X

യു.എസ് വിമാന യാത്രക്കാര്‍ രഹസ്യ നിരീക്ഷണത്തില്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളില്‍ യാത്രക്കാരെ അകാരണമായി പിന്തുടരാന്‍ എയര്‍ മാര്‍ഷല്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്ത യാത്രക്കാരെയാണ് യു.എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍(ടി.എസ്.എ) രഹസ്യമായി നിരീക്ഷിക്കുന്നത്. ഭീകരാക്രമണങ്ങള്‍ പോലുള്ള സംഭവങ്ങള്‍ തടയാനുള്ള പ്രായോഗിക രീതിയുടെ ഭാഗമാണ് ഇതെന്ന് ടി.എസ്.എ പറയുന്നു.

ഏതെങ്കിലും തരത്തിലുള്ള വംശീയമായ ഘടകങ്ങളുടെ അടിസ്ഥാനത്തിലല്ല അതെന്നും ഏജന്‍സി വ്യക്തമാക്കി. വിമാനങ്ങളില്‍ യാത്രക്കാരെ രഹസ്യമായി പിന്തുടര്‍ന്ന് സംശയകരമായ പെരുമാറ്റമുണ്ടാവുകയെങ്കില്‍ ടി.എസ്.എ റിപ്പോര്‍ട്ട് ചെയ്യുകയാണ് എയര്‍ മാര്‍ഷല്‍മാരുടെ ജോലി. ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമോ മറ്റ് അപാകതയോ ഉള്ളതുകൊണ്ടല്ല പല യാത്രക്കാരും നിരീക്ഷിക്കപ്പെടുന്നതെന്ന് ബോസ്റ്റണ്‍ ഗ്ലോബ് പത്രം പറയുന്നു. 2010 മുതലാണ് ടി.എസ്.എ ഏജന്റുമാര്‍ യാത്രക്കാരെ രഹസ്യമായി നിരീക്ഷിച്ചുതുടങ്ങിയത്. യാത്രാ രീതികളുടെയും സംശയകരമായ ബന്ധങ്ങളുടെയും അടിസ്ഥാനത്തിലാണ് നിരീക്ഷിക്കപ്പെടേണ്ട യാത്രക്കാരെ തീരുമാനിക്കുന്നത്.

തുറിച്ചുനോട്ടം, അമിത വിയര്‍പ്പ്, വിടര്‍ന്ന കണ്ണുകള്‍, മുഖഭാവം, വിമാനത്തില്‍ ഉറങ്ങുന്ന രീതി, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം തുടങ്ങിയ ഘടങ്ങളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷിക്കപ്പെടേണ്ട യാത്രക്കാരെ തീരുമാനിക്കുന്നതെന്നും പത്രം പറയുന്നു. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ അസാധാരണമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാലും അയാളെ സമീപിക്കുകയോ യാത്ര തടസ്സപ്പെടുത്തുകയോ ചെയ്യാറില്ലെന്നും ടി.എസ്.എ വ്യക്തമാക്കി.
മതം, വംശീയത തുടങ്ങിയ ഘടകങ്ങളും അത്തരം നിരീക്ഷണത്തിന് ബാധകമല്ല. ഒരു ബിസിനസുകാരി മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വരെ ഇങ്ങനെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

chandrika: