Connect with us

kerala

വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ  മുസ്‌ലിം യൂത്ത് ലീഗ് യുവജന മഹാറാലി ജനുവരി 21ന് കോഴിക്കോട്

ജൂലായ് ഒന്നിന് യൂണിറ്റ് മീറ്റുകൾ സംഘടിപ്പിച്ച് തുടക്കം കുറിച്ച കാമ്പയിൻ പ്രവർത്തനങ്ങളുടെ സമാപന മഹാറാലിക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം അന്തിമ രൂപം നൽകി

Published

on

കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന ക്യാമ്പയിൻ ജനുവരി 21 നു കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന യുവജന മഹാറാലിയോടെ സമാപിക്കും.
ജൂലായ് ഒന്നിന് യൂണിറ്റ് മീറ്റുകൾ സംഘടിപ്പിച്ച് തുടക്കം കുറിച്ച കാമ്പയിൻ പ്രവർത്തനങ്ങളുടെ സമാപന മഹാറാലിക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം അന്തിമ രൂപം നൽകി. ജനുവരി 21ന് ഞായറാഴ്ച കോഴിക്കോട് കടപ്പുറത്താണ് യുവജന മഹാറാലി നടക്കുക. നേരത്തേ എറണാകുളത്ത് വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന മഹാറാലി, ഇന്ത്യൻ സൂപ്പർ ലീഗ് മത്സരക്രമവും സർക്കാർ എക്സ്പോയും മൂലം സമ്മേളനനഗരികളുടെ ലഭ്യതകുറവ് പരിഗണിച്ചു കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോം വഴി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മഹാറാലിയുടെ മുന്നോടിയായി നവംബർ – ഡിസംബർ മാസങ്ങളിൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂത്ത് മാർച്ചുകൾ സംഘടിപ്പിക്കും.

ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ കീഴ്ഘടകങ്ങളിൽ നടന്ന് വരികയാണ്. കേന്ദ്രം ഭരിക്കുന്ന മോദീ സർക്കാറും കേരളം ഭരിക്കുന്ന പിണറായി സർക്കാറും ഒരുപോലെ ജനവിരുദ്ധ ഭരണമാണ് നടത്തി കൊണ്ടിരിക്കുന്നത്.  ഭരണഘടനയിൽ നിന്നും ‘ഇന്ത്യ’ എന്ന പേര് നീക്കം ചെയ്യാനുള്ള ആസൂത്രിത നീക്കങ്ങളാണ് കേന്ദ്ര സർക്കാർ അണിയറയിൽ നടത്തുന്നത്. ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന നീക്കത്തിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളാണുള്ളത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട ഫാസിസ്റ്റ് സർക്കാർ വർഗ്ഗീയ അജണ്ടകൾ ഉയർത്തിക്കാട്ടി ഭരണം നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ്. പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ വെച്ച് ബിഎസ്പി എം പി ഡാനിഷ് അലിയെ മോശമായ പദപ്രയോഗങ്ങൾ കൊണ്ട് അവഹേളിച്ച ബി ജെ പി യുടെ എം പി രമേഷ് ബിദൂരിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭിന്നിപ്പിൻ്റെയും വെറുപ്പിൻ്റെയും വക്താക്കളായി കേന്ദ്ര സർക്കാർ മാറിയിട്ടുണ്ട്.

ഭരണ കൂട ചെയ്തികൾക്കെതിരെ ശബ്‌ദിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന കേരളത്തിലെ പിണറായി  സർക്കാറും മോദീ പാതയിലാണ് മുന്നോട്ടു പോകുന്നത്.അതോടൊപ്പം അഴിമതിയുടെ ഹോൾസെയിൽ ഡീലർമാരായും  മാറിയിരിക്കുന്നു. ഇന്ത്യയിലെവിടെയും കേട്ടുകേൾവിയില്ലാത്ത സാമ്പത്തിക തട്ടിപ്പാണ് സി പി എം നേതൃത്വം നൽകുന്ന കരവന്നൂർ, അയ്യന്തോൾ സഹകരണ ബാങ്കുകളിൽ നടന്നത്.  യോഗ്യതയില്ലാത്തവർക്ക് പിൻവാതിൽ നിയമനവും സ്വന്തക്കാർക്ക് ഔദ്യോഗിക പദവികളിൽ സ്ഥാനക്കയറ്റവും നൽകുകയും ചെയ്യുന്ന സർക്കാറാണ് കേരളത്തിൽ ഭരണം നടത്തുന്നത്. അവശ്യ സാധനങ്ങളുടെ വില കുതിച്ചുയർന്നപ്പോൾ സർക്കാറിന് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി പോലും അവതാളത്തിലായി. ജനദ്രോഹ ഭരണം തുടരുന്ന കേന്ദ്ര – കേരള സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങളെ പൊതു സമൂഹത്തിൽ തുറന്ന് കാട്ടുകയെന്നതാണ് കാമ്പയിന്റെ ലക്ഷ്യം.

യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ക്യാമ്പയിൻ സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ചു. ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ പ്രസംഗിച്ചു.

സഹീര്‍ ആസിഫ്, എം.പി നവാസ്, സി. എച്ച് ഫസൽ, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈർ, പി.എച്ച് സുധീര്‍, പി. എം നിസാമുദ്ദീൻ, അമീർ ചേനപ്പാടി, മുഹമ്മദ് ഹനീഫ, ഷാഫി കാട്ടില്‍, ഷിബി കാസിം, റെജി തടിക്കാട്, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, ടി.ഡി കബീര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, സിജിത്ത് ഖാൻ, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, എ.എം അലി അസ്ഗര്‍, കെ.എ മുഹമ്മദ് ആസിഫ്, കെ. എം ഖലീൽ, പി. വി അഹമ്മദ് സാജു, ചര്‍ച്ചയില്‍ പങ്കെടുത്തു.

kerala

മണ്ണഞ്ചേരിയിലെ മോഷ്ടാവ് പിടിയിലായ കുറുവ സംഘാംഗമെന്ന് ഉറപ്പിച്ച് പൊലീസ്

സന്തോഷിനൊപ്പം മണികണ്ഠന്‍ എന്നൊരാളേയും സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലുപേരെയും പൊലീസ് പിടികൂടിയിരുന്നു. 

Published

on

ആലപ്പുഴ മണ്ണഞ്ചേരിയില്‍ എത്തി ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയത് കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന സന്തോഷ് ശെല്‍വം തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. ഇന്നലെ പൊലീസ് സന്തോഷ് ഉള്‍പ്പെടെയുള്ള ചിലരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍ ശ്രമിച്ച സന്തോഷിനെ പൊലീസ് അതിസാഹസികമായ നാലുമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ വീണ്ടും പിടികൂടുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.

മോഷണം നടത്തിയത് സന്തോഷ് തന്നെയെന്ന് ഉറപ്പിക്കാന്‍ നിര്‍ണായകമായത് ഒരു ടാറ്റൂവാണ്. മോഷണത്തിനിടയില്‍ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇത് ഒത്തുനോക്കി മോഷ്ടാവ് സന്തോഷെന്ന് ഉറപ്പിക്കുകയായിരുന്നു. സന്തോഷിനൊപ്പം മണികണ്ഠന്‍ എന്നൊരാളേയും സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലുപേരെയും പൊലീസ് പിടികൂടിയിരുന്നു.

സന്തോഷിനെക്കുറിച്ച് പൊലീസിന് വിശദ വിവരങ്ങള്‍ ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണ്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. മാസങ്ങളായി എറണാകുളം കേന്ദ്രീകരിച്ചായിരുന്നു താമസം. മണ്ണഞ്ചേരിയിലും പുന്നപ്രയിലും എത്തിയത് രണ്ട് സംഘം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠന്റെ പങ്ക് വ്യക്തമായിട്ടില്ല.

അറസ്റ്റ് ചെയ്ത ആളെ രക്ഷപ്പെടുത്താന്‍ എത്തിയ സ്ത്രീകളുടെ സംഘത്തിന്റെ അപ്രതീക്ഷിത ആക്രമണം മുതല്‍ ചതുപ്പില്‍ ഒളിഞ്ഞിരുന്ന പ്രതിയ്ക്കായുള്ള ദുര്‍ഘടം പിടിച്ച യാത്ര വരെ ആക്ഷന്‍ പടങ്ങളെ വെല്ലുന്ന നിമിഷങ്ങളാണ് പൊലീസ് ഇന്നലെ നേരിട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത സന്തോഷ് സെല്‍വം എന്നയാളെ രക്ഷിക്കാന്‍ എത്തിയത് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ്. പൊലീസിനെ ആക്രമിച്ച് ഇവര്‍ സന്തോഷിനെ രക്ഷിച്ചെടുത്തു. എന്നാല്‍ നാല് മണിക്കൂറുകള്‍ക്കുള്ളില്‍ സന്തോഷിനെ മാത്രമല്ല രക്ഷിക്കാന്‍ ശ്രമിച്ച നാലുപേരെയും പൊലീസ് കുടുക്കി.

