കോഴിക്കോട്: ബംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണം വെട്ടിലാക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പാര്‍ട്ടിയെയും. അതീവഗൗരവതരമായ ആരോപണമാണ് മുസ്‌ലിംയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ബിനീഷിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ഇതിന് പാര്‍ട്ടി ഫോറങ്ങളില്‍ കോടിയേരിക്ക് മറുപടി പറയേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
സിപിഎം കേരളഘടകത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു സെക്രട്ടറിയുടെ മകനെതിരെ ലഹരി മരുന്ന് മാഫിയാ ബന്ധം ആരോപിക്കപ്പെടുന്നത്.
ഫിറോസിന്റെ ആരോപണങ്ങള്‍
ബംഗളൂരുവില്‍ പിടിയിലായ അനിഖയ്ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂബും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട് എന്നാണ് ഫിറോസിന്റെ ആരോപണം. മുഹമ്മദ് അനൂബ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പറയുന്നു.
2015ല്‍ അനൂപ് കമ്മനഹള്ളിയില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ല്‍ അനൂബ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയര്‍പ്പിച്ച് ഫെയ്സ്ബുക്ക് പേജില്‍ ലൈവ് ഇടുകയും ചെയ്തു. പിടിയിലായവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ കാലത്ത് ജൂണ്‍ 19-ന് കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തു- ഫിറോസ് ആരോപിക്കുന്നു. ഇതിന്റെ ഫോട്ടോ അടക്കം മാദ്ധ്യമങ്ങള്‍ക്കു മുമ്പില്‍ ഫിറോസ് പ്രദര്‍ശിപ്പിച്ചു.
പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് കേരളം വിട്ട ജൂലായ് പത്തിന് ഇവരുമായി പലപ്പോഴും ബന്ധപ്പെട്ടിട്ടുണ്ട്. ജൂലായ് പത്താം തിയ്യതി ബിനീഷ് കോടിയേരിയും ബെംഗളൂരുവിലാണുണ്ടായിരുന്നത്. പിടിയിലായവര്‍ക്ക് കേരളത്തിലെ സിനിമാ സംഘവുമായും രാഷ്ട്രീയ നേതൃത്വവുമായും സ്വര്‍ണക്കടത്തുകാരുമായെല്ലാം അടുത്ത ബന്ധമുണ്ട്. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
അനൂപിനെ വര്‍ഷങ്ങളായി അറിയാമെന്ന് ബിനീഷ്
മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ തനിക്ക് അറിയാമെന്നും റസ്റ്ററന്‍ഡിനായി പണം നല്‍കിയിട്ടുണ്ട് എന്നും ബിനീഷ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അനൂപിനെ കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ് എന്നും അനൂപ് അത്തരത്തിലുള്ള ഒരാളല്ലെന്നാണ് തനിക്കറിയാവുന്നതെന്നും ബിനീഷ് പറയുന്നു.
‘അനൂപ് ടി-ഷര്‍ട്ട് ബിസിനസ് നടത്തിയിരുന്ന സമയത്താണ് അദ്ദേഹവുമായി പരിചയത്തിലാവുന്നത്. പിന്നീട് അനൂബ് റെസ്റ്റോറന്റ് ബിസിനസിലേക്ക് തിരിഞ്ഞു. ഈ ഘട്ടത്തില്‍ ഞാനടക്കം പലരും അവനെ സഹായിക്കാന്‍ പണം നല്‍കിയിട്ടുണ്ട്. അത് കടമായി നല്‍കിയതാണ്. അത് പിന്നീട് പൊളിഞ്ഞു. ബംഗളൂരുവിലേക്ക് പോകുന്ന സമയത്ത് റൂം ബുക്ക് ചെയ്ത് തരുന്നതും മറ്റും അനൂപാണ്. അങ്ങനെയുള്ള അനൂപിനെ മാത്രമേ എനിക്കറിയൂ. അനൂപിന് മയക്ക് മരുന്നുമായി ബന്ധമുള്ള കാര്യം എനിക്കറിയില്ല’- ബിനീഷ് പറയുന്നു.
കുരുക്കില്‍ കോടിയേരിയും പാര്‍ട്ടിയും
ഇതാദ്യമായല്ല, ബിനീഷ് കോടിയേരി അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ പ്രതിരോധത്തിലാക്കുന്നത്. മയക്കുമരുന്നു കേസിലെ പ്രതികളുമായി ഉറ്റ ചങ്ങാത്തമുണ്ടെന്ന് മകന്‍ സമ്മതിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ കോടിയേരി വിമര്‍ശനത്തിനു വിധേയനാകും എന്നുറപ്പാണ്. മകന്റെ മയക്കു മരുന്നു ബന്ധം മാത്രമല്ല, സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷും മയക്കുമരുന്നു കേസിലെ പ്രതികളും തമ്മിലുള്ള ബന്ധവും ചര്‍ച്ചയ്ക്ക് വരും. കേരളം ഈയിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനും ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ രാഷ്ട്രീയമായി സിപിഎമ്മിന് തിരിച്ചടിയാകും.
പ്രതിപക്ഷം ഇതു മുതലെടുക്കുമെന്ന കാര്യങ്ങള്‍ തീര്‍ച്ചയാണ്. അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയെന്ന നിലയില്‍ സിപിഎം വിയര്‍ക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ വിമര്‍ശനത്തിന് വിധേയനാകുക പാര്‍ട്ടി സെക്രട്ടറി തന്നെയാകും. പാര്‍ട്ടിയിലെ കോടിയേരി-പിണറായി വിരുദ്ധ ഗ്രൂപ്പുകള്‍ക്ക് വീണുകിട്ടിയ വടിയുമായി നിലവിലെ ആരോപണങ്ങള്‍.