Connect with us

india

എയര്‍ ഇന്ത്യ, വിസ്താര; ലയനം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

ഇടപാട് 2024 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും

Published

on

പ്രധാന എയര്‍ലൈനുകളായ വിസ്താര, എയര്‍ ഇന്ത്യ എന്നിവയുടെ ഏകീകരണം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയും രണ്ടാമത്തെ വലിയ ആഭ്യന്തര ക്യാരിയറുമായി എയര്‍ ഇന്ത്യ മാറുമെന്ന് കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും വിസ്താര, എയര്‍ ഇന്ത്യയുമായി ലയിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

ഏകീകരണത്തിന്റെ ഭാഗമായി എസ്‌ഐഎ എയര്‍ ഇന്ത്യയില്‍ 2059 കോടി രൂപ നിക്ഷേപിക്കുമെന്നും 25.1 ശതമാനം ഓഹരി പങ്കാളിത്തം വഹിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാട് 2024 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും. ‘ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ കുറഞ്ഞ നിരക്കില്‍ സേവനം നല്‍കുന്ന എയര്‍ ഇന്ത്യയെ സൃഷ്ടിക്കാനുള്ള അവസരത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണ്’ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

india

കൃത്രിമ മഴ പെയ്യിക്കാൻ കേന്ദ്രത്തി​ന്‍റെ അനുമതി തേടി ഡൽഹി സർക്കാർ; ഇടപെടാനുള്ള ധാർമിക ബാധ്യത മോദിക്കുണ്ടെന്ന്

ഡല്‍ഹിയിലെ കോടിക്കണക്കിന് നിവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്ന മലിനീകരണം വര്‍ധിക്കുന്നത് തടയാന്‍ ഡല്‍ഹി ഇതിനകം സ്‌കൂളുകള്‍ അടച്ചിടുകയും നിര്‍മാണം നിര്‍ത്തിവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

Published

on

വിഷ മലിനീകരണ തോത് കുറയ്ക്കാന്‍ ദേശീയ തലസ്ഥാന മേഖലയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ച് ഡല്‍ഹി സര്‍ക്കാര്‍. നേരത്തെയുള്ള അഭ്യര്‍ഥനകള്‍ കേന്ദ്രം അവഗണിച്ചെന്ന് ആരോപിച്ച ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്, കൃത്രിമ മഴ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കേന്ദ്രവുമായി ചര്‍ച്ച നടത്തണമെന്നും പറഞ്ഞു.

ഡല്‍ഹിയിലെ കോടിക്കണക്കിന് നിവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്ന മലിനീകരണം വര്‍ധിക്കുന്നത് തടയാന്‍ ഡല്‍ഹി ഇതിനകം സ്‌കൂളുകള്‍ അടച്ചിടുകയും നിര്‍മാണം നിര്‍ത്തിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. പുകമഞ്ഞില്‍ നിന്ന് മുക്തി നേടാന്‍ കൃത്രിമ മഴ പോലുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കുകയാണ് അധികൃതര്‍. ക്ലൗഡ് സീഡിങ് പ്രക്രിയയിലൂടെ കൃത്രിമമായി മഴ പെയ്യിക്കാന്‍ കഴിയും. ഇത് അന്തരീക്ഷത്തിലെ മലിനീകരണത്തെ ഇല്ലാതാക്കുമെന്നും വിദഗ്ധര്‍ വിശ്വസിക്കുന്നു.

‘ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം സെവര്‍ പ്ലസ് വിഭാഗത്തിലേക്ക് മാറിയത് കണക്കിലെടുക്കുമ്പോള്‍, നിലവിലെ സാഹചര്യത്തില്‍ ഈ രീതി ഉപയോഗിക്കുന്നത് അടിയന്തരമായി പരിഗണിക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു,’ ഗോപാല്‍ റായ് പറഞ്ഞു. അടിയന്തര യോഗത്തിനായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് പലതവണ കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ല. ഇനി ഇടപെടേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം തന്നെ ഐഐടി കാണ്‍പൂരുമായി കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നിരവധി അനുമതികള്‍ ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 30ന് കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ഒക്ടോബര്‍ 10, 23 തീയതികളില്‍ രണ്ട് തവണ ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പ്രതികരണമോ യോഗം വിളിക്കുകയോ ചെയ്തിട്ടില്ല.

