Connect with us

More

സ്‌നേഹത്തെ താപസിച്ച കവിവര്യന്‍

മത ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും നേര്‍ക്ക് രാജ്യത്തെ ക്ഷുദ്രശക്തികള്‍ വാളുമായി പാഞ്ഞടുക്കുമ്പോള്‍ ആ നാവും തൂലികയും കവിയുടെ ജീവിതസായന്തനത്തില്‍ വേണ്ടതുപോലെ പ്രതികരിച്ചില്ലെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നു.

Published

on

കെ.പി ജലീല്‍

എണ്‍പതു ദശകക്കാലത്തെ സാഹിത്യകവേയത്തിന് പരിസമാപ്തി. കവിഭാവനപോലെ വെളിച്ചത്തില്‍നിന്ന് ‘തമസ്സ് എന്ന സുഖപ്രദമായ’ അവസ്ഥയിലേക്ക് മഹാകവി നീങ്ങിയിരിക്കുന്നു. കുമരനെല്ലൂരിലെ അമേറ്റിക്കര എന്ന നിളാതീരഗ്രാമത്തില്‍പിറന്ന് കാലികനായ എം.ടിയോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരവും കയ്യിലേന്തി മഹാകവി അക്കിത്തം അച്യുതന്‍നമ്പൂതിരി തൊണ്ണൂറ്റിനാലാം വയസ്സില്‍ വിടചൊല്ലുമ്പോള്‍ ഒരു ഇതിഹാസമാണ് കൂടെപ്പോകുന്നത്. പ്രഥമ കവിതയായ ‘ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം’ പോലെ ഒരു നൂറ്റാണ്ടോളം ജിവിച്ചും രചിച്ചും താണ്ടിയ തപസ്യയില്‍നിന്നുള്ള വിജയകരമായ പടിയിറക്കം. അരുതായ്മകള്‍ക്കെതിരായ പോരാട്ടവുമായി കമ്യൂണിസത്തില്‍നിന്ന് ആത്മീയതയിലെത്തി അവിടെനിന്ന് വീണ്ടും വലത്തോട്ട് ചെരിഞ്ഞൊരു താപസയാത്രയുടെ അന്ത്യം. എട്ടാം വയസ്സില്‍ അമ്പലത്തിലെ ചുമരുകളില്‍ വരച്ചും എഴുതിയും സമാരംഭംകുറിച്ചൊരു സര്‍ഗയാത്രക്ക് ശുഭാന്ത്യം. സ്‌നേഹമോ ദു:ഖമോ, വെളിച്ചമോ ഇരുട്ടോ? മലയാളത്തിന്റെ മഹാകവികളിലൊന്നായ അക്കിത്തത്തിന്റെ കവിതാകൂട്ട് ഇതിലേതായിരുന്നുവെന്ന് വേര്‍തിരിച്ചുപറയുക വിഷമകരം. മനുഷ്യജീവിതവും അതിലെ വികാര വൈജാത്യങ്ങളും മനസ്സിലും ജീവിതത്തിലും വരികളിലും ആവാഹിച്ചും പ്രവഹിപ്പിച്ചും നടന്ന സാഹിത്യകുലപതിയായിരുന്നു.

‘ഒരുകണ്ണീര്‍കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം’

എന്നെഴുതാന്‍ ഇനി അക്കിത്തമില്ല. രാജ്യത്തിന്റെ സാഹിത്യലോകത്ത് അക്കിത്തം കൈവെക്കാത്ത പുരസ്‌കാരങ്ങള്‍ അധികമില്ലെന്നുതന്നെ പറയാം. ജ്ഞാനപീഠത്തിന്പുറമെ കേന്ദ്ര സാഹിത്യഅക്കാദമിയുടെയും കേരള സാഹിത്യഅക്കാദമിയുടെയും പുരസ്‌കാരങ്ങള്‍, എഴുത്തച്ഛന്‍, വയലാര്‍, ആശാന്‍ പുരസ്‌കാരങ്ങള്‍, പത്മശ്രീ അടക്കം നിരവധിബഹുമതികള്‍ ഇക്കാലയളവില്‍ മഹാകവിയെ തേടിയെത്തി. കോവിഡ്കാല പ്രോട്ടോകോള്‍ കാരണം ലളിതമായി നടന്ന ജ്ഞാന പീഠപുരസ്‌കാര ചടങ്ങിലായിരുന്നു അക്കിത്തത്തിന്റെ ഏറ്റവും ഒടുവിലത്തെ പ്രഭാഷണം. അതില്‍ നിറഞ്ഞുനിന്നതും മറക്കാത്ത മാനവസ്‌നേഹംതന്നെയായിരുന്നു. കമ്യൂണിസത്തോടുള്ള ആദ്യകാലസ്‌നേഹത്തിന് തന്റെ അയല്‍ നാട്ടുകാരനായ ഇ.എം.എസ് നമ്പൂതിരിപ്പാടുമായി ബന്ധമുണ്ടായിരുന്നതുപോലെ വിപ്ലവകവികളായ വി.ടി ഭട്ടതിരിപ്പാടിനെയും ഇടശേരിയെയും ഗുരുക്കന്മാരായി കണ്ടുകൊണ്ടായിരുന്നു എഴുത്തിന്റെ തുടക്കം. ഭാഷാപിതാവ് എഴുത്തച്ഛന്റെ വരികള്‍ അമ്മവഴി ഹൃദിസ്ഥമാക്കിയ ശൈശവകാലം. അവിടുന്ന് തുടങ്ങിയതാണ് മലയാളത്തോടുള്ള തീരാപ്രണയം. പല സമകാലികരും ഉന്നതകുലജാതരുടെ ഭാഷയായ സംസ്‌കൃതവുമായി കാവ്യരചന നടത്തുന്ന കാലത്ത് ‘വെളിച്ചം ദു:ഖമാണുണ്ണീ,തമസ്സല്ലോ സുഖപ്രദം’ എന്ന് ആദ്യകൃതിയില്‍തന്നെ എഴുതിവെച്ച മഹാകവിക്ക് ലളിതോക്തിയോടായിരുന്നു അടുപ്പമധികവും. മലയാളി പകുതി കളിയായും കാര്യമായും ചുണ്ടില്‍കൊണ്ടുനടക്കുന്ന ഈ കവിതാശകലം നരകത്തിന്റെ വക്താക്കളെ നോക്കിയാണ് അക്കിത്തം പ്രയോഗിച്ചത്. മലയാളമുള്ളകാലത്തോളം ഈ വരികള്‍ മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിച്ചുകൊണ്ടേയിരിക്കുമെന്ന് തീര്‍ച്ച. അത്രക്ക് അര്‍ത്ഥഗര്‍ഭമാണ് ആ രണ്ടുവരികളിലൂടെ കവി മനുഷ്യജീവിതത്തെ ഉപന്യസിച്ചുവെച്ചിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ നിരര്‍ത്ഥകതകൂടിയാണാ വാക്കുകളിലൂടെ കവി സന്നിവേശിപ്പിച്ചത്.

18-ാം വയസ്സില്‍ 1944ലായിരുന്നു ആദ്യകവിതാസമാഹാരം. 1952ല്‍ പ്രഥമപുരസ്‌കാരം. സംസ്‌കൃതം, ഇംഗ്ലീഷ്, തമിഴ്, കണക്ക് എന്നിവയെല്ലാം ചെറുപ്രായത്തില്‍തന്നെ ഹൃദിസ്ഥമാക്കിയ അച്യുതന്‍ നമ്പൂതിരിക്ക് അവ എഴുത്തുവഴിയിലെ കൂട്ടുകാരും പ്രചോദകരുമായി. ചിത്രകലയിലും സംഗീതത്തിലുംകൂടി പ്രാവീണ്യം സിദ്ധിച്ചതോടെ യുവപണ്ഡിതനെന്നറിയപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ജീവിച്ച പലര്‍ക്കും അനുഭവിക്കാനും കാണാനും ഇടയാകേണ്ടിവന്ന സാമൂഹിക ജീവിതത്തിന്റെ തൊട്ടുകൂടായ്മ മുതലായ തിന്മകള്‍ക്കെതിരെ കൊച്ച് അച്യുതനും കൂട്ടിനിറങ്ങി. പ്രസിദ്ധമായ പാലിയം സത്യഗ്രഹത്തില്‍ പങ്കെടുത്തത് അങ്ങനെയാണ്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എഴുതിയ വി.ടിയോടും സാധാരണക്കാരുടെ കവി ഇടശേരിയോടും ബഹുമാനാദരവുകള്‍ പുലര്‍ത്തിയ അക്കിത്തം പക്ഷേ അവരുടെ ശൈലിയിലും സപര്യയിലുമായിരുന്നില്ല കാവ്യജീവിതം പടുത്തുയര്‍ത്തിയത്. സ്വന്തമായൊരു കാവ്യശൈലി മെനഞ്ഞെടുത്തായിരുന്നു അക്കിത്തത്തിന്റെ ജീവല്‍സാഹിത്യം പിച്ചവെച്ചത്. പത്രപ്രവര്‍ത്തനത്തിലായിരുന്നു മറ്റുപല സാഹിത്യകാരന്മാരെയുംപോലെ അക്കിത്തത്തിന്റെയും യൗവനകാല ഇടം. യോഗക്ഷേമം, മംഗളോദയം എന്നിവയിലായിരുന്നു മാധ്യമ തൊഴില്‍. മംഗളോദയം പ്രസില്‍നിന്ന് പുറത്തിറങ്ങിയ ഉണ്ണിനമ്പൂതിരിയുടെ പ്രിന്ററും പബ്ലിഷറുമായ അക്കിത്തം പിന്നീട് ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായാണ് ജീവിത വരുമാനം നേടിയത്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി എന്നീ സാമൂഹികപ്രസക്തമാര്‍ന്ന ‘സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്നും ‘സ്‌നേഹമാണഖിലസാരമൂഴിയില്‍’ എന്നും എഴുതിയ മഹാകവികളുടെ ആശയങ്ങള്‍ തന്നെയാണ് അക്കിത്തത്തിലും മലയാളി ദര്‍ശിച്ചതും സ്വാംശീകരിച്ചതും. സമകാലിക നാടകങ്ങളില്‍ വേഷമിട്ടു. ബലിദര്‍ശനം, ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ ലോകം, ബലിദര്‍ശനം, മാനസപൂജ, ഭാഗവത വിവര്‍ത്തനം തുടങ്ങിയ അക്കിത്തത്തിലെ കവിക്ക് മലയാളിയുടെ പൂമുഖങ്ങളില്‍ ഇടംനേടിക്കൊടുത്തു.

