സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ട ഇല്ലെന്ന് സ്വപ്ന സുരേഷ്. എല്ലാ കാര്യങ്ങളും രഹസ്യമൊഴിയില്‍ ഉണ്ട്, ഇനിയും ഏറെ പറയാനുണ്ട്. രഹസ്യമൊഴി ആയതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ല സ്വപ്ന സുരേഷ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ സ്വപ്ന സുരേഷ് ഉറച്ചുനില്‍ക്കുന്നു.ആര് മുഖ്യമന്ത്രിയായാലും തനിക്ക് പ്രശ്‌നമില്ല, വ്യക്തിപരമായി ഒന്നും നേടാനില്ല, തന്റെ വെളിപ്പെടുത്തലിനെ രാഷ്ട്രീയമായി ഉപയോഗിക്കരുത്, തനിക്ക് ഭീഷണിയുണ്ട് സ്വപ്നസുരേഷ് ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ് എത്തിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ നടത്തിയ വിദേശസന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന ഗുരുതര ആരോപണവുമായിരുന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എറണാകുളത്തെ പ്രത്യേക കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു സ്വപ്‌ന സുരേഷിന്റെ പ്രതികരണം. ‘എം.ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി.എം രവീന്ദ്രന്‍, നളിനി നെറ്റോ ഐ.എ.എസ്, അന്നത്തെ മന്ത്രി കെ.ടി ജലീല്‍…, ഇങ്ങനെയുള്ള എല്ലാവരുടെയും ഇന്‍വോള്‍വ്‌മെന്റ് എന്താണോ, ഇത് എന്റെ രഹസ്യമൊഴിയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്.’ – സ്വപ്ന പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്നും രഹസ്യമൊഴി നല്‍കിയ ശേഷം സ്വപ്‌ന മാധ്യമങ്ങളോട് വെളിപ്പെടുത്തി.രഹസ്യമൊഴി അന്വേഷണത്തിന്റെ നിര്‍ണായക ഭാഗമായതിനാല്‍ എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ല. തനിക്ക് പറയാവുന്ന കാര്യങ്ങള്‍ പറയാമെന്ന് പറഞ്ഞാണ് സ്വപ്‌ന മാധ്യമങ്ങളോട് സംസാരിച്ചത്.
‘2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ്‌യില്‍ പോകുന്ന സമയത്താണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണമെന്നാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടത്. നിര്‍ബന്ധമായി എത്തിക്കണമെന്നും പറഞ്ഞു. അന്ന് കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ നമ്മള്‍ മനസിലാക്കിയത് അത് കറന്‍സിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. അതിനൊപ്പം തന്നെ വളരെ സര്‍പ്രൈസിങായിട്ട് ബിരിയാണി പാത്രങ്ങളും കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ ഭാരമുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കള്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന.
ഇങ്ങനെ നിരവധി തവണ കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്, ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോള്‍ പറയാന്‍ പറ്റുന്നതല്ല’ -സ്വപ്ന പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിക്കറിയാമായിരുന്നോ എന്ന ചോദ്യത്തിന്, ‘ക്ലിഫ് ഹൗസില്‍ കൊണ്ടുപോകുമ്പോള്‍ കോമണ്‍ സെന്‍സനുസരിച്ച് ഇത് മുഖ്യമന്ത്രിക്കറിയാമല്ലോ’ എന്നായിരുന്നു സ്വപ്നയുടെ മറുപടി. ഇതല്ലാതെ പല വിവരങ്ങളും വിശദമായി രഹസ്യമൊഴിയില്‍ നല്‍കിയിട്ടുണ്ടെന്നും സമയം വരുമ്പോള്‍ എല്ലാ കാര്യങ്ങളും പുറത്തുപറയാമെന്നും സ്വപ്ന പ്രതികരിച്ചു. ‘തന്റെ മൊഴികളില്‍ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജണ്ടയില്ല. അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടല്‍ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ എവിടെയും പോകുന്നില്ല,. എല്ലാം നിങ്ങളുടെ മുന്നില്‍വന്ന് പറയും. രഹസ്യമൊഴിയിലെ കൂടുതല്‍കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. കോടതിയെ ബഹുമാനിക്കണം. നിങ്ങളല്ലേ സ്വപ്‌ന സുരേഷിനെ സ്വപ്‌ന സുരേഷ് ആക്കിയത്. ബാക്കി നിങ്ങള്‍ അന്വേഷിക്കൂ’വെന്നും സ്വപ്ന പറഞ്ഞു.
ഇഡിക്കെതിരെ സംസാരിക്കാന്‍ സംസ്ഥാന പൊലീസ് നിര്‍ബന്ധിച്ചതടക്കമുള്ള വെളിപ്പെടുത്തലുകളില്‍ സ്വപ്‌ന മൊഴി നല്‍കിയതായാണ് സൂചന. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടതായും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ എറണാകുളം ജില്ലാ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് സ്വപ്‌നയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഏജന്‍സി സമ്മര്‍ദം ചെലുത്തിയെന്ന് സ്വപ്‌ന പറഞ്ഞതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം അങ്ങനെ പറഞ്ഞത് പൊലീസ് സമ്മര്‍ദം ചെലുത്തിയത് കൊണ്ടാണെന്ന് സ്വപ്‌ന തിരുത്തി. ഇതേതുടര്‍ന്ന് ഇ.ഡി എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.