ജിആര്‍എപി (ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍)-IV നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് ഉള്‍പ്പെടെ ഡല്‍ഹി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള മലിനീകരണ വിരുദ്ധ നടപടികളും റായ് പട്ടികപ്പെടുത്തി. പുകമഞ്ഞ് കുറയ്ക്കുന്നതിനുള്ള തുടര്‍നടപടികള്‍ പര്യവേക്ഷണം ചെയ്യാന്‍ വിദഗ്ധരുമായി കൂടിയാലോചിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ‘പരിഗണനയിലുള്ള പരിഹാരങ്ങളിലൊന്ന് കൃത്രിമ മഴയാണ്, ഇത് മലിനീകരണം പരിഹരിക്കാനും വായു ശുദ്ധീകരിക്കാനും സഹായിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

തിരഞ്ഞെടുപ്പ് ചൂടില്‍ മഹാരാഷ്ട്രയും, ജാര്‍ഖണ്ഡു; നാളെ പോളിങ്

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ താനെയിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പ്പൂര്‍ മേഖലയിലും ശരത് പവാര്‍ ബാരാമതിയിലും ഉദ്ദവ് തക്കറെ ഇന്ന് മുംബൈ മേഖലയിലുമാണ് ഉള്ളത്.

Published

on

മഹാരാഷ്ട്രയില്‍ നാളെയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് പ്രധാന നേതാക്കളെല്ലാം അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ വോട്ടുറപ്പാക്കാനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ താനെയിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പ്പൂര്‍ മേഖലയിലും ശരത് പവാര്‍ ബാരാമതിയിലും ഉദ്ദവ് തക്കറെ ഇന്ന് മുംബൈ മേഖലയിലുമാണ് ഉള്ളത്.

അദാനി-നരേന്ദ്ര മോദി കൂട്ടികെട്ടിനായി മഹാരാഷ്ട്രയുടെ സ്വത്തുക്കള്‍ കൊള്ളയടിക്കാനാണ് മഹായുതി സഖ്യം ശ്രമിക്കുന്നതെന്ന ആരോപണം ഇന്നലെ മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. 288 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏറ്റവും അധികം സീറ്റുകളില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. മഹാവികാസ് അഘാടിയിലെയും മഹായുതി സഖ്യത്തിലെയും ശിവസേന-എന്‍സിപി പാര്‍ട്ടികള്‍ക്കും ഈ തെരഞ്ഞെടുപ്പ് നിലനില്പിന്റെ കൂടി പോരാട്ടമാണ്.

ജാര്‍ഖണ്ഡിലെ രണ്ടാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പും നാളെയാണ്. 38 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്പന സോറന്‍, മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാന്‍ഡി എന്നിവരാണ് രണ്ടാം ഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍. 43 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം 13ന് നടന്നിരുന്നു. രണ്ടാം ഘട്ടത്തില്‍ ഗോത്ര മേഖലയിലാണ് കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്ളത്. ആകെ 528സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് ഉള്ളത്. ആകെ 14,218 ബൂത്തുകളില്‍ 900 ബൂത്തുകള്‍ മാവോയിസ്റ്റ് മേഖലകളിലാണ്. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജാര്‍ഖണ്ഡില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Continue Reading

india

ഇന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 107-ാം ജന്മ വാര്‍ഷിക ദിനം

സംവരണം പോലും അന്യമായിരുന്ന ഒരു കാലത്ത് സ്ത്രീകള്‍ പൊതുരംഗത്തേയ്ക്ക് കടന്നു വരേണ്ടതിന്റെ ആവശ്യം ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു ഇന്ദിരാഗാന്ധി.

Published

on

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 107-ാം ജന്മ വാര്‍ഷിക ദിനമാണ് ഇന്ന്. ആഗോള സമൂഹത്തില്‍ തന്നെ പകരം വെക്കാനില്ലാത്ത കര്‍മരേഖയായിരുന്നു ഇന്ദിരാഗാന്ധിയുടെ ജീവിതം.

