ചെറിയ സംസ്ഥാനത്തിലെ ജനങ്ങളാണെങ്കിലും എല്ലാവർക്കും തുല്യത അനുഭവിക്കാൻ കഴിയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ മൂന്നാം ദിവസം നാഗാലാൻഡിലെ കൊഹിമയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നിങ്ങൾ ഒരു ചെറിയ സംസ്ഥാനമാണ് എന്നത് പ്രശ്നമല്ല; രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളോട് നിങ്ങൾ തുല്യരാണ്. അതാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ ആശയം. ജനങ്ങൾക്ക് നീതി നൽകാനും രാഷ്ട്രീയ സമൂഹ സാമ്പത്തിക ഘടന കൂടുതൽ തുല്യവും എല്ലാവരിലും എത്തിച്ചേരുന്ന തരത്തിലുള്ളതാക്കാനുമാണ്” – രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ വർഷം കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്ര രാജ്യത്തെയും വ്യത്യസ്ത സംസ്കാരങ്ങളെയും വ്യത്യസ്ത മതങ്ങളെയും വ്യത്യസ്ത ഭാഷകളെയും ഒരുമിച്ച് കൊണ്ടുവരാനുള്ളതായിരുന്നു. അതിന് വേണ്ടി തന്നെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും ഒരു യാത്ര നടത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും നന്ദിയുണ്ടെന്നും മണിപ്പൂർ ജനതക്ക് സമാധാനവും നീതിയും ലഭിക്കുന്നതുവരെ അവരോടൊപ്പം നിൽക്കുകയും അവർക്കായി പോരാടുകയും ചെയ്യുമെന്നും അദ്ദേഹം യാത്രയുടെ രണ്ടാം ദിവസം പറഞ്ഞിരുന്നു. അടിസ്ഥാന യാഥാർഥ്യങ്ങൾ പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളിൽ നിന്ന് വളരെ അകലെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നു.