Connect with us

kerala

ബി.ജെ.പി ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പത്മജ, വിളക്ക് കൊളുത്തുമ്പോള്‍ ഇരുന്നിടത്ത് നിന്നും അനങ്ങാതെ സി.കെ. പത്മനാഭന്‍; പാര്‍ട്ടിക്കുള്ളില്‍ പോര്

എന്‍.ഡി.എ കാസര്‍ഗോഡ് മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏല്‍പിച്ചതില്‍ പരസ്യമായി പ്രതിഷേധിച്ച് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പത്മനാഭന്‍ രംഗത്തെത്തിയിരിക്കുകയാണ്.

Published

on

ബി.ജെ.പിയിലെത്തുന്ന പുതിയ നേതാക്കള്‍ക്ക് അമിത പ്രധാന്യം നല്‍കുന്ന നടപടിയില്‍ ബി.ജെ.പിക്കുള്ളില്‍ പൊട്ടിത്തെറി.
ഈ അടുത്ത് ബി.ജെ.പിയിലെത്തിയ പത്മജ വേണുഗോപാല്‍ കാസര്‍ഗോഡ് മണ്ഡലത്തിലെ ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തതോടെയാണ് പുതിയ വിവാദങ്ങള്‍ക്കും പാളയത്തില്‍ പടയ്ക്കും തുടക്കമായത്.

എന്‍.ഡി.എ കാസര്‍ഗോഡ് മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏല്‍പിച്ചതില്‍ പരസ്യമായി പ്രതിഷേധിച്ച് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പത്മനാഭന്‍ രംഗത്തെത്തിയിരിക്കുകയാണ്.

കാസര്‍ഗോഡ് ടൗണ്‍ ഹാളിലെ ഉദ്ഘാടന ചടങ്ങില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കാന്‍ പത്മജയെയായിരുന്നു സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. എന്നാല്‍ പത്മജ നിലവിളക്കു കൊളുത്തുമ്പോള്‍ സി.കെ. പത്മനാഭന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റിരുന്നില്ല. പത്മജയുടെ പ്രസംഗം തീരുന്നതിനു മുന്‍പേ സി.കെ. പത്മനാഭന്‍ വേദി വിട്ടിറങ്ങുകയും ചെയ്തിരുന്നു. ചടങ്ങിന്റെ ഉദ്ഘാടകനായി സി.കെ. പത്മനാഭനെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

വേദിയിലുണ്ടായിരുന്ന സ്ഥാനാര്‍ഥി എം. എല്‍. അശ്വിനി, ജില്ലാ പ്രസിഡന്റ് കുണ്ടാര്‍ രവീശ തന്ത്രി, സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ പ്രമീള സി. നായിക്, എം. സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതിയംഗം എം. നാരായണ ഭട്ട്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, മേഖലാ ജനറല്‍ സെക്രട്ടറി പി. സുരേഷ് കുമാര്‍ ഷെട്ടി, ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉദ്ഘാടനത്തിനിടെ വിളക്കിനരികിലേക്ക് എത്തിയെങ്കിലും സി.കെ. പത്മനാഭന്‍ ഇരുന്നിടത്ത് തന്നെ തുടരുകയായിരുന്നു.

നേരത്തേ ഉദ്ഘാടകനെന്ന് അറിയിച്ചശേഷം മാറ്റിയതിലുള്ള അതൃപ്തി പത്മനാഭന്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി എന്ന സംഘടനക്ക് അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അത് ലംഘിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പിയില്‍ അധികാരമുണ്ട് എന്നു മനസിലാക്കിയാണ് ഇത്തരം ആളുകള്‍ മറ്റ് പാര്‍ട്ടി വിട്ട് ഇവിടേക്ക് വരുന്നതെന്നും മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയവരാണ് ഇവരെന്നും പത്മനാഭന്‍ പറഞ്ഞു.

ഇങ്ങനെ വരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ എന്തു സ്ഥാനമാണു നല്‍കേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടതുണ്ടെന്നും പാര്‍ട്ടി ഒന്നുമല്ലാതിരുന്നപ്പോള്‍ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാര്‍ട്ടിയില്‍ നിന്നു വരുന്നവര്‍ക്ക് പ്രത്യേക സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ പ്രവര്‍ത്തകര്‍ക്കു തന്നെ അമര്‍ഷമുണ്ടെന്നും പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

kerala

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെയെന്ന് പ്രതി

ഷിബിലയേയും തന്നെയും ഭാര്യാപിതാവ് അബ്ദുറഹ്‌മാന്‍ അകറ്റിയെന്നും ഷിബില തന്റെ കൂടെ പോകുന്നതിനെ പിതാവ് എതിര്‍ത്തെന്നും യാസിര്‍ പൊലീസിനോട് പറഞ്ഞു

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴികള്‍ പുറത്ത്. ഭാര്യാ പിതാവിനെയാണ് താന്‍ ലക്ഷ്യം വെച്ചിരുന്നതെന്നും കൊല്ലപ്പെട്ട ഷിബിലയേയും തന്നെയും ഭാര്യാപിതാവ് അബ്ദുറഹ്‌മാന്‍ അകറ്റിയെന്നും ഷിബില തന്റെ കൂടെ പോകുന്നതിനെ പിതാവ് എതിര്‍ത്തെന്നും യാസിര്‍ പൊലീസിനോട് പറഞ്ഞു.

ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ മയക്ക് മരുന്ന് ലഹരിയില്‍ ഭര്‍ത്താവ് വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്‌മാനും ഭാര്യ മാതാവ് ഹസീനക്കും കുത്തേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് എത്തുംമുമ്പെ തന്നെ ഷിബില മരിച്ചു. അബ്ദുറഹ്‌മാനും ഹസീനയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിര്‍ പിടിയിലായത്. നാലു വര്‍ഷം മുമ്പ് പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. എന്നാല്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസര്‍ മര്‍ദിക്കുകയും ഷിബിലയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് പണം ധൂര്‍ത്തടിക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് യാസിറിനെ ഉപേക്ഷിച്ച് മകളുമായി വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പൊലീസില്‍ പരാതിയും നല്കി.എന്നാല്‍ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിന്റെ വീട്ടില്‍ ആയുധശേഖരം കണ്ടെത്തി

വിദേശ നിര്‍മിത ഒരു പിസ്റ്റളും 53 വെടിഉണ്ടകളും 2വാളും ഒരു മഴുവും സ്റ്റീല്‍ പൈപ്പും ആണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്

Published

on

ആലപ്പുഴ കുമാരപുരത്ത് നിരവധി കേസുകളില്‍ പ്രതിയായ യുവാവിന്റെ വീട്ടില്‍ ആയുധശേഖരം കണ്ടെത്തി. കായല്‍ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോറിന്റെ വീട്ടില്‍ നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത്. വിദേശ നിര്‍മിത ഒരു പിസ്റ്റളും 53 വെടിഉണ്ടകളും 2വാളും ഒരു മഴുവും സ്റ്റീല്‍ പൈപ്പും ആണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കിഷോര്‍. 2015 ല്‍ കാണാതായ രാകേഷ് തിരോധാനമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയിലാണ് കിഷോറിന്റെ വീട്ടില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തിയത്.

Continue Reading

kerala

താമരശ്ശേരിയില്‍ മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍

പൊലീസ് പ്രചരിപ്പിച്ച കാറിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്

Published

on

താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. ഈങ്ങാപ്പുഴ സ്വദേശി യാസിറിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ നിന്ന് പിടികൂടിയത്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട യാസിര്‍ കാറിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. പൊലീസ് പ്രചരിപ്പിച്ച കാറിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇന്നലെ വൈകിട്ടാണ് യാസിര്‍ ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. കൂടാതെ, ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. അബ്ദുറഹ്‌മാന്റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടു പേരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു. യാസിര്‍ ലഹരിക്ക് അടിമയാണെന്നും നേരത്തെയും ഷിബിലയെ മര്‍ദിച്ചിരുന്നതായും കുടുംബം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്.

Continue Reading

Trending