ഇന്ത്യന്‍ ജനത എക്കാലവും സ്നേഹാദരങ്ങളോടെ മനസില്‍ സൂക്ഷിക്കുന്ന നേതാവാണ് ഇന്ദിരാഗാന്ധി. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ, അധികാരത്തിന്റെ എല്ലാ പതിവ് ലക്ഷണങ്ങളും തിരുത്തിക്കുറിച്ച ഉരുക്ക് വനിത. രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ ഇന്ദിരാഗാന്ധിയുടെ സേവനങ്ങളെക്കുറിച്ച് രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല.

ഇന്ദിരയുടെ ഭരണകാലത്താണ് ഇന്ത്യ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശക്തിയായി മാറിയത്. രാഷ്ട്രീയവും സൈനികവും സാമ്പത്തികവുമായി വലിയ ശക്തിയായി മാറിയതും ഇക്കാലത്തുതന്നെ. ഇക്കാരണം കൊണ്ട് തന്നെയാണ് സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും മഹാത്മാ ഗാന്ധിക്കും നെഹ്റുവിനും ശേഷം ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട രാഷ്ട്രീയ നേതാവായി ഇന്ദിരാഗാന്ധി മാറിയത്. സംവരണം പോലും അന്യമായിരുന്ന ഒരു കാലത്ത് സ്ത്രീകള്‍ പൊതുരംഗത്തേയ്ക്ക് കടന്നു വരേണ്ടതിന്റെ ആവശ്യം ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു ഇന്ദിരാഗാന്ധി.

രാജ്യത്തിന്റെ നേനതൃ സ്ഥാനത്തേക്ക് ഇന്ദിരാഗാന്ധി കടന്നുവന്നപ്പോള്‍ നെറ്റിചുളിച്ചവര്‍ക്ക് പ്രവൃത്തിയിലൂടെയാണ് ഈ ധീരവനിത മറുപടി നല്‍കിയത്. കൃത്യവും കാര്‍ക്കശ്യവും നിറഞ്ഞ ഭരണരീതികളിലൂടെ പ്രഖ്യാപനങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ ഇന്ദിര ഗാന്ധിക്ക് കഴിഞ്ഞു. ഇന്ന് കോടിക്കണക്കിന് സ്ത്രീകള്‍ അധികാരത്തിലേക്ക് കടന്നു വരുമ്പോള്‍ യാഥാര്‍ഥ്യമാകുന്നത് ഇന്ദിരാജിയുടെ ദീര്‍ഘവീക്ഷണമാണ്.

അധികാരത്തിന്റെ ഉന്നതിയില്‍ ഇരിക്കുമ്പോളും ലളിത ജീവിതം നയിച്ച ഇന്ദിര വ്യക്തിപരമായും ഒരു വലിയ മാതൃകയായി. ഗൗരവം നിറഞ്ഞ ഭരണകര്‍ത്താവെന്നതിലുപരി സവിശേഷ വ്യക്തിത്വത്തിനുകൂടി ഉടമയായിരുന്നു ഇന്ദിരാജി. തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളില്‍ പോലും എഴുത്തിനും വായനനയ്ക്കും അവര്‍ സമയം കണ്ടെത്തി. സിഖ് കലാപത്തെതുടര്‍ന്ന് അംഗരക്ഷകരില്‍ നിന്നും സിഖുകാരെ മാറ്റണമെന്ന ആവശ്യം ചെവിക്കൊണ്ടില്ല ഇന്ദിരാഗാന്ധി. സ്വന്തം അംഗരക്ഷകരില്‍ നിന്നുതന്നെ വെടിയേറ്റ് ആ ധീരപുഷ്പം ജീവനറ്റു എന്ന വാര്‍ത്തയും ലോകം ഞെട്ടലോടെ കേട്ടു. സ്ത്രീശക്തിയുടെ ഉത്തമമാതൃക ലോകത്തിന് കാണിച്ചുകൊടുത്ത ആ ധീരവനിതയുടെ ജന്മദിനത്തില്‍ നല്ലൊരു നാളെ നമുക്ക് സ്വപ്നം കാണാം.

Continue Reading

Trending