ഒരിടത്ത് നിന്ന് പരമാവധി മോഷണം നടത്തി ജില്ല വിടുന്നതാണ് ഇവരുടെ മോഡസ് ഒപ്രാണ്ടി. എതിര്‍ക്കുന്നവരുടെ ജീവനെടുക്കാന്‍ പോലും മടിക്കാത്ത അത്യപകടകാരികളോടാണ് പൊലീസ് ഇന്ന് ഏറ്റുമുട്ടിയത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു. കുണ്ടന്നൂര്‍ പാലത്തിന് താഴെയായിരുന്നു ഇയാളുടെ ഒളിയിടം. ഒരു മനുഷ്യന് നേരെ നില്‍ക്കാന്‍ വയ്യാത്തിടത്ത് കുഴി കുത്തി ശരീരം ചുരുക്കി ആ കുഴയില്‍ കിടന്ന് പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ പുതച്ചാണ് ഇയാള്‍ ഒളിച്ചത്. പിടികൂടുമ്പോള്‍ ഇയാള്‍ നഗ്‌നനുമായിരുന്നു.

Continue Reading

kerala

അന്ന് അത്ഭുതത്തോടെ നോക്കിയിരുന്ന സ്ഥലം; പാണക്കാട് സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്’- സന്ദീപ് വാര്യർ പറഞ്ഞു.

Published

on

ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിന്റെ കൈപിടിച്ചതിന് പിന്നാലെ പാണക്കാടെത്തി സന്ദീപ് വാര്യര്‍. സാദിഖലി ശിഹാബ്‌ തങ്ങളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുളള ലീഗ് നേതാക്കളും പാണക്കാട്ടുണ്ട്. മലപ്പുറവുമായി പൊക്കിൾക്കൊടി ബന്ധമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ പറഞ്ഞു. മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. ആ സംസ്കാരം മലപ്പുറത്തിന് കിട്ടാൻ കാരണം കൊടപ്പനക്കൽ തറവാടും പാണക്കാട്ടെ കുടുംബവുമാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

‘ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ അത്ഭുതത്തോടെയാണ് ഞാൻ ഈ വീടിനെ കണ്ടിട്ടുള്ളത്. ഏത് സമയത്തും ആർക്കും സഹായം ചോദിച്ച് കടന്നുവരാം. ബിജെപിയുടെ രാഷ്ട്രീയം സംസാരിക്കുന്ന സമയത്ത് ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഹൃദയവേദനയുണ്ടായിട്ടുള്ളവർക്ക് എന്റെ ഈ വരവ് തെറ്റിദ്ധാരണകൾ മാറ്റാൻ സഹായമാകും.

യൂത്ത് ലീഗിന്റെ പ്രവർത്തകർ എന്നെ എത്രത്തോളം സ്നേഹത്തോടെയാണ് സ്വീകരിച്ചത്. താനിരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് സന്ദീപിന് വലിയ കസേര കിട്ടട്ടെയെന്നൊക്കെ പറഞ്ഞത്. കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്’- സന്ദീപ് വാര്യർ പറഞ്ഞു.

സന്ദീപ് വാര്യരുടെ കടന്നുവരവ് സന്തോഷത്തോടെയാണ് നോക്കിക്കാണുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. കഴിഞ്ഞകാലങ്ങളിലെ നിലപാടുകൾ മാറ്റി മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും രാഷ്ട്രീയ ഭൂമിയിലേക്ക് സന്ദീപ് കടന്നുവന്നിരിക്കുകയാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

ബിജെപിയാണ് അവസാന അഭയകേന്ദ്രം എന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യർ കോണ്‍ഗ്രസിൽ ചേർന്നതോടുകൂടി മാറ്റം വരുന്നതെന്നും ഇനി ഇന്ത്യ മുന്നണിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കാലമാണ് വരാൻ പോകുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ആറുജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിലും മുന്നറിയിപ്പുണ്ട്.

Published

on

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിലും മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, എണറാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് ആയിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുമുണ്ട്. ഈ ഭാഗങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരം, തെക്കന്‍ കര്‍ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

Trending