Connect with us

Culture

‘ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് ഈ അലന്‍സിയര്‍’;അലന്‍സിയിന് പിന്തുണയുമായി നടി പാര്‍വ്വതി

Published

on

സംവിധായകന്‍ കമലിന് പിന്തുണ അര്‍പ്പിച്ച് കൊണ്ട് തെരുവിലെത്തിയ അലന്‍സിയറെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാല പാര്‍വ്വതി. അലന്‍സിയറിനെക്കുറിച്ചുള്ള മുമ്പത്തെ ഓര്‍മ്മ പങ്കുവെച്ചാണ് പാര്‍വ്വതിയുടെ മറുപടി. അന്ന് ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് അലന്‍സിയറെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കമലിന് പിന്തുണ നല്‍കിയത് പുതിയ ചിത്രത്തില്‍ അവസരത്തിന് വേണ്ടിയാണെന്നും പ്രശസ്തിക്കുവേണ്ടിയാണെന്നുമൊക്കെ അലന്‍സിയറിനു നേരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിമര്‍ശകര്‍ക്ക് മറുപടിയുമായി നടി രംഗത്തെത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘കമല്‍ സാറിന്റെ പടത്തില്‍ റോളിനു വേണ്ടി അലന്‍ ഇത് ചെയ്തു എന്ന് പറയുന്നവരെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളെ പോലുള്ളവര്‍ക്ക് അദ്ദേഹത്തെ മനസ്സിലാവാന്‍ സാദ്ധ്യതയില്ല. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് ഈ അലന്‍സിയര്‍. നാടകക്കാരന്‍ ആയത് കൊണ്ട് അന്ന് അത് ആരും ചര്‍ച്ച ചെയ്തില്ല. അസഹിഷ്ണുതയും അനീതിയും യഥാര്‍ത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും. അത് അവര്‍ കലയാക്കും അലന്‍സിയര്‍ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ് . ജീവന്റെ തുടിപ്പുകള്‍ ഈ മണ്ണില്‍ ശേഷിക്കുന്നു എന്നാണ് .റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലന്‍. ചിലര്‍ക്കെങ്കിലും ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം ഒന്നിനും വേണ്ടി അല്ലാതെ ജീവിക്കുന്നവരെ അവര്‍ ഈ കാലയളവില്‍ കണ്ടിട്ടുണ്ടാവില്ല.’

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ

ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മഞ്ജു വാര്യർ. ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂവെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും

Continue Reading

Film

എം.ടിയുടെ വിയോഗം ഞെട്ടിപ്പിക്കുന്നത്, വേദനാജനകം: കമൽ ഹാസൻ

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണമെന്ന് നടൻ കമൽ ഹാസൻ. മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അദ്ദേഹവുമായുള്ള സൗഹൃദത്തിന് അൻപത് വയസ്സുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്.

മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്ന എം.ടി വാസുദേവൻ നായർ അന്തരിച്ചു.

എന്നെ മലയാള ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ്സ് തികയുന്നു. ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നു.

മലയാള സാഹിത്യ ലോകത്തിന് ഇതിഹാസ നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. പത്രപ്രവർത്തന രംഗത്ത് ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്.

ഇത് വലിയ നഷ്ടമാണ്. ദക്ഷിണേന്ത്യൻ സാഹിത്യ വായനക്കാർക്കും കലാപ്രേമികൾക്കും ഒരുപോലെ നിരാശയുണ്ടാക്കുന്നത്.

മഹാനായ എഴുത്തുകാരന് എന്‍റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.

Continue Reading

Film

എം.ടി എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി: മമ്മൂട്ടി

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി അനുസ്മരിച്ചു.

Published

on

എം ടി വാസുദേവന്റെ നിര്യാണത്തില്‍ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് കുറിപ്പുമായി മമ്മൂട്ടി. തന്റെ സ്‌നേഹിതനായും സഹോദരനായും പിതാവായുമൊക്കെ നിറയുന്ന സ്‌നേഹ ബന്ധത്തെ ഏറെ വൈകാരികമായാണ് മമ്മൂട്ടി അനുസ്മരിക്കുന്നത്. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി അനുസ്മരിച്ചു.

വടക്കന്‍ വീരഗാഥ മുതല്‍ പഴശ്ശിരാജ വരെയുള്ള എം ടി കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ താനവതരിപ്പിച്ചിട്ടുണ്ടെന്നും തന്നെ സംബന്ധിച്ച് ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.
സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.

Continue Reading

Trending