കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി ആദിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തെ ആദിര്‍ രഞ്ജന്‍ പ്രതിനിധീകരിക്കുന്നത്.
രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വെ സഹമന്ത്രിയായിരുന്നു. ആദിര്‍ രഞ്ജന് പുറമെ കൊടിക്കുന്നില്‍ സുരേഷ്, മനീഷ് തിവാരി, ശശി തരൂര്‍ എന്നീ പേരുകളും പരിഗണനയിലുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിച്ചത് ഖാര്‍ഗെയായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹവും തോറ്റു.
യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് കക്ഷി നേതാവിനെ നിശ്ചയിച്ചത്. എ.കെ ആന്റണി, ഗുലാം നബി ആസാദ്, ജയ്‌റാം രമേശ്, ആനന്ദ് ശര്‍മ്മ, പി.ചിദംബരം, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കൊപ്പം ആദിര്‍ രഞ്ജന്‍ ചൗധരിയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.