X

തട്ടിപ്പ് വിജിലന്‍സ് അന്വേഷണം; കോടികളുടെ അഴിമതി തേച്ചുമാച്ച് കളയാനുള്ള ശ്രമത്തിന്‍റെ ഭാഗം: കെ.സുധാകരന്‍ എം.പി

എഐ ക്യാമറ പദ്ധതിയുടെ മറവില്‍ നടന്ന കോടികളുടെ അഴിമതി തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി.

കോടികളുടെ കമ്മീഷന്‍ ഇടപാട് നടന്ന ഈ പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ പോലീസ് നടത്തുന്ന അന്വേഷണമല്ല വേണ്ടത്.സാങ്കേതിക പരിജ്ഞാനം ഉള്ളവിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.അതുവരെ ജനങ്ങളെ ദ്രോഹിക്കുന്നതും സര്‍വ്വത്ര അഴിമതിയില്‍ മുങ്ങികുളിച്ച് നില്‍ക്കുന്നതുമായ ഈ പദ്ധതി നടപ്പാക്കരുത്.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പെ അതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെന്ന സര്‍ക്കാര്‍ വാദവും അതിന് ബലം നല്‍കുന്ന വാര്‍ത്തയും ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്. 2022 ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ഈ വര്‍ഷം ഫെബ്രുവരിയില്‍ അന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടെന്നാണ് പുറത്ത് വന്ന വാര്‍ത്ത. ഇത്തരം ഒരു വാര്‍ത്ത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പുറത്ത് വിട്ടത് എഐ ക്യാമറ പദ്ധതിയില്‍ നടന്ന അഴിമതി മൂടിവെയ്ക്കാനാണ്. അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ട പദ്ധതിക്ക് സര്‍ക്കാരും മന്ത്രിസഭയും അനുമതി നല്‍കിയത് എന്തിനാണെന്നും അത് കൊട്ടിഘോഷിച്ച് വിജിലന്‍സ് വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതെന്തിനാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കണം. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രഹസ്യമായി പൂഴ്ത്തിവെച്ചിരിക്കുകയാണ്.ഈ രേഖകള്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം ഒരു വാര്‍ത്ത സര്‍ക്കാര്‍കേന്ദ്രം പുറത്ത് വിട്ടത്. ഈ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാണ് ?
വേണ്ടത്ര പ്രവൃത്തിപരിചയം ഇല്ലാത്ത കമ്പനിക്ക് ഉപകരാര്‍ നല്‍കി വിവരം മറച്ചുവെച്ചത് ആരെ സംരക്ഷിക്കാനാണ് ? വെറും 83 കോടി പൂര്‍ത്തികരിക്കാവുന്ന ഒരു പദ്ധതി 232 കോടിയായി ഉയര്‍ന്നത് എങ്ങനെയാണ്? കെല്‍ട്രോണില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ കരാര്‍ സ്വന്തമാക്കിയ ബെംഗളുരു കമ്പനിയായ സ്രിറ്റിന് പദ്ധിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ സഹായിച്ച രഹസ്യ കമ്പനിയെതാണ് ? ഇത്തരത്തില്‍ ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഗതാഗതവകുപ്പിന്‍റെ ജി.ഒ 134 -2020 പ്രകാരം ക്യാമറ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ ഫെസിലിറ്റി മാനേജ്മെന്‍റ് ഉള്‍പ്പെടെ ടെണ്ടര്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് പരിപാലന ചെലവിനും മറ്റുമാണ് ഉയര്‍ന്ന തുകയായെന്ന മന്ത്രി പി.രാജീവിന്‍റെ വിശദീകരണം മറ്റൊരു നുണയാണ്.സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും വിനീതവിധേയരായ ഉദ്യോഗസ്ഥര്‍ നടത്തുന്ന ഒരു അന്വേഷണവും സ്വീകാര്യമല്ല. പോലീസ് പര്‍ച്ചേസ്, വെടിയുണ്ട കേസ്, വ്യാജ ഏറ്റുമുട്ടല്‍,കൊടകര കുഴല്‍പ്പണക്കേസ് തുടങ്ങിയ നിരവധി കേസുകളില്‍ കുറ്റക്കാരെ വെള്ളപൂശി സംരക്ഷിച്ച പാരമ്പര്യമാണ് ഇവര്‍ക്കുള്ളത്. സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള നടപടികള്‍ക്ക് കോണ്‍ഗ്രസ് കുടപിടിക്കില്ല. ഈ ഇടപാടുമായി ബന്ധപ്പെട്ട് സത്യസന്ധവും വസ്തുനിഷ്ഠവുമായ കാര്യങ്ങള്‍ ജനത്തിന് അറിയേണ്ടതുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

webdesk14: