്റ് സ്‌കോര്‍ ബാധകമാക്കിയതോടെ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ ആയിരുന്നു കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കും ഭൂരിഭാഗം സ്വാശ്രയ കോളജുകളിലേക്കും വിദ്യാര്‍ഥികളെ അലോട്ട് ചെയ്തത്. അന്ന് ചില സ്വാശ്രയ കോളജുകള്‍ കോടതിവിധി നേടി നീറ്റ് സ്‌കോര്‍ പ്രകാരം സ്വന്തം നിലക്കും പ്രവേശനം നടത്തിയിരുന്നെങ്കിലും ഇത്തവണ നിയമനിര്‍മ്മാണം വഴി അത്തരം നീക്കങ്ങള്‍ക്ക് തടയിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അതേസമയം, എയിംസിന്റെ പ്രവേശനപരീക്ഷയ്ക്ക് പോലും പത്തോളം കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് അനുവദിച്ചിട്ടുണ്ടെന്നിരിക്കെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ മാത്രമാണ് ദേശീയ പ്രവേശന പരീക്ഷക്ക് കേന്ദ്രങ്ങള്‍ ലഭ്യമാക്കിയത്. പരീക്ഷയെഴുതുന്നവരുടെ ബാഹുല്യവും കേന്ദ്രങ്ങളില്‍ എത്തിച്ചേരാനുള്ള വിഷമവും കണക്കിലെടുത്ത് അടുത്തവര്‍ഷം മുതലെങ്കിലും സംസ്ഥാനത്തെ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം ഉയര്‍ത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.