‘ബുൾഡോസർ’ വിഷയത്തിൽ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള വാക്പോരാട്ടം കൊഴുക്കുന്നു. 2027ൽ തങ്ങൾ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ എല്ലാ ബുൾഡോസറുകളും ഗോരഖ്പൂരിലേക്ക് തിരിക്കുമെന്ന അഖിലേഷിന്റെ പരാമർശത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം യോഗി രംഗത്തുവന്നിരുന്നു. ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും അഖിലേഷ് യാദവിന് അതില്ലെന്നുമായിരുന്നു യോഗിയുടെ പരിഹാസം. എന്നാൽ, ഇതിനുപിന്നാലെ യോഗിക്ക് ഉരുളക്കുപ്പേരി കണക്കെ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് അഖിലേഷ്.
‘നിങ്ങളും നിങ്ങളുടെ ബുൾഡോസറും അത്രവലിയ വിജയമാണെങ്കിൽ ഒരു പ്രത്യേക പാർട്ടിയുണ്ടാക്കിക്കോളൂ. എന്നിട്ട് ബുൾഡോസർ ചിഹ്നമായി നിശ്ചയിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ. നിങ്ങളുടെ മിഥ്യാബോധവും അഹങ്കാരവുമൊക്കെ തകർന്നടിയുമെന്നുറപ്പ്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ബി.ജെ.പിയിലാണെങ്കിൽ പോലും നിങ്ങൾ വട്ടപ്പൂജ്യമാണ്. അതിനാൽ പ്രത്യേക പാർട്ടിയുണ്ടാക്കുന്നതാവും നല്ലത്. ഇന്ന് പറ്റില്ലെങ്കിൽ നാളെയെങ്കിലും’ -സമൂഹ മാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ അഖിലേഷ് തിരിച്ചടിച്ചു.
കേസുകളിൽ പ്രതികളാകുന്നവരുടെ വീടുകളും വാണിജ്യസ്ഥാപനങ്ങളും കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്ന ബുൾഡോസർ രാജിനെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രംഗത്തുവന്നിരുന്നു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു ഇടപെടൽ. ഇതിനുപിന്നാലൊയിരുന്നു അഖിലേഷിന്റെ പ്രസ്താവന. ചൊവ്വാഴ്ച പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അഖിലേഷ് ബുൾഡോസർരാജിനെതിരെ ആഞ്ഞടിച്ചത്. 2027ൽ സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ എല്ലാ ബുൾഡോസറുകളെയും യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലേക്ക് നയിക്കുമെന്നായിരുന്നു പരാമർശം.
ഇതിന് മറുപടിയായി, അഖിലേഷിനെ ടിപ്പുവെന്ന രീതിയിൽ വിശേഷിപ്പിച്ച് ‘സുൽത്താനാകാനാണ് ടിപ്പുവിന്റെ ശ്രമം’ എന്നായിരുന്നു യോഗിയുടെ പ്രതികരണം. ഒരു ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്ന് പറഞ്ഞ യോഗി, അഖിലേഷ് യാദവിന് അതില്ലെന്നും പരിഹസിച്ചു. ‘എല്ലാവരുടെയും കൈകൾ ബുൾഡോസറിൽ ഒതുങ്ങില്ല. അതിന് ഹൃദയവും മനസ്സും ആവശ്യമാണ്. ബുൾഡോസർ പോലെതന്നെ കഴിവും നിശ്ചയദാർഢ്യവുമുള്ള ഒരാൾക്ക് മാത്രമേ അത് പ്രവർത്തിപ്പിക്കാൻ കഴിയൂ.
ലഹളയുണ്ടാക്കുന്നവരുടെ മുമ്പിൽ തപ്പിത്തടയുന്നവർക്ക് ഒരു ബുൾഡോസറിന് മുന്നിൽ നിൽക്കാൻ കഴിയില്ല. സുൽത്താനാകാനാണ് ടിപ്പുവിന്റെ ശ്രമം’ -എന്നിങ്ങനെയായിരുന്നു യോഗിയുടെ മറുപടി. 2017ൽ ബി.ജെ.പി അധികാരത്തിൽ വരുംമുമ്പ് ഉത്തർപ്രദേശിൽ വ്യാപക നിയമലംഘനങ്ങളാണ് നടന്നിരുന്നതെന്നും അഖിലേഷ് യാദവും അമ്മാവൻ ശിവപാൽ യാദവും ചേർന്ന് തങ്ങളുടെ ഭരണകാലത്ത് പണം കൊള്ളയടിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
2022ൽ ഡൽഹി ജഹാംഗീർപുരിയിലും 2023ൽ ഹരിയാനയിലെ നൂഹിലും മുസ്‌ലിം വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയതിനെതിരെ ജംഇയ്യതുൽ ഉലമായെ ഹിന്ദും ഏറ്റവുമൊടുവിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ ഓട്ടോറിക്ഷ ഡ്രൈവറായ റാഷിദ് ഖാനും മധ്യപ്രദേശിലെ മുഹമ്മദ് ഹുസൈനും സമർപ്പിച്ച ഹരജികൾ ഒരുമിച്ച് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ഹരജികൾ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഒരാൾ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽപോലും വീട് ഇടിച്ചുനിരത്താനാവില്ലെന്ന് ഓർമിപ്പിച്ച ജസ്റ്റിസ് ബി.ആർ. ഗവായ് കേവലം പ്രതിയാക്കിയത് കൊണ്ടുമാത്രം എങ്ങനെ വീട് ഇടിച്ചുപൊളിക്കുമെന്ന് ചോദിച്ചു.
കോടതികൾ കുറ്റവാളികളെന്ന് തീരുമാനിക്കും മുമ്പ് സർക്കാറും പൊലീസും ചേർന്ന് രാജ്യവ്യാപകമായി ‘ബുൾഡോസർ നീതി’ നടപ്പാക്കുന്നത് തടയാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരുമെന്നും കോടതി വ്യക്തമാക്കി. ബുൾഡോസർ രാജ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച ഹരജിക്കാരോട് ഇതിനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാനും ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.