ഏറെ ശ്രദ്ധേയമായൊരു സമരത്തിനാണ് കഴിഞ്ഞ ഒമ്പതു ദിവസമായി സെക്രട്ടറിയേറ്റ്നട സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരളത്തിലെ പതിനാലു ജില്ലകളില്‍നിന്നുള്ള ആശാവര്‍ക്കര്‍മാരാണ് ഞങ്ങള്‍ അടിമകളല്ല എന്ന മുദ്രാവാക്യമുയര്‍ത്തി രാപ്പകല്‍ സമരത്തില്‍ അണിനിരന്നിരിക്കുന്നത്. തീര്‍ത്തും ന്യായമായ സമരത്തോട് പക്ഷേ സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ സമീപനമല്ല സ്വീകരിക്കുന്നതെന്നുമാത്രമല്ല സമരത്തെ പരിഹാസത്തോടെ നോക്കിക്കാണുകയുമാണ് ചെയ്യുന്നത്. സമരം രാഷ്ട്രീയപ്രേരിതമാണെന്ന അധിക്ഷേപമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നടത്തിയതെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കുന്ന രീതിയിലായിരുന്നു ആരോഗ്യമന്ത്രിയുടെയും പ്രതികരണം. ആശാവര്‍ക്കര്‍മാര്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന അവകാശവാദമാണ് വീണാജോര്‍ജ് ഉന്നയിച്ചത്. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നാണ് ആശാവര്‍ക്കര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
സമരത്തിന്റെ പേരില്‍ കേസെടുത്ത് ആ പാവങ്ങളെ പീഡിപ്പിക്കാനുള്ള ശ്രമമാണ് ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ നടത്തിയത്. ഇന്നലെ രാത്രി എന്‍.എച്ച്.എം ഫണ്ടില്‍ നിന്നും 52.85 കോടി അനുവദിക്കുകയും അത് ഇന്ന് മുതല്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്നും പിറകോട്ടില്ലെന്നാണ് ആശമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണി സമരമെന്ന കാര്യത്തില്‍ ഒരു തര്‍ക്കത്തിനും ഇടയില്ല. ഓണറേറിയം 21000 രൂപയാക്കണം, വേതനവും ഇന്‍സന്റീവും എല്ലാ മാസവും അഞ്ചിനകം വിതരണം ചെയ്യണം. വിരമിക്കല്‍ പ്രായത്തില്‍ വ്യക്തത വേണം, വിരമിക്കല്‍ ആനുകൂല്യം നല്‍കണം, ജോലി സ്ഥിരപ്പെടുത്തണം, യൂണി ഫോം അനുവദിക്കണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണ് കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തിലെ പ്രധാന ആവശ്യങ്ങള്‍. സമൂഹത്തിന്റെ അടിത്തട്ടില്‍ ജോലിചെയ്യുന്ന ഇവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന യാഥാര്‍ത്ഥ്യം മറ്റാരെക്കാളും നന്നായറിയുന്നത് ഭരണകൂടങ്ങള്‍ക്കാണ്.
തുടക്കകാലങ്ങളില്‍ പരമിതമായ ചുമതലകളായിരുന്നു ഇവര്‍ക്ക് നിശ്ചയിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് കുടുംബാരോഗ്യവുമായി ബന്ധപ്പെട്ട വലിയ ഉത്തരവാദിത്തങ്ങളിലേക്ക് അത് പരിവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ക്കുള്ള ആനുകൂല്യങ്ങളൊന്നും അതിന് അനുസൃതമായി വര്‍ധിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. തുടക്കത്തില്‍ 500 രൂപ മാത്രമായിരുന്നു സര്‍ക്കാര്‍ ഓണറേറിയം നല്‍കിയിരുന്നതെങ്കില്‍ ഉത്തരവാദിത്തങ്ങളും പരിമിതമായിരുന്നു. ഗര്‍ഭിണികളെ കാണുക. പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നല്‍കുക തുടങ്ങിയവയായിരുന്നു അന്നത്തെ ജോലി. മാസത്തില്‍ ശരാശരി 250 വീടുകള്‍ കയറിയിറങ്ങി സൗകര്യത്തിനനുസൃതമായി ജോലി പൂര്‍ത്തീകരിച്ചാല്‍ മതിയായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മറ്റുജോലികളിലും ഏര്‍പ്പെടാനുള്ള സമയം സൗകര്യവുമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കേന്ദ്ര – കേരള സര്‍ക്കാറുകളുടെ കീഴിലുള്ള വിവിധ പദ്ധതികളുടെ ഭാഗമായി മുപ്പത്തഞ്ചോളം ജോലികളാണ് അവര്‍ക്ക് ചെയ്തു തീര്‍ക്കാനുള്ളത്. ഗര്‍ഭിണികളുടെ കണക്കെടുപ്പ്, വിവിധ യോഗങ്ങളില്‍ സംബന്ധിക്കല്‍, രജിസ്റ്ററുകളുമായി വീടുകയറല്‍, സര്‍വേകളുടെ കണക്കു തയാറാക്കല്‍, പ്രതിരോധ കുത്തിവെപ്പുകള്‍, ജീവിത ശൈലീ രോഗ നിര്‍ണയ ക്യാമ്പുകള്‍, പാലിയേറ്റിവ് പരിചരണം, കിടപ്പുരോഗികളെ കാണല്‍, ഒറ്റപ്പെട്ടുപോയ രോഗികള്‍ക്ക് മാനസിക പിന്തുണ നല്‍കല്‍, സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ നടപ്പിലാക്കുന്ന കാര്യങ്ങളിലെ ആസൂത്രണം അങ്ങനെ ആ പട്ടിക നീണ്ടുകിടക്കുകയാണ്.
‘അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് അഥവാ ‘ആശ’ എന്ന സ്ഥാനപ്പേര് പ്രതീക്ഷാനിര്‍ഭരമാണെങ്കിലും ആ പ്രതീക്ഷ പേരില്‍ മാത്രമേയുള്ളൂ എന്നതാണ് നേര്. ബാക്കിയെല്ലാം ശോകമാണ് തുച്ഛമായ വേതനത്തില്‍, ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടി വരുന്ന അവര്‍ കൊവിഡ് ഭീതിയുടെ കാലത്ത് ശാരീരിക ആക്രമണങ്ങള്‍ക്ക് വിധേയമായ ചരിത്രവുമുണ്ട്. 2005 ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് ആശ വര്‍ക്കര്‍ എന്ന ഒരു സങ്കല്‍പം കൊണ്ടുവരുന്നത്.ഏഴുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ എല്ലാ വില്ലേജിലും ഇങ്ങനെയുള്ള ആശാവര്‍ക്കര്‍മാര്‍ ഉണ്ടായിരിക്കണം എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെമ്പാടുമായി ഇന്ന് ഏകദേശം ഒമ്പതു ലക്ഷത്തോളം ആശാ വര്‍ക്കര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. കേരളത്തില്‍ ആയിരം പേര്‍ക്ക് ഒരു ആശാപ്രവര്‍ത്തക എന്നതാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. സാധാരണയായി അതത് വി ല്ലേജിലെ ഒരു സ്ത്രീയെ ആണ് അവിടത്തെ ആശാപ്രവര്‍ത്തകയായി തിരഞ്ഞെടുക്കുന്നത്. സര്‍ക്കാറിന്റെ ആരോഗ്യ സംവിധാനത്തില്‍ ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ വിഭാഗമാണ് സാധാരണ ജനങ്ങളെയും ആരോഗ്യ രംഗത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. ആരോഗ്യ മേഖലയില്‍ ഇരു സര്‍ക്കാറുകളും കൊ ണ്ടുവരുന്ന പദ്ധതികളുടെ ചാലകശക്തികളായ ഈ വിഭാഗം അതിന്റെ പ്രായോഗികതക്കുവേണ്ടി പെടാപാടുപെട്ടുകൊണ്ടിരിക്കുകയാണ്.
നിലവില്‍ കിട്ടുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഓണറേറിയമായ ഏഴായിരം രൂപയും കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍സെന്റീവായ രണ്ടായിരം രൂപയുമുള്‍പ്പെടെയുള്ള ഒമ്പതിനായിരം രൂപ 21000 രൂപയാക്കിത്തരണമെന്നും അതു ക്യത്യമായി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. ഈ ആവശ്യത്തെയാണ് തൊഴിലാളി വര്‍ഗത്തിന്റെ പ്രതിനിധികളെന്ന മേലങ്കി സ്വയം എടുത്തണിഞ്ഞവര്‍ പുറംകാലുകൊണ്ട് തട്ടിമാറ്റുന്നത്.