‘തോക്കിനും വാളിനും വേണ്ടി, ചെലവിട്ടോരിരുമ്പുകള്‍, ഉരുക്കി വാര്‍ത്തെടുക്കാവൂ, ബലമുള്ള കലപ്പകള്‍’ എന്നെഴുതുമ്പോള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളോടുള്ള മമതയാണ് പ്രതിഫലിച്ചത്. മത ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും നേര്‍ക്ക് രാജ്യത്തെ ക്ഷുദ്രശക്തികള്‍ വാളുമായി പാഞ്ഞടുക്കുമ്പോള്‍ ആ നാവും തൂലികയും കവിയുടെ ജീവിതസായന്തനത്തില്‍ വേണ്ടതുപോലെ പ്രതികരിച്ചില്ലെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നു. പക്ഷേ ആ തമസ്സിനിടയിലും ജ്വലിച്ചുനില്‍ക്കുമെന്നും ആ രചനാവൈഭവം. ഇരുപതുദിവസംമുമ്പ് സ്വഭവനത്തില്‍വെച്ച്് ജ്ഞാനപീഠ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മഹാകവി ഉദ്‌ബോധിച്ചതുപോലെ, നിരുപാധിക സ്‌നേഹമെന്ന സൗരമണ്ഡലംകൊണ്ട് ഈ ദു:ഖത്തെയും നമുക്ക് മറികടക്കാം.

Article

കോടതിയോടുള്ള സി.പി.എമ്മിന്റെ വെല്ലുവിളി

EDITORIAL

Published

on

പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാനാണ് റോഡുകള്‍ പണിതത്. ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്ന വിധത്തില്‍ റോഡുകള്‍ കൈയേറി പൊതുയോഗങ്ങളും പ്രകടനങ്ങളും സമരങ്ങളും നടത്തുന്നത് നിയമവിരുദ്ധമാണ്. പാതയോരങ്ങളില്‍ പോലും ജനസഞ്ചാരത്തിന് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ പരിപാടികള്‍ നടത്തുന്നതിനും കൊടിതോരണങ്ങള്‍ തൂക്കുന്നതിനും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമെതിരെ കോടതി പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതുമാണ്. ഗതാഗത തടസ്സം സൃഷ്ടിച്ച് പൊതു നിരത്തുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശമാണ് ഇയ്യിടെ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. പൊതുനിരത്തുകള്‍ സമരങ്ങള്‍ക്കു വേദിയാക്കരുതെന്ന ഉത്തരവിന്റെ ചൂടാറും മുമ്പുതന്നെ കണ്ണൂരില്‍ റോഡ് തടസ്സപ്പെടുത്തി സി.പി.എം നടത്തിയ സമരം കോടതിയെ പരിഹസി ക്കുന്നതിന് തുല്യമാണ്. വഞ്ചിയൂരില്‍ ഗതാഗതം തടസ്സപ്പെടുത്തി ഏരിയ സമ്മേളനം നടത്തിയതിന്റെ പേരിലുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കണ്ണൂരില്‍ റോഡ് കൈയേറി സി.പി.എം ഉപരോധ സമരം നടത്തിയത് എന്നതുകൂടി ഓര്‍ക്കേണ്ടതുണ്ട്.

നീതിപീഠത്തിന്റെ ഉത്തരവ് അവഗണിച്ചുകൊണ്ടുള്ള പ്രവൃത്തിക്കാണ് സി.പി.എം വീണ്ടും തുനിഞ്ഞത്. നിയമപീഠത്തോടും ന്യായാധിപന്മാരോടുമുള്ള അവഹേളനമായേ ഇതിനെ കാണാനാവു. പ്രത്യേകിച്ചും, അധികാരത്തിലിരിക്കുന്ന മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയുടെ ഇത്തരം സമീപനങ്ങള്‍ ജനങ്ങളില്‍ നിയമത്തോടും നീതിന്യായ സംവിധാനങ്ങളോടുമുള്ള മതിപ്പു കുറയ്ക്കാനേ ഉപകരിക്കൂ. മാത്രമല്ല, നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പെരുമാറ്റവും സി.പി.എം നേതാക്കളില്‍ നിന്നുണ്ടായി. കേന്ദ്ര അവഗണനയില്‍ പ്രതിഷേധിക്കാനാണ് കേന്ദ്ര സ്ഥാപനമായ ഹെഡ് പോസ്റ്റാഫീസ് സമര വേദിയായി തിരഞ്ഞെടുത്തത്. പതിനായിരകണക്കിന് പേര്‍ പങ്കെടുക്കുന്ന സമരം നടത്തുമ്പോള്‍ റോഡിലെ ഗതാഗതം തടസ്സപ്പെടും. കണ്ണൂരില്‍ യാത്ര ചെയ്യാന്‍ വേറെയും റോഡുകളുണ്ട്. എന്നാല്‍, ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. സമരം നടക്കുമ്പോള്‍ മറ്റ് വഴികളിലൂടെ ഗതാഗതം തിരിച്ചുവിടുകയെന്നത് എന്തോ വലിയ പൗരാവകാശ ലംഘനമായി ചിലര്‍ വ്യാഖ്യാനിക്കുകയാണ്. ജുഡീഷ്യറിയുടെയും ആ വ്യാഖ്യാനമാണ് തെറ്റ്. ജനങ്ങള്‍ എവിടെ നില്‍ക്കും. സമരം ആരും നിരോധിച്ചിട്ടില്ല. പ്രതി ഷേധിക്കാനുള്ള അവകാശം മൗലികാവകാശത്തില്‍പെട്ടതാണ്. ഇനി ഇതിന്റെ പേരില്‍ ഈ ചൂട് കാലത്ത് വീണ്ടും ജയിലില്‍ പോകാന്‍ തയാറാണെന്നുമൊക്കെയായിരുന്നു സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കവേ സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രസംഗം.

പൊതുനിരത്ത് കൊട്ടിയടച്ച് സമരം ചെയ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കണ്ണൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിലൊന്നും വലിയ കാര്യമുണ്ടാകുമെന്നു കരുതാനാവില്ല. കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ നോട്ടീസ് ലഭിച്ചതായും അത് മടക്കി പോക്കറ്റിലിട്ടതായും പറഞ്ഞ എം.വി ജയരാജന്റെ വാക്കുകള്‍തന്നെ അതിന് തെളിവാണ്. നിയമങ്ങളെ വെല്ലുവിളിക്കാനും സ്വന്തം വഴിയിലൂടെ മുന്നോട്ടുപോകാനുമുള്ള സി. പി.എമ്മിന്റെ ശ്രമം രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കാണെത്തിക്കുക. കോടതി നിര്‍ദ്ദേശം ധിക്കരിച്ച് നടത്തിയ സമരം വെല്ലുവിളി തന്നെയാണ്. നിയമവ്യവസ്ഥയെ അറിഞ്ഞു കൊണ്ട് ധിക്കരിക്കുന്നത് രാജ്യത്തെ അസ്ഥിരപ്പെടുത ഇത്തരം പ്രവണത തുടര്‍ന്നാല്‍ മറ്റു പലതിനും അത് നിമിത്ത മായേക്കും.

ഇക്കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിക്കു മുമ്പില്‍ തിരക്കേറിയ റോഡിന്റെ 150 മീറ്റര്‍ കൊട്ടിയടച്ച് സി.പി.എം ഏരിയാ സമ്മേളനം സംഘടിപ്പിച്ചത് വന്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. പിന്നീട് ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി തെറ്റ് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. ഏരിയാ കമ്മിറ്റിക്ക് പിശക് സംഭവിച്ചു. മേലില്‍ ഗ താഗതത്തിന് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധിക്കുമെന്നു പറയുകയും ചെയ്തുവെങ്കിലും കോടതി ഇടപെടലിനെതിരെ പാര്‍ട്ടിയുടെ മറ്റൊരു പ്രമുഖ നേതാവിന്റെ പ്രതികരണം ധിക്കാരപരമായിരുന്നു. ആളുകള്‍ക്ക് വാഹനങ്ങളില്‍ തന്നെ യാത്ര ചെയ്യണമെന്നുണ്ടോ നടന്നുപോയാല്‍ പോരേ, മലയില്‍ പോയി വേണോ ഞങ്ങള്‍ സമ്മേളനങ്ങളും സമരവും നടത്താന്‍ തുടങ്ങി മാന്യതക്ക് നിരക്കാത്ത പരാമര്‍ശങ്ങളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്.

ജനങ്ങളെ തടഞ്ഞും റോഡ് തടസപ്പെടുത്തിയുമൊക്കെ സമരമാകാമെന്ന സി.പി.എം നിലപാട് എല്ലാവരും തുടര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ. റോഡ് നിളെ വീണ്ടും പരസ്യബോര്‍ഡുകള്‍ ഉയരുകയും കമാനങ്ങള്‍ നിറയുകയും ചെയ്യും. കോടതി ഉത്തരവുകള്‍ക്ക് വില കല്‍പിക്കുകയാണ് ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയെന്ന നിലയില്‍ സി.പി.എം ചെയ്യേണ്ടത്. കോടതികള്‍ക്കു താഴെയാണ് പാര്‍ട്ടി താല്‍പര്യങ്ങളെന്ന് അവര്‍ തിരിച്ചറിയണം. നേതാക്കള്‍ക്കുമാത്രമല്ല, അണികള്‍ക്കും ഈ ബോധം ഉണ്ടാകേണ്ടിയിരിക്കുന്നു.

Continue Reading

Education

ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ

സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക

Published

on

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ. സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക.

2028 അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലും ഈ മാറ്റം കൊണ്ടുവരും. സി.ബി.എസ്.ഇ കരിക്കുലം കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശത്തിന് ബോര്‍ഡ് ഉന്നതാധികാര സമിതി അംഗീകാരം നല്‍കി.

2019-20 അധ്യയന വര്‍ഷം മുതല്‍ മാത്സ് വിഷയത്തില്‍ രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബേസിക്, കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേഡ് എന്നിങ്ങനെയാണവ. രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. സിലബസ് ഒന്നാണെങ്കിലും ചോദ്യങ്ങളില്‍ വ്യത്യാസമുണ്ടാകും. ഇതേ മാതൃകയില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകള്‍ സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ നടത്താനാണ് നിര്‍ദേശം. ഏത് വേണമെന്ന് ഒമ്പതാം ക്ലാസില്‍ എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം.

അഡ്വാന്‍സ്ഡ് വിദ്യാര്‍ഥികള്‍ക്കുള്ള അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒറ്റചോദ്യപേപ്പറോ രണ്ട് വിഭാഗക്കാര്‍ക്കും പ്രത്യേകം ചോദ്യപേപ്പര്‍ ഉപയോഗിച്ചോ പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കും. ഇത്തരത്തില്‍ ഓപ്ഷന്‍ ലഭിക്കുന്നത് ജെ.ഇ.ഇ പോലുള്ള പ്രവേശന പരീക്ഷകള്‍ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സി.ബി.എസ്.ഇ വിലയിരുത്തല്‍.

Continue Reading

kerala

പിസി ജോർജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഇന്ന് വൈകിട്ട് ആറു മണിവരെയാണ് കസ്റ്റഡിയിൽ‌ വിട്ടത്

Published

on

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് ആറു മണിവരെയാണ് കസ്റ്റഡിയിൽ‌ വിട്ടത്. അതേസമയം ജാമ്യാപേക്ഷയിൽ ഇന്ന് തന്നെ വിധി പറയും. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ പിസി ജോർജ് കീഴടങ്ങിയിരുന്നു. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു.

അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് അദ്ദേഹം ബി.ജെ.പി നേതാക്കൾക്കൊപ്പം കോടതിയിലെത്തി നാടകീയമായി കീഴടങ്ങിയത്. ഇരു ഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതിയുടെ നടപടി. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്.

മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

Continue Reading